രംഗം 7 കുചേലവസതി
കുചേല പത്നി തോഴിമാരോട് പറയുന്നതായിട്ടാണ് ഈ രംഗം.അരങ്ങത്ത് പതിവില്ല
രാഗം: നാഥനാമാഗ്രി
താളം: മുറിയടന്ത
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ:
തോഴി(മാർ)
ഇണ്ടലരുതരുതേ മധുമൊഴി! കണ്ടിവാർകൂന്തലാളേ!
കൊണ്ടൽനേർവർണ്ണന്റെ കോമളാം രൂപം
കണ്ടാലങ്ങുണ്ടോ മതിയിൽ മതിവരൂ?
പണ്ടവർതങ്ങളിലുണ്ടായ ലീലകൾ
കൊണ്ടാടീടുന്നേരമുണ്ടാം വിളംബം
അണ്ടർകോനാദിസുരന്മാർ പണിയും വൈ-
കുണ്ഠന്റെ മന്ദിരേ ഞാനങ്ങു ചെല്ലാം
കണ്ടു നിൻ കാന്തനെ വൃത്താന്തമോതി ഞാൻ
കൊണ്ടിങ്ങു പോന്നീടാമാശു സുശീലേ!
അർത്ഥം:
സങ്കടപ്പെടരുതേ സുന്ദരീ! ശ്രീകൃഷ്ണന്റെ കോമളരൂപം കണ്ടാലും കണ്ടാലും മതിയാകുമോ? അവരിരുവരും ചേർന്നു പണ്ടു നടത്തിയ ബാലലീലകളെ പറ്റി വിസ്തരിച്ചാൽ തീർച്ചയായും സമയം പോകുന്നതറിയില്ല. തീർച്ചയായും കാല താമസമുണ്ടാകും. ദേവന്മാർ പോലും ആശ്രയിക്കുന്ന കൃഷ്ണന്റെ മന്ദിരത്തിലേക്കു ഞാനൊന്നു പോകാം. ഭവതിയുടെ ഭർത്താവിനെ കണ്ടു കാര്യമെല്ലാം പറഞ്ഞു ഞാൻ ഇവിടെക്ക് കൂട്ടിക്കൊണ്ടുവരാം സുശീലേ, സമാധാനപ്പെടൂ.
അനുബന്ധ വിവരം:
വിപ്രാംഗനയുടെ പദവും അതിനുള്ള സഖിയുടെ ഈ മറുപടി പദവും ആലമ്പിള്ളിൽ കേശവപ്പിള്ള അവർകൾ എഴുതിയതാണെന്ന് 101 ആട്ടക്കഥകളിൽ കാണുന്നു. അതിനാൽ പ്രക്ഷിപ്തം ആയിരിക്കും.