ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കുചേലവൃത്തം
  5. ഏവം നിനച്ചവനിദേവൻ തദാ

ഏവം നിനച്ചവനിദേവൻ തദാ

രംഗം 4 വിചാരപ്പദം

ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ: 
കുചേലൻ

ഏവം നിനച്ചവനിദേവൻ തദാ ഹരിവിലോകേ മുദാ സഹ നടന്നൂ-

നഗരികൾ കടന്നൂ സരണിയതിൽ നിന്നൂ

മധുമഥനപദകമല മധുരതരരജസി ബത!

ഹൃദയതളിരഴകിനൊടു ചേർന്നൂ

പൃഥ്വീസുരൻ ജലധിമദ്ധ്യേ മുകുന്ദനുടെ
സംസ്ത്യായസംഘമപി കണ്ടു


കുതുകതതി പൂണ്ടു മനതളിർ പിരണ്ടു

ചിത്രതരകൂഡ്യമണി ചത്വരഗവാക്ഷരുചി

നേത്രയുഗസീമനി പിരണ്ടൂ

ചാമീകരാവൃതികൾ
ഭാമാനിശാന്തചയരാമാലയാപണകദംബം-

യദുജനകുടുംബം ശരണനികുരുംബം.

കണ്ടു ഹരിനഗരഗുണഗണനമതിനഹിവരനു-
മവശതയൊടമ്പുമവിളംബം

വിശ്വസ്യചൈവമവനാശൈർവഭക്തിയൊടു
നിശ്ശങ്കമായ് നടതുടങ്ങി

പുനരപി വിളങ്ങീ ഹൃദിയഴലൊതുങ്ങീ

മുരമഥനനാമജപമൊടു ഹരിപുരമഗമൽ

ഭക്തിമയവാരിധിയിൽ മുങ്ങീ

അർത്ഥം: 

ഇങ്ങനെ ഒക്കെ ആലോചിച്ച് ആ ഭൂമീദേവൻ അപ്പോൾ സന്തോഷത്തോടെ ഹരിയെ കാണാനായി നടന്നു.നഗരങ്ങൾ കടന്നു, വഴികളിൽ നിന്നു.മധുവിനെ (ഒരു അസുരൻ) വധിച്ചവന്റെ കാൽത്താമരയുടെ മനോഹരരേണുക്കളിൽ    മനസ്സ് ചേർന്നു. (കൃഷ്ണന്റെ പാദധൂളികളിൽ മനസ്സുറപ്പിച്ചു നടന്നു എന്നു സാരം).ബ്രാഹ്മണൻ സമുദ്രത്തിനു നടുക്ക് കൃഷ്ണന്റെ വസതികളുടെ കൂട്ടത്തെ കണ്ടു.മനസ്സിൽ അതിയായ കൗതുകം കൊണ്ടു, മനസ്സു നിറഞ്ഞു. ഭംഗിയുള്ള ചുവരുകളുടെ  രത്നച്ചുറ്റുകളുള്ള ജനലുകളുടെ ശോഭ (ചുവരുകളുടേയും, മണിമുറ്റങ്ങളുടേയും, ജനലുകളുടേയും ശോഭ എന്നുമാവാം) കണ്ണുകൾക്ക് അടുത്ത് ആയി. സ്വർണ്ണവാതിലുകളും, ഭാമയുടെ അന്ത:പുരങ്ങളും, മറ്റു സുന്ദരിമാരുടെ ഗൃഹങ്ങളും,  ആപണക്കൂട്ടവും  യാദവഗൃഹങ്ങളും മറ്റു ഗൃഹങ്ങളുടെ കൂട്ടവും കണ്ടു.
ദ്വാരകയുടെ ഗുണങ്ങൾ കണക്കാക്കിപ്പറയുന്നതിൽ അനന്തൻ പോലും പെട്ടെന്നു തോറ്റു മടങ്ങും. – എന്നിങ്ങനെ ചിന്തിച്ചു കൊണ്ട് അവൻ വേഗം തന്നെ ഭക്തിയോടെ നടന്നു തുടങ്ങി; കൂടുതൽ തേജസ്സാർന്നു; മനസ്സിൽ ദു:ഖമില്ലാതായി; കൃഷ്ണനാമം ജപിച്ചു കൊണ്ട്  ഭക്തിസമുദ്രത്തിൽ നിമഗ്നനായി ദ്വാരകയിലേക്ക് ചെന്നു. 

അവനിദേവൻ=ഭൂദേവൻ(ബ്രാഹ്മണൻ); ഹരിവിലോകേ=കൃഷ്ണനെ കാണാനായി; സരണി=വഴി; മുരമഥനപദകമലമധുരതരരജസി=മുരനെ കൊന്നവന്റെ പാദകമലത്തിലെ മധുരതരമായ പൊടിയിൽ; ജലധിമദ്ധ്യേ=സമുദ്രമദ്ധ്യത്തിൽ; സംസ്ത്യായം=ഭവനം, മൈതാനം; ചിത്രതരം=അതിവിചിത്രം; കുഡ്യം=ഭിത്തി, ചുവര്;മണിചത്വരം=രത്നമയമായ മുറ്റം, നാലോഅതിൽ കൂടുതാലയ വഴികൾ ഒരുമിച്ച് ചേരുന്ന സ്ഥലം, മിനുസപ്പെടുത്തിയ തറ; ഗവാക്ഷം=കിളിവാതിൽ; രുചി=ശൊഭ; നേത്രയുഗസീമനി=രണ്ടുകണ്ണുകൾക്കും അടുത്ത്; ചാമീകരാവൃതികൾ=സ്വർണ്ണാവരണങ്ങൾ=ഭാമാനിശാന്തചയം=സത്യഭാമയുടെ ശാന്തമായ ഭവനം; ചയം=സമൂഹം, ഭവനം; രാമാലയാപണകദംബം=സുന്ദരിമാരുടെ വീടുകൾ, കമ്പോളങ്ങൾ (ക്രയവിക്രയസ്ഥാനങ്ങൾ) മുതലായവയുടെ സമൂഹം; യദുജനകുടുംബം=യാദവന്മാരുടെ കുടുംബം’ നികുരുംബം=കൂട്ടം; അഹിവരനുമവശതയൊടമ്പും= അനന്തൻ പോലും തോറ്റോടും; വിശ്വസചൈവം=ഏവം വിശ്വസ്യ ച=ഇപ്രകാരംവിശ്വസിക്കയും ചെയ്തിട്ട്; ആശ്വൈവ=പെട്ടെന്നു തന്നെ (ആശു+ഏവ); ഹരിപുരം=ശ്രീകൃഷ്ണ രാജധാനി;ആഗമത്=ഗമിച്ചു. 

വൃത്തം=ഇക്ഷുദണ്ഡിക എന്ന ദണ്ഡകം.