ഋതുപർണ്ണധരണീപാല

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

നളോ ലബ്ധ്വാ വാസോയുഗളമഗളദ്ധൈര്യവിഭവ-
ശ്ശിവോദർക്കാം ജാനൻ വിപദമപി കാർക്കോടകമുഖാത്‌
അഥ ധ്യായൻ ജായാം കതിപയദിനൈഃ പ്രാപ്യ ച പുരീ-
മയോദ്ധ്യാമാലോക്യ ക്ഷിതിപമൃതുപർണ്ണം കഥിതവാൻ.

പല്ലവി:
ഋതുപർണ്ണധരണീപാല, നീ ജയിക്കേണം
ഉപകർണ്ണയമേവചനം.

അനുപല്ലവി:
അതിചണ്ഡരിപുഷണ്ഡഗളഖണ്ഡനപണ്ഡിത-
ഭുജദണ്ഡ, ഖലദണ്ഡധര, മണ്ഡിതഭൂഖണ്ഡ,

ചരണം 1:
ധരിക്കേണമെന്നെ നീ സൂതനെന്ന്‌, ആകിൽ
ഭരിക്കേണമേ തന്നു വേതനം, തേരിൽ
ചരിക്കേണമൊരിക്കലെന്നിരിക്കിലോ തവ
സാരഥിഭാവം തേടുന്നേൻ, ആജ്ഞാപുഷ്പം ചൂടുന്നേൻ.
വാജികളെ ഭരിച്ചുകൊള്ളുവൻ, ജാതിതിരിച്ചുചൊല്ലുവൻ
ഭീതി കളവൻ ഗതിഭേദങ്ങൾ കുറവെന്യേ പഠിപ്പിപ്പൻ.

2
എനിക്കില്ലെന്നറിക കുടുംബവും ഇന്നു
നിനയ്ക്കിൽ നീയൊഴിഞ്ഞവലംബവും, പാരിൽ
അരിക്കന്റെ കുലമലങ്കരിക്കും നിന്നുടെ കീർത്തി
കേട്ടു വന്നു ഞാൻ, തത്ത്വം ചൊന്നേനിന്നു ഞാൻ,
ബാഹുകനെന്നെനിക്കുപേർ
കൃപയെന്നിൽ ജനിക്കുമാകിലോ ഭൂപ,
തവ കിങ്കരനെന്നോർക്ക, ശിവകിങ്കരനന്യഥാ.

3
അനുകമ്പാ യദി തവമാനസേ, എനി-
ക്കനുമതി തരിക മഹാനസേ, കേര-
മരിചലവണാദികളരിയും തരികിൽ
പോരും മമ ഭൂപതേ, മാരോപമിതാകൃതേ, താനേ തന്നെ
വിറകും കൊണ്ടു വന്നു ഞാൻ കറിയും ചോറുമുണ്ടാക്കി-
ക്കുറവെന്നിയേ വിളമ്പി നിരവധി ജനമൂട്ടാം.

അർത്ഥം: 

ശ്ലോകസാരം: നളൻ, ഇരട്ട വസ്ത്രം ലഭിച്ചിട്ട്‌, ധൈര്യമാകുന്ന സമ്പത്തോടു കുടിയവനായി, ആപത്തിലാണെങ്കിലും കാർക്കോടകനിൽനിന്നും മംഗളസൂചകമായ ഭാവിയെക്കുറിച്ച്‌ അറിയുന്നവനായി, ഭാര്യയെ (ദമയന്തിയെ) ധ്യാനിച്ചുകെണ്ട്‌ ഏതാനും ദിവസംകൊണ്ട്‌ അയോദ്ധ്യാപൂരിയെ പ്രാപിച്ച്‌ ഋതുപർണ്ണരാജാവിനെ കണ്ട്‌ പറഞ്ഞു.

സാരം: അല്ലയോ ഋതുപർണരാജാവേ ജയിച്ചാലും.  അവിടുന്ന്‌ എന്റെ വാക്കിനെ കേട്ടാലും.
ഏറ്റവും  കോപശീലരായ ശത്രുക്കളുടെ കൂട്ടത്തിന്റെ കഴുത്തറുക്കുന്നതിൽ പ്രാഗൽഭ്യമുള്ള കൈകളോടു കൂടിയവനേ.  ദുർജനങ്ങളുടെ നേർക്ക്‌ ദണ്ഡം പ്രയോഗിക്കുന്നതിൽ ദത്തശ്രദ്ധനയിരിക്കുന്നവനേ. തന്നാൽ പരിപാലിക്കപ്പെടുന്ന ഭൂഭാഗത്തിന്‌ അലങ്കാരമായിരിക്കുന്നവനേ.
നീ എന്നെ തേരാളിയെന്ന്‌ ധരിക്കേണം.  സമ്മതമെങ്കിൽ ശമ്പളം തന്ന്‌ പൊറുപ്പിക്കേണം. അങ്ങേക്ക്‌ തേരിൽ സഞ്ചരിക്കണമെങ്കിൽ തേരാളിയെന്നു അവസ്ഥയെ ഞാൻ കൈകൊള്ളും.  അവിടുത്തെ ഏതാജ്ഞയും ഞാൻ ശിരസാവഹിക്കും.  കുതിരകളെ ഞാൻ ഭരിച്ചുകൊള്ളാം.  അവയുടെ ജാതി വിവേചിച്ച്‌ ഞാൻ പറയാം.  അവയുടെ ഭയം ഞാൻ തീർക്കും.  പല തരത്തിലുള്ള ഗമനഭേദങ്ങൾ ഒരു കുറവും കൂടാതെ ഞാൻ പഠിപ്പിക്കും.
എനിക്ക്‌ കുടുംബമില്ല.  നീയല്ലാതെ വേറെ ആശ്രയവും ഇല്ല.  സൂര്യവംശത്തിന്‌ അലങ്കാരമായിരിക്കുന്ന അങ്ങയുടെ കീർത്തികേട്ടാണ്‌ ഞാൻ വന്നത്‌.  സത്യമാണ്‌ ഞാൻ പറഞ്ഞത്‌.  എന്റെ പേര്‌ ബാഹുകനെന്നാണ്‌.  അങ്ങയുടെ കൃപയുണ്ടെങ്കിൽ ഞാൻ അങ്ങയുടെ കിങ്കരനായിരിക്കും.  ശിവഭജനം ചെയ്യുന്നവനുമാണു ഞാൻ.
അനുകമ്പ ഉണ്ടാകുന്ന പക്ഷം എനിക്ക്‌ അടുക്കളയിൽ പാചകകൃത്യം ചെയ്യുന്നതിന്‌ അനുമതി തന്നാലും.  നാളികേരം, നല്ലമുളക്‌, ഉപ്പ്‌ മുതലായവയും അരിയും തന്നാൽ മതി.  അല്ലയോ കാമതുല്യനായ രാജാവേ. ഞാൻ തന്നെ വിറകു കൊണ്ടുവന്ന്‌ ചോറും കറിയുമുണ്ടാക്കി അനവധി ജനങ്ങൾക്ക്‌ ഒരു കുറവും വരാതെ വിളമ്പി, ഊട്ടിക്കൊള്ളാം.