ഉണ്ടാകേണ്ടാ, ഇതിനീഷലുണ്ടാകേണ്ടാ

രാഗം: 

പന്തുവരാടി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

നളൻ

പുഷ്കരൻ

പല്ലവി:

ഉണ്ടാകേണ്ടാ, ഇതിനീഷലുണ്ടാകേണ്ടാ,

അനുപല്ലവി.

മിണ്ടാതേ നടകൊണ്ടാലും വന-
വാസത്തിനു, മമ നാടതിലിരിക്കിലോ,
ഉണ്ടാമധർമ്മവുമനൃതോദിതവും;
നൈഷധേന്ദ്രൻ നീയല്ലേ, കേളിനിമേലഹമത്രേ.

ചരണം. 1

ധരിത്രിയെച്ചെറിയന്നേ ജയിച്ചതും, പാട്ടി-
ലിരുത്തി പ്രജകളെ നീ ഭരിച്ചതും, ആർത്തി-
യസ്തമിപ്പിച്ചതും, കീർത്തി വിസ്തരിപ്പിച്ചതും സർവ-
ഭൂപന്മാർ ചൂഴെ നിന്നു സേവിച്ചതും, സാർവ-
ഭൗമനെന്നിരുന്നു നീ ഭാവിച്ചതും, ഇവ-
യെല്ലാമെനിക്കു ലബ്ധമുല്ലാസത്തോടി,നിയെൻ-
നാട്ടിലോ ചവിട്ടായ്ക, കാട്ടിൽ പോയ്‌ തപം ചെയ്ക.

ചരണം. 2

നിനക്കില്ലിനി രാജ്യമൊരിക്കലും, പിന്നെ
നിനക്കുതനയരുണ്ടെന്നിരിക്കിലും, നേരേ
നിനയ്ക്കിൽ കൊടുക്കുമോ ഞാൻ മരിക്കിലും, ധർമ്മ-
ലബ്ധമല്ലോ ഭാഗ്യം, മമ പുത്രനത്രേ യോഗ്യം, ബഹു-
വിസ്തരിച്ചുപറയേണ്ടതെന്തിവിടെ? നീയു-
ടുത്ത പട്ടും ഭൂഷണവും കേളെന്നോടേ;
മല്ലാക്ഷി ഭൈമിയെയുമൊല്ലാ കൊണ്ടങ്ങുപോകിൽ
ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നിൽ.

(കിരീടം അഴിച്ചുവച്ച്‌ നളൻ, അനുഗമനം ചെയ്യുന്ന ദമയന്തിയോടൊപ്പം വനത്തിലേക്കു പോകുന്നു. പുരവാസികശോടായി പുഷ്കരൻ തുടരുന്നു. മന്ത്രിയെവിളിച്ച്‌ ആജ്ഞാപിക്കുന്നു)

ചരണം 3.

പുരത്തിൽ മരുവും മഹാജനങ്ങളും പുകൾ-
പെരുത്തെഴും നാഗരികജനങ്ങളും നാട്ടിൻ-
പുറത്തു വസിക്കുമോരോ ജനങ്ങളും ഇന്നു
കേൾക്കേണമെന്റെയാജ്ഞ; ഓർക്കൊല്ലാ നളനിൽ വേഴ്ച;
നിസ്ത്രപനാമിവനെസ്സമ്മാനിക്കൊല്ലാ, ഒരു
വസ്ത്രതണ്ഡുലാദികൾ വിശ്രാണിക്കൊല്ലാ;
ഉല്ലംഘിതാജ്ഞന്മാരെക്കൊല്ലും, സന്ദേഹമില്ല;
ചൊന്നതാചരിപ്പോരിലുന്നതാ മമ പ്രീതി.

അർത്ഥം: 

സാരം: ഒരു സംശയവുമുണ്ടാകേണ്ട. മിണ്ടാതെ വനവാസത്തിനായി നടകൊണ്ടാലും. എന്റെ നാട്ടിൽ ഇരുന്നാൽ അധർമ്മവും കാപട്യവുമാകുമത്‌. ഇനിമേൽ നിഷധരാജാവു നീയല്ല; ഞാനാണ്‌. നിനക്കിനി ഒരിക്കലും രാജ്യമില്ല. നിനക്കു പുത്രന്മ​‍ാരുണ്ടെങ്കിൽ ഞാൻ മരിച്ചാൽപ്പോലും അവർക്കു രാജ്യം കൊടുക്കില്ല. ധർമ്മാനുസാരം ലഭിച്ചതാണു രാജ്യം. എന്റെ പുത്രരാണ്‌ രാജ്യത്തിന്‌ അവകാശികൾ. എന്തിനധികം പറയുന്നു? നീയുടുത്ത പട്ടും ഭൂഷണവുംപോലും എന്റെയാണ്‌. സുന്ദരിയായ ദമയന്തിയെയും കൊണ്ടുപോകാനൊക്കില്ല. ഭൂമിയെന്നതു പോലെ ദമയന്തിയും എന്നിൽ വന്നു ചേരേണ്ടതാണ്‌. കൊട്ടാരത്തിലുള്ളവരും നഗരവാസികളും നാട്ടിൻപുറത്തു വസിക്കുന്നവരും ഇന്ന്‌ എന്റെ ആജ്ഞ കേൾക്കണം. നളനിൽ അൽപവും വേഴ്ച പാടില്ല. വസ്ത്രവും ധാന്യവും നളനു നല്കരുത്‌. ആജ്ഞ ലംഘിക്കുന്നവരെ കൊല്ലുമെന്ന കാര്യത്തിൽ സംശയമില്ല. പറയുന്നത്‌ അനുസരിക്കുന്നവരിൽ എനിക്ക്‌ ഉന്നതമായ പ്രീതിയുണ്ടാകും.

അരങ്ങുസവിശേഷതകൾ: 

രാജ്യലബ്ധിയുടെ ആനന്ദാഭിമാനങ്ങളോടെ പുഷ്കരൻ രംഗം വിടുന്നു.