Knowledge Base
ആട്ടക്കഥകൾ

രംഗം 2 കാമ്യകവനം തുടരുന്നു

ആട്ടക്കഥ: 

കിർമ്മീരവധം

ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കാനുള്ള ഉപായം ധൌമ്യനോട് ചോദിക്കുന്നു. ധൌമ്യൻ സൂര്യനെ ധ്യാനിക്കാൻ പറയുന്നു. സൂര്യൻ അക്ഷയപാത്രം നൽകുന്നു. ശ്രീകൃഷ്ണന്റെ സന്ദർശനം. സുദർശനത്തിന്റെ വരവ് എന്നിവയൊക്കെയാണ് ഈ രംഗത്തിൽ. ഇത്രയും ഭാഗങ്ങൾ പാത്രചരിതം എന്ന പ്രത്യേക പേരിൽ അറിയപ്പെടുന്നു.

അരങ്ങുസവിശേഷതകൾ: 

രണ്ടാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന മാറ്റങ്ങള്‍ :

‘പാത്രം തപസ്തനു’ എന്ന ശ്ലോകം ചൊല്ലുന്ന സമയത്ത് ധര്‍മ്മപുത്രന്‍ പീഠത്തിലിരുന്നുകൊണ്ട് ഇങ്ങിനെ ആടുന്നു-‘ലോകനാഥനായിരിക്കുന്ന ശ്രീകൃഷ്ണന്‍ ഞങ്ങളെ ഉപേക്ഷിച്ചുവോ? കുറച്ചുകാലമായി ഞങ്ങളെക്കുറിച്ച് കൃഷ്ണന് ഒരു വിചാരവുമില്ലല്ലൊ?’. തുടര്‍ന്ന് ശ്രീകൃഷ്ണനെ ധ്യാനിച്ച് ഇരിക്കുന്നു. രണ്ടാം ശോകത്തിന്റെ അന്ത്യത്തോടെ ശ്രീകൃഷ്ണന്‍ ദൂരേനിന്നും(സദസിനിടയിലൂടെ) പുറപ്പെടുന്നു. ‘മുകുന്ദ മുഖപങ്കജാകലിത’ എന്ന ശ്ലോകം ചൊല്ലുന്നതോടെ ശ്രീകൃഷ്ണന്റെ ശംഖധ്വനികേട്ട് ധ്യാനത്തില്‍ നിന്നുമുണരുന്ന ധര്‍മ്മപുത്രന്‍, ശ്രീകൃഷ്ണനാണെന്നറിഞ്ഞ് രോമാഞ്ചംകൊള്ളുന്നു. ഓടി കൃഷ്ണസമീപം ചെന്ന് നമസ്ക്കരിച്ച് തിരിച്ചെത്തുന്ന ധര്‍മ്മപുത്രന്‍, ഇരിപ്പിടം തയ്യാറാക്കിയശേഷം വീണ്ടും കൃഷ്ണസമീപമെത്തി ആനയിച്ച് കൊണ്ടുവന്ന് പീഠത്തിലിരുത്തുന്നു. തുടര്‍ന്ന് ‘അഥ യുധിഷ്ടിരമുഖ്യ’ എന്ന ശ്ലോകം ആലപിക്കുന്നു.