നൈഷധനിവൻ താൻ

രാഗം: 

മുഖാരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

അത്യാശ്ചര്യം വൈഭവം ബാഹുകീയം
ദൂത്യ പ്രീത്യാവേദിതം ഭീമപുത്രീ
സത്യാനന്ദം കേട്ട നേരം നിനച്ചു
മൂർത്ത്യാ ഗൂഢം പ്രാപ്തമേവം സ്വകാന്തം

പല്ലവി
നൈഷധനിവൻ താൻ
ഒരീഷലില്ല മേ നിർണ്ണയം

അനുപല്ലവി
വേഷമീവണ്ണമാകിൽ ദോഷമെന്തെനിക്കിപ്പോൾ?

ച.1
ഒന്നേ നിനയ്ക്കുന്നേരം മൊഴിയേ നളിനിതെന്നു
തന്നെ ഉറപ്പതുള്ളിൽ വഴിയെ വേഷം കാണുമ്പോൾ
വന്നീടാ തോഷം നിന്നാലൊഴിയെ വന്നിതെൻ പ്രാണ-
സന്ദേഹമാപത്സിന്ധു ചുഴിയേ

തോന്നുന്നതെല്ലാമുണ്മയോ? നേരാരു ചൊല്ലുവതമ്മയോ?
ഇവനോടു ചേർന്നാൽ നന്മയോ?
ചാരിത്രത്തിന്‌ വെണ്മയോ? അറിയാവതല്ലേ

ച.2
മാതാവെച്ചെന്നു കാണ്മനിന്നേ, ത്രൈലോക്യത്തിന്നു
മാതാവെചിന്തിച്ചു ഞാൻ മുന്നേ,
നന്മയ്ക്കു ലോകനാഥാനുഗ്രഹം പോരുമൊന്നേ,
ധർമ്മസങ്കടേ പാതാവെനിക്കു നളൻതന്നെ
അതിലോകരമ്യചേഷ്ടിതൻ ഹതദൈവപാശവേഷ്ടിതൻ
ഖലനാശനയാഗദീക്ഷിതൻ അനുപേക്ഷണീയൻ
വീക്ഷിതൻ വേഷപ്രച്ഛന്നൻ.

ച.3
എൻ കാന്തനെന്നോടുണ്ടോ വൈരം? ഇല്ലെന്നിരിക്കി-
ലെന്തേ തുടങ്ങി ഇപ്രകാരം?

എനിക്കു ഘോരവൻ‌കാട്ടിൽ ആരുപോൽ പരിവാരം?
ഏതു ചെയ്താലും വന്ദിപ്പതിനിങ്ങധികാരം;
പാപമേ താപകാരണം അതെല്ലാമിന്നു തീരണം,
വിരഹം മേ മർമ്മദാരണം അതിലേറെ നല്ലു മാരണം
അതിദാരുണം

അർത്ഥം: 

ശ്ലോകസാരം: ദമയന്തി, തന്റെ ദൂതിയാൽ അറിയപ്പെട്ടതായ ബാഹുകന്റെ അത്യാശ്ചര്യമായ വൈഭവത്തെ അത്യാനന്ദത്തോടെ കേട്ടപ്പോൾ, വേഷപ്രച്ഛന്നനായി വന്നവർ സ്വന്തം ഭർത്താവുതന്നെയെന്ന്‌ നിശ്ചയിച്ചു.

സാരം: ഇവൻ നിഷധേശ്വൻ തന്നെ എന്നതിന്‌ ഒരു സംശയവുമില്ല.  വേഷം ഇങ്ങനെയായിപ്പോയത്‌ ദോഷമല്ലതന്നെ. വാക്കുകൾ മാത്രം ഓർക്കുമ്പോൾ ഇവൻ നളൻ തന്നെയെന്നു ഞാൻ ഉറയ്ക്കുന്നു.  വേഷത്തെപ്പറ്റി ചിന്തിക്കുമ്പോൾ വീണ്ടൂം വ്യസനം വരുന്നു.  നീ നിമിത്തം എനിക്കു പ്രാണസന്ദേഹമാണു വന്നത്‌. ആപൽസമുദ്രത്തിൽപ്പെട്ട്‌ ഉഴറുമ്പോൾ എനിക്ക്‌ തോന്നുന്നതൊക്കെ  സത്യം തന്നെയാണോ?  നേര്‌ പറഞ്ഞു തരാൻ ആരുണ്ട്‌? അമ്മയോ? ഇവനെ സ്വീകരിക്കുന്നത്‌ എനിക്ക്‌ നല്ലതും ധർമ്മവും ആകുമോ? ഇന്നുതന്നെ അമ്മയെച്ചെന്നു കാണും. ജഗദംബയായ ദേവിയെ ഞാൻ മുമ്പുതന്നെ ചിന്തിച്ചിരിക്കുന്നു.  ഗുണം വരുന്നതിന്‌ ഇന്ദ്രാദികൾ തന്ന അനുഗ്രഹം ഒന്നുതന്നെ മതിയാകും.  ധർമസങ്കടം വരുമ്പോൾ എനിക്ക്‌ നളൻതന്നെയാണ്‌ രക്ഷകൻ. അലൗകികമായ പ്രവൃത്തികളോടു കൂടിയവനാണ്‌. ദുർദൈവപാശത്താൽ ചുറ്റപ്പെട്ടവനാണ്‌. ഖലൻമാരെ നശിപ്പിക്കുന്നതിന്‌ കേമനാണ്‌.  ഇങ്ങനെയൊക്കെ ഇരിക്കുന്ന നളനെ വേഷപ്രച്ഛന്നനായി കണ്ട സ്ഥിതിക്ക്‌ ഒരിക്കലും ഉപേക്ഷിച്ചുകൂടാ. എൻ കാന്തന്‌ എന്നോട്‌ വൈരത്തിന്‌ സാധ്യതയില്ല.  പിന്നെ എന്നെ ആരും കൂടാതെ കാട്ടിൽ വിട്ടുകളഞ്ഞതെന്തുകൊണ്ടോ? അല്ല. വൈരമുണ്ടെങ്കിലും കുലസ്ത്രീക്കു ഭർത്താവിനെ വന്ദിപ്പാനെ അധികാരമുള്ളൂ!  എനിക്ക്‌ ഈ ആപത്തു വന്നത്‌ നളന്റെ ദോഷമല്ല.  എന്റെ പാപശക്തിയാണ്‌. അത്‌ ഇന്നവസാനിക്കണം. ഏതായാലും ഈ വിരഹം പോലെ മർമ്മം പിളർക്കുന്ന ഒരു കഷ്ഠാവസ്ഥ വേറെ ഒന്നുമില്ല.  അതിലും ഭേദം അതി ദാരുണമെങ്കിലും മരണമാണ്‌.

‘ധർമ്മസങ്കടേ പാതാവെനിക്കു നളൻതന്നെ’ എന്ന വരിയിൽ ‘പാതാവെനിക്കു’ എന്നും ‘മാതാവെനിക്കും’ എന്നും പാഠഭേദങ്ങൾ കാണാറുണ്ട്. സാധാരണ അരങ്ങത്ത് പതിവില്ലാത്ത വരികൾ ആണിത്.

(ബാഹുകനെ നേരിൽകാണാൻ തീരുമാനിക്കുന്നു.)

അരങ്ങുസവിശേഷതകൾ: 

(ദമയന്തിയുടെ ആത്മഗതം) പദത്തിനുശേഷം, അതിനാൽ വിവരമെല്ലാം അമ്മയെ അറിയിക്കട്ടെ എന്നു കാണിച്ച്‌ രംഗം വിടുന്നു.