പി.രവീന്ദ്രനാഥ്

March 1, 2013 

കഥകളി അഭ്യസിച്ച് അരങ്ങേറ്റവും കഴിച്ചിട്ട് ഒരു കഥകളി ഗായകനായിത്തീര്‍ന്ന ചരിത്രമാണ് ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ക്കുള്ളത്. തന്റെ സ്വത സിദ്ധമായ ആലാപനശൈലികൊണ്ട് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള അദ്ദേഹം, 1943 ഡിസംബര്‍ മാസം തിരുവല്ലാ താലൂക്കിലെ തുകലശ്ശേരി ഗ്രാമത്തില്‍ മാടപ്പത്ര വീട്ടില്‍ പരേതരായ നീലകണ്‍ഠപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മാകനായി ജനിച്ചു. തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദേശമാണ് തുകലശ്ശേരി.

തിരുവല്ല അമ്പലത്തില്‍ നിത്യവും കഥകളിയുണ്ട്. അതുവെളുപ്പിനു നാലുമണിയ്ക്കാണ്. അതല്ലാതെ ശ്രീ വല്ലഭന്റെ ഇഷ്ട വഴിപാടായി മിക്ക ദിവസങ്ങളിലും കഥകളിയുണ്ടാവും. അങ്ങനെ ഏതൊരു തിരുവല്ലാക്കാരനേയും പോലെ തന്നെ അദ്ദേഹത്തിനും കഥകളിയില്‍ ഭ്രമമായി. കഥകളി കഴിഞ്ഞ് അണിയറയിലും അരങ്ങത്തും വീണുകിടക്കുന്ന ചുട്ടിയുടെ ഭാഗങ്ങളും കഴുത്താരത്തിന്റെയും കൊരലാരത്തിന്റെയും മുത്തുകളും മറ്റും ശേഖരിച്ചു, കൂട്ടുകാരോടൊത്ത് വേഷംകെട്ടി ആട്ടം കളിക്കുന്നതായിരുന്നു ഗോപിക്കുട്ടന്റെ വിനോദം.
ഒരിക്കല്‍ വില്ലേജ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് മകന്റെ ഈ വിനോദം കാണാനിടയായി. അദ്ദേഹം ദേഷ്യപ്പെടുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ഉണ്ടായില്ല. പ്രത്യുത ശ്രീ കണ്ണഞ്ചിറ രാമന്‍പിള്ളയാശാന്റടുത്ത് കഥകളി അഭ്യസിക്കാന്‍ കൊണ്ടാക്കുകയാണ് ഉണ്ടായത്. കണ്ണഞ്ചിറ അദ്ദേഹത്തിന്റെ ചിറ്റപ്പനാണ്‌.മാതൃ സഹോദരീ ഭര്‍ത്താവ്. സുപ്രസിദ്ധ കഥകളി നടന്‍ ആര്‍.എല്‍.വി. രാജശേഖരന്റെ പിതാവ്.
കഥകളിയുടെ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട പരിഷ്കാരത്തിന് പാത്രീഭൂതനായ വ്യക്തിയായിരുന്നു കണ്ണഞ്ചിറ. കടലാസ്സുചുട്ടി ആദ്യമായി മുഖത്തുവെയ്ക്കുന്നത് അദ്ദേഹത്തിന്റെ മുഖത്താണ്. അതിന്റെ ചരിത്രം ഇങ്ങനെയാണ്:-


തിരുവല്ല അമ്പലത്തില്‍ ഒരു സന്താനഗോപാലം കളി വഴിപാട്.രാമന്‍ പിള്ളയായിരുന്നു അര്‍ജുനന്‍. ആ കാലത്ത് തിരുവല്ല രാമകൃഷ്ണപണിക്കര്‍ എന്നൊരു ചുട്ടിക്കാരനുണ്ടായിരുന്നു. ഒരു സ്കൂള്‍ ഡ്രോയിംഗ് മാസ്റ്റര്‍ ആയിരുന്നു പണിക്കര്‍. അദ്ദേഹം സ്കൂളിണ്ടായ ഏതോ അടിയന്തിരവുമായി തിരക്കിലായതുകാരണം അണിയറയിലെത്താന്‍ വൈകി. പുറപ്പാടിനുള്ള വേഷം മാത്രം സഹായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. രാമന്‍പിള്ളയാകട്ടെ ഗോപി വരച്ച് മനയോലകൊണ്ട് വളയം വരച്ച് കാത്തിരിക്കുകയാണ്.
അരിമാവുകൊണ്ടുള്ള ചുട്ടി തീര്‍ക്കാന്‍ വളരെ കൂടുതല്‍ സമയം വേണ്ടിവരുമല്ലോ.
ചെന്നപാടെ, രാമന്‍ പിള്ളേ,നമുക്കൊരു വിദ്യ പ്രയോഗിച്ചുനോക്കാം എന്ന് അഭിപ്രായപ്പെട്ടിട്ട് ബാഗിലുണ്ടായിരുന്ന ഡ്രോയിംഗ് പേപ്പര്‍ വെട്ടി ചുട്ടിയുണ്ടാക്കി മുഖത്തു പതിപ്പിച്ചു. അങ്ങനെയാണ് കടലാസ്സുചുട്ടി ആദ്യമായി നടപ്പില്‍ വരുന്നത്. കേരളകലാമണ്ഡലം അദ്ദേഹത്തിന് വിദഗ്ധ കലാകാരനുള്ള അവാര്‍ഡുനല്‍കി ബഹുമാനിച്ചിട്ടുണ്ട്.

ഗോപിക്കുട്ടന്‍നായര്‍ക്ക് ബാല്യത്തിലെ സംഗീതത്തില്‍ നല്ല വാസനയുണ്ടായിരുന്നു. ഒരു സ്കൂള്‍ യുവജനോത്സവവേദിയില്‍ വെച്ച് അദ്ദേഹത്തിന്റെ പാട്ട് പ്രസിദ്ധ കഥകളി ഗായകനായിരുന്ന ശ്രീ.ചെല്ലപ്പന്‍പിള്ള കേള്‍ക്കാനിടയായി. ശ്രീ.ഇറവങ്കര നീലകണ്‍ഠനുണ്ണിത്താന്റെ പ്രധാന ശിഷ്യനും സഹഗായകനുമായിരുന്നു ചെല്ലപ്പന്‍പിള്ള. സര്‍വ്വശ്രീ തകഴി കുട്ടന്‍പിള്ള, ചേര്‍ത്തല തങ്കപ്പപണിക്കര്‍, മേലുകര വേലു ആശാരി- ഇദ്ദേഹം അറിയപ്പെടുന്ന ഒരു വേഷക്കാരനുമായിരുന്നു- തുടങ്ങിയ പ്രമുഖ ഗായകര്‍ ഉണ്ണിത്താന്റെ ശിഷ്യ പരമ്പരകളാണ്.
വല്ലവന്റേയും ‘ ഊച്ചുപെട്ടി’ ഉടുത്തുകെട്ടി നീ ഇങ്ങനെ കിടന്നു ചാടേണ്ട, ആട്ടപ്പാട്ട് പഠിക്ക് എന്ന് നിര്‍ദ്ദേശിച്ചത് ചെല്ലപ്പന്‍പിള്ളയായിരുന്നു. അദ്ദേഹം അഭ്യസിപ്പിച്ച അവസാനത്തെ ശിഷ്യനായിരുന്നു ഗോപിക്കുട്ടന്‍. അതിനുശേഷം മറ്റാരെയും പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ ഉണ്ടായിട്ടില്ല.

ഇറവങ്കര ഉണ്ണിത്താനാശാന്റെ പാട്ടിന്റെ വഴിയാണ് തനിക്കുകിട്ടിയിട്ടുള്ളതെന്ന്‍ അഭിപ്രായപ്പെട്ടിട്ടുള്ള രണ്ടു മഹാനടന്മാരെ കൃതജ്ഞതയോടെ ഗോപിക്കുട്ടന്‍നായര്‍ അനുസ്മരിക്കുന്നു. ശ്രീ കുടമാളൂര്‍ കരുണാകരന്‍നായരും ശ്രീ മടവൂര്‍ വാസുദേവന്‍നായരും. ഗോപിക്കുട്ടന്‍നായരാകട്ടേ ഉണ്ണിത്താന്റെ പാട്ട് കേട്ടിട്ടില്ല എന്നുതന്നെയല്ല അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല.


കുടമാളൂരിന്റെയും മടവൂരിന്റെയും ഈ അഭിനന്ദനപ്രകടനം ഒരു പദ്മശ്രീ അവാര്‍ഡിനെക്കാള്‍ തിളക്കത്തോടെ ഗോപിച്ചേട്ടന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.

ചെല്ലപ്പന്‍പിള്ളയുടെ അടുത്തു 6 മാസം മാത്രമേ അഭ്യസിച്ചുള്ളൂ. അരങ്ങേറ്റത്തിനുശേഷം നീലമ്പേരൂര്‍ കുട്ടപ്പപണിക്കരോടൊപ്പം എട്ടൊന്‍പതു വര്‍ഷക്കാലം പഠിക്കുകയും കൂടെ നടക്കുകയും ചെയ്തു.

കുട്ടപ്പപണിക്കര്‍ കഥകളി ഗായകന്‍ മാത്രമായിരുന്നില്ല. ഒരു ആട്ടക്കഥാകാരന്‍ കൂടിയായിരുന്നു.കരുണ, ദാവീദുവിജയം, കാഞ്ചനസീത എന്നീ ആട്ടക്കഥകള്‍ അദ്ദേഹം രചിച്ചിട്ടുള്ളവയാണ്.അദ്ദേഹത്തിന്‍റെ മാതുലന്മാരായിരുന്നു സുപ്രസിദ്ധ കഥകളി നടന്മാരായിരുന്ന കുറിച്ചി കുഞ്ഞന്‍പണിക്കരും, കൊച്ചപ്പിരാമന്മാരും. പ്രധാനപ്പെട്ട എല്ലാ ആട്ടക്കഥകളും ചൊല്ലിയാടിക്കാനുള്ള പരിശീലനം പണിക്കരില്‍നിന്നാണ് അഭ്യസിച്ചത്‌.

കഥകളി സംഗീതത്തില്‍ താന്‍ സ്വീകരിച്ചിട്ടുള്ള തന്റേതായ വഴി ഉപേക്ഷിക്കാന്‍ ഗോപിച്ചേട്ടന്‍ തയ്യാറല്ല. ആ ശൈലി ഉണ്ണിത്താന്റെ ആലാപനത്തിന്റെ വഴിയാണെന്നുള്ള അംഗീകാരം മണ്മറഞ്ഞുപോയ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടുമാത്രമാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.

കഥകളി സംഗീതം അഭിനയ സംഗീതമാണ്. അതു കൂടുതല്‍ ശാസ്ത്രീയമാക്കുന്നതും ലളിതഗാനവല്‍ക്കരണം നടത്തുന്നതും കഥകളിത്തം നഷ്ടപ്പെടുത്താനിടയാക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇന്നത്തെ പല പ്രമുഖ ഗായകരും അര്‍ത്ഥമോ സന്ദര്‍ഭത്തിന്റെ ഗൗരവമൊ ശരിയായി മനസ്സിലാക്കിയല്ല പാടുന്നത്. രാഗഭാവം വിടാതെ അഭിനയത്തിന് മുന്‍‌തൂക്കം കൊടുത്ത് വേണം പാടാന്‍.


” ശശിമുഖീ വരിക…” എന്ന് പാടേണ്ടത്, ” ശശിമുഖീ വാരിക” എന്നാണു പാടുക. എന്താണീ വാരിക?
സൗഗന്ധികത്തിലെ ഹനുമാന്റെ ” ആരിഹ വരുന്ന” എന്ന പദം പാടുന്നത്, “ആരീ..ആരിഹാ” എന്നായിരിക്കും. കുണ്ഡീനപുരിയിലുണ്ട് സുന്ദരീ ദമയന്തി എന്നാ പദത്തിലെ ഉണ്ട് എന്ന വാക്ക് ഉണ്ടു എന്നെ ഉച്ചരിക്കൂ. അക്ഷര ശുദ്ധി തീരെയില്ല.കേള്‍ക്കുന്നവര്‍ക്ക് അര്‍ഥം വ്യക്തമായി മനസ്സിലാവുന്ന തരത്തില്‍ സ്ഫുടതയോടെ അക്ഷരങ്ങള്‍ ഉച്ചരിക്കണം.


” അര്‍ത്ഥമറിഞ്ഞു തന്നെ പാടണം,കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവണം.” ഗോപിച്ചേട്ടന്‍ പറഞ്ഞു. ശൃംഗാരം, ദു:ഖം, ദേഷ്യം ഇതൊക്കെ മുഖത്തു വരുത്തി തീര്‍ക്കുന്ന നടന്റെ ഭാവങ്ങള്‍ നന്നായി ഉള്‍ക്കൊണ്ടുവേണം പാടാന്‍.
എന്റുണ്ണി-എന്‍ ആരോമലുണ്ണീ എന്നൊക്കെ കുന്തീദേവി, കര്‍ണ്ണനെ അഭിസംബോധന ചെയ്യുന്നത് ഗംഗാനദിയുടെ അക്കരെ നിന്നല്ല.സമീപത്തു തന്നെ നിന്നുകൊണ്ടാണ്. ഉണ്ണീ..ഉണ്ണൂണ്ണീ..കൊച്ചുണ്ണൂണ്ണീ…എന്നിങ്ങനെ വിളിച്ചുകൂവുന്ന തരത്തിലായിരിക്കുകയാണ് പുതിയ ആലാപന ശൈലി.

സംഗീതത്തിന്റെ ഓരോ ശാഖയ്ക്കും അതിന്റേതായ ഐഡന്റിറ്റിയുണ്ട്. അത് നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ആലാപനശൈലി ആശാസ്യമല്ല. ലളിതഗാന ശൈലി കഥകളി സംഗീതാലാപനത്തില്‍ ഇദംപ്രഥമമായി സ്വീകരിച്ചത് ഹൈദരാലിയാണ്. അദ്ദേഹത്തിന് ഒട്ടനവധി ആരാധകരെ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ‘ മുമ്പേ പോകും ഗോക്കളുടെ പിമ്പേ പോകും മറ്റു ഗോക്കള്‍’ എന്നാ ശൈലിയെ അന്വര്‍ത്ഥമാക്കുന്നതരത്തില്‍ പുതിയ ചില ഗായകര്‍ അത് പിന്തുടരുന്നു. ഈ അനുകരണ പ്രവണത പാരമ്പര്യാധിഷ്ടിത കഥകളിസംഗീതത്തിന് അനുയോജ്യമല്ല.

പ്രഗല്ഭന്മാരായ ആചാര്യന്മാര്‍ വളരെ ശ്രേഷ്ഠമായ രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് ആട്ടവും പാട്ടും, മേളവും. അത് ഓരോരുത്തര്‍ അവര്‍ക്കിണങ്ങുന്ന വിധത്തില്‍ പരിഷ്ക്കരിക്കുന്നത് കഥകളിയുടെ തനിമ നഷ്ടപ്പെടുത്തുമെന്ന അഭിപ്രായക്കാരനാണ് ഗോപിക്കുട്ടന്‍നായര്‍. അതിനദ്ദേഹം ചൂണ്ടിക്കാണിച്ച ഉദാഹരണം മേളപ്പദം കലാകാരന്മാര്‍ കൈകാര്യം ചെയ്തുവരുന്ന രീതിയാണ്.

മുഖ്യനടന്റെ ചുട്ടികുത്തു തീരുന്നതുവരെ സമയം കളയാനുള്ള ഒരു ഉപാധിയായാണ്‌ പലരും മേളപ്പദത്തെ വീക്ഷിക്കുന്നത്. മേളക്കാരന് പ്രാഗത്ഭ്യം തെളിയിക്കാനുള്ളതാണ് മേളപ്പദം എന്ന ധാരണ തെറ്റാണ്. അത് തെളിയിക്കാനുള്ള അവസരങ്ങള്‍ കഥകളിയില്‍ത്തന്നെയുണ്ട്. ഭക്തിപുരസരം പാടുന്നതിനുവേണ്ടി മാത്രം ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് മേളപ്പദം.


വേഷക്കാര്‍ക്ക് വേണ്ടിയുള്ളതല്ല കഥകളി. കാണികള്‍ക്കുവേണ്ടിയുള്ളതാണ്. ഈ ഗൗരവം നടന്മാരുള്‍പ്പടെയുള്ള കലാകാരന്മാര്‍ മനസ്സിലാക്കണം.


മുഴുരാത്രി കളികളൊന്നും ഉറക്കമളച്ചിരുന്നു കാണാനുള്ള ക്ഷമയോ, സമയമോ ഇന്നത്തെ ഭൂരിപക്ഷം ആസ്വാദകര്‍ക്കുമില്ല. കളി നേരത്തെ തുടങ്ങണം. ഒരു കഥ മാത്രം ആടുക, അത് കഴിയുന്നിടത്തോളം സമ്പൂര്‍ണ്ണമായിത്തന്നെ കളിക്കാന്‍ ശ്രദ്ധിക്കണം. പതിഞ്ഞപദം അധികം നീട്ടിക്കൊണ്ടുപോകാതെ ഇടമട്ടില്‍ അവതരിപ്പിക്കണം.


” കുവലയവിലോചനേ” അല്ലെങ്കില്‍ ” പാഞ്ചാലരാജ തനയെ’ മുതലായ പതിഞ്ഞപദങ്ങള്‍ നീണ്ടു പോകുമ്പോള്‍ ദമയന്തി അല്ലെങ്കില്‍ പാഞ്ചാലി കുന്തം വിഴുങ്ങിയതു പോലെ നില്‍ക്കേണ്ടിവരുന്ന അവസ്ഥ എത്രത്തോളം അരോചകമാണെന്ന് ആലോചിച്ചു നോക്കൂ. ഈ രംഗങ്ങള്‍ ഇടമാട്ടിലെ ആകാവൂ.
” ഇത് കളരിയിലാവാം, അരങ്ങത്ത് ഇത് വര്‍ജിക്കണം.” ഗോപിച്ചേട്ടന്‍ വ്യക്തമാക്കുകയുണ്ടായി.
നീണ്ടു നീണ്ടു പോയ പതിഞ്ഞപദം കണ്ടുകൊണ്ടിരുന്നു കഥകളി വിശാരദനായ എം.കെ.കെ.നായര്‍ ഉറക്കം തൂങ്ങിപ്പോയ കഥ അദ്ദേഹം സരസ്സമായി പറഞ്ഞുകേള്‍പ്പിച്ചു.


ദക്ഷയാഗത്തിലെ ” കണ്ണിണയ്ക്കാനന്ദം” ആടുന്ന രീതിയില്‍ ഇടമാട്ടില്‍ ആടുന്നതുകൊണ്ട് കഥകളിയുടെ തനിമയൊന്നും നഷ്ടപ്പെടുകയില്ല, അദ്ദേഹം പറഞ്ഞു. സൗഗന്ധികമൊ രണ്ടാം ദിവസമോ സമീപപ്രദേശങ്ങളിലെവിടെങ്കിലും കളിക്കുന്നുണ്ടെങ്കില്‍ ഇടമട്ടില്‍ ചൊല്ലിയാടുന്നത് കാണിച്ചുതരാമെന്ന വാഗ്ദാനം അദ്ദേഹം എനിക്കുതന്നു. ദൂരെ ദിക്കുകളിലൊക്കെ പോയി പാടുന്നത് ഇപ്പോള്‍ കഴിവതും ഒഴിവാക്കുകയാണ്. ഈ 69-)0 വയസ്സിലും പറയത്തക്ക അസുഖങ്ങളൊന്നുമില്ലെങ്കിലും മനസ്സുചെല്ലുന്നിടത്തു ശരീരം ചെല്ലുന്നില്ലെന്നാണ് ഗോപിച്ചേട്ടന്‍ പറയുന്നത്.

ഈ അടുത്തകാലത്ത് മലപ്പുറം ജില്ലയിലേതോ ഒരു ക്ഷേത്രത്തില്‍ സന്താനഗോപാലത്തിനു പാടാന്‍ പോയി. കലാമണ്ഡലം ബാലകൃഷ്ണന്റെ സ്നേഹാദരങ്ങളോടെയുള്ള നിര്‍ബ്ബന്ധം നിരസ്സിക്കാന്‍ മനസ്സനുവദിച്ചില്ല. കളി കഴിഞ്ഞ് അണിയറയിലിരിക്കുമ്പോള്‍ അഞ്ചെട്ടു സ്ത്രീകള്‍ വന്നു ഉച്ചാരണശുദ്ധിയോടെ അദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി. ” അക്ഷര ശുദ്ധിയോടെ പാടാന്‍ കഴിയ്ണിണ്ട്. ട്ടോ” എന്നാ അഭിനന്ദനം അക്ഷര സ്ഫുടതയെ മാനിക്കുന്ന വലിയ ഒരു വിഭാഗം, ഇന്നും തെക്കായാലും വടക്കായാലുമുണ്ടെന്നുള്ളതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കിഴക്കെമുറിയില്‍ ഗോകുലം വീട്ടില്‍ ഭാര്യ ശ്രീമതി ശാരദ, മകന്‍ ജയശങ്കര്‍, മരുമകള്‍, കൊച്ചുമക്കള്‍ എന്നിവരോടൊത്ത് ” വാര്‍ദ്ധക്യം വന്നുദിച്ചിട്ടും ചെറുതാകാത്ത ചെറുപ്പത്തിന്റെ” ചുറുചുറുക്കോടെ കഴിഞ്ഞു വരുന്നു. മകന്‍ കലാഭാരതി ജയശങ്കര്‍ മദ്ധ്യകേരളത്തിലെങ്ങും അറിയപ്പെടുന്ന മദ്ദളക്കാരനാണ്. നിഴല്‍ക്കുത്ത് ആട്ടക്കഥയുടെ രചയിതാവായ യശ:ശരീരനായ പന്നിശ്ശേരി നാണുപിള്ളയുടെ ബന്ധുവാണ് ജയന്റെ പ്രിയതമ.

ഞങ്ങള്‍ ചാവടിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാധചേച്ചി രണ്ടുകപ്പു ചായയുമായി അവിടേക്ക് കടന്നുവന്നു. ഒന്ന് പഞ്ചസാര ചേര്‍ത്തതും മറ്റൊന്ന് ” വിത്തൌട്ടും”. 69 കാരനായ ഗോപിച്ചേട്ടന്‍ ” വിത്തും” 54 കാരനായ ഈയുള്ളവന്‍ “വിത്തൌട്ടും ” തെരഞ്ഞെടുത്തു.
ഞങ്ങള്‍ ഒരുമിച്ചു ‘ ഗോകുലത്തില്‍’ നിന്ന് കിഴക്കേ നടയിലേക്ക് എന്റെ ബുള്ളറ്റ് മോട്ടോര്‍സൈക്കിളിലാണ് പോയത്. അന്ന് ശ്രീ വല്ലഭ നടയില്‍ (28.2) ശ്രീവല്ലഭ ചരിതം കഥകളിയുണ്ട്. ഗോപിച്ചേട്ടനാണ് പാടുന്നത്.
വണ്ടിയില്‍ നിന്നിറങ്ങിയിട്ട്, ബൈക്കിന്മേലുള്ള രവിയുടെ ഈ സവാരി ഒഴിവാക്കണം എന്ന് വാത്സല്യപൂര്‍വ്വം ഒരുപദേശവും എനിക്ക് തന്നു.
 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder