രാഗം: ശങ്കരാഭരണം
താളം: അടന്ത 14 മാത്ര
ആട്ടക്കഥ: കിർമ്മീരവധം
കഥാപാത്രങ്ങൾ: ധർമ്മപുത്രർ
കുരുഭിരപകൃതോപി ധര്‍മ്മജന്മാ
സ്വകുലഭുവാം നിധനാജ്ജുഗുപ്സമാന:
ഹരിമവദദ സൌ ശമന്നിനീഷു:
പരനികൃതൌ വിമുഖം സതാം ഹി ചേത:
പല്ലവി:
കൊണ്ടല്‍വര്‍ണ്ണ പഴുതേ ഭവാനിതു
കൊണ്ടു കോപിക്കരുതേ
അനുപല്ലവി:
ഉണ്ടുനിന്‍കൃപ എങ്കില്‍ മമ ബലം
കണ്ടുകൊള്‍ക വിമതേ ജനാര്‍ദ്ദന
ചരണം 1:
ശത്രുസൂദന വിഭോ ഭവദീയ
ശസ്ത്രവഹ്നിയെ മുദാ
സര്‍വ്വലോകം ദഹിക്കുന്നതിന്‍
മുമ്പെ സംഹരിക്കഭവന്‍ ജനാര്‍ദ്ദന
[ലക്ഷ്മീനാഥ സമയം കഴിഞ്ഞുടൻ സാക്ഷിയായിട്ടുനീയും
ദക്ഷനാകിയ ഫൽഗുനനെക്കൊണ്ടു
ശിക്ഷയാരിനിചയം ജനാർദ്ദന
അന്ധകാന്വയമണേ സരോരുഹ
ബന്ധുതനുമരുണേഹന്ത
നൈപുണ്യം നൽകുന്നിതന്വഹം
അന്ധകാരഹരണെ ജനാർദ്ദന]
അർത്ഥം:
കുരുഭിരപകൃതോപി:
കൌരവരുടെ ദ്രോഹങ്ങളെ സഹിച്ചിട്ടും തന്റെ കുലത്തില്‍പെട്ടവരായ അവരെ കൊല്ലുവാന്‍ മടിച്ച് സുദര്‍ശനത്തെ ശാന്തനാക്കുവാനായി ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു. ’സജ്ജനങ്ങള്‍ അന്യരെ ദ്രോഹിക്കാന്‍ ആഗ്രഹിക്കാറില്ലല്ലൊ!’
കൊണ്ടല്‍വര്‍ണ്ണ:
മേഘവര്‍ണ്ണാ,അവിടുന്നു വെറുതെ കോപിക്കരുതേ. ഇവിടുത്തെ കൃപയുണ്ടെങ്കില്‍ ശത്രുക്കള്‍ക്കുനേരേയുള്ള എന്റെ ശക്തി കണ്ടുകൊള്‍ക പ്രഭോ. ശത്രുസൂദനാ,സര്‍വ്വലോകങ്ങളും ദഹിക്കുന്നതിനുമുന്‍പേ അവിടുത്തെ ശസ്ത്രാഗ്നിയെ സന്തോഷത്തോടെ പിന്മടക്കേണമേ.
അരങ്ങുസവിശേഷതകൾ:
അഭിനയിക്കേണ്ട ശ്ലോകം ആണിത്.
ശ്ലോകം ആലപിക്കുന്നതോടെ അബദ്ധഭാവത്തോടെ രംഗമദ്ധ്യത്തിലേയ്ക്കു വരുന്ന ധര്‍മ്മപുത്രന്‍ ചിന്തിച്ച് ജാള്യത നടിക്കുന്നു. തുടര്‍ന്ന് ആശ്രയഭാവത്തില്‍ ശ്രീകൃഷ്ണനെ വന്ദിച്ച് നില്‍ക്കുന്ന ധര്‍മ്മപുത്രന്‍ ശ്ലോകം അവസാനിച്ചാല്‍ തുടര്‍ന്ന് പദം അഭിനയിക്കുന്നു. ബ്രാക്കറ്റിലുള്ള വരികൾ ഇപ്പോൾ ആലപിക്കുക പതിവില്ല.
പദാഭിനയം കഴിഞ്ഞ് ധര്‍മ്മപുത്രന്‍ വീണ്ടും വലത്തേക്കുമാറി നില്‍ക്കുന്നു. കൃഷ്ണന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.