ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

സി. പി. ഉണ്ണികൃഷ്ണന്‍

January 17, 2013

നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്.

നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്) പോകാതെ പറിച്ചെടുക്കുക. ഓരോ പൂവിന്റെയും വിത്തുണ്ടാകുന്ന വെളുത്തഭാഗവും (ഓവറി) അതിനുതൊട്ടുതാഴെയുള്ള പച്ചനിറത്തിലുള്ള അല്പം ഭാഗവും മാത്രം വേർപെടുത്തിയെടുക്കുക. ഈ ഭാഗം, നല്ലപോലെ വൃത്തിയാക്കിയ ഉള്ളംകയ്യിൽവച്ച്, മുറകയ്യിന്റെ ചൂണ്ടാണിവിരൽകൊണ്ട് മൃദുവായി തിരുമ്മുക. കയ്യിലുള്ള ഉരുണ്ട വസ്തു കൂടുതൽ മൃദുവായി മാറിക്കൊണ്ടിരിക്കും. അവസാനം, അത് കറുത്ത്, ഞെക്കിയാൽ പൊട്ടാതെ, അമരുന്ന പാകത്തിലാവും. (പോട്ടാതിരിക്കുവാനാണ് ‘പച്ചനിറത്തിലുള്ള അല്പം ഭാഗവും’ ചേർത്തെടുക്കുന്നത്. പോട്ടിയാൽ ചെറിയ വിത്തുകൾ പുറത്തേക്കുവരും. പിന്നെ, ബാക്കിഭാഗം തിരുമ്മിയിട്ടു കാര്യമില്ല). ഈ അവസ്ഥയിൽ തിരുമ്മിയവിരൽ കണ്ണിൽ തൊട്ടാൽ കുറച്ചെങ്കിലും ചുവക്കും. ആവശ്യമെങ്കിൽ, അപ്പോൾതന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ നല്ലപോലെ ഉണങ്ങിയ വെളുത്ത പരുത്തിത്തുണിയിൽ പൊതിഞ്ഞു സൂക്ഷിക്കാം. ദീർഘകാലം സൂക്ഷിക്കുവാനാണെങ്കിൽ കുറച്ച് പശുവിൻനെയ്യിൽ, വൃത്തിയാക്കിയ,  (കുപ്പി, സ്റ്റീല്‍ , പിച്ചള) പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കാം.

വേഷത്തിന്റെ മുഖത്തെ അണിയലെല്ലാം കഴിഞ്ഞശേഷം ചുണ്ടപ്പൂവ് (പുഷ്പത്തിന്റെ ഒരുചെറിയ ഭാഗം മാത്രമണെങ്കിലും ‘ചുണ്ടപ്പൂവ്’ എന്നാണ് പറയാറുള്ളത്) കണ്ണിലിടാം. സൂക്ഷിച്ചിരിക്കുന്ന പൂവ് വലുതാണെങ്കിൽ അത് ആവശ്യാനുസരണം മുറിക്കാം. നല്ലപോലെ തിരുമ്മിയ നല്ല പൂവാണെങ്കിൽ, വളരെ ചെറിയ ഭാഗം മതിയാവും; മൊട്ടുസൂചിയുടെ തലപ്പിനോളം തന്നെ വേണമെന്നില്ല. രണ്ട് കണ്ണിലേക്കു ആവശ്യമുള്ള രണ്ടെണ്ണം ഉള്ളംകയ്യിൽവച്ച് അല്പം വെള്ളംചേർത്ത് മൃദുവായി തിരുമ്മുക. കുറച്ചു സമയം മതി. പൂവ് കട്ടിയായിട്ടുണ്ടെങ്കിൽ അത് മൃദുവാകാനും, നെയ്യിന്റെ അംശമുണ്ടെങ്കിൽ അത് മാറ്റുവാനും വേണ്ടിയാണ് തിരുമ്മുന്നത്. ചൂണ്ടാണി വിരൽതുമ്പിൽ പൂവെടുത്ത് കണ്ണിന്റെ വെള്ളയിൽ വെച്ച്, താഴത്തെ കൺപോളയുടെ പീലികൾ പതുക്കെ പുറത്തേക്കു വലിച്ച്, ദൃഷ്ടി താഴേക്കാക്കിയാൽ ചുണ്ടപ്പൂവ് താഴത്തെ കൺപോളയ്ക്കുള്ളിൽ എത്തും. കണ്ണുകൾ അടച്ച്, കുച്ചുനേരം കണ്ണുകൾ വട്ടത്തിൽ ചുറ്റിച്ചാൽ ചുവന്നു തുടങ്ങും. ക്രമത്തിൽ നിറം വർദ്ധിച്ച്, മറ്റ് ആഭരണമെല്ലാം ധരിച്ച് അരങ്ങത്തെത്തുമ്പോഴേക്കും കടുത്ത ചുവപ്പുനിറത്തിലെത്തും.

ചുണ്ടയടങ്ങുന്ന സസ്യകുടുംബത്തിൽ ‘ആൽക്കലോയ്ടുകൾ’ എന്ന രാസവസ്തു ധാരാളമുണ്ട്. അവ രക്തക്കുഴലുകളിലൂടെയുള്ള പ്രവാഹം കൂടുതൽ ശക്തമാക്കുന്നു; രക്തക്കുഴലുകളെ അല്പം വിസിപ്പിക്കുന്നു. ഇത്രയും വസ്തുതകൾ മുൻ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

അടുത്തകാലത്ത് സി. പി. ഉണ്ണിക്കൃഷ്ണനും ഡോ. ശശികുമാറും (ചൈതന്യ ഹോസ്പിറ്റൽ, രവിപുരം, എറണാകുളം) നടത്തിയ പ്രാഥമിക പഠനത്തിന്റെ ഫലമായി ഏതാനും വസ്തുതകൾ അറിയുവാൻ കഴിഞ്ഞു. കണ്ണിന്റെ പുറത്തുള്ള നേർത്ത സുതാര്യമായ പാടപോലെയുള്ള രണ്ട് ഭാഗങ്ങളിൽ, നഗ്‌നനേത്രങ്ങൾകൊണ്ട് മുഴുവനും കാണുവാൻ സാധിക്കാത്ത ധാരാളം വളരെ ചെറിയ രക്തക്കുഴലുകളുണ്ട്. ചുണ്ടപ്പൂവിടുന്നതിന്റെ ഫലമായി ആ രക്തക്കുഴലുകൾ കൂടുതൽ പ്രകടമാകുന്നു. ഇതാണ് കണ്ണ് ചുവക്കുവാൻ കാരണം. ജൈവരസതന്ത്ര സിദ്ധാന്തമനുസരിച്ച് ചുണ്ടയിലുള്ള ‘അട്രോപിൻ’ എന്ന രാസവസ്തു, കൃഷ്ണമണിയുടെ നടുവിലുള്ള പ്രകാശം കടത്തിവിടുന്ന ചെറിയ ദ്വാരത്തിന്റെ (പ്യൂപിൾ) വലുപ്പം കൂട്ടേണ്ടതാണ്. അപ്രകാരം സംഭവിച്ചാൽ കണ്ണിന്റെ സൂക്ഷ്മമായി കാണുവാനുള്ള ശേഷി (ഫോക്കസിങ്) താൽക്കാലികമായി തടസ്ഥപ്പെടും. കുറച്ചു ദിവസങ്ങൾക്കുശേഷമേ അത് ശരിയാവുകയുള്ളൂ.  എന്നാൽ, ചുണ്ടപ്പൂവുപയോഗിക്കുന്നവരാരും പ്രസ്തുത അവസ്ഥയുണ്ടായതായി പറയാറില്ല. ചുണ്ടപ്പൂവിട്ടാല്‍ ‘പ്യൂപിൾ’ വികസിക്കുന്നല്ല എന്നും, കണ്ണിന്റെ സമ്മർദ്ദം വർദ്ധിക്കുന്നില്ല എന്നുമാണ് കണ്ടെത്തിയത്. ഭൌതികശാസ്ത്രസമ്മതങ്ങളായ ഗവേഷണ പദ്ധതികളിലൂടെയുള്ള പഠനങ്ങൾ തുടരുന്നുണ്ട്.

Similar Posts

  • |

    ശ്രുതിയിൽനിന്ന് അണുവിട മാറാതെ

    വെണ്മണി ഹരിദാസ് സ്മരണ – 2(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) മാവേലിക്കര പി. സുബ്രഹ്മണ്യം June 12, 2017  തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ…

  • ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

    നന്ദകുമാർ ചെറമംഗലത്ത് June 5, 2011 പ്രധാന പദങ്ങളും രാഗവും. 1.0    ശങ്കരാഭരണം 1.        പ്രീതിപുണ്ടരുളുകയേ                                നളചരിതം ഒന്നാം ദിവസം 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ       നളചരിതം മൂന്നാം ദിവസം 3.        സൂതകുലാധമ നിന്നൊടിദാനീം             കീചകവധം 4.        പുണ്ടരീക നയന                 കിർമ്മീരവധം 5.        പാഞ്ചാലരാജ തനയേ                 കല്ല്യാണസൗഗധികം 6.  …

  • ഒരു ചാല് യാത്ര, നാല് നാഴി വെള്ളി

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 7 ശ്രീവത്സൻ തീയ്യാടി January 25, 2013 കാടും പടലും വെട്ടി വെളുപ്പിച്ചിരിക്കുന്നു. ഒന്നൊന്നര ഏക്ര പറമ്പിന്റെ അങ്ങേത്തലക്കല്‍ പലകസ്റ്റേജും പന്തലും പൊക്കിയിരിക്കുന്നു. സ്വീകരണവും കഥകളിയും നടക്കാന്‍ പോവുന്ന വേദിയാണ്. അത് ഇന്ന് വൈകിട്ട്. ഇപ്പോള്‍ ഉച്ച. കനത്ത കുംഭച്ചട്. വെയിലത്ത് വിയര്‍ത്തിരിക്കുന്നു ആശാന്‍; മറൂണ്‍ ജുബ്ബയുടെ പുറം മുതുകത്ത് ഒട്ടിപ്പിടിച്ചിരിക്കുന്നു. എന്നിരിക്കിലും, അരങ്ങൊരുങ്ങി എന്ന തൃപ്തി കാണുന്നുണ്ട് മുഖത്ത്. മടക്കം നടന്നുവരികയാണ്. കുട പാതി മാത്രമേ വിരിഞ്ഞിട്ടുള്ളൂ എന്നത് ശ്രദ്ധിക്കുന്നില്ല….

  • ഓർമ്മയുടെ ഉത്ഭവം

    എം.വി നാരായണൻ June 19, 2013 മലയാളത്തിൽ ഇത്തരമൊരു സാസ്മ്കാരിക പഠനം ആദ്യമാണെന്നു തോന്നുന്നു. കലയും കാലവും കൂട്ടിക്കുഴയ്ക്കുകയും അത് കേരളത്തിന്റെ ഭാഗധേയനിർണ്ണയ ശ്രേണികളില്‍  കണ്ണികളാകുകയും ചെയ്യുന്നത് അസാധാരണ പാടവത്തോടെ ലേഖകൻ പരിശോധിക്കുന്നു –സമകാലീന മലയാളം സെപ്റ്റംബർ 2005 (പത്രാധിപർ) ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം ‘അതു യഥാർത്ഥത്തിൽ എങ്ങനെ ആയിരുന്നു’ എന്ന് കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നിമറയുന്ന ഓരോർമ്മയെ കൈയ്യെത്തിപ്പിടിക്കലാണ്. -വാൾട്ടർ ബൻമിയൻ,തീസിസ് ഓൺ ദ് ഫിലോസഫി ഓ ഹിസ്റ്ററി ദ്രാവിഡമനസ്സിന്റെ ഇരുണ്ട അകത്തളങ്ങളിൽ…

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • |

    കലാമണ്ഡലം സോമന്‍ – അരങ്ങും ജീവിതവും

    കലാമണ്ഡലം സോമന്‍ / ശ്രീചിത്രൻ എം ജെ January 28, 2012 ശ്രീചിത്രന്‍: സമകാലീന കഥകളിയരങ്ങിലെ നായക നടന്മാരുടെ മുന്‍നിരയില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ്‌ ശ്രീ കലാമണ്ഡലം സോമന്‍. കല്ലുവഴി സമ്പ്രദായത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭിമാനവും വരദാനവുമായ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വത്സല ശിഷ്യന്‍. കലാമണ്ഡലത്തില്‍ നിന്ന് കഥകളി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കലാമണ്ഡലം സോമന്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട എല്ലാ കഥകളിയിലെ പച്ച കത്തി വേഷങ്ങളിലെല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും കഥകളിയിലെ ഭാവിയിലെ ഏറ്റവും നല്ല…

മറുപടി രേഖപ്പെടുത്തുക