Knowledge Base
ആട്ടക്കഥകൾ

ശരണാഗതരെ പരിത്യജിക്കില്ലഹമതു

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

കർണ്ണൻ

ശരണാഗതരെ പരിത്യജിക്കില്ലഹമതു വിദിതം

തരുവേനൊരു വാക്കതും ഗ്രഹിച്ചിനി ഗമിച്ചീടേണം

നിര്‍ജ്ജരാധിപ നന്ദനനാകിയൊ-

രര്‍ജ്ജുനാഖ്യനെയൊഴിച്ചു മാമക

കനിഷ്ഠസോദര ചതുഷ്ഠയത്തെ

ഹനിച്ചിടാ ഞാന്‍ പ്രതിജ്ഞ ചെയ്‌വൂ 

അരങ്ങുസവിശേഷതകൾ: 

ഇളകിയാട്ടം

കുന്തി : “പോര, മകനേ ! അര്‍ജ്ജുനനെയും നീ വധിച്ചു കൂടാ.  നീ ഉള്‍പ്പെടെ എന്‍റെ പുത്രന്മാര്‍ ആറും ആയുഷ്മാന്‍മാരായിരിക്കണം. എല്ലാവരെയും കണ്ടു കൊണ്ട് എനിക്ക് മരിക്കണം. ഒരുവന്‍ മരിച്ചാല്‍ എല്ലാവരും മരിച്ചതിന് തുല്യം.”

കര്‍ണ്ണന്‍ : ആറു പാണ്ഡവന്മാര്‍ ഇല്ല. അഞ്ചേ ഉള്ളൂ. ആറില്‍ ഒരുവന്‍ ഇല്ലാതായേ കഴിയൂ. എങ്കിലും അമ്മ ഒരു കാര്യം ഓര്‍മ്മിക്കണം. അമ്മയുടെ അഞ്ചു പുത്രന്മാര്‍ക്കും ഏറ്റവും മികച്ച ഒരു പിന്തുണയുണ്ട്. – വേണുഗോപാലനായ ലോകപാലകന്‍ . അപ്പോള്‍ ജീവിച്ചിരിക്കുന്നതാര്, മരിക്കുന്നതാര്? അമ്മയ്ക്ക് ഞാന്‍ അത് പറഞ്ഞ് തരേണ്ട ആവശ്യമുണ്ടോ? സമാധാനത്തോടെ മടങ്ങി പോകണം. ഒന്ന്‍ തീര്‍ച്ചയാണ്. എന്‍റെ നിശ്ചയത്തിന് ഇളക്കമില്ല. ഇനി എന്നോട് ഇക്കാര്യം പറയുകയും വേണ്ട. അമ്മയുടെ പുത്രന്‍ ഇതാ എന്നെന്നേക്കുമായി യാത്ര പറയുന്നു”.

കര്‍ണ്ണന്‍ കുന്തിയെ സാഷ്ടാംഗം നമസ്കരിക്കുന്നു . കുന്തി കരഞ്ഞുകൊണ്ട് രംഗത്ത്നിന്നിറങ്ങി സന്ദര്‍ശകരുടെ ഇടയിലൂടെ നടന്ന് പോകുന്നു . കര്‍ണ്ണന്‍ അതിയായ സ്നേഹത്തോടും ആദരവോടും കൂടി കുന്തിയെ കുറച്ച് ദൂരം അനുഗമിക്കുന്നു. എന്നിട്ട് തിരിച്ച് രംഗത്തില്‍ വരുന്നു . കുന്തി നടന്നു പോകുന്നു. കര്‍ണ്ണന്‍ രംഗത്ത് നിന്ന്‍ കുന്തി മറയുംവരെ വികാരാധീനനായി നോക്കി നില്‍ക്കുന്നു. എന്നിട്ട് ധൈര്യം അവലംബിച്ച് ദൃഢമായ നിശ്ചയത്തോടെ ദുര്യോധനന്‍റെ കൊട്ടാരതിലേക്ക് നടക്കുന്നതായും, അവിടെ എത്തി ദ്വാരപാലകരുടെ അഭിവാദ്യം സ്വീകരിച്ചിട്ട് തന്‍റെ വാസസ്ഥാനത്തേക്ക് പോകുന്നതായും അഭിനയിക്കുന്നു. കര്‍ണ്ണന്‍ പോയതിന് ശേഷം മറുവശത്ത് കൂടെ ദുശ്ശാസനന്‍ പ്രവേശിക്കുന്നു. കര്‍ണ്ണന്‍ പോയവഴി നോക്കിക്കൊണ്ട് :  “എടാ, നിന്‍റെ തനിനിറം പുറത്തായി. ഇതിന് തക്ക ശിക്ഷയുണ്ട്. നോക്കിക്കോ !“ എന്ന്‍ അഭിനയിക്കുന്നു . അപ്പോഴേക്കും ദുര്യോധനനും ഭാനുമതിയും പ്രവേശിക്കുന്നു .

ദുശ്ശാസനന്‍ : “ജ്യെഷ്ഠാ അടിയന്തിരമായി ഒരു കാര്യം അറിയിക്കാനുണ്ട് . നാം വിചാരിച്ചത് പോലെ അല്ല, കര്‍ണ്ണന്‍. നമ്മുടെ ശത്രുക്കളുടെ മാതാവായ കുന്തി കര്‍ണ്ണനെ കാണാന്‍ ചെന്നിരുന്നു. ചാരന്മാര്‍ മുഖേന ഞാന്‍ സകലതും മനസ്സിലാക്കി . കര്‍ണ്ണന്‍റെ ജീവിതരഹസ്യം ഇതാ വെളിവായി. അവന്‍ കുന്തിയുടെ മൂത്ത മകനാണ്. ജ്യേഷ്ഠനെ വിട്ട് പാണ്ടവപക്ഷത്ത് ചേരാന്‍ കുന്തി അവനെ പ്രേരിപ്പിച്ചു “.

ദുര്യോധനന്‍ ആദ്യം അത്ഭുതം പ്രകടിപ്പിക്കുന്നു . പിന്നീട് ശാന്തനായിട്ട് : “ദുശ്ശാസനാ, എനിക്ക് നേരത്തേ സംശയമുണ്ടായിരുന്നു. ആരോടും പറഞ്ഞിട്ടില്ല എന്നേ ഉള്ളൂ. പാണ്ടവരോട് കര്‍ണ്ണനുള്ള മുഖച്ഛായ ഞാന്‍ പണ്ടേ കണ്ടതാണ് “