പുത്ര പുരുഷരത്നമേ

രാഗം: 

ഉശാനി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

കൗസല്യ

പുത്ര! പുരുഷരത്നമേ! ഭാഷിതം ശത-

പത്രലോചന! കേൾക്ക മേ

എത്രനാളായി തവ ഗാത്രമൊന്നു കണ്ടീടാൻ

ആർത്തിപൂണ്ടിഹ മമ നേത്രങ്ങൾ കൊതിയ്ക്കുന്നു?

നിർമലഗുണവാരിധേ! മന്മകനേ! നിൻ

നന്മകൾ നിനച്ചെത്രനാൾ

അംബുജസമമാകും നിൻ മുഖമിഹ കാണാ-

ഞ്ഞെന്മാനസമിങ്ങയ്യോ!  വന്മാലിയന്നു? ബാല!

നെന്മേനിവാകതന്നുടെ പൂവതുപോലെ

നന്മേനിയെഴും നിന്നുടെ

പൊന്മേനി പുണരുവാൻ എന്മേനി മമ ബാല!

അമ്മോ! എത്രനാളായി വന്മോഹമിയലുന്നു?

നിർണ്ണയമിഹ നിശ്ശേഷം മാമക പൂർവ്വ-

പുണ്യങ്ങൾ നശിച്ചില്ലഹോ!

കണ്ണുമെന്നുടെ മുലക്കണ്ണുമാർദ്രമാകുന്നു

ഉണ്ണീ! വന്നിരുന്നാലും തിണ്ണമെൻ മടിയിൽ നീ

ശ്രീമൻ ലക്ഷമണ! നിന്നോളം പൂർവജസ്നേഹം

ഭൂമിയിലോർക്കിലാർക്കുള്ളൂ?

ഓമനമകനേ! കേൾ മാമകമനതാരിൽ

കോമളാകൃതേ! നീയും രാമനുമൊരുപോലെ

മത്തവാരണഗാമിനീ! മൽസുതേ! സീതേ!

ചിത്തമോദേന വന്നാലും

വ്യത്യാസമില്ല പാതിവ്രത്യനിഷ്ഠ നിന്നോളം

പൃത്ഥ്വിയിലാർക്കുമില്ലെൻ പുത്രി! ഭാഗ്യശാലിനി!

മായമല്ലിന്നു സുദിനം മൽസുതരേ! നിർ-

മ്മായം നിങ്ങളേക്കാൺകയാൽ

പോയവ പോട്ടെയെന്തിന്നായവ നിനയ്ക്കുന്നു?

ശ്രേയസ്സും ഭവതാം ദീർഘായുസ്സും ഭവിക്കട്ടെ