ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍

കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍

രാഗംബിലഹരി

താളംമുറിയടന്ത – ദ്രുതകാലം

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾശ്രീകൃഷ്ണൻ

അഥ കേതുരരാതി വിപത് പിശുനോ
മുഖതോസ്യ വിഭോര്‍ദ്രുകുടീച്ഛലതഃ
വചസാം ച സമുദ്ഗമ ആവിരഭൂത്
സഹസാ സഹ സാത്യകിനാ ചലതാ

പല്ലവി:
കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍ ചെയ്തൊരു
ദുഷ്ടത കേട്ടാലിതൊട്ടും സഹിക്കുമോ

ചരണം 1:
ദൃഷ്ടനാകുംധൃതരാഷ്ട്രസുതന്‍ വന്നു
പുഷ്ടരുഷാ നിശികെട്ടിയതും വിഷ-
ദുഷ്ടമാകുമന്നമൂട്ടിയതും പല
നിഷ്ടുരങ്ങളവന്‍ കാട്ടിയതും അതി

ചരണം 2:
പറ്റലരിലൊരു കുറ്റമില്ല അതി-
നുറ്റവരില്‍ നാണം ചെറ്റുമില്ല എങ്കി-
ലറ്റമില്ലാതൊരു കുറ്റമെങ്കല്‍ തന്നെ
മുറ്റുമഹോ ബത പറ്റുമോര്‍ത്താലതി

ചരണം 3:
ഒന്നല്ലവര്‍ ചെയ്തപരാധങ്ങളവ
യെന്നും പിന്നെയിഹഞാന്‍ സഹിക്കില്‍ പുന-
രന്നെന്നിയെ മമ വന്യാശനം ചെയ്‌വാന്‍
വന്നുകൂടും കാലമിന്നുതന്നെ നൂനം അതി

ചരണം 4:
ചിന്തിച്ചു നിൻ പരിപന്ഥികളെ  ഹൃദി
സന്താപിപ്പാൻ കിമു ബന്ധമഹോ ഭവ-
ദന്തികേ കാണാം സുദർശന മദൈവ
ഹന്തുമരീനവൻ തന്നെ


 അർത്ഥം

അഹോ! കഷ്ടം! കൌരവര്‍ചെയ്ത ദുഷ്ടതകള്‍ കെട്ടാല്‍ ഒട്ടും സഹിക്കുമൊ? തന്തോന്നിയായ ദുര്യോധനന്‍ രാത്രിയില്‍ കോപത്തോടെ വന്ന് കെട്ടിയിട്ടതും, വിഷം കലര്‍ന്ന ചോറ് ഊട്ടിയതും മാത്രമല്ല, അവന്‍ ചെയ്ത കടുംകൈകള്‍ പലതും മഹാ കഷ്ടം തന്നെ. അതിനെപറ്റി ബന്ധുക്കള്‍ക്ക് ഒട്ടും നാണംതോന്നുന്നില്ലെങ്കില്‍ ശത്രുക്കള്‍ക്ക് യാതൊരു കുറ്റവുമില്ല. ആലോചിച്ചാല്‍ അറ്റമില്ലാത്തകുറ്റങ്ങള്‍ എന്നില്‍ വന്നുചേരും. മഹാകഷ്ടം!അവര്‍ ചെയ്ത അപരാധങ്ങള്‍ ഒന്നല്ല, പലതാണ്. ഇവയൊക്കെ ഇനിയും ഞാന്‍ സഹിക്കുകയാണേങ്കില്‍ എനിക്കും താമസിയാതെ കായ്കനികള്‍ ഭക്ഷിച്ച് വനത്തില്‍ വസിക്കേണ്ടിവരും. അങ്ങയുടെ ശത്രുക്കളെ ഓര്‍ത്ത് സന്താപിക്കുന്നതെന്തിന്? സമീപത്ത് ഇപ്പോള്‍ തന്നെ സുദര്‍ശനത്തെ കാണാം. ശത്രുക്കളെ നിഗ്രഹിക്കുവാന്‍ അവന്‍ തന്നെ മതി.

അരങ്ങുസവിശേഷതകൾ

കൃഷ്ണന്‍ ‘എന്നാല്‍ ഇനി അങ്ങയുടെ ശത്രുക്കളുടെ നാശം കണ്ടുകൊള്‍ക’ എന്നു കാട്ടി നാലാമിരട്ടിചവുട്ടി വലത്തുഭാഗത്തു പീഠത്തില്‍ കയറി നില്‍ക്കുന്നു. സുദർശനചക്രത്തെ സ്മരിക്കുന്നു.