ബ്രാഹ്മണേന്ദ്ര! കൂടെപ്പോരുന്നേൻ

രാഗം: 

അഠാണ

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ബ്രാഹ്മണേന്ദ്ര! കൂടെപ്പോരുന്നേൻ ത്വൽപ്രിയ പെറും
ആത്മജനെക്കാത്തുതരുന്നേൻ
കാർമുകമിതല്ലോ കാൺക ആത്മജരക്ഷാസഹായം
ധർമ്മരാജാദികളിന്നു മന്മതത്തെ ലംഘിക്കുമോ?
വ്യാകുലത്വമേതും അരുതേ ഭൂസുരമൗലേ!
പോകനാമെങ്കിലോ വൈകാതേ.

അർത്ഥം: 

ബ്രാഹ്മണശ്രേഷ്ഠാ, ഞാൻ കൂടെ പോരുന്നുണ്ട്. അങ്ങയുടെ പ്രിയതമ പ്രസവിക്കുന്ന പുത്രനെ കാത്തുതരുന്നുമുണ്ട്. പുത്രരക്ഷയ്ക്ക് സഹായമായി വില്ല് ഇതാ കാണുക. ധർമ്മരാജാവ് ആദിയായവരും ഇന്ന് എന്റെ ഹിതത്തെ ലംഘിക്കുമോ? ബ്രാഹ്മണശ്രേഷ്ഠാ, ഒട്ടും പരിഭമം അരുതേ. എങ്കിൽ നമുക്ക് വൈകാതെ പോകാം.

അരങ്ങുസവിശേഷതകൾ: 

പദശേഷം ആട്ടം-

ബ്രാഹ്മണൻ:’എന്നാൽ പുറപ്പെടുകയല്ലേ?’

അർജ്ജുനൻ:’അങ്ങിനെ തന്നെ’

ചാപബാണധാരിയായ അർജ്ജുനനും ബ്രാഹ്മണനും കൈകോർത്തുപിടിച്ച് പിന്നിലേയ്ക്കുമാറി തിരിഞ്ഞ് വീണ്ടും മുന്നോട്ടുവന്ന് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ബ്രാഹ്മണഗൃഹത്തിൽ എത്തിയതായി ഭാവിക്കുന്നു. തുടർന്ന് ബ്രാഹ്മണൻ നിർദ്ദേശിക്കുന്ന ഉത്തമമായ സ്ഥാനത്ത് വഴിപോലെ ഞാൺ മുറുക്കി അസ്ത്രങ്ങൾ തൊടുത്ത് അർജ്ജുനൻ ഒരു ശരകൂടം നിർമ്മിക്കുന്നു. ബ്രാഹ്മണൻ ശരകൂടം കണ്ട് ബോദ്ധ്യപ്പെടുന്നു. ഈ സമയത്ത് പിന്നിലായി തിരശ്ശീല പിടിക്കുന്നു. തുടർന്ന് ബ്രാഹ്മണൻ ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്നതായി ഭാവിച്ച്  തിരശ്ശീലയുടെ വലതുഭാഗത്തുകൂടി പിന്നിലേയ്ക്ക് കടക്കുന്നു. അനന്തരം സഖിയാൽ അനുഗമിക്കപ്പെടുന്ന പത്നിയെ കൂട്ടിക്കൊണ്ട് തിരശ്ശീലയുടെ ഇടതുവശത്തുകൂടി പ്രവേശിക്കുന്ന ബ്രാഹ്മണൻ സഖിയാൽ അനുഗമിക്കപ്പെടുന്ന പത്നിയെ ഈറ്റില്ലത്തിലേയ്ക്ക് എന്നഭാവത്തിൽ വലതുഭാഗത്തുകൂടി തിരശ്ശീലയ്ക്കുള്ളിലേയ്ക്ക് അയയ്ക്കുന്നു. അർജ്ജുനൻ വീരഭാവത്തിൽ ചാപബാണധാരിയായി ഇടതുഭാഗത്തായി നിൽക്കുന്നു. ബ്രാഹ്മണൻ നാമം ജപിച്ചുകൊണ്ട് വലതുവശത്തായി പീഠത്തിൽ ഇരിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.