പുറപ്പാട്

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

ശ്രീമാന്‍ സധുവിജിത്യ കൃഷ്ണകൃപയാ ഭൂമണ്ഡലം ഭ്രാതൃഭി-

സ്സീമാതീതഗുണോന്യദുര്‍ല്ലഭതരാം സമ്പ്രാപ്തവാന്‍ സമ്പദം

രാജാ ധര്‍മ്മസുതോ വിധായ വിധിനാ ശ്രീരാജസൂയാദ്ധ്വരം

ശക്രപ്രസ്ഥപുരേ പുരന്ദരസമോസ്സ്വൈരം ന്യവാത്സീത് പുരാ

രാജകുല സമുത്ഭവ രാജകുലമൌലി

രാജമാന ഹീരന്‍ സുരരാജസമവീരന്‍

വ്യാജയദുവരരൂപ ശ്രീജാനികൃപയാ

ശ്രീജയങ്ങളെ ലഭിച്ചു രാജസൂയം ചെയ്തു

രാജീവാക്ഷിയാം പാഞ്ചാലരാജപുത്രിയോടും

രാജരാജവിഭവനനുജരോടും കൂടി

രാഗം:തോടി, താളം:ചെമ്പട(രണ്ടാം കാലം)

പൂജനീയന്മാരെ നിത്യം പൂജചെയ്തു നിജ-

രാജധാനിയതില്‍ ധര്‍മ്മരാജസൂനു വാണു

(തിരശ്ശീല)

അർത്ഥം: 

ശ്ലോകം:- പണ്ട് കൃഷ്ണകൃപയാല്‍ ഭൂമണ്ഡലമൊക്കെ വിജയിച്ച് ശ്രീമാനായ രാജാവ് ധര്‍മ്മസുതന്‍ സഹോദരങ്ങളോടുകൂടി വിധിയാംവണ്ണം രാജസൂയയാഗം നടത്തി ദുര്‍ലഭതരവും സീമാതീതവുമായ ഗുണങ്ങളെ സമ്പാദിച്ചശേഷം ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ദ്രസമാനനായി സ്വൈരം വസിച്ചു.

രാജകുലോല്‍ഭവനും രാജകുലമൌലിയും രാജമാനഹീരനും ഇന്ദ്രസമവീരനുമായ ധര്‍മ്മരാജസൂനു, യദുവരനായ ശ്രീകൃഷ്ണന്റെ കൃപയാല്‍ ഐശ്വര്യപ്രദങ്ങളായ ജയങ്ങളെ ലഭിച്ച്, രാജസൂയയാഗവും ചെയ്ത്, താമരക്കണ്ണിയും രാജപുത്രിയുമായ പാഞ്ചാലിയോടും രാജരാജശ്രേഷ്ഠന്മാരായ അനുജന്മാരോടും കൂടി, പൂജനീയന്മാരായവരെ നിത്യം പൂജചെയ്തുകൊണ്ട് സ്വന്തം രാജധാനിയില്‍ വാണു.

അരങ്ങുസവിശേഷതകൾ: 

രംഗത്ത്- പാണ്ഡവന്മാര്‍‍‍(പച്ചവേഷങ്ങള്‍)‍, പാഞ്ചാലി‍(സ്ത്രീവേഷം)