മാന്യനായ തവ സോദരൻ

രാഗം: 

ഭൂപാളം

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

മാന്യനായ തവ സോദരന്‍ ശത-
മന്യുനന്ദനന്റെ കേതനേ
നിന്നു ഭീഷണരവേണ ഞാന്‍
യുധി ശൂന്യമാക്കുവനരികളെ
 
തിരശ്ശീല

അർത്ഥം: 

മാന്യനായ നിന്റെ സോദരന്‍ അര്‍ജ്ജുനന്റെ കൊടിമരത്തിലിരുന്ന് ഭയങ്കരമായ അട്ടഹാസം കൊണ്ട് ഞാന്‍, യുദ്ധസമയത്ത് ശത്രുക്കളെ നശിപ്പിക്കുന്നുണ്ട്.

അരങ്ങുസവിശേഷതകൾ: 

1) ഈ പദത്തോടു കൂടി ഈ രംഗത്തിലെ പദാഭിനയം അവസാനിയ്ക്കുന്നു. തുടർന്ന് ഭീമനും ഹനുമാനും ചേർന്നുള്ള മനോധർമ്മാവിഷ്കൃതികളാണ്, നടന്മാരുടെ ഭാവനാവിലാസമനുസരിച്ച് ഈ ഭാഗത്തിലെ ആട്ടങ്ങൾ വ്യത്യസ്തമായിരിക്കും. വാലിൽ കുടുങ്ങിയ ഗദ തിരിച്ചുകിട്ടായായി ഭീമൻ ലജ്ജയോടെ ഹനുമാനെ സമീപിയ്ക്കുകയും ഹനുമാൻ സ്നേഹവാൽസല്യങ്ങളോടെ ഗദ നൽകുകയും ചെയ്യുന്ന ഭാഗം വിദഗ്ധനടന്മാർ തന്മയത്വത്തോടെ അവതരിപ്പിക്കും. സാധാരണയായി നിലവിലുള്ള ഒരു ആട്ടക്രമം താഴെച്ചേർക്കുന്നു: പദാഭിനയം കഴിഞ്ഞ് ഹനുമാന്‍ പീഠത്തില്‍ ഇരിക്കുന്നു. ഭീമന്‍ അടുത്തുവന്ന് തൊഴുതു നില്‍ക്കുന്നു. ഹനുമാന്‍:‘വിചാരിച്ചിരിക്കാതെ നിന്നെ കാണുവാന്‍ സംഗതിവന്നത് ശ്രീരാമസ്വാമിയുടെ കാരുണ്യം കൊണ്ടുതന്നെ. വനവാസം ചെയ്യേണ്ടിവന്നതുകൊണ്ട് നിനക്ക് മനസ്താപം വേണ്ട. മേലില്‍ ശത്രുക്കളെ എല്ലാം നശിപ്പിച്ച് ജേഷ്ഠന്‍ രാജാവായി വാഴും. എന്നാല്‍ ഇനി നീ പുറപ്പെട്ട കാര്യം വേഗം സാധിച്ചാലും’  ഭീമന്‍:‘സൌഗന്ധികപൂക്കള്‍ എവിടെയാണ് ലഭിക്കുക?’ ഹനുമാന്‍:‘ആ,പറയാം. ഇത് ദേവമാര്‍ഗ്ഗമാണ്. ഇതിലെ മനുഷ്യര്‍ നടന്നുകൂടാ. നടന്നാല്‍ ദേവന്മാര്‍ കോപിക്കും. അതിനാല്‍ നിന്നെ വഴിതിരിച്ചു വിടാനാണ് ഞാന്‍ നിന്റെ വഴിമുടക്കി ഇവിടെ കിടന്നത്. ഇനി നീ (മറ്റൊരു വഴി കാട്ടിയിട്ട്) ഈ വഴിയെ പോയ്ക്കൊള്ളുക. ഈ വഴിയേ പോയാല്‍ കുബേരന്റെ ഉദ്യാനത്തിലെത്തും. അതിലുള്ള തടാകത്തില്‍ സൌഗന്ധികങ്ങള്‍ സമൃദ്ധമായി ഉണ്ട്. അവിടെയുള്ള രാക്ഷസരെ ജയിച്ച് നീ ആവശ്യം പോലെ പൂക്കള്‍ ഇറുക്കുക. പിന്നെ നിന്റെ പ്രിയതമക്ക് അവ കൊണ്ടുക്കൊടുത്ത് സന്തോഷിപ്പിക്കുക. എന്നാല്‍ ഇനി വൈകാതെ പോവുക ’ ഭീമന്‍:‘അവിടുത്തെ കല്‍പ്പനപോലെ’ ഭീമന്‍ കുമ്പിടുന്നു. ഹനുമാന്‍ അനുഗ്രഹിച്ച് യാത്രയാക്കി, ഇരുന്ന് രാമനെ സ്മരിക്കുന്നു. ഭീമന്‍ പോകാന്‍ ഭാവിച്ചിട്ട് പോകാതെ തിരിഞ്ഞുനിന്ന് പരുങ്ങുന്നു. ജേഷ്ഠന്റെ കയ്യിലകപ്പെട്ട ഗദ തിരിച്ചു കിട്ടുവാനായി വീണ്ടും ഹനുമാനെ ജാള്യതയോടെ പതുക്കെ പതുക്കെ സമീപിക്കുന്നു. ഒന്നും അറിയാത്തമട്ടില്‍ ഇരിക്കുന്ന ഹനുമാന്‍ ഭീമന്‍ വന്നു തൊടുമ്പോള്‍ തിരിഞ്ഞുനോക്കുന്നു. ഹനുമാന്‍:‘ഏ! പോയില്ലേ? എന്തേ?’ ഭീമന്‍:‘എല്ലാം അവിടുത്തേക്ക് അറിയാമല്ലോ?’ ഹനുമാന്‍:(ആലോചിച്ചിട്ട്) ‘ഏയ്? അനിക്കൊന്നും തോന്നുന്നില്ലല്ലോ? നീ തന്നെ പറയുക. എന്താണ്?’ ഭീമന്‍:(ഓര്‍ത്ത് ജാള്യതയോടെ) ‘എനിക്ക് വഴിയില്‍ ശത്രുക്കളെ ജയിക്കുവാന്‍ സഹായം എന്താണ്?’ ഹനുമാന്‍:‘നീ ഇങ്ങോട്ടു വരുമ്പോള്‍ സഹായമെന്തായിരുന്നു?’ ഭീമന്‍:‘എന്റെ ഗദ’ ഹനുമാന്‍:‘ഇപ്പോള്‍ ഗദ എവിടെ?’ ഭീമന്‍:(അബദ്ധം നടിച്ച്) ‘അവിടുത്തെ വാലില്‍’ ഹനുമാന്‍:‘എന്റെ വാലില്‍ വന്നതെങ്ങിനെ?’ ഭീമന്‍:‘എന്റെ അറിവില്ലായ്മ മൂലം വന്നു പോയതാണ്. ക്ഷമിക്കണേ’ ഹനുമാന്‍:മേലില്‍ ആരോടെങ്കിലും ഇപ്രകാരം ആലോചനകൂടാതെ ചെയ്യുമോ?’ ഭീമന്‍:‘ഇല്ല,ചെയ്യുകയില്ല. ക്ഷമിച്ച് മടക്കിതന്നാലും’ ഹനുമാന്‍:(ആത്മഗതം) ‘അനുജനല്ലെ, കൊടുക്കുകതന്നെ’ (ഗദയെടുത്തുകാട്ടി) ‘ഇതുതന്നെയോ?’ ഭീമന്‍:(ഉത്സാഹത്തോടെ) ‘അതെ അതേ’ ഭീമന്‍ രണ്ടുകൈകളും നീട്ടുന്നു. ഹനുമാന്‍ ശ്രീരാമസ്വാമിയെ ധ്യാനിച്ച് സന്തോഷപൂര്‍വ്വം ഗദ നല്‍കുന്നു. ഭീമന്‍ കൈയ്യില്‍ കിട്ടിയ ഉടന്‍ ഗദ ചുഴറ്റിക്കൊണ്ട് പൌരുഷത്തോടെ ശത്രുക്കളുടെ നേരേ (സങ്കല്‍പ്പിച്ച് ഇടത്തോട്ട്) നീങ്ങുന്നു. ഉടനെ തിരിഞ്ഞ് ഹനുമാനെ നോക്കി അബദ്ധം നടിക്കുന്നു. ഹനുമാന്‍:(ആത്മഗതം) ‘ഇവന്‍ പരാക്രമിതന്നെ’ (ഭീമനോട്) ‘നിന്നെ കാണാന്‍ സാധിച്ചതിനാല്‍ ഞാന്‍ സന്തോഷവാനായി. ഭീമന്‍:‘സദാ ഞങ്ങളില്‍ അവിടുത്തെ കരുണ ഉണ്ടാകേണമേ’ ഹനുമാന്‍:‘എപ്പോഴും നിങ്ങളില്‍ ശ്രീരാമസ്വാമിയുടെ കരുണയുണ്ടാവും. നമ്മുടെ ശരീരം രണ്ടാണെങ്കിലും ജീവന്‍ ഒന്നാണ്. അതിനാല്‍ നാം പിരിയുന്നില്ല. എന്നാലിനി പോയ്ക്കൊള്‍ക’ വന്ദിച്ച് തൊഴുന്ന ഭീമനെ ഹനുമാന്‍ വാത്സല്യത്തോടെ വീണ്ടും വീണ്ടും കെട്ടിപുണര്‍ന്ന്, അനുഗ്രഹിച്ച് യാത്രയാക്കുന്നു. ഭീമന്‍ നിഷ്ക്രമിക്കുന്നു. ഹനുമാന്‍:(ഭീമന്‍ പോകുന്നത് നോക്കിനിന്ന്, പോയ് മറയുന്നത് കണ്ടശേഷം) ‘ഇനി ശ്രീരാമസ്വാമിയുടെ തൃപ്പാദങ്ങളെ ധ്യാനിച്ചിരിക്കുകതന്നെ’ ഹനുമാന്‍ നാലാമിരട്ടി കലാശിച്ച് പീഠത്തിലിരുന്ന് ധ്യാനത്തില്‍ ലയിക്കുന്നു.   തിരശ്ശീല   ഈ രംഗത്തോടെ സൗഗന്ധികത്തിൽ രംഗത്ത് പ്രചാരമുള്ള ഭാഗത്തിന് സമാപ്തിയാകുന്നു.

മനോധർമ്മ ആട്ടങ്ങൾ: 

ഹനൂമാനും ഭീമനും