ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ആരുടെ തപോവനമിത്

ആരുടെ തപോവനമിത്

രാഗംകല്യാണി

താളംചെമ്പട 16 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾധർമ്മപുത്രർ

വൃത്തം വൃത്രാരിസൂനോര്‍മ്മുനിതിലകമുഖാ ദേവമാകര്‍ണ്യ മോദാല്‍
പാര്‍ത്ഥാസ്തീര്‍ത്ഥാഭിഷേകപ്രണിഹിതമനസഃ പ്രസ്ഥിതാസ്തേന സാകം
ഗോത്രാസത്രാശനാനാം തതിഭിരപി സമം സഞ്ചരന്തഃ സമന്താല്‍ ‌‍
സ്വച്ഛപ്രച്ഛായവൃക്ഷാപ്രചുരമുനിവനം വീക്ഷ്യ പപ്രച്ഛുരേനം

[[ പല്ലവി
 മാമുനിമാർ അണിയുന്ന    
 മൌലി രത്നമേ നീ
 മാനസം തെളിഞ്ഞുകേൾക്ക മാമകവചനം ]]

ചരണം 1

ആരുടെ തപോവനമിതാകാശത്തോളമുയര്‍ന്ന
ദാരുനിവഹങ്ങളോടും ആരാല്‍ കാണാകുന്നു

ചരണം 2
ആഹുതിസുഗന്ധിധൂമം ആഹരിച്ചു മന്ദംമന്ദം
ആഹ്ളാദിപ്പിക്കുന്നു ഗന്ധവാഹനനിതാ നമ്മെ

ചരണം 3
നിത്യവൈരമുളവായ സത്വസഞ്ചയങ്ങളെല്ലാ-
മൊത്തു സഞ്ചരിച്ചീടുന്നതോര്‍ത്താലെത്രചിത്രം
ചരണം 4
എത്രയും മഹത്വമുള്ളോരുത്തമതപോധനന്‍താന്‍
അത്ര വാഴുന്നെന്നു ഞാനും ചിത്തേ കരുതുന്നേന്‍
  അർത്ഥം

വൃത്തം വൃത്രാരി: ഇങ്ങിനെ അര്‍ജ്ജുനന്റെ വൃത്താന്തം മുനിതിലകനില്‍ നിന്നും കേട്ട് സന്തോഷത്തോടെ തീര്‍ത്ഥാടനത്തിന് ആഗ്രഹിക്കുന്നവരായി പാണ്ഡവര്‍ അദ്ദേഹത്തോടും ബ്രാഹ്മണസമൂഹത്തോടും കൂടി പുറപ്പെട്ട് പലയിടത്തും സഞ്ചരിയ്ക്കെ നല്ല തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തപോവനം കണ്ടിട്ട് മഹര്‍ഷിയോടു ചോദിച്ചു.  

ആരുടെ തപോവനം: ആകാശത്തോളം ഉയര്‍ന്ന വൃക്ഷങ്ങളോടു കൂടി സമീപത്തുകാണുന്ന ഈ തപോവനം ആരുടേതാണ്? സുഗന്ധമുള്ള ഹോമധൂപം മന്ദം മന്ദം കൊണ്ടുവന്ന് കാറ്റിതാ നമ്മെ ആഹ്ലാദിപ്പിക്കുന്നു. നിത്യവൈരികളായ ജന്തുക്കളെല്ലാം ഒത്തുചേര്‍ന്ന് സഞ്ചരിച്ചീടുന്നത് ഓര്‍ത്താല്‍ അത്ഭുതം! ഏറ്റവും മഹത്വമുള്ള ഒരു ഉത്തമതപോധനന്‍ തന്നെയാണ് ഇവിടെ വാഴുന്നതെന്ന് ഞാന്‍ ചിത്തത്തില്‍ കരുതുന്നു.

അരങ്ങുസവിശേഷതകൾ

ശ്ലോകം ആലപിക്കുന്ന സമയത്ത് ധര്‍മ്മപുത്രനും രോമശനും സഞ്ചരിക്കുന്നതായിഭാവിച്ച് വട്ടംവയ്ക്കുന്നു. ‘വീക്ഷ്യ’ എന്നാലപിക്കുന്നതിനൊപ്പം ധര്‍മ്മപുത്രന്‍ മുന്നില്‍ ആശ്രമം കണ്ടതായി നടിച്ചിട്ട് ചുറ്റും വീക്ഷിച്ച് അത്ഭുതപ്പെടുന്നു. 
ധര്‍മ്മപുത്രന്‍ മഹര്‍ഷിയെ വണങ്ങിയിട്ട് പദം അഭിനയിക്കുന്നു.