അഗ്രജ നിയോഗിക്കേണം

രാഗം:
കേദാരഗൌഡം
താളം:
ചെമ്പട 8 മാത്ര


കഥാപാത്രങ്ങൾ:
ഭീമൻ


അഗ്രജ നിയോഗിക്കേണം അദ്യൈവ വൈകാതെ
നിഗ്രഹിപ്പാനവരെ നിര്‍മ്മലമാനസ മാം

ധൂര്‍ത്തനാകും ദുര്യോധനന്‍ ചെയ്തത് നിനച്ചാല്‍
കത്തുന്നു കോപവഹ്നി വൈകര്‍ത്തന നന്ദന

ചീര്‍ത്ത കോപമൊടു ചെന്നുധാര്‍ത്തരാഷ്ട്രന്മാരെ
ചേര്‍ത്തീടുവന്‍ കാലപുരം തന്നിലിന്നുതന്നെ

സര്‍പ്പങ്ങള്‍കൊണ്ടെന്നുടയ മര്‍മ്മങ്ങളിലെല്ലാം
ദര്‍പ്പമോടെ ദംശിപ്പിച്ചതോര്‍ത്തുകാണ്‍ക ചിത്തേ

കഷ്ടം കൈകാല്‍ കെട്ടിയെന്നെ പെട്ടെന്നുഗംഗയില്‍
ഇട്ടുംകളഞ്ഞതുമോര്‍ത്താല്‍ ഒട്ടും സഹിക്കുമോ

ഹന്ത വിഷഭോജനത്തെ ചന്തമോടു തന്ന
ഗാന്ധാരിസുതരെക്കൊല്‍വാന്‍ എന്തൊരു സന്ദേഹം

നിഷ്കൌരവമാക്കീടുവനിക്ഷിതിതലം ഞാന്‍
ത്വല്‍ കാരുണ്യമുണ്ടെന്നാകില്‍ ഇക്ഷണത്തില്‍തന്നെ

അർത്ഥം:
ജ്യേഷ്ഠാ, ഒട്ടും വൈകാതെ അവരെ കൊല്ലാൻ എനിക്ക് നിയോഗം തരണം. ദുഷ്ടനായ ദുര്യോധനൻ ചെയ്തത് ഓർക്കുമ്പോൾ എനിക്ക് ദേഷ്യം കൂടുന്നു. ഏറ്റവും ദേഷ്യത്തോടെ ചെന്ന് കൗരവരെ യമപുരിയിലേക്ക് അയക്കും ഞാൻ. പണ്ട് പാമ്പുകളെ കൊണ്ട് എന്നെ കടിപ്പിച്ചത് അങ്ങ് ഓർക്കുന്നില്ലേ? മാത്രമല്ല എന്റെ കൈകാലുകൾ കെട്ടി ഗംഗയിൽ മുക്കിയത് ഓർത്താൽ സഹിക്കുമോ? കൂടാതെ വിഷം കലക്കിയ ഭക്ഷണം തന്നെ എന്നെ കൊല്ലാൻ ശ്രമിച്ച ഗാന്ധാരിയുടെ മക്കളെ കൊല്ലാൻ എന്തിനാണ് സംശയിക്കുന്നത്? അങ്ങയുടെ കാരുണ്യമുണ്ടായാൽ ഈ ഭൂമി കൗരവന്മാർ ഇല്ലാത്തതാക്കും ഞാൻ.