ആട്ടക്കഥ:
യമപുരിയിലും സ്വർഗ്ഗത്തിലും മറ്റ് ലോകങ്ങളിലും ഒന്നും ബ്രാഹ്മണകുമാരന്മാരെ കാണാഞ്ഞ് അർജ്ജുനൻ വിഷാദവാനാകുന്നു. എല്ലാം ശ്രീകൃഷ്ണന്റെ പരീക്ഷണം എന്ന് തീരുമാനിക്കുന്നു. ബ്രാഹ്മണൻ ചെയ്ത്കൊടുത്ത സത്യം പരിപാലിക്കാനായി അഗ്നികുണ്ഡത്തിൽ ചാടി മരിക്കുകതന്നെ എന്ന് തീരുമാനിക്കുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് തീക്കുണ്ഡമുണ്ടാക്കി അതിലേക്ക് ചാടാൻ തുടങ്ങുന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ വന്ന് തടയുന്നു. തുടർന്ന് ഒരു പദം ഉണ്ട്. ആട്ടക്കഥാകാരൻ രചിച്ച “സാധുവത്സല വിജയ സഖേ!” എന്ന പദം സാധാരണ പതിവില്ല.
പകരം കാവശ്ശേരി ഗോപാലകൃഷ്ണഭാഗവതർ രചിച്ച
“മാകുരുസാഹസം മാകുരുസാഹസം
മാധവൻ ഞാനില്ലയോ
നിനക്കാകുലമില്ലൊരു കാര്യത്തിനും എന്നു
ലോകപ്രസിദ്ധമല്ലോ”
എന്ന് തുടങ്ങുന്ന പ്രസിദ്ധ പദം ആണ് ആടാറുള്ളത്. ഈ മാറ്റം എന്ന് മുതൽ എപ്പോൾ മുതൽ എങ്ങനെ ഉണ്ടായി എന്നതൊന്നും അറിവില്ല. കാവശ്ശേരി ഭാഗവതർ തന്നെയാണ് ദുര്യോധനവധത്തിലെ “പാർഷതി മമ സഖി..” എന്ന് തുടങ്ങുന്ന പ്രസിദ്ധ പദവും രചിച്ചത് എന്ന് പദ്മനാഭൻ നായർ തന്റെ “ചൊല്ലിയാട്ടം” എന്ന പുസ്തകത്തിൽ പറയുന്നു. കെ.പി.എസ് മേനോൻ തന്റെ “കഥകളിരംഗം” എന്ന പുസ്തകത്തിലും ഇത് പറയുന്നുണ്ട്.
അർജ്ജുനനെ തീയിൽ ചാടുന്നത് തടഞ്ഞ ശ്രീകൃഷ്ണൻ തുടർന്ന് ബ്രാഹ്മണകുമാരന്മാരൊക്കെയും തന്നെ യാതൊരു വിഷമങ്ങളും ബാധകമല്ലാത്ത് ഒരു സ്ഥലത്ത് ഉണ്ട്. നമുക്കൊന്നിച്ച് പോയി അവരെ കൊണ്ടുവരാം എന്ന് പറഞ്ഞ്, തന്റെ തേരിൽ കയറ്റി കൊണ്ടുപോകുന്നു. ഇത്രയും ആണ് ഈ രംഗത്തിലുള്ളത്.