ആട്ടക്കഥാകാരൻ

മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോന്‍ (1745-1809) എഴുതിയ രണ്ട്‌ ആട്ടക്കഥകളില്‍ ഒന്ന് ആണ്‌ സന്താനഗോപാലം ആട്ടക്കഥ. മറ്റേത്‌ രുഗ്മാംഗദചരിതം ആട്ടക്കഥയും ആണ്‌. 
മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്റെ രണ്ട്‌ കഥയിലും കത്തി താടി മുതലായ വേഷങ്ങള്‍ ആദ്യവസാനങ്ങളായി ഇല്ലതന്നെ. ഇവയൊന്നും ഇല്ലാതെ തന്നെ പ്രമേയപരമായി ശക്തിയാര്‍ജ്ജിച്ചുവെങ്കില്‍ ആട്ടക്കഥ വിജയിക്കും എന്ന് കാട്ടിതന്ന ആളാണ്‌ ഇട്ടിരാരിശ്ശമേനോന്‍. സന്താനഗോപാലത്തില്‍ ആദ്യവസാനവേഷമായി ഒരു മിനുക്ക്‌ വേഷം ആണ്‌ (ബ്രാഹ്മണന്‍). അര്‍ജ്ജുനന്‍ ആദ്യവസാനം എങ്കിലും രണ്ടാം തരം ആണ്‌. കൃഷ്ണാകട്ടെ കുട്ടിവേഷവും. സാഹിത്യപരമായും വളരെ ഉന്നതി പുലര്‍ത്തുന്നു ഈ കഥ.

അവലംബവും പ്രത്യേകതകളും

ഭാഗവതം കഥയെ ആസ്പദമാക്കി രചിച്ചതാണ്‌ സന്താനഗോപാലം ആട്ടക്കഥ. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഇക്കഥ വഴിപാടായി കളിക്കാറുണ്ട്‌. ഉത്സവം തുടങ്ങുന്നതിന്‌ പത്ത്‌ മുതല്‍ ഇരുപത്‌ ദിവസം വരെ ഈ വഴിപാട്‌ കളികള്‍ തുടങ്ങും.


മൂലകഥയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍

ഒന്‍പതാം ശിശുശവം കൊണ്ട്‌ യാദവ സഭയിലേക്ക്‌ ബ്രാഹ്മണന്‍ വരുന്നു എന്നാണ്‌ ആട്ടക്കഥയില്‍. ഭാഗവതത്തില്‍ ഓരോ ശിശുമരണം സംഭവിക്കുമ്പോഴും ബ്രാഹ്മണന്‍ വന്ന് രാജാവിനെ ചീത്തപറയാറുണ്ട്‌. ഒന്‍പതാം ശിശുശവം കൊണ്ട്‌ വരുന്ന സമയം അര്‍ജ്ജുനന്‍ യാദവസഭയില്‍ യദൃച്ഛയാല്‍ വന്നതാണ്‌. പിന്നെ ബ്രാഹ്മണന്‌ വാക്കുകൊടുത്തതുകൊണ്ട്‌ അത്‌ പരിപാലിക്കുന്നതുവരെ കൃഷ്ണന്റെ കൂടെ, ശിവനെ ആരാധിച്ച്‌ വസിച്ചു എന്നാണ്‌.
ബ്രാഹ്മണന്‍ ഓരോരുത്തരുടെ പേരിലും സത്യം ചെയ്ത്‌ വാങ്ങുന്നതെല്ലാം ആട്ടപ്രകാരത്തിലെ ഇമ്പ്രൊവൈസേഷനുകള്‍ ആണ്‌.


പശ്ചാത്തലം

രാജ്യത്ത്‌ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും ശിശുമരണങ്ങളും (പ്രത്യേകിച്ച്‌ അച്ഛനും അമ്മയും കണ്ടു നില്‍ക്കേ ഉണ്ടാകുന്ന ശിശുമരണം) എല്ലാം രാജ്യം ഭരിക്കുന്ന രാജാവിന്റെ കൊള്ളരുതായ്മകള്‍ കൊണ്ടാണ്‌ എന്നായിരുന്നു ദ്വാപരയുഗത്തിലെ വിശ്വാസം. അതുകൊണ്ടാണ്‌ ബ്രാഹ്മണന്‍ രാജസഭയില്‍ വന്ന് രാജാവിനെ ആക്ഷേപിക്കുന്നത്‌. കൃഷ്ണന്റെ വംശമാണ്‌ യാദവവംശം. ബലരാമന്‍, കൃഷ്ണന്‍ അവരുടെ മക്കള്‍ പ്രദ്യുമ്നന്‍, അനിരുദ്ധന്‍ എന്നിവരൊക്കെ ദ്വാരകയിലെ രാജാക്കന്മാരോ രാജകുമാരന്മാരോ ആണ്‌.

കഥ നടക്കുന്നത്‌ ഭാരതയുദ്ധവും കഴിഞ്ഞ്‌ അശ്വത്ഥാമാവ് തന്റെ പാണ്ഡവരുടെ കുട്ടികളെ എല്ലാവരേയും നിഗ്രഹിച്ചതിനുശേഷം ആണ്‌. (കൃഷ്ണന്‍, ഉത്തരയുടെ വയറ്റിലെ കുഞ്ഞിനെ മാത്രം രക്ഷപ്പെടുത്തുന്നു)  യുദ്ധം കഴിഞ്ഞ്‌ അശ്വമേധസമയത്ത്‌ ദുശ്ശളയെ അര്‍ജ്ജുനന്‍ കണ്ടിരുന്നു. അവിടെ അര്‍ജ്ജുനന്‍ വരുന്ന വിവരം കേട്ട്‌ പേടിച്ച്‌ സുരഥന്‍ (ദുശ്ശളയുടെ മകന്‍) മരിക്കുന്നു.

ബ്രാഹ്മണന്റെ കാഴ്ച്ചപ്പാടിലൂടെ നോക്കിയാല്‍ ഈ കഥ വളരെ ഭക്തി പ്രധാനമാണ്‌. അര്‍ജ്ജുന-കൃഷ്ണന്മാര്‍ തമ്മിലുള്ള ബന്ധം വെറും ആശ്രിതനും രക്ഷിതാവും തമ്മിലുള്ള ബന്ധമല്ല. അവര്‍ വലിയ സുഹൃത്തുക്കളാണ്‌. ബന്ധുക്കളാണ്‌. കൃഷ്ണന്റെ സഹോദരി സുഭദ്രയെ ആണ്‌ അര്‍ജ്ജുനന്‍ വിവാഹം ചെയ്തിരിക്കുന്നത്‌. അങ്ങനെ നോക്കിയാല്‍ സുഹൃദ്ബന്ധത്തില്‍ വിള്ളല്‍ വന്നാലുള്ള പ്രശ്നങ്ങള്‍ കൂടെ ഈ കഥയില്‍ ഒരു നേര്‍ത്ത രേഖയായി കിടക്കുന്നു. കൃഷ്ണന്റെ പേരില്‍ സത്യം ചെയ്ത്‌ കൊടുത്തിട്ടും അര്‍ജ്ജുനന്‍ പ്രശ്നം നേരിട്ടപ്പോള്‍ സ്വയം യമലോകത്തും ബ്രഹ്മലോകത്തും മറ്റും പോയി ബ്രാഹ്മണശിശുക്കളെ അന്വേഷിച്ചു. ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോള്‍ ഗാണ്ഡീവത്തോടേ ആത്മാഹുതിക്കൊരുങ്ങി. എന്നാലും കൃഷ്ണന്റെ അടുത്ത്‌ ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചില്ല. അര്‍ജ്ജുനന്റെ ആത്മാഭിമാനമാണോ കാരണം? അല്ല. ഒന്‍പത്‌ ശിശുക്കള്‍ മരിച്ചു. അവരെയൊന്നും കൃഷ്ണനോ ബലഭദ്രനോ മറ്റ്‌ യാദവരാജാക്കര്‍ന്മാര്‍ക്കോ രക്ഷിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ പത്താമത്തെ ശിശുവിനെ എങ്ങനെ കൃഷ്ണന്‌ രക്ഷിക്കാന്‍ സാധിക്കും എന്നരീതിയില്‍ ഒരു ചെറിയ അവിശ്വാസം-സുഹൃത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെടല്‍- ഉണ്ടായി എന്ന് തോന്നാം.
 

കഥാസംഗ്രഹം

ദുഷ്ടന്മാരെ നിഗ്രഹിച്ച്‌ ശിഷ്ടന്മാരെ പരിപാലിച്ച്‌ ദേവകീനന്ദനനായ ശ്രീകൃഷ്ണന്‍ ലോകനാഥനായി ദ്വാരകയില്‍ വസിക്കുന്ന കാലം. അദ്ദേഹത്തെ സന്ദര്‍ശിക്കാനായി സുഹൃത്തും സഹോദരീഭര്‍ത്താവുമായ അര്‍ജ്ജുനന്‍ ഒരു ദിവസം വരുന്നു. ദ്വാരകയില്‍ എത്തിയ അര്‍ജ്ജുനനെ സ്വീകരിച്ചിരുത്തിയ ശേഷം ശ്രീകൃഷ്ണന്‍ കുശലാന്വേഷണം നടത്തുന്നു.അപ്രകാരം തന്റെ സുഖവിവരങ്ങള്‍ തിരക്കുന്ന ശ്രീകൃഷ്ണനോട്‌, അര്‍ജ്ജുനന്‍ ഭഗവദ്‌ദാസരായ തങ്ങളെ പോലുള്ളവര്‍ക്ക്‌ അസുഖങ്ങളും  സങ്കടങ്ങളും എങ്ങനെ വരുവാനാണ്‌ എന്ന് തിരിച്ച്‌ ചോദിക്കുന്നു. മാത്രമല്ല തന്റെ സഹോദരന്മാരും പത്നിയുമെല്ലാം സസുഖം വാഴുന്നു. താങ്കളുടെ പാദാരവിന്ദങ്ങളാണ്‌ ഞങ്ങളുടെ ആശ്രയം എന്ന് പറഞ്ഞ്‌ ശ്രീകൃഷ്ണനെ വന്ദിക്കുന്നു.കുരുവംശത്തിന്റെ മകുടമണിയായ ഹേ അര്‍ജ്ജുനാ, ഇളകുന്നതാമരയിതളില്‍ തെന്നിക്കളിക്കുന്ന ജലബിന്ദുപോലെ ക്ഷണികമായ ഈ ജീവിതത്തില്‍ സൗഹൃദം പോലെ സുഖം തരുന്ന ഒന്നില്ല. അതിനാല്‍ താങ്കള്‍ എന്നോടൊപ്പം അല്‍പ്പകാലം വസിച്ചാലും. എന്ന് മറുപടി പദത്തില്‍ ശ്രീകൃഷ്ണന്‍ ആവശ്യപ്പെടുന്നു. ഒന്നാം രംഗം ഇവിടെ ചെറിയൊരു മനോധര്‍മ്മരൂപത്തിലുള്ള ആട്ടത്തോടെ സമാപിക്കുന്നു.

രംഗം രണ്ടിൽ നാം കാണുന്നത്‌, തോഴനായ അര്‍ജ്ജുനനോടൊപ്പം ശ്രീകൃഷ്ണനും മറ്റ്‌ യാദവശ്രേഷ്ഠരും ഇരിക്കുന്ന യാദവ സഭയാണ്‌. ആ സഭയിലേക്ക്‌ ഒരു ബ്രാഹ്മണന്‍ ഒരു ശിശുശവവും കൊണ്ട്‌ വരുന്നു. മുന്‍കാലങ്ങളില്‍ അങ്ങനെ എട്ട്‌ ഉണ്ണികള്‍ മരിച്ചുവെന്നും ഇത്‌ ഒന്‍പതാം ശിശുശവവും കൊണ്ടാണ്‌ ബ്രാഹ്മണന്‍ വരുന്നത്‌ എന്നും കവിവാക്യമായ ശ്ലോകത്തില്‍ പറയുന്നു. കുട്ടികളില്ലാത്ത എനിക്ക്‌ ലോകാന്തരങ്ങളിലും സുഖമില്ല. എനിക്ക്‌ ആരാണ്‌ ശരണം? ദൈവമേ! ബ്രാഹ്മണര്‍ക്ക്‌ നിരക്കാത്ത ഒരു കര്‍മ്മവും ഞാന്‍ ചെയ്തിട്ടില്ല. എന്നിട്ടും ഇതുപോലെ എട്ട്‌ ബാലന്മാരെ എനിക്ക്‌ നഷ്ടപ്പെട്ടു. ഇത്‌ ഒന്‍പതാമത്തെ ആണ്‌. പതിനാറായിരത്തെട്ട്‌ ഭാര്യമാരോടുകൂടെ സുഖത്തോടേയും അവരുടെ സുഖം അറിഞ്ഞും നടത്തികൊടുത്തും വിലസുന്ന ശ്രീകൃഷ്ണന്‌ ബ്രാഹ്മണരെ രക്ഷിക്കാന്‍ എവിടെ സമയം? എന്നിത്യാദി പറഞ്ഞ്‌ യാദവ സഭയില്‍ വന്ന് ശ്രീകൃഷ്ണനെ ഭര്‍സിക്കുന്ന ബ്രാഹ്മണനെ ആണ്‌ ഈ രംഗത്തില്‍ ആദ്യം കാണുന്നത്. ബലരാമന്‍, ശ്രീകൃഷ്ണന്‍, പ്രദ്യുമ്നന്‍ തുടങ്ങിയ ഒരു യാദവശ്രേഷ്ഠന്മാരും ബ്രാഹ്മണ വിലാപം കേട്ട്‌ ഒരു കൂസലുമില്ലാതെ ഇരിക്കുന്നതുകണ്ട്‌ ബ്രാഹ്മണദുഃഖം മനസ്സിലാക്കി അത്‌ ദൂരീകരിക്കാനായി അര്‍ജ്ജുനന്‍ ബ്രാഹ്മണനോട്‌ ഇപ്രകാരം പറഞ്ഞു. “കരയുരുത്‌ ദുഃഖിക്കരുത്‌ അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഇനി പുത്രനുണ്ടാകുമെങ്കില്‍ അവനെ ഞാന്‍ രക്ഷിച്ച്‌ തരാം. ബ്രാഹ്മണരുടെ ദുഃഖം തീര്‍ക്കുക എന്നത്‌ ക്ഷത്രിയ ധര്‍മ്മം ആണ്‌. കഴിഞ്ഞതെല്ലാം ക്ഷമിക്കുക. ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിക്കുന്ന കാര്യം ഈ അര്‍ജ്ജുനന്‍ ഏറ്റു”. ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ എന്റെ ദുഃഖം കേട്ടിട്ട്‌ ഒരു തരിക്കും ഇളകാതെ ഇരിക്കുന്നത്‌ കണ്ടില്ലേ? എന്നിട്ട്‌ നീ പുത്രരക്ഷക്ക്‌ ചാടി പുറപ്പെട്ടത്‌ നിന്റെ അവിവേകം ആണ്‌ അര്‍ജ്ജുനാ എന്ന് ബ്രാഹ്മണന്‍ അര്‍ജ്ജുനനെ നിരുത്സാഹപ്പെടുത്തുന്നു.

ഹേ ബ്രാഹ്മണ ശ്രേഷ്ഠാ, ദുഃഖഭാരം കൊണ്ട്‌ അങ്ങ്‌ പറയുന്ന ഈ വാക്കുകള്‍ കേട്ട്‌ എനിക്ക്‌ അപ്രിയമില്ല. ഒരു സംശയവും അങ്ങേക്ക്‌ വേണ്ട. ഇനിയുണ്ടാകുന്ന പുത്രനെ പരിപാലിച്ച്‌ തന്നില്ല എങ്കില്‍ ഞാന്‍ ഇന്ദ്രപുത്രനല്ല എന്ന് അര്‍ജ്ജുനന്‍ തിരിച്ച്‌ ബ്രാഹ്മണനോട്‌ പറയുന്നു.

ഭക്തവത്സലന്‍ എന്ന് പേരുകേട്ട്‌ ശ്രീകൃഷ്ണഭഗവാനും അതിശക്തിമാന്മാരായ ബലഭദ്രാദികളും എനിക്ക്‌ ജനിക്കുന്ന കുട്ടികളെ രക്ഷിക്കാനാവാതെ, ഒരിളക്കവും ഇല്ലാതെ ഇരിക്കുന്നു. അതുകൊണ്ട്‌ തന്നെ എനിക്ക്‌ ഒരു പുത്രന്റെ മുഖം കാണാനുള്ള യോഗം ഇല്ല എന്ന് പറഞ്ഞ്‌ ബ്രാഹ്മണന്‍ വീണ്ടും വിലപിക്കുന്നു.

ഈ സമയം അര്‍ജ്ജുനന്‍ പറയുന്നു:

“ഹേ സല്‍ഗുണശീലനായ ബ്രാഹ്മണ! എന്റെ വാക്കുകള്‍ കേട്ടാലും. സ്വര്‍ഗ്ഗവാസികള്‍ക്ക്‌ കൂടെ സുഖത്തെ പ്രദാനം ചെയ്യുന്ന അര്‍ജ്ജുനന്‍ എന്ന എന്നെ കേട്ടിട്ടെങ്കിലും താങ്കള്‍ അറിയില്ലേ? ഞാന്‍ കൃഷ്ണനല്ല, ബലഭദ്രനല്ല, യാദവ പ്രമുഖനും അല്ല. ഞാന്‍ ജിഷ്ണു ആണ്‌, ഞാന്‍ ദിവ്യാസ്ത്രങ്ങള്‍ ലഭിച്ചവന്‍ ആണ്‌, ഇന്ദ്ര പുത്രനാണ്‌ ഭ്രാജിഷ്ണുവും സുനയനനും സദയനും ആണ്‌”. യമനെകൂടെ ജയിക്കാന്‍ കഴിവുള്ള ഇന്ദ്രനന്ദനനായ എന്റെ ശരകൂടത്തിന്റെ സംരക്ഷണയില്‍, താങ്കളുടെ ജനിക്കാന്‍ പോകുന്ന പുത്രന്‌ യമഭയം ഉണ്ടാകില്ല, യമന്‌ ശരകൂടത്തിനരികത്ത്‌ വരാനുള്ള ധൈര്യവുമുണ്ടാകില്ല. ഇനി താങ്കളുടെ പ്രിയതമ പ്രസവിക്കുന്നതിനുമുന്‍പായി ഇവിടെ വന്ന് എന്നെ അറിയിക്കുക. അത്ഭുതങ്ങളായ ശരങ്ങള്‍ കൊണ്ട്‌ തീര്‍ത്ത സൂതിഗൃഹത്തില്‍ പിറക്കുന്ന താങ്കളുടെ പുത്രനെ യമന്‍ കൊണ്ടുപോകില്ല.

എന്ന് മാത്രമല്ല, അങ്ങനെ ഇനി താങ്കള്‍ക്ക്‌ ജനിക്കാന്‍ പോകുന്ന പുത്രനെ രക്ഷിച്ച്‌ തന്നില്ല എങ്കില്‍ ഞാന്‍, ഈ അര്‍ജ്ജുനന്‍, തീകുണ്ഡത്തില്‍ ചാടി ആത്മാഹുതി നടത്തും. ഇത്‌ സത്യം എന്ന് പറഞ്ഞ്‌ അര്‍ജ്ജുനന്‍ ബ്രാഹ്മണന്‌ സത്യം ചെയ്ത്‌ കൊടുക്കുന്നു. ഇതോടെ ഈ രംഗവും കഴിയുന്നു.

രംഗം മൂന്നിൽ, അർജ്ജുനന്റെ സത്യം ബോധിച്ച് ബ്രാഹ്മണൻ തിരിച്ച് സ്വഗൃഹത്തിലേക്ക് എത്തുന്നു. അദ്ദേഹം പത്നിയോട് ഉണ്ടായസംഭവങ്ങൾ വിസ്തരിച്ച് പറഞ്ഞു കൊടുക്കുന്നു. പുത്രരക്ഷ ചെയ്തില്ലെങ്കിൽ ഭഗവാൻ കൃഷ്ണന്റെ സഹോദരിഭർത്താവായ അർജ്ജുനൻ തീയ്യിൽ ചാടി മരിക്കും എന്നാണ് പറഞ്ഞത്. സ്വന്തം സഹോദരിയ്ക്ക് വൈധവ്യദുഃഖം ഉണ്ടാകാൻ ഭഗവാൻ ശ്രീകൃഷ്ണൻ സമ്മതിയ്ക്കില്ല എന്ന് സൂത്രശാലിയായ ബ്രാഹ്മണൻ പത്നിയോട് പറയുന്നു. പത്നിയാകട്ടെ തത്വചിന്താപരമായി വിധിമതം ആർക്കും നിരസിക്കാൻ പറ്റില്ല എന്ന് മറുപടി പറയുന്നു.

രംഗം നാല്. അങ്ങനെ കാലം കഴിഞ്ഞു. ബ്രാഹ്മണപത്നി വീണ്ടും ഗർഭവതിയായി. ഗർഭം പൂർണ്ണമയ വിവരം പത്നി ബ്രാഹ്മണനോട് പറയുന്നു. അർജ്ജുനനെ വിളിച്ച് കൊണ്ടുവരാൻ താൽ‌പ്പര്യപ്പെടുന്നു. അപ്രകാരം ബ്രാഹ്മണൻ അർജ്ജുനനെ വിളിക്കാൻ ശ്രീകൃഷ്ണന്റെ വസതിയിലേക്ക് പോകുന്നു. ഇത്രയുമാണ് ഈ രംഗത്തിലുള്ളത്.

രംഗം അഞ്ച്. ബ്രാഹ്മണപത്നിയുടെ ഗര്‍ഭം പൂര്‍ണമായതറിഞ്ഞ് ബ്രാഹ്മണന്‍ ശ്രീകൃഷ്ണവസതിയില്‍ ചെന്ന് അര്‍ജ്ജുനനോട് സത്യപാലനത്തിനുള്ള സമയം ആയെന്നും പിതാവിനേയും ശൃകൃഷ്ണനേയും നമിച്ച് പേരുകേട്ട ഗാണ്ഡീവവുമായി സ്വഗൃഹത്തിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. അതനുസരിച്ച് അര്‍ജ്ജുനന്‍ ബ്രാഹ്മണഗൃഹത്തില്‍ എത്തി സൂതിഗൃഹമായി ശരകൂടം നിര്‍മ്മിക്കുന്നു. ബ്രാഹ്മണപത്നിയേയും പേറ്റാട്ടിയേയും തോഴിയേയും ശരകൂടത്തിലാക്കി അര്‍ജ്ജുനന്‍ പുറത്ത് കാവല്‍ നില്‍ക്കുന്നു. അല്‍പ്പം കഴിഞ്ഞ് ഈറ്റില്ലത്തിലനകത്തുനിന്നും പ്രസവിച്ച കുട്ടിയെ തന്നെ കാണ്മാനില്ല എന്ന ബ്രാഹ്മണപത്നിയുടെ വിലാപം കേട്ട്, ബ്രാഹ്മണന്‍ മോഹാലസ്യത്താല്‍ വീഴുന്നു. ബോധം വന്ന ബ്രാഹ്മണന്‍ അര്‍ജ്ജുനനെ കണക്കില്ലാതെ ശകാരിക്കുന്നു. തുടര്‍ന്ന് അപമാനഭാരത്തോടെ അര്‍ജ്ജുനന്‍ അവിടെനിന്നും പോരുന്നു. ഇത്രയുമാണ്‌ ഈ രംഗത്തില്‍ ഉള്ളത്.

രംഗം ആറ്. ബ്രാഹ്മണന്റെ ശകാരം കേട്ട് അർജ്ജുനൻ ഉടൻ തന്നെ യമലോകത്ത് എത്തി ധർമ്മരാജാവിനോട് ബ്രാഹ്മണബാലനെ തരുവാൻ ആവശ്യപ്പെടുന്നു. യമരാജാവാകട്ടെ ദ്വാരകയിലെ ബ്രാഹ്മണകുമാരന്റെ മരണം ഞാൻ അറിഞ്ഞിട്ടില്ല, എന്റെ അറിവോടുകൂടിയല്ലാതെ യമകിങ്കരന്മാർ കർമ്മം ചെയ്യുകയുമില്ല എന്ന് അരുളിച്ചെയുന്നു. ശ്രീകൃഷ്ണനോട് ചെന്ന് ചോദിക്കാൻ ആവശ്യപ്പെടുന്നു. അർജ്ജുനൻ യമലോകത്ത് നിന്നും പോരുന്നു. ഇത്രയും ആണ് ഈ രംഗത്തിൽ ഉള്ളത്.

രംഗം ഏഴ്. ധർമ്മരാജാവിന്റെ മറുപടി കേട്ട് ഉടൻ അർജ്ജുനൻ സ്വർഗ്ഗലോകത്ത് എത്തി തന്റെ പിതാവായ ഇന്ദ്രനോട് ബ്രാഹ്മണന്റെ കുമാരനെ അന്വേഷിക്കുന്നു. അവിടേയും ഇല്ല എന്ന് ഇന്ദ്രൻ പറയുന്നു. തുടർന്ന് മറ്റ്  ലോകങ്ങളിൽ അന്വേഷിക്കാനായി പോകുന്നു. ഇത്രയും ആണ് ഈ രംഗത്തിൽ.

രംഗം എട്ട്. യമപുരിയിലും സ്വർഗ്ഗത്തിലും മറ്റ് ലോകങ്ങളിലും ഒന്നും ബ്രാഹ്മണകുമാരന്മാരെ കാണാഞ്ഞ് അർജ്ജുനൻ വിഷാദവാനാകുന്നു. എല്ലാം ശ്രീകൃഷ്ണന്റെ പരീക്ഷണം എന്ന് തീരുമാനിക്കുന്നു. ബ്രാഹ്മണൻ ചെയ്ത്കൊടുത്ത സത്യം പരിപാലിക്കാനായി അഗ്നികുണ്ഡത്തിൽ ചാടി മരിക്കുകതന്നെ എന്ന് തീരുമാനിക്കുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് തീക്കുണ്ഡമുണ്ടാക്കി അതിലേക്ക് ചാടാൻ തുടങ്ങുന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ വന്ന് തടയുന്നു. തുടർന്ന് ഒരു പദം ഉണ്ട്. ആട്ടക്കഥാകാരൻ രചിച്ച “സാധുവത്സല വിജയ സഖേ!” എന്ന പദം സാധാരണ പതിവില്ല. 

പകരം കാവശ്ശേരി ഗോപാലകൃഷ്ണഭാഗവതർ രചിച്ച

“മാകുരുസാഹസം മാകുരുസാഹസം

മാധവൻ ഞാനില്ലയോ

നിനക്കാകുലമില്ലൊരു കാര്യത്തിനും എന്നു

ലോകപ്രസിദ്ധമല്ലോ”

എന്ന് തുടങ്ങുന്ന പ്രസിദ്ധ പദം ആണ് ആടാറുള്ളത്. ഈ മാറ്റം എന്ന് മുതൽ എപ്പോൾ മുതൽ എങ്ങനെ ഉണ്ടായി എന്നതൊന്നും അറിവില്ല. കാവശ്ശേരി ഭാഗവതർ  തന്നെയാണ് ദുര്യോധനവധത്തിലെ  “പാർഷതി മമ സഖി..” എന്ന് തുടങ്ങുന്ന  പ്രസിദ്ധ  പദവും രചിച്ചത് എന്ന് പദ്മനാഭൻ നായർ തന്റെ “ചൊല്ലിയാട്ടം” എന്ന പുസ്തകത്തിൽ പറയുന്നു. കെ.പി.എസ് മേനോൻ തന്റെ “കഥകളിരംഗം” എന്ന പുസ്തകത്തിലും ഇത് പറയുന്നുണ്ട്.

അർജ്ജുനനെ തീയിൽ ചാടുന്നത് തടഞ്ഞ ശ്രീകൃഷ്ണൻ തുടർന്ന് ബ്രാഹ്മണകുമാരന്മാരൊക്കെയും തന്നെ യാതൊരു വിഷമങ്ങളും ബാധകമല്ലാത്ത് ഒരു സ്ഥലത്ത് ഉണ്ട്. നമുക്കൊന്നിച്ച് പോയി അവരെ കൊണ്ടുവരാം എന്ന് പറഞ്ഞ്, തന്റെ തേരിൽ കയറ്റി കൊണ്ടുപോകുന്നു. ഇത്രയും ആണ് ഈ രംഗത്തിലുള്ളത്.

രംഗം ഒമ്പത്. കൃഷ്ണനും അർജ്ജുനനും കൂടി വൈകുണ്ഠത്തിലേക്കുള്ള യാത്രാമദ്ധ്യേ നടക്കുന്ന രംഗം ആണിത്. അന്ധകാരം കൊണ്ട് ശ്രീകൃഷ്ണന്റെ കേശാദിപാദം കൂടെ കാൺമാനില്ല എന്ന് അർജ്ജുനൻ വിലപിക്കുന്നു. ശ്രീകൃഷ്ണൻ അർജ്ജുനന്റെ ശോകത്തെ തീർക്കാം സുദർശനത്തെ സ്മരിക്കുന്നു. സുദർശനം വന്ന് വെളിച്ചം പകരുന്നു.

രംഗം പത്തിൽ ശ്രീകൃഷ്ണൻ അർജ്ജുനനു വൈകുണ്ഠം കാണിച്ച് കൊടുക്കുന്നതാണ്. പിന്നീട് അവർ തേരിറങ്ങി മഹാവിഷ്ണുസമീപം പോകുന്നു.

രംഗം പതിനൊന്നിൽ അവർ മഹാവിഷ്ണുസമീപം എത്തുന്നു. വിഷ്ണുവിനെ സ്തുതിയ്ക്കുന്നു. മഹാവിഷ്ണു കൃഷ്ണാർജ്ജുനൻമാരെ ഒന്നിച്ച് കാൺമാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ബാലൻമാരെ വൈകുണ്ഠത്തിലേക്ക് കൊണ്ട് വന്നത് എന്ന് പറയുന്നു. ഉണ്ണികളെ വിളിച്ച് കൃഷ്ണാർജ്ജുൻമാർക്കൊപ്പം പോകാൻ പറയുന്നു. ആദ്യം ഉണ്ണികൾ സമ്മതിയ്ക്കുന്നില്ല എന്നാൽ മഹാവിഷ്ണു നിർബന്ധിയ്ക്കുന്നു. ഉണ്ണികൾ കൃഷ്ണാർജ്ജുനൻമാർക്ക് ഒപ്പം പോരുന്നു.

രംഗം പന്ത്രണ്ടിൽ ബ്രാഹ്മണഗൃഹം ആണ്. ശ്രീകൃഷ്ണനും അർജ്ജുനനും ബാലൻമാരെ ബ്രാഹ്മണദമ്പതികൾക്ക് കൈമാറുന്നു. ആനന്ദാശ്രുക്കളോടെ അവർ ഉണ്ണികളെ സ്വീകരിക്കുന്നു. കൃഷ്ണാർജ്ജുനൻമാരെ അനുഗ്രഹിക്കുന്നു. ഇതോടെ സന്താനഗോപാലം കഥ സമാപിക്കുന്നു.

കഥാപാത്രങ്ങള്‍

അര്‍ജ്ജുനന്‍ – ആദ്യാവസാനം-പച്ച വേഷം

ശ്രീകൃഷ്ണന്‍-ഇടത്തരം-പച്ച കൃഷ്ണമുടി

ബ്രാഹ്മണന്‍-ആദ്യാവസാനം-മിനുക്ക്‌

ബ്രാഹ്മണ പത്നി-കുട്ടിത്തരം-സ്ത്രീ വേഷം, മിനുക്ക്‌

പേറ്റാട്ടി-കുട്ടിത്തരം-മിനുക്ക്‌ പ്രതേകവേഷം

പത്ത്‌ കുട്ടികള്‍-സാധാരണ പത്ത്‌ വയസ്സിനുതാഴെയുള്ള കുട്ടികള്‍