തീർന്നു സന്ദേഹമെല്ലാം 

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

അഥ ദമയന്തിതാനഖിലമേവ സുദേവമുഖാൽ
ദ്രുതമൃതുപർണ്ണനിന്നു വരുമെന്നുപകർണ്ണ്യ മുദാ
അനിതരചിന്തമാസ്ത മണിസൌധതലേ വിമലേ
രഥഹയഹേഷ കേട്ടുദിതതോഷമുവാച സഖീം

പല്ലവി
തീർന്നു സന്ദേഹമെല്ലാം എൻ തോഴിമാരേ
തീർന്നുസന്ദേഹമെല്ലാം

അനുപല്ലവി
തീർന്നു വിഷാദമിദാനീം ഇന്നു
തെളിഞ്ഞിതെന്നിലാന്ദ്രാണീ
ചേർന്നു പർണ്ണദനാം ക്ഷോണീ ദേവവാണീ
നേർന്ന നേർച്ചകളെല്ലാം മമ സഫലാനി.

ച.1
ഭൂതലനാഥനെൻ നാഥൻ വന്നു
കോസലനാഥനു സൂതൻ
മാതലി താനും പരിഭൂതനായിതിന്നു
മോദലാഭം ബഹുതരമതുമൂലം

ഈപദംഇരുന്നാടുകയുംചൊല്ലായാടുകയുംപതിവുണ്ട്‌,ചൊല്ലിയാട്ടമാണെങ്കിൽപതിവുപോലെഇരട്ടിവേണം.

ച.2
നാദമസാരം കേൾക്കായി രഥ-
കേതുവിതല്ലോ കാണായി
ചാരേ വന്ന തേരിലാരു മൂവരിവർ
വൈരസേനിയില്ല, നീരസമായി.

ച.3
മാരുതമാനസവേഗം കണ്ടു
തേരതിനിന്നതുമൂലം
വീരസേനസുതസാരഥിയുണ്ടിഹ
ഭൂരിയത്നമഖിലം മമ സഫലം.

അർത്ഥം: 

ശ്ലോകസാരം: അനന്തരം ദമയന്തി സുദേവനിൽനിന്നും ഋതുപർണ്ണൻ ഇന്നുവരും എന്ന വാർത്ത കേട്ട്‌, മറ്റ്‌ ചിന്തയെല്ലാം വെടിഞ്ഞ്‌ മണിസൗധത്തിലിരിക്കുമ്പോൾ, കുതിരയുടെ ശബ്ദം കേട്ട്‌ സന്തോഷത്തോടുകൂടി സഖിയോടു പറഞ്ഞു.

സാരം: സംശയമെല്ലാം തീർന്നു തോഴിമാരേ.. പർണാദന്റെ വാക്കുകൾ സത്യമായി.  ഇപ്പോൾ ഇന്ദ്രാണിദേവി എന്നെ തെളിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോൾ ഋതുപർണ്ണന്‌ സൂതനായിരിക്കുന്ന രാജാവായ എന്റെ നാഥൻ വന്നു. മാതലിയേക്കാൾ വേഗത്തിൽ തേരോടിച്ച്‌ അദ്ദേഹമെത്തി.  അതുകൊണ്ട്‌ എനിക്ക്‌ വളരെ സന്തോഷമായി. ഇതാ ശബ്ദം കേൾക്കുന്നു.  ദൂരെ രഥത്തിന്റെ കൊടിക്കൂറ കാണാം.  തേര്‌ അടുത്തെത്തി.  അതിൽ മൂന്നു പേരുണ്ട്‌.  പക്ഷെ.. നളൻ ഇല്ല.. കാര്യം വിഷമമായി. എന്നാൽ തേരിന്‌ വായുവേഗവും മനോവേഗവും കണ്ടതു കൊണ്ട്‌ നളൻ സാരഥിയായിട്ടുണ്ടായിരിക്കണം.  അതു കൊണ്ട്‌ എന്റെ യത്നമെല്ലാം സഫലമായി.

അരങ്ങുസവിശേഷതകൾ: 

ഈപദംഇരുന്നാടുകയുംചൊല്ലായാടുകയുംപതിവുണ്ട്‌,ചൊല്ലിയാട്ടമാണെങ്കിൽപതിവുപോലെഇരട്ടിവേണം.

മൂന്നാംചരണത്തിനുമുമ്പായി ദമയന്തി തേരിന്റെ കൊടിക്കൂറ പാറുന്നതും തേരിലുള്ളവർ ആരെന്നു സൂക്ഷിച്ചുനോക്കുന്നതും നളനില്ലെന്നു കണ്ട്‌ ഇച്ഛാഭംഗപ്പെടുന്നതുമെല്ലാം നടിയ്ക്കുന്നു. പിന്നെ സഖിയോടായി-അല്ലയോതോഴി! ഇനി വേഗം നീ പോയി ഈ സൂതൻ ആരാണെന്നപരമാർത്ഥം അറിയാൻ ഉത്സാഹിച്ചാലും. വരൂ.(കൈകോർത്തുപിടിച്ചുമാറി)

തിരശ്ശീല