ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. വാനോർനദീതീരേ

വാനോർനദീതീരേ

രാഗംശങ്കരാഭരണം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾപാഞ്ചാലി

വാനോർനദീതീരേ നിങ്ങൾ സന്ധ്യാവന്ദനത്തെ
വ്യാമോഹമെന്നിയെ ചെയ്‌വാൻ പോയ സമയത്തിൽ
വ്യാജേന രൂപിണിയായിട്ടെന്റെ
സവിധത്തിൽവന്നാൾ രാക്ഷസസ്ത്രീ


മന്ദഹാസം കൊണ്ടവൾ മയക്കി എന്റെ ചിത്തം
മന്ദമന്ദം വന്നുടൻ പിടിച്ചാൾ മമഹസ്തം
മന്നിലൊരുമാനിനിമാർക്കില്ലേവം സാമർത്ഥ്യം
മന്നവരേ പാർത്താൽ 


വഞ്ചിച്ചവളെന്നെക്കൊണ്ടുപോകുന്നൊരുനേരം
അഞ്ചാതെ സഹദേവൻ സമ്പ്രാപ്തനായ്ക്കാന്താരം
അഞ്ചാറു നാഴിക തമ്മിലുണ്ടായി സമര-
മപ്പോളതിഘോരം 


ഉന്നതാംഗിയാകുമവൾ യുദ്ധത്തിൽ നടിച്ചു
എന്നെക്കൈവെടിഞ്ഞു സഹദേവനെ ഹരിച്ചു
പിന്നെ ആരാനുമോടിയെത്തുമെന്നുള്ളിലുറച്ചു
കാനനേ ഗമിച്ചു

അർത്ഥം: നിങ്ങൾ ഗംഗയിൽ സന്ധ്യാവന്ദനത്തിനു പോയപ്പോൾ ഒരു വ്യാജരൂപം പൂണ്ട് (സുന്ദരിയായി) ഒരു രാക്ഷസി എന്റെ അടുത്തു വന്നു. എന്റെ മനസ്സ് അവൾ ചിരിച്ച് മയക്കി. മെല്ലെ മെല്ലെ വന്ന് അവൾ എന്റെ കൈ പിടിച്ചു. ഭൂമിയിൽ ഇത്ര സാമർത്ഥ്യം മറ്റൊരു സ്ത്രീയ്ക്കും ഇല്ല രാജാക്കന്മാരേ. എന്നെ അവൾ വഞ്ചിച്ചു കൊണ്ടുപോകുന്ന സമയത്ത് സഹദേവൻ കാട്ടിൽ സമയത്തിനു തന്നെ എത്തി. അഞ്ചാറുനാഴിക അവർ തമ്മിൽ ഘോര യുദ്ധം ഉണ്ടായി. സഹദേവനെ കണ്ടപ്പോൾ അവൾക്ക് യുദ്ധത്തിൽ താല്പര്യം കുറവായി തോന്നി. അവൾ എന്നെ വിട്ട് സഹദേവനെ കൊണ്ടുപോയി. ആരെങ്കിലും വരുമോ എന്ന് പേടിച്ച് പെട്ടെന്ന് കാട്ടിലേയ്ക്ക് പോയി.