രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ദേവവരാനുജ മാധവ! ഹേ ബലദേവ സദാ കലയേഹം
താവകപദയുഗള ഭാവനയാ മേ ഭാവുകമഴകൊടു ജാതം
ചൊൽക്കൊണ്ടീടിന കംസനൃപൻ തവ ജനനീ ജനകന്മാരെ
നിഷ്കരുണൻ ബത നിഗളേ ചേർത്തു പുഷ്കരലോചന കേൾക്ക
ചാപമഹോത്സവം കാൺമതിനധുനാ ഗോപജനത്തോടു കൂടെ
ഭൂപതി നിങ്ങളെ വരുവാനരുളി പൂരിതവൈര നിമിത്തം
കൃഷ്ണ ജഗല്പതേ നിങ്ങളെ വെൽവാൻ ദുഷ്ടനവൻ തുനിയുന്നു
ശിഷ്ടജനപ്രിയ നിന്മഹിമാനം ദുഷ്ടന്മാർക്കറിയാമോ
അർത്ഥം:
ദേവേന്ദ്രാനുജാ, മാധവാ, ഹേ ബലദേവാ, ഞാൻ സദാ വന്ദിക്കുന്നേൻ. അങ്ങയുടെ പാദങ്ങളുടെ ദർശനത്താൽ എനിക്ക് നല്ല സുഖം ഉണ്ടായി. കഷ്ടം! ദുഷ്കീർത്തിയോടുകൂടിയവനും കരുണയില്ലാത്തവനുമായ കംസരാജാവ് അങ്ങയുടെ മാതാപിതാക്കന്മാരെ കാരാഗ്രഹത്തിലടച്ചു. തമരക്കണ്ണാ, കേൾക്കുക. ചാപമഹോത്സവം കാണുന്നതിനായി ഇപ്പോൾ ഗോപജനങ്ങളോടുകൂടി വരുവാൻ നിങ്ങളോട് രാജാവ് ക്ഷണിച്ചിരിക്കുന്നു. ഇത് കടുത്തവിരോധം കാരണമാണ്. കൃഷ്ണാ, ലോകനാഥാ, നിങ്ങളെ ജയിക്കുവാൻ ദുഷ്ടനായ അവൻ ശ്രമിക്കുന്നു. ഭക്തജനപ്രിയാ, നിന്റെ മാഹാത്മ്യം ദുഷ്ടന്മാർക്ക് അറിയാമോ?
അരങ്ങുസവിശേഷതകൾ:
ശേഷം ആട്ടം-
അക്രൂരൻ:’ചാപമഹോത്സവത്തിന് ആവശ്യമായ ഗോരസങ്ങളോടുകൂടി ഗോപന്മാരേയും നിങ്ങളേയും ക്ഷണിച്ചുകൂട്ടിക്കൊണ്ടുവരുവാനാണ് കംസൻ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇത് ചതിയാണ്.’
ശ്രീകൃഷ്ണൻ:’അറിയാം, അറിയാം. ദുഷ്ടനായ അവന് നാശം അടുത്തിരിക്കുന്നു. ആകട്ടെ, എന്നാൽ ഞങ്ങൾ പിതാവിനേയും മറ്റ് ഗോപന്മാരേയും വിവരങ്ങൾ ധരിപ്പിച്ച്, അനുവാദം വാങ്ങിവരാം.’ (രാമനോടുകൂടി ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് വലത്തുഭാഗത്തായി നന്ദഗോപരെ കണ്ടതായിനടിച്ച് വണങ്ങിയശേഷം)’അല്ലയോ പിതാവേ, കംസരാജാവ് ഒരു ചാപപൂജാമഹോത്സവം നടത്തുന്നു. അതിനുവേണ്ടതായ ഗോരസങ്ങളോടുകൂടി നമ്മളെല്ലാം മധുരാപുരിയിലേയ്ക്ക് ചെല്ലണമെന്ന് കംസൻ ക്ഷണിച്ചിരികുന്നു. നമ്മെ ഇതറിയിക്കുവാനായാണ് യാദവശ്രേഷ്ഠനായ അക്രൂരൻ ഇവിടെ വന്നിരിക്കുന്നത്. ഞങ്ങൾ അക്രൂരന്റെകൂടെ പോകട്ടെയോ?’ (മറുപടി കേൾക്കുന്നതായി ഭാവിച്ചിട്ട്)’എന്ത്? രാജാവ് ചതിയനാണന്നൊ? അറിയാം, അങ്ങയുടെ അനുഗ്രഹം തന്നാലും.’ (നന്ദഗോപരെ വീണ്ടും വണങ്ങിയിട്ട് രാമനോടുകൂടി തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് ഇടത്തുഭാഗത്തായി ഗോപന്മാരെ കാണ്ടതായി നടിച്ചിട്ട്)’അല്ലയോ ഗോപന്മാരേ, മധുരാപുരിയിൽ ഒരു ചാപപൂജാമഹോത്സവം നടത്തുന്നു. കംസരാജാവ് നമ്മളെയെല്ലാം അതുകാണുവാനായി ക്ഷണിച്ചിരിക്കുന്നു. അതിനാൽ രാജാവിനുകാഴ്ച്ചവെയ്ക്കുവാനായി എല്ലാവരും വളരെ ഗോരസങ്ങൾ സംഭരിച്ച് ഉടനെ പുറപ്പെട്ടാലും.’ (രാമനോടുകൂടി വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടന്നിന്ന് വലതുഭഗത്തായി ഗോപസ്ത്രീകളെ കണ്ട്, അനുഗ്രഹിചച്ചിട്ട്)’അല്ലയോ ഗോപസുന്ദരിമാരേ, ആരും ലേശവും വ്യസനിക്കരുത്. ഞാൻ മധുരാപുരിയിലേയ്ക്ക് പോയിട്ട് താമസിയാതെതന്നെ മടങ്ങിയെത്തും. എല്ലാവരും സമാധാനമായി വസിച്ചാലും.’ (രാമനോടുകൂടി ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയിട്ട് അക്രൂരസമീപമെത്തിയിട്ട്)’യാദവശ്രേഷ്ഠാ, ഗോരസങ്ങളുമായി ഗോപന്മാരെല്ലാവരും പുറപ്പെടുവാൻ തയ്യാറായിക്കഴിഞ്ഞു. ഇനി നമുക്ക് പുറപ്പെടുകയല്ലേ?’
അക്രൂരൻ:’അപ്രകാരം തന്നെ’
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം മൂവരും തേരിലേയ്ക്ക് ചാടിക്കയറി സഞ്ചാരം ചെയ്യുന്നതായി നടിക്കുന്നു. രാമകൃഷ്ണന്മാർ രംഗമദ്ധ്യത്തിൽ പിന്നിലായുള്ള പീഠങ്ങളിൽ കയറിനിൽക്കുന്നു. രഥം ഓടിക്കുന്നഭാവത്തിൽ കടിഞ്ഞാണും ചമ്മട്ടിയുമേന്തി അക്രൂരൻ മുന്നിലായി നിൽക്കുന്നു.
രാമകൃഷ്ണന്മാർ അക്രൂരൻ തെളിക്കുന്ന തേരിൽ സഞ്ചരിക്കുന്നു. സ്വല്പനേരം ഇങ്ങിനെ സഞ്ചരിക്കുന്നതായി നടിച്ച് നിന്നശേഷം യമുനാനദിക്കരയിലെത്തിയതായി ഭാവിച്ച് അക്രൂരൻ രഥം നിർത്തി താഴെയിറങ്ങുന്നു.
അക്രൂരൻ:’ഞാൻ യമുനാതീരത്തിൽ പോയി സന്ധ്യാവന്ദനക്രിയകൾ കഴിച്ച് വരട്ടെയോ?’
ശ്രീകൃഷ്ണൻ:’അപ്രകാരം ആകട്ടെ. ഞങ്ങൾ ഇവിടെത്തന്നെ ഇരുന്നുകൊള്ളാം’
അക്രൂരൻ യമുനാനദിയിലിറങ്ങി ജലത്തിൽ മുങ്ങുന്നു.
(വലന്തലമേളം)
അക്രൂരൻ ജലത്തിൽ രാമകൃഷ്ണന്മാരെ കണ്ട് ആശ്ചര്യപ്പെടുന്നു.
(ഇടന്തലമേളം)
അക്രൂരൻ പെട്ടന്ന് ജലത്തിൽ നിന്നും ഉയർന്ന് നോക്കുമ്പോൾ രാമകൃഷ്ണന്മാർ തേർത്തട്ടിൽത്തന്നെ ഇരിക്കുന്നതായി കണ്ട്, തനിക്ക് വെറുതേ തോന്നിയതാവും എന്നുഭാവിച്ച് വീണ്ടും ജലത്തിൽ
നിമഗ്നനാകുന്നു.
(വലന്തലമേളം)
അപ്പോൾ അത്യന്തം പ്രകാശിക്കുന്നവായ സ്വർണ്ണകിരീടങ്ങളോടുകൂടിയ ആയിരം ശിരസ്സുകളും, കൈലാസപർവ്വതസമാനമായ ശരീരത്തോടും കൂടിയ ആദിശേഷനെ അക്രൂരൻ ജലത്തിൽ ദർശ്ശിക്കുന്നു.
(ഇടന്തലമേളം)
അക്രൂരൻ:(അത്ഭുതപ്പെട്ട് പെട്ടന്ന് ജലത്തിൽ നിന്നും ഉയർന്ന് രഥത്തിലേയ്ക്ക് നോക്കിയ ശേഷം)’എല്ലാം മനസ്സിന്റെ ഓരോ സംഭ്രമംമൂലം തോന്നുന്നതാണ്.’
അക്രൂരൻ വീണ്ടും ജലത്തിൽ മുങ്ങുന്നു.
(വലന്തലമേളം)
അപ്പോൾ, ദേവന്മാരാലും, മഹർഷിമാരാലും, സ്തുതിക്കപ്പെട്ടുകൊണ്ട് ക്ഷീരസാഗരമദ്ധ്യത്തിൽ അനന്തശയനത്തിൽ കിടക്കുന്നവനും, നീലമേഘവർണ്ണനും, ശംഖ്ചക്രാദികൾ ധരിച്ച നാലുകൈകളോടുകൂടിയവനും, ഭൂമീദേവിയാലും ലക്ഷ്മീദേവിയാലും പരിചരിക്കപ്പെടുന്നവനും, ലോകനാഥനുമായ സാക്ഷാൽ മഹാവിഷ്ണുവിനെ അക്രൂരൻ ജലത്തിൽ ദർശ്ശിക്കുന്നു(വൈകുണ്ഠദർശ്ശനം^).
(ഇടന്തലമേളം)
ലോകനാഥനായ സാക്ഷാൽ ശ്രീനാരായണൻ തന്നെയാണ് ശ്രീകൃഷ്ണൻ എന്നും, എല്ലാം അവന്റെ ലീലയാണെന്നും ഉത്തമബോദ്ധ്യംവന്ന്, ഭക്തിയുടെ പാരമ്യതയിലെത്തിയ അക്രൂരൻ നദിയിൽനിന്നും കയറി പെട്ടന്ന് ശ്രീകൃഷ്ണസമീപത്തേയ്ക്ക് വന്ന്, ഭഗവാനെ വിണുനമസ്ക്കരിക്കുന്നു. ശ്രീകൃഷ്ണൻ അക്രൂരനെ അനുഗ്രഹിച്ച് പിടിച്ചുയർത്തിനിർത്തുന്നു.
അക്രൂരൻ:’ലോകനാഥനായ അല്ലയോ കൃഷ്ണാ, എന്നിൽ കൃപയുണ്ടായിരിക്കേണമേ’
ശ്രീകൃഷ്ണൻ:’എപ്പോഴും ഉണ്ടായിരിക്കും. അല്ലയോ യാദവശ്രേഷ്ഠാ, നമുക്ക് ഉടനെതന്നെ മഥുരാപുരിയിലേയ്ക്ക് പോവുകയല്ലെ?’
അക്രൂരൻ:’അങ്ങയുടെ ആഗ്രഹം പോലെതന്നെ’
മുന്നേപ്പോലെ രാമകൃഷ്ണന്മാർ പീഠങ്ങളിലും അക്രൂരൻ ചമ്മട്ടിയേന്തി താഴെമുന്നിലായും നിന്നുകൊണ്ട് രഥത്തിൽ യാത്രതുടരുന്നതായി നടിക്കുന്നു.
ശ്രീകൃഷ്ണൻ:(അല്പസമയം യാത്രചെയ്യുന്നതായി നടിച്ചശേഷം അക്രൂരന്റെ കൈയ്യിൽ പിടിച്ചുനിർത്തിയിട്ട്) ‘നിർത്തു, നിർത്തു’ (അക്രൂരൻ രഥം നിർത്തുമ്പോൾ രാമനോടൊപ്പം രഥത്തിൽ നിന്നും താഴെയിറങ്ങിയിട്ട്)’ഇനി അങ്ങ് മുൻപേ പോയി ഞങ്ങളുടെ ആഗമനവിവരം രാജാവിനെ അറിയിച്ചാലും. ഞങ്ങൾ ഈ മഥുരാപുരി ചുറ്റിക്കണ്ടുരസിച്ചുകൊണ്ട് പിന്നാലെ നടന്നുവന്നുകൊള്ളാം’
അക്രൂരൻ:’എന്ത്? നിങ്ങളെക്കൂടാതെ ഞാൻ പോകുന്നതെങ്ങിനെ?’
ശ്രീകൃഷ്ണൻ:’അല്ലയോ യാദവശ്രേഷ്ഠാ, ഒട്ടും മടിവിചാരിക്കേണ്ടതില്ല. പോയാലും. കംസാദിദുഷ്ടജനങ്ങളെ നശിപ്പിച്ചതിനുശേഷം ഒരു ദിവസം ഞങ്ങൾ തീർച്ചയായും അങ്ങയുടെ ഭവനത്തിലേയ്ക്കുവന്ന് സൽക്കാരങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇപ്പോൾ അങ്ങ് പോയാലും.’
അക്രൂരൻ:’അവിടുത്തെ കല്പനപോലെ’
അക്രൂരൻ തേർതെളിച്ച് പോകുന്നഭാവത്തിൽ പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു. അക്രൂരൻ പോകുന്നതുകണ്ടുനിന്നശേഷം രാമകൃഷ്ണന്മാർ ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി മുന്നോട്ട് വരുന്നു. തുടർന്ന് കോട്ടകളാലും കിടങ്ങുകളാലും ചുറ്റപ്പെട്ടതായ മഥുരാരാജധാനിയിലേയ്ക്ക് പ്രവേശിക്കുന്ന രാമകൃഷ്ണന്മാർ ഗോപുരങ്ങൾ, ബഹുനിലമണിമാളികകൾ, രത്നാലംകൃതമായ സഭകൾ, പൂന്തോട്ടങ്ങൾ എന്നിങ്ങിനെ ഓരോന്നും കണ്ടുകൊണ്ട് കൊടിതോരണങ്ങളാൽ അലംകൃതമായ രാജവീഥിയിലൂടെ മുന്നോട്ട് നടക്കുന്നു.
ശ്രീകൃഷ്ണൻ:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി കണ്ടിട്ട്, ബലരാമനോടായി)’അതാ, നമ്മുടെ നേരെ തുണിക്കെട്ടുകളുമായി വരുന്നത് ഒരു രജകനെന്നുതോന്നുന്നു. ഇനി നമുക്ക് അവനെ സമീപിച്ച് നല്ല പട്ടുവസ്ത്രങ്ങൾ വാങ്ങി ധരിക്കുകതന്നെ’
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രാമകൃഷ്ണന്മാർ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
—–(തിരശ്ശീല)—–
അനുബന്ധ വിവരം:
ഭാഗവതകഥാപ്രകാരം മൂന്നാമതായി ജലത്തിൽ മുങ്ങുന്ന സമയത്ത് അക്രൂരന് വൈകുണ്ഠദർശ്ശനം ലഭിക്കുന്നതായാണ് പറയുന്നതെങ്കിലും, ആട്ടത്തിന്റെ വൈവിദ്ധ്യത്തിനായി ഇവിടെ ചില നടന്മാർ ദശാവതാരങ്ങും ദർശ്ശിക്കുന്നതായി ആടാറുണ്ട്.
തുടർന്നുള്ള 9, 10 രംഗങ്ങൾ സാധാരണയായി അവതരിപ്പിക്കപ്പെടാറില്ലാത്തതിനാൽ, പലപ്പോഴും എട്ടാം രംഗം തിരശ്ശീലപിടിക്കാതെകണ്ട്, ഇവിടെ പതിന്നൊന്നാം രംഗത്തിന്റെ അവതരണശ്ലോകം ചൊല്ലി പതിനൊന്നാം രംഗത്തിലേയ്ക്ക് സംക്രമിപ്പിക്കാറുണ്ട്.