സാരവേദിയായ നിന്റെ

രാഗം: 

കല്യാണി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ഭീഷ്മർ

സാരവേദിയായ നിന്റെ വാക്കു പാർത്തുകാൺകിലിന്നു
ചേരുമിങ്ങതിന്നു തെല്ലുമില്ല സംശയം.
ഭീമ ബാഹുവീര്യനായ കീചകനെക്കൊൽവതിന്നു
ഭീമസേനനെന്നിയേ മറ്റാരു ഭൂതലേ ?
മത്തവാരണേന്ദ്രകുംഭകൃത്തനം നിനയ്ക്കിലിന്നു
ശക്തനായ ഹരിവരനൊഴിഞ്ഞുകൂടുമോ ?
നാരി മൗലിയായിടുന്ന യാജ്ഞാസേനിതന്നെയതിനു
കാരണം ധരിച്ചുകൊൾക നിപുണതരമതേ!

അർത്ഥം: 

സാരജ്ഞനായ നിന്റെ വാക്ക് ഓര്‍ത്തുനോക്കുമ്പോള്‍ ഇന്ന് ശരിയാണ്. ഇവിടെ അതിന് ഒട്ടും സംശയമില്ല. വലിയ ബാഹുവീര്യമുള്ള കീചകനെ കൊല്ലുന്നതിന് ഭീമസേനനല്ലാതെ മറ്റാരാണ് ഭൂമിയില്‍ ഉള്ളത്? മദിച്ച ഗജേന്ദ്രന്റെ മസ്തകം പിളര്‍ക്കുവാന്‍ ശക്തനായ സിംഹശ്രേഷ്ഠനല്ലാതെ സാധിക്കുമോ? സുന്ദരിയായ പാഞ്ചാലിതന്നെയാണ് അതിനുള്ള കാരണമെന്നും ബുദ്ധിവൈഭവമുള്ളവനേ, നീ ധരിച്ചുകൊള്ളുക.