ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കുചേലവൃത്തം
  5. മതിമുഖി മമനാഥേ

മതിമുഖി മമനാഥേ

രംഗം 5 ദ്വാരക

രാഗം: ബിലഹരി
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മതിമുഖി മമനാഥേ മതി തവ മതിഭ്രമം

മദിരാക്ഷി ! കഥിച്ചതും മതമത്രേ മാമകീയം

മൽഭക്തന്മാരോടുള്ള സക്തിയാലെന്നെ ഞാനും

ഉൽപ്പല വിലോചനേ ഉൾക്കാമ്പിൽ മറന്നുപോം

 പരഭൃതമൊഴിയെന്റെ പരിചയം കൊണ്ടു നീയും

പരിചോടറിയാഞ്ഞതും പരിഭ്രമം തന്നെ നൂനം

ശേഷിച്ച ചിപിടകം തോഷിച്ചു ഗ്രഹിച്ചാലും

ശേമുഷി ഏറ്റമുള്ള യോഷിന്മണി അല്ലേ നീ?

അർത്ഥം

അല്ലയോ ചന്ദ്രമുഖീ, എൻ്റെ പ്രിയേ, പരിഭ്രമം നിർത്തൂ. നീ പറഞ്ഞത്, എനിക്ക് എൻ്റെ മനസ്സിൽ തോന്നിയതു തന്നെ. അല്ലയോ താമരപൂ പോലെ ഉള്ള കണ്ണുകൾ ഉള്ളവളേ, സുന്ദരീ, എന്നെ എപ്പോഴും ഭജിക്കുന്ന എൻ്റെ ഭക്തന്മാരോട് എനിക്ക് തല്പര്യം കൂടുതൽ ഉണ്ടാകുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നതാണ്. അല്ലയോ കുയിലിൻ്റെ ശബ്ദമാധുര്യത്തോടു കൂടിയവളേ, ഞാനും നീയും തമ്മിൽ ഏറെക്കാലത്തെ പരിചയമുണ്ടായിട്ടും നിനക്ക് എന്നെ മനസ്സിലായില്ല എന്നതിൽ എനിക്ക് പരിഭ്രമം ഉണ്ട്. എന്തായാലും ബാക്കിയുള്ള അവിൽ സന്തോഷത്തോടേ നീ തന്നെ എടുക്കൂ. നീയാകട്ടെ, ബുദ്ധിമതിയായ ഒരു സ്ത്രീരത്നം തന്നെ ആണല്ലൊ.