രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ക്ഷോണീപതേസ്സസഹജസ്യ മതം തദേവ-
മേണീദൃശാം മണിരപി പ്രണിശമ്യ ഖിന്നാ
വേണീം വിരോധിനികൃതാകുലിതാം വഹന്തീ
വാണീമിതി ദ്രുപദജാവദദാര്‍ത്തബന്ധും
പരിപാഹി മാം ഹരേ! പത്മാലയാപതേ!
പരിപാഹി പരിപാഹി പാഹി മാം കൃഷ്ണാ
പരിതാപമകലുവാന്‍ പരമപുരുഷ തവ
പദകമലം വന്ദേ മംഗളമൂര്‍ത്തേ
പരനോടു പറഞ്ഞീടാന്‍ പതികളുടെ വാക്യവും
പരിചിനൊടു കേട്ടുടന്‍ പ്രസ്ഥാനമായിതോ
പരിതാപമോടു ഞാന്‍ പറയുന്നതും ഹൃദി
പരമകൃപയോടുനീ പരപുരുഷ കേള്‍ക്കേണം
പൂര്‍വ്വമുരുപുരുഷപൂര്‍ണ്ണസഭയില്പരം
ദുര്‍വ്വാക്യവാദിയാം ദുശ്ശാസനന്‍ തന്റെ
ദുര്‍വൃത്തികൊണ്ടു ഞാന്‍ ദു:ഖിച്ച നേരവും
സര്‍വ്വജ്ഞ! നീതന്നെ സാദരം രക്ഷിച്ചു
ദുർവാരകോപനാം ദുർവാസസം ഭവനേ
ദുർവിനീതൻ വൈരി ദുർമ്മതിയയച്ചനാൾ
ശർവാംശജാതമുനി ശാപമരുളാഞ്ഞതും
സർവ്വേശ! നിന്നുടയ സൽകൃപാവൈഭവം.
ക്ലേശഹര! ഹേ ഹൃഷികേശ! ലോകേശ! ശൃണു
ആശയമതില്‍ കൃപാലേശമില്ലാത്തൊരു
ആശരസമാരിയാല്‍ അപകൃതനിബന്ധനം
കേശമിതു കണ്ടു നീ കേശവ ഗമിക്കേണം
അർത്ഥം:
ശ്ലോകം:- അപ്പോള്‍ സഹജന്മാരോടുകൂടിയ രാജാവിന്റെ ഇപ്രകാരമുള്ള മതത്തെ കേട്ടിട്ട് മറിമാന്‍കണ്ണിമാരില്‍ രത്നമായ ദ്രുപദരാജപുത്രി ഖേദിച്ച് ശത്രുവിന്റെ അപമാനത്താല്‍ കെട്ടഴിഞ്ഞ തലമുടിയും വഹിച്ചുകൊണ്ട് വന്ന് ആര്‍ത്തബന്ധുവായ ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു.
പദം:-പത്മാലയാപതേ, ഹരേ, എന്നെ കാത്തുരക്ഷിച്ചാലും. കൃഷ്ണാ, കാത്തുരക്ഷിച്ചാലും, കാത്തുരക്ഷിച്ചാലും, എന്നെ രക്ഷിച്ചാലും. മംഗളമൂര്‍ത്തേ, പരമപുരുഷാ, പരിതാപം അകലുവാനായി അങ്ങയുടെ പദകമലം വന്ദിക്കുന്നേന്‍. അന്യനോട് പറഞ്ഞീടാന്‍ പതികളുടെ വാക്ക്യങ്ങള്‍ വഴിപോലെ കേട്ടിട്ട് ഉടനെ പുറപ്പെടുകയായോ? പരിതാപത്തോടെ ഞാന്‍ പറയുന്നതും ഹൃദയത്തില്‍ ഏറ്റവും കൃപയോടുകൂടി പരമപുരുഷനായ അവിടുന്ന് കേള്‍ക്കണം. മുന്‍പ് പുരുഷന്മാര്‍ നിറഞ്ഞ പൂര്‍ണ്ണസഭയില്‍ ഏറ്റവും ദുര്‍വ്വാക്യവാദിയായ ദുശ്ശാസനന്റെ ദുര്‍വൃത്തികൊണ്ട് ഞാന്‍ ദു:ഖിച്ച നേരത്തും സര്‍വ്വജ്ഞനായ നീ തന്നെ സാദരം രക്ഷിച്ചു. ക്ലേശത്തെ നശിപ്പിക്കുന്നവനേ, ഹേ ഹൃഷികേശാ, കേട്ടാലും. മനസ്സില്‍ ലേശവും കൃപയില്ലാത്തൊരു അസുരസമാനനായ ശത്രുവിനാല്‍ കെട്ടഴിക്കപ്പെട്ട ഈ കേശം കണ്ടിട്ട് അങ്ങ് ഗമിച്ചാലും കേശവാ.
അരങ്ങുസവിശേഷതകൾ:
ശ്ലോകാരംഭത്തോടെ ഇടത്തുഭാഗത്തുകൂടി ദു:ഖിതയായി പ്രവേശിക്കുന്ന പാഞ്ചാലി ‘ദൂതിനായി ഗമിക്കുന്ന ഭഗവാനോട് എന്റെ മതം കൂടി ധരിപ്പിക്കാം’ എന്നുകാട്ടി മുന്നോട്ടുവന്ന്, ശ്ലോകാവസാനത്തോടെ ശ്രീകൃഷ്ണസമീപം എത്തി നമിക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുന്നു. പാഞ്ചാലി പദാഭിനയം ആരംഭിക്കുന്നു.
അനുബന്ധ വിവരം:
ഇവിടെ പാഠഭേദം 101 ആട്ടക്കഥകൾ എന്നപുസ്തകത്തിൽ ഉണ്ട്: അതിഒപ്രാകരമാണ്. ആദ്യത്തെ ചിലവരികൾ
പരിപാഹിമാം ഹരേ! പത്മാലയപതേ!
പരനോട് പറഞ്ഞിടാൻ പതികളുടെ വാക്യവും
പരിചിനോടു കേട്ടുടൻ പ്രസ്ഥാനമായിതോ?
പരിതാപമോടുഞാൻ പറയുന്നത് ഹൃദി
പരമകൃപയോടുനീ പരപുരുഷ! കേൾക്കണം.
ശേഷം പൂർവ്വമൊരുപൂരുഷൻ… എന്ന് തുടങ്ങുന്നു.