രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വീരശിഖാമണേ കംസ ശൗര്യഗുണവാരിരാശേ
സാരമാകുന്നൊരു വാർത്ത പാരമിന്നു കേട്ടുകൊൾക
നന്ദഗേഹേ വാണീടുന്ന മാന്യരാം രാമകൃഷ്ണന്മാർ
നന്ദസുതന്മാരതെന്നോ മന്ദമതേ ബോധിച്ചു നീ
നന്നുനന്നു നിരൂപിച്ചാൽ ധന്യനാം വാസുദേവന്റെ
നന്ദനന്മാരാകുന്നവർ നിന്നുടെ വൈരികളോർത്താൽ
മേദിനീശ നീയയച്ച പൂതനാബകാദികളെ
പ്രേതനാഥപുരേ ചേർത്തു മാധവനതോർത്തുകൊൾക
ഉഗ്രസേനാത്മജ പോരിൽ ഉഗ്രവീരനാം നിന്നെയും
നിഗ്രഹിക്കേണമെന്നവന്നാഗ്രഹമുണ്ടെന്നും കേട്ടു
അർത്ഥം:
വീരന്മാരുടെ ശിരോരത്നമേ, കംസാ, ശൗര്യഗുണങ്ങളുടെ സമുദ്രമേ, ഏറ്റവും സാരമായൊരു വാർത്ത ഇന്ന് കേട്ടുകൊൾക. മന്ദബുദ്ധീ, നന്ദഗൃഹത്തിൽ വസിക്കുന്ന മാന്യരായ രാമകൃഷ്ണന്മാർ നന്ദന്റെ പുത്രന്മാരാണന്നണോ നീ ധരിച്ചിരിക്കുന്നത്? വിചരിച്ചാൽ, കൊള്ളാം! കൊള്ളാം! ഓർത്താൽ, അവർ ധന്യനായ വസുദേവന്റെ പുത്രന്മാരായ നിന്റെ ശത്രുക്കളാകുന്നു. രാജാവേ, നീ അയയ്ച്ച പൂതനബകാദികളെ ശ്രീകൃഷ്ണൻ കാലപുരിക്കയയ്ച്ചു. അത് ഓർത്തുകൊള്ളുക. ഉഗ്രസേനപുത്രാ, യുദ്ധത്തിൽ ഉഗ്രവീര്യനായ നിന്നെയും വധിക്കണമെന്ന് അവന് ആഗ്രഹമുണ്ടെന്നും കേട്ടു.