രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
സാഹസങ്ങളേവമിന്നു മാ കൃഥാ വിഭോ
ആഹവൈഹനിച്ചു കൊൾകെടോ രിപുക്കളെ
മാനവേന്ദ്ര വിരവിനോടു കേൾക്ക മേ ഗിരം
അരങ്ങുസവിശേഷതകൾ:
ശേഷം ആട്ടം-
കംസൻ:’അന്നുതന്നെ സോദരിയെ വധിച്ചുകളഞ്ഞാൽ മതിയായിരുന്നു. ഉം, ഇപ്രകാരം കുട്ടികളെ ഒളിപ്പിച്ചുവെച്ച അവൾക്ക് ഞാൻ വെച്ചിട്ടുണ്ട്’
നാരദൻ:’കഷ്ടം! സ്ത്രീകളെ വധിക്കുന്നത് അപഹാസ്യമാണ്. ശത്രുക്കളെ യുദ്ധത്തിൽ നേരിട്ട് വധിക്കുന്നതാണ് ഉചിതം’
കംസൻ:’കുട്ടികളുമായി പൊരുതുന്നത് എനിക്ക് ജാള്യതയാണ്. എന്നാലും ഞാൻ ഇതൊന്നും സഹിക്കുകയില്ല. രണ്ടിനേയും ഉടനെ വകവരുത്തുകതന്നെ ചെയ്യുന്നുണ്ട്.’
നാരദൻ:’അതുതന്നെയാണ് വേണ്ടത്. എന്നാൽ ഇനി ഞാൻ പോകട്ടെയോ?’
കംസൻ:’അപ്രകാരമാകട്ടെ’
കംസൻ വന്ദിച്ച് നാരദനെ യാത്രയാക്കുന്നു. അനുഗ്രഹിച്ച് നാരദൻ നിഷ്ക്രമിക്കുന്നു.
കംസൻ:(നരദനെ അയയ്ച്ച് തിരിഞ്ഞുവന്നിട്ട്)’ഏതായാലും ഇനി കേശിയെ ഉടനെ ഗോകുലത്തിലേയ്ക്ക് അയയ്ക്കുകതന്നെ’ (‘അഡ്ഡിഡ്ഡികിട’വെച്ചുനിന്ന് വലതുഭഗത്തായി കേശിയെ കണ്ടതായി നടിച്ച്, അനുഗ്രഹിച്ചിട്ട്)’എടോ വീരനായ കേശീ, നീ ഉടനെ ഗോകുലത്തിൽ പോയി അവിടെ വസിക്കുന്നവരായ രാമൻ, കൃഷ്ണൻ എന്നീ ഗോപാലബാലന്മാരെ പെട്ടന്ന് നശിപ്പിച്ചിട്ട് വരിക.’ (അനുഗ്രഹിച്ച് കേശിയെ അയയ്ച്ചിട്ട് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിവന്ന് പീഠത്തിൽ ഇരുന്ന്* ചിന്തിച്ചിട്ട്)’എന്റെ ശത്രുക്കളായ ബാലന്മാരെ നശിപ്പിക്കുവാൻ വഴി എന്ത്?(ആലോചിച്ചിട്ട്)’ഹോ! ഭംഗിയായ ഒരു വഴി തോന്നുന്നുണ്ട്. ഇവിടെ ഒരു ചാപപൂജാമഹോത്സവം നടത്തുവാൻ ഉറപ്പിക്കുകതന്നെ. പിന്നെ അതുകാണുവാനായി കുട്ടികളെ സ്നേഹപൂർവ്വം ഇവിടേയ്ക്ക് വരുത്തുക. അപ്പോൾ ഗജശ്രേഷ്ഠനായ കുവലയാപീഠത്തിനെ കവാടത്തിൽ നിർത്താം. ചാണൂരാദി മല്ലന്മാരെയും നിയോഗിക്കാം. അവരുടെ കൈയ്യാൽ ബാലകന്മാർ നശിപ്പിക്കപ്പെടും.’ (പെട്ടന്ന് എഴുന്നേറ്റിട്ട്)’എന്നാൽ ഇനി ഒട്ടും വൈകാതെതന്നെ ചാപപൂജ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ നടത്തുകതന്നെ’
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ കംസൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
—–(തിരശ്ശീല)—–
[*മനോധർമ്മാനുസ്സരണം ഇവിടെ കംസന്റെ ഭയഭക്തി വെളിവാക്കുന്നതായ ഒരു ആട്ടം പതിവുണ്ട്.
ആട്ടം-
കംസൻ:(അനുഗ്രഹിച്ച് കേശിയെ അയയ്ച്ചിട്ട് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിവന്ന് പീഠത്തിൽ ഇരിക്കവെ വേണുഗാനം കേൾക്കുന്നതായി തോന്നിയിട്ട്)’ഹേയ്, ആരാണ് ഇവിടെ വേണുഗാനം മുഴക്കുന്നത്?’ (ഭൃത്യന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)’എന്ത്? അരും ഇല്ലന്നോ? ഛേ! പോ’ (വീണ്ടും കേട്ട് അസഹ്യത നടിച്ച് ക്രുദ്ധനായി വാൾ എടുത്തുകൊണ്ട് എഴുന്നേറ്റിട്ട്)’ആര്? വേണുഗാനം മുഴക്കുന്നതാര്?’ (‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന്, കണ്ടിട്ട്)’എന്ത്? ഒരു ബാലനോ? മഞ്ഞപ്പട്ടുടുത്ത്, തലയിൽ മയിൽപ്പീലിചൂടി ഇരുന്ന് ഓടക്കുഴൽ വായിക്കുന്നുവോ?’ (സന്തോഷം ഭാവിച്ച് സമീപിച്ചിട്ട്, പെട്ടന്ന് വാൾ കൊണ്ട് വെട്ടുവാൻ ഓങ്ങുന്നതോടെ ബാലനെ കാണാനില്ലാഞ്ഞ് പരിഭ്രമിച്ച്)’ഹോ! പോയോ?’കംസന് വീണ്ടും പലഭാഗത്തുനിന്നായി വേണുഗാനം കേൾക്കുന്നതായും, ശ്രീകൃഷ്ണനെ കാണുന്നതായും തോന്നുന്നു. വെട്ടാൻ ഓങ്ങുമ്പോളെല്ലാം കൃഷ്ണനെ കാണാതെയാകുന്നു. പിന്നെ തന്റെ നാലുവശവും വളരെ കൃഷ്ണന്മാർ ഒരുമിച്ചുനിന്ന് ഓടക്കുഴൽ വിളിക്കുന്നതായി തോന്നുന്നതോടെ കംസൻ വാൾകൊണ്ട് വെട്ടുവാനായി നാലുപാടും ഓടുന്നു. കംസൻ വെട്ടുന്നതോടെ കൃഷ്ണൻ മറയുന്നു. അങ്ങിനെ ഭയത്താൽ ആകെ പരിപ്രമിച്ച് സഹികെട്ട് കംസൻ ക്ഷീണിതനായി പീഠത്തിൽ വന്നിരുന്ന് ബാലന്മാരെ നശിപ്പിക്കുന്നതിനുള്ള ഉപായം ആലോചിക്കുന്നു.