കുണ്ഡിനനായക

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

ഏവം ശ്രുത്വാ ഭാരതീം നാരദീയാം
പൂര്‍വ്വം തസ്യാം പാന്ഥലോകാത് ശ്രുതായാം
സക്തം ചിത്തം തസ്യ വൈദര്‍ഭപുത്ര്യാം
ജാതം സാതങ്കാതിരേകാതിദൂനം       

പദം4 നളന്‍: (ആത്മഗതം)  
കുണ്ഡിനനായകനന്ദിനിക്കൊത്തൊരു
പെണ്ണില്ലാ മന്നിലെന്നു കേട്ടുമുന്നേ.  
അനു.
വിണ്ണിലുമില്ല നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനയ്ക്കുമ്പോള്‍.  

ചരണം.1
അവരവര്‍ചൊല്ലിക്കേട്ടേനവള്‍തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാസാധാരണങ്ങള്‍, അനുദിനമവള്‍
തന്നിലനുരാഗം വളരുന്നു അനുചിതമല്ലെന്നിന്നു മുനിവചനേനമന്യേ.   

ചരണം2.
എന്തൊരു കഴിവനി ഇന്ദുമുഖിക്കുമെന്നില്‍
അന്തരംഗത്തില്‍ പ്രേമം വന്നീടുവാന്‍?
പെണ്ണിനൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും.  

ചരണം3.
വിധുമുഖിയുടെ രൂപമധുരത കേട്ടു മമ
വിധുരത വന്നൂ, കൃത്യചതുരത പോയീ,
മുദിരതതികബരീപരിചയപദവിയോ
വിജനേ വസതിയോ മേ ഗതിയിനിരണ്ടിലൊന്നേ.  

അർത്ഥം: 

ഇപ്രകാരം നാരദവാക്കുകൾ കേട്ട് മുൻപുതന്നെ പാന്ഥന്മാരിൽ നിന്നും കേൾക്കപ്പെട്ടിരുന്നവളായ ആ വിദർഭ രാജപുത്രിയിൽ മോഹം പൂണ്ട നളന്റെ മനസ്സ് ഏറെ ഉത്കണ്ഠ നിറഞ്ഞതും ദുഃഖഭരിതവുമായി തീർന്നു.

പദത്തിന്റെ സാരം: ദമയന്തിക്കു തുല്യയായ മറ്റൊരു പെണ്ണ്‌ ഭൂമിയിലില്ലെന്നു പണ്ടേ കേട്ടിട്ടുണ്ട്‌. നാരദന്റെ പ്രേരണകൂടിയോർത്താൽ അങ്ങനെയൊരാൾ സ്വർഗത്തിലോ അന്യലോകങ്ങളിലോ പോലുമില്ല എന്നു വന്നിരിക്കുന്നു. മറ്റു സ്ത്രീകളിൽ സാധാരണമല്ലാത്ത അവളുടെ ഗുണഗണങ്ങൾ ഓരോരുത്തർ പറഞ്ഞു കേട്ടിട്ടുണ്ട്‌. ഓരോ ദിവസവും അവളോടു പ്രണയം കൂടുന്നു. അത്‌ അനുചിതമല്ല എന്നു നാരദന്റെ വാക്കു കേട്ടപ്പോൾ തോന്നുന്നു. ആ സുന്ദരിക്ക്‌ എന്നോടും അനുരാഗം തോന്നുവാൻ എന്താണു വഴി? പെണ്ണിന്‌ ആണിനോടു തോന്നേണ്ട പ്രേമമാകുന്ന താമരയ്ക്ക്‌ കാമദേവൻ വേണമല്ലൊ വിത്തിടേണ്ടത്‌! അവളുടെ രൂപമാധുര്യം കേട്ട്‌ വിരഹദുഃഖമനുഭവിക്കുന്ന എന്റെ കൃത്യനിഷ്ഠത പോയി. കാർമേഘംപോലെ തലമുടിയുള്ള അവളോടൊത്തുള്ള വാസമോ അല്ലെങ്കിൽ ഏകാന്തവാസമോ അല്ലാതെ മറ്റൊരു ഗതിയെനിക്കില്ല.

അനുബന്ധ വിവരം: 

നളൻ ദമയന്തിയെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകുന്നു. ആ ചിന്തകളിൽനിന്നു മോചനം നേടാൻ സംഗീതമുൾപ്പെടെ മറ്റു പലതിനെയും ആശ്രയിക്കുന്നു. കൊട്ടാരത്തിലിരിക്കുമ്പോൾ ദമയന്തിയെക്കുറിച്ചുള്ള വിചാരങ്ങളിൽനിന്നു മുക്തി നേടാൻ കഴിയായ്കയാൽ നളൻ രാജ്യഭാരം മന്ത്രിയെ ഏല്പിച്ച്‌ ഉദ്യാനത്തിലേക്കു യാത്രയാകുന്നു.