അഗ്രജ കുരൂദ്വഹ സമഗ്രബല

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുശ്ശാസനൻ

അഗ്രജ കുരൂദ്വഹ സമഗ്രബല! പോക നാം

വ്യഗ്രത വെടിഞ്ഞിതില്‍ ഉദഗ്രതരപൌരുഷം

അത്ര ഖലു നമ്മുടയ ശത്രു വാഴുന്നതും

എത്രയുമയുക്തതരമത്രേ നിനക്കിലോ.

ഇത്ര ബഹുചിത്രമാം ഇസ്ഥലത്തില്‍ സിത-

ച്ഛത്രമൊടിരിപ്പതിനു പാത്രം ഭവാന്തന്നെ.

ദുര്‍മ്മതികളായിടും ധര്‍മ്മതനയാദികടെ

ദുര്‍മ്മദമടക്കിയിഹ ശര്‍മ്മമൊടു വാഴണം

അർത്ഥം: 

ജേഷ്ഠാ, കുരുശ്രേഷ്ഠാ, സമഗ്രബലാ, വ്യഗ്രത വെടിഞ്ഞ് പൌരുഷത്തോടുകൂടി അതിലേയ്ക്ക് നമുക്ക് പോകാം. അവിടെ നമ്മുടെ ശത്രുവാഴുന്നത് വിചാരിച്ചാല്‍ എത്രയും അയുക്തതരമാണന്ന് ഉറപ്പ്. ഇത്ര ബഹുചിത്രമായ ഈ സ്ഥലത്തില്‍ രാജ്യാധികാരത്തോടെ ഇരിക്കുവാന്‍ യോഗ്യന്‍ ഭവാന്‍ തന്നെ. ദുര്‍മനസ്സുകളായ ധര്‍മ്മപുത്രാദികളുടെ ദുര്‍മ്മദം അടക്കി ഇവിടെ സുഖത്തോടെ വാഴണം.