Knowledge Base
ആട്ടക്കഥകൾ

ദേവേശ ശങ്കര ഗിരീശ

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചൊല്ലെഴും വിജയനാവനാഴിയതിലില്ലയാഞ്ഞു ശരമപ്പൊഴേ

വില്ലെടുത്തു ചില തല്ലുകൂടി ബത മുല്ലബാണഹരിമൂർദ്ധനി

തല്ലുകൊണ്ടു സുരഗംഗ പാർത്ഥനുടെ വില്ലുമങ്ങഥ പറിച്ചഹോ

അല്ലൽപൂണ്ടു സകലേശ്വരം തമിതി ചൊല്ലിനാൻ സുരവരാത്മജൻ

ദേവേശ ശങ്കര ഗിരീശ !

കേവലം സേവകനാമടിയന്നു വിധിയേവമോ?

അരികളുടെ അറുതിവരുവാനായ് വന്നു പരമീശനെക്കരുതുമളവിൽ

ഒരു വേടനോടു പൊരിതു തോറ്റുപോയ് തരസൈവ ഞാൻ

പരമാഗ്നിദേവൻ കൃപയാലേ പണ്ടു

പരിചിനൊടു തന്ന വില്ലും പോയി

ശരമൊടുങ്ങാതൊരരിയ ശരധികൊണ്ടും ഫലമില്ലാ.

മനുജകുലവരരിലൊരുവർക്കുമിതുപോലെ

മാനഹാനിയെന്നും ഹിതമായവരില്ലേ.

കഷ്ടമൊരു കാട്ടാളനോടു തോറ്റു ചെന്നു

നാട്ടിൽ വാഴ്കെന്നുള്ളതിനി വേണ്ടാ,

മുഷ്ടിയുദ്ധംചെയ്തവനെ നഷ്ടമാക്കുന്നുണ്ടു.

വാടാ വാടാ നീ പൊരുവാൻ വേടാന്വയാധമാ !

വാടാ പാണ്ഡവനോടു കൂടാ വിദ്യകളൊന്നും

ഗാഢമുഷ്ടിതാഡനേന നിൻ തനു പാടേ തകർപ്പതിന്നധുനാ,

വികല്പമിതിന്നായ് ‌വരിക വരിക പൊരുവാൻ.

അർത്ഥം: 

ശ്ലോകം:-ഹോ! അർജ്ജുനൻ പേരുകേട്ട ആവനാഴിയിൽ ശരം ഇല്ലെന്നുകണ്ട് ഉടനെ വില്ലെടുത്ത് ശിവന്റെ ശിരസിൽ അടിച്ചു. ഹോ! തല്ലുകൊണ്ട് ദേവഗംഗ പാർത്ഥന്റെ വില്ലും പറിച്ചെടുത്തു. ദുഃഖിതനായ അർജ്ജുനൻ സകലേശ്വരനെത്തന്നെ പ്രാർത്ഥിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.
പദം:-അല്ലയോ ദേവേശാ, ഗിരീശാ, അങ്ങയുടെ സേവകനായ എനിക്ക് ഇങ്ങനെ ഒരു വിധിയോ? ശത്രുക്കളെ ജയിക്കാനായി ശിവപ്രീതിയ്ക്ക് വന്ന ഞാൻ ഒരു അല്പനായ കാട്ടാളനോട് പൊരുതി തോറ്റുപോയി. പണ്ട് അഗ്നിദേവൻ തന്ന വില്ലും കാണ്മാനില്ല. ശരങ്ങൾ ഇല്ലാതെ ആവനാഴികൊണ്ട് എന്ത് കാര്യം? നല്ലകുലത്തിൽ ജനിച്ച മനുഷ്യന്മാർക്ക് ഒരുത്തനും ഇതുപോലെ അപമാനം ഉണ്ടായിട്ടുണ്ടാവില്ല. വെറും ഒരു കാട്ടാളനോട് തോറ്റ് നാട്ടിൽ പോകുന്നതിനേക്കാൾ നല്ലത് അവനോട് മുഷ്ടിയുദ്ധം ചെയ്ത് അവനെ വധിക്കുന്നതാണ്.

എടാ കാട്ടാളാ, നീ പോരിനു വാടാ. നിന്റെ വിദ്യകൾ ഒന്നും ഈ പാണ്ഡവനോട് വേണ്ട. മുഷ്ടിയുദ്ധത്തിൽ നിന്നെ തകർക്കുന്നുണ്ട്. യുദ്ധത്തിനു വാടാ.