രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ധൃതമുദേവമുദീര്യ സുധീര്യയൗ
സ തു തദൈവ സുദേവമഹീസുരഃ
സദസി ചോപസസാരസ സാരഥിം
കഥിതവാനൃതുപർണ്ണമഹീപതീം.
പല്ലവി:
മാന്യമതേ അഖിലഭുവനതതകീർത്തേ,
ബുധജനമാന്യമതേ,
അനുപല്ലവി:
ദൈന്യമെന്ന വാർത്ത പോലും
പരമൊരുപൊഴുതറിയാതെ ഭവാൻ
വൈന്യസമ, ഋതുപർണ്ണഭൂമിപ,
വചനമേതദുപകർണ്ണയതാം മമ.
ചരണം 1:
ശങ്കനീയനെന്നാകിലും കുതുകം കഥഞ്ചന ചൊല്ലുവൻ,
നിങ്കലവസരമിങ്ങനങ്കുശമെന്നൊരിംഗിതമിങ്ങനേ,
സങ്കുലാസകലാഭ്രമണ്ഡലി സാമ്പ്രതം, ധരിയാഞ്ഞിതോ?
ശംഖമദ്ദളമംഗളധ്വനി ദിങ്മുഖേഷു നിശമ്യതേ.
2
എന്തിതിന്നൊരു കാരണം, ശ്യണു, പന്തണിമുലമാർമണി
സുന്ദരി ദമയന്തി കാനനഭ്രാന്തനൈഷധരോഷിണി
താന്തനിക്കു നിതാന്തരമ്യനിശാന്തകേളിഷു ബാന്ധവം
കാന്തനാക്കി നൃപാന്തരം വരിപ്പാൻ തുനിഞ്ഞു സഭാന്തരേ.
3
എന്നുകേട്ടൊരു വാചികം ചതുരർണ്ണവാന്തരരാജകം
എന്നൊടെന്നൊടു സന്നതാംഗിയിണങ്ങുമെന്നൊരു കൗതുകാൽ
വന്നുവന്നുനിറഞ്ഞുകുണ്ഡിനം, ഇന്നതെന്നുറച്ചിന്നലേ,
ഇന്നുകേട്ടിതു നാളെയെന്നിതൊ,രാളുമൂലമിതെന്നതും.
അർത്ഥം:
സാരം: ബുദ്ധിമാനായ സുദേവബ്രാഹ്മണനാകട്ടെ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞ് ഉടനെ തന്നെ സാരഥിയോടുകൂടിയവനായ ഋതുപർണ്ണഭൂപാലന്റെ സദസ്സിൽ എത്തി ഇപ്രകാരം പറഞ്ഞു.
സാരം: ആരാലും ആദരിക്കപ്പെടുന്ന ബുദ്ധിയോടുകൂടിയവനേ.. എല്ലാ ലോകങ്ങളിലും കീർത്തിയോടുകൂടിയവനേ വിദ്വാൻമാരായ ആളുകളാൽ മാനിക്കത്തക്ക ബുദ്ധിയോടുകൂടിയവനേ..
ദൈന്യം എന്ന അവസ്ഥ പറഞ്ഞു കേൾക്കാൻ കൂടിയില്ലാത്ത തരത്തിൽ പൃഥുചക്രവർത്തിക്കു തുല്യനായ അവിടുന്ന് എന്റെ ഈ വാക്കു കേട്ടാലും
ശങ്കിക്കപ്പെടേണ്ടവനെങ്കിലും ഒരു കൗതുകവർത്ത ഏതു തരത്തിലെങ്കിലും അറിയിക്കാം. അവിടുത്തെ സന്നിധിയിൽ എന്തെങ്കിലും അറിയിക്കുന്നതിനുള്ള അവസരം ഇവിടെ എന്നെ സംബന്ധിച്ച് യാതൊരു നിയന്ത്രണവും ഇല്ലാത്തതാകുന്നു. സകല ആകാശവും കുഴഞ്ഞുമറിഞ്ഞതായിരിക്കുന്നത് അറിഞ്ഞില്ലേ?
എന്താ കാരണം? കേൾക്കു പന്തണിമുലമാരിൽ രത്നമായുള്ള സുന്ദരീയായ ദമയന്തി, കാട്ടിൽ വെച്ച് ഭ്രാന്തനായ നൈഷധനോട് രോഷത്തോടുകൂടിയവളായി ഭവിച്ചു. അവൾ തന്നത്താൻ മറ്റൊരു രാജാവിനെ, മണിയറയിലെ കേളികൾക്കായി കാന്തനാക്കാൻ തീരുമാനിച്ചു.
എന്നു കേട്ട് നാലു സമുദ്രങ്ങൾക്കും മദ്ധ്യേനിന്നും രാജാക്കൻമാർ എന്നോടാണ് സുന്ദരി ഇണങ്ങുക എന്ന കൗതുകത്തോടെ കുണ്ഡിനപുരിയിൽ വന്നു നിറഞ്ഞു. ഇന്ന് എന്നാണ് ഇന്നലെ നിശ്ചയിച്ചത്. ഇന്നു കേട്ടു നാളെയാണെന്ന്. എല്ലാം ഒരാളു നിമിത്തമാണെന്നും കേട്ടു.
(സുദേവൻ മടങ്ങുന്നു.)