വരിക ബാലേ ശൃണു

രാഗം: 

കാംബോജി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

അന്യൂനം ഭക്തിപൂർവ്വം പരമശിവപദം സേവചെയ്‌വാൻ ഗമിപ്പാൻ

ഉന്നിദ്രാമോദമോടും വിജയനിതി പുറപ്പെട്ടു വീതാത്മഖേദം

ധന്യന്മാരഗ്രജന്മാരൊടുമഥ സഹജന്മാരൊടും യാത്രചൊല്ലി-

പ്പിന്നെപ്പാഞ്ചാലിയോടങ്ങുരുതരകൃപയാ ചെന്നു കണ്ടേവമൂചേ

പല്ലവി:

വരിക ബാലേ ശൃണു പാഞ്ചാലേശവരകന്യേ നീയും

ചരണം1:

വാരിജവിലോചനേ വാരണസുഗമനേ

താരിൽത്താർമാനിനീനിവാസതനോ

പാരാളുമഗ്രജന്മാരാൽ നിയോഗിക്കയാൽ

മാരാരിദേവനെപ്പോയ്സേവചെയ്‌വാൻ

ചരണം2:

പൈന്തേൻതൂകുംവചനേ പോകുന്നേൻ നല്ല

സുന്ദരിമാർ വന്ദിക്കും ചന്തമെയ്യുടയോളേ

ഹന്ത സന്താപിക്കൊല്ലാ ചെറ്റും കാന്തന്മാരുമായി-

സ്സന്തോഷേണ സാകം സന്തതം വാണുകൊൾക

ചരണം3:

ഉരുതരതപം ചെയ്തു പുരവൈരിയെസ്സേവിച്ചു

വരവും പാശുപതമാം ശരവും വാങ്ങിക്കൊണ്ടു

പരിചൊടു നിന്നരികിൽ വരുവൻ വൈകാതെ ഞാൻ

പരമാനന്ദേന പോവാനുരചെയ്ക നീ

ചരണം 4:

നല്ലാരിൽമണിമൗലേ, വല്ലഭേ, മുല്ലബാണ-

വില്ലോടെതിർചില്ലിവല്ലീയുഗളരമ്യേ!

കല്യേ കല്യാണശീലേ, പല്ലവാധരീ!

ചൊല്ലേറും നാരിമാരിൽ നല്ല മനോഹരാംഗീ!

അർത്ഥം: 

ശ്ലോകം:-പരമശിവനെ ന്യൂനത ഇല്ലാതെ ഭക്തിയോടെ ധ്യാനിക്കാനയി പോകാൻ അർജ്ജുനൻ പുറപ്പെട്ടു. സഹോദരന്മാരോടും ഒപ്പമുള്ളവരോടും യാത്ര പറഞ്ഞ് അവസാനം പാഞ്ചാലിയോട് ചെന്ന് ഇപ്രകാരം പറഞ്ഞു.

പദം:-അല്ലയോ പാഞ്ചാലി നീ അരികിൽ വന്നാലും. ഞാൻ ശിവനെ ഭജിക്കാനായി പോകുന്നു. സങ്കടപ്പെടരുത്. നിന്റെ മറ്റ് ഭർത്താക്കന്മാരുമായി ചേർന്ന് സന്തോഷത്തോടെ വാഴുക. ശിവനെ സേവിച്ച് വരങ്ങളും പാശുപതാസ്ത്രവും വാങ്ങി നിന്റെ അരികിൽ ഞാൻ ഒട്ടും വൈകാതെ തിരിച്ചെത്തും. അതിനായി യാത്രാനുമതി നൽക.