ഹേമാമോദസമാ – 10
ഡോ. ഏവൂർ മോഹൻദാസ്
February 5, 2013
ഒരു കലയ്ക്കു അതുടലെടുക്കുന്ന പ്രദേശത്തിന്റെ സാമൂഹ്യ-കലാ-സാംസ്കാരിക പാരമ്പര്യങ്ങളുമായി അഭേദ്യ ബന്ധമുണ്ടായിരിക്കും. നളചരിതത്തിനു തൊട്ടു മുന്‍പ് ഉണ്ടായ ആട്ടക്കഥകളാണ് കോട്ടയം കഥകള്‍. നളചരിതവും കോട്ടയം കഥകളും കേരളത്തിന്റെ തെക്കും വടക്കുമുള്ള രണ്ടു വ്യത്യസ്ത പ്രദേശങ്ങളില്‍ ഉടലെടുത്ത, കഥകളിയുടെ രണ്ടു വ്യത്യസ്ത ജനുസ്സുകളില്‍പെട്ട ആട്ടക്കഥകളാണ്. സ്വാഭാവികമായും ഈ കഥകളുടെ ആവിര്‍ഭാവത്തിലും അവതരണരീതികളിലും അതാതു പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വ്യത്യസ്ത സാമൂഹിക-കലാ-സാംസ്കാരിക ഘടകങ്ങള്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരിക്കണം.നളചരിതത്തിന്റെ ആവിര്‍ഭാവ വികാസചരിത്രത്തിലെ കുട്ടനാടന്‍ (തെക്കന്‍ കേരള) ബന്ധങ്ങള്‍ അറിയുവാന്‍ ശ്രമിക്കുമ്പോള്‍ കഥകളിയെന്ന കല ഉടലെടുത്ത കാലത്തെ സാമൂഹ്യപശ്ചാത്തലവും സാമാന്യേന എങ്കിലും ഒന്നു പരാമര്‍ശിക്കേണ്ടതുണ്ട്.
നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മറ്റിടങ്ങളില്‍ എന്നപോലെ കേരളത്തിലും ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹികജീവിതമായിരുന്നു പൊതുവെ നിലനിന്നിരുന്നത്. കലാസ്വാദകരും കുലീനരും ആര്യവംശജരുമായ ബ്രാഹ്മണര്‍ക്കായിരുന്നു സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും മേല്‍ക്കോഴ്മ. ബ്രാഹ്മണജന്മിമാരുടെയും നാടുവാഴികളുടെയും അടുത്ത ആശ്രിതരും ക്ഷേത്രഭൂമികളുടെ കാരാഴ്മയും ദേശക്കളരികളുടെ നിയന്ത്രണവും കൊണ്ട് നായര്‍- മാടമ്പി പ്രഭുവര്‍ഗ്ഗം കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. ക്രമേണ ബ്രാഹ്മണജാതിയുടെ ഏകാധിപത്യത്തിന്റെ സ്ഥാനത്തു നമ്പൂതിരി-ക്ഷത്രിയ-നായര്‍ ജാതികളുടെ കൂട്ടായ സവര്‍ണ്ണ ആധിപത്യം രൂപപ്പെട്ടുകൊണ്ടിരുന്നു. ബ്രാഹ്മണകേന്ദ്രീകരണം ആപേക്ഷികമായി കുറവായിരുന്ന തെക്കന്‍ കേരളത്തില്‍ നാടുവാഴി-നായര്‍-മാടമ്പി വര്‍ഗ്ഗങ്ങള്‍ ശക്തരായിരുന്നു [1]. കൊ.വ.എട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദമാകുമ്പോഴേക്കും തെക്കന്‍ കേരളത്തില്‍ സവര്‍ണ്ണമേധാവിത്വത്തിലെ ബ്രാഹ്മണേതരജാതികള്‍ ശക്തരാകുകയും ബ്രാഹ്മണമേധാവിത്വം ശൂദ്രരടക്കം ഹിന്ദുക്കളിലെ മറ്റു സവര്‍ണ്ണ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് നായന്മാരുടെ, ശക്തിക്കും സ്വാധീനത്തിനും വഴിമാറിക്കൊടുക്കേണ്ട പരിതസ്ഥിതി സംജാതമാകുകയും ചെയ്തു. കേരളത്തിനു വടക്ക്നിന്നും നിരന്തരമായുണ്ടായിക്കൊണ്ടിരുന്ന ആക്രമണങ്ങളാലും ആഭ്യന്തര കലഹങ്ങളാലും പ്രക്ഷുബ്ദമായ അന്തരീക്ഷമായിരുന്നു അന്ന് വടക്കന്‍ കേരളത്തില്‍ നിലനിന്നിരുന്നത്. താരതമ്യേന ശാന്തമായ ഒരു സാമൂഹിക ജീവിതമായിരുന്നു തെക്കന്‍ കേരളത്തിലേത്. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവിന്റെ കാലത്ത് വടക്ക് നിന്നും സാമൂതിരിമാരും സവര്‍ണ്ണപ്രഭുക്കളും തെക്ക് തിരുവിതാംകൂറില്‍ അഭയം തേടുകയും അവര്‍ക്കെല്ലാം അഭയം നല്‍കി അഭിമാനപൂര്‍വ്വം ജീവിക്കാനുള്ള സൌകര്യങ്ങളും ചെയ്തുകൊടുത്ത രാജാവിന് ‘ധര്മ്മരാജാ’എന്ന അപരനാമധേയം ഉണ്ടായതും ‘കേരളചരിത്രം'[3] രേഖപ്പെടുത്തുന്നുണ്ട്. തെക്കന്‍ കേരളത്തിലെ അനുകൂലമായ സാമൂഹ്യസാഹചര്യങ്ങള്‍ കലാപരമായ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജം പകരാന്‍ പോന്നതായിരുന്നു. വിദ്വാന്മാരും കലാനിപുണരും കലാസ്വാദകരുമായിരുന്ന തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ നായന്മാരുടെ ദ്രാവിഡകലാഭിരുചികളെ പ്രോത്സാഹിപ്പിക്കാനും അതിനെ പരിപോഷിപ്പിച്ചു വളര്‍ത്താനുള്ള രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയും ചെയ്തതോടെ അന്നത്തെ തെക്കന്‍കേരളം ഒരു ദ്രാവിഡകലാകേദാരഭൂമിയായി മാറുകയായിരുന്നു.
ഈ സാമൂഹ്യസാഹചര്യത്തിലാണ് കൊട്ടാരക്കര തമ്പുരാന്‍, അന്ന് തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന അനുഷ്ഠാനകലാപാരമ്പര്യങ്ങളുടെയും സൈനികപരിശീലനത്തിലൂന്നിയുള്ള കളരിപാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തില്‍ കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപപ്പെടുത്തിയത്. അഭിനയങ്ങളില്‍ വാചികവും ആഹാര്യവും സ്വീകരിച്ചു, നൃത്തഗാനങ്ങളോടു കൂടിയ ഒരു സങ്കരകലയായിരുന്നു അന്നത്തെ രാമനാട്ടം. അന്നു വരെ, അതായത് എട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ നാട്യകല കൂത്ത്,കൂടിയാട്ടം എന്നീ ദൃശ്യകലകളെ മാത്രം ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. ചാക്യാര്‍, നമ്പ്യാര്‍ ജാതികളില്‍ ജനിച്ചവര്‍ക്കു മാത്രമേ അതില്‍ അഭ്യാസവും അറിവും ലഭിച്ചിരുന്നുള്ളൂ. അവരുടെ പ്രകടനങ്ങള്‍ ഉത്സവകാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ വച്ചു മാത്രം നടത്തിയിരുന്നതു കൊണ്ട് സവര്‍ണ്ണരല്ലാത്ത ജനങ്ങള്‍ക്ക് അത് കാണുവാനും രസിക്കുവാനും സാധ്യമായിരുന്നില്ല. എന്നാല്‍ രാമനാട്ടം നടപ്പിലായതോടെ നാട്യകല ദേവാലയങ്ങളില്‍ നിന്നും പാടത്തേക്കും പറമ്പിലേക്കും ഇറങ്ങി വന്നു, അതിനു ജനകീയ രംഗപ്രവേശം സാധിച്ചു [2]. രാമനാട്ടം തെക്ക് നിന്നും വടക്കോട്ടുള്ള അതിന്റെ വ്യാപനകാലത്ത്, കടന്നുപോയ പ്രദേശങ്ങളിലെ പല കലാപാരമ്പര്യങ്ങളെയും ഉള്‍ക്കൊണ്ടു. വരേണ്യസംസ്കാരം ശക്തമായി നിലനിന്നിരുന്ന വടക്കന്‍ കേരളദേശങ്ങളിലെ യാത്രയ്ക്കിടയില്‍ രാമനാട്ടത്തിന് സ്വാഭാവികമായും ആര്യവല്‍ക്കരണം സംഭവിച്ചു. കൂടിയാട്ടത്തിന്റെയും മറ്റും ഗുണപരമായ പല നാട്യാംശങ്ങളും രാമനാട്ടത്തില്‍ ചേര്‍ന്നതോടെ കഥകളിയെന്ന നാട്യാത്മകനൃത്യ കലാരൂപം ജനിക്കുകയായി. ഇങ്ങനെയുണ്ടായ കഥകളിയെ ആര്യ(നമ്പൂതിരി)-ദ്രാവിഡ(നായര്‍) സങ്കരസംസ്കാരത്തിന്റെ ഓമനസ്സന്തതി എന്നാണ് കെ.പി.എസ്. മേനോന്‍ വിശേഷിപ്പിച്ചത് [2]. ഉടല്‍ ദ്രാവിഡവും മനസ്സ് ആര്യവുമായ, നൃത്യത്തിന്റെ ജനകീയസാധാരണതയും നാട്യത്തിന്റെ വരേണ്യസവിശേഷതയും സമന്വയിക്കുന്ന കല.
ആര്യ-ദ്രാവിഡ പാരമ്പര്യങ്ങളില്‍ നിലകൊള്ളുമ്പോള്‍ തന്നെ വരേണ്യസ്വാധീനം കൂടുതലുള്ള വടക്കന്‍ കേരളത്തിലും ഇത് തുലോം കുറവായ തെക്കന്‍ കേരളത്തിലും കഥകളിയെന്ന കലയുടെ അവതരണത്തിലും ആ കലയെ ജനങ്ങള്‍ നോക്കിക്കാണുന്ന വിധത്തിലും വ്യത്യാസം ഉണ്ടായിരുന്നു. കഥകളിയുടെ ദ്രവീഡിയമായ അംശങ്ങള്‍ക്കു ഊന്നല്‍ കൊടുത്ത് കൊണ്ടു, ജനസാമാന്യത്തിനു ആസ്വദിക്കുന്നതിനുതകുന്ന തരത്തിലുള്ള കഥകളി അവതരണത്തെയും കഥകളിസാഹിത്യത്തെയും തെക്കന്‍ കേരളസമൂഹം പ്രോത്സാഹിപ്പിച്ചപ്പോള്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള വരേണ്യ സമൂഹത്തിന്റെ ആസ്വാദനതലങ്ങള്‍ക്കും ചിന്തകള്‍ക്കും ചേരുന്ന വിധത്തിലുള്ള കഥകളി അവതരണത്തെയും സാഹിത്യത്തെയും വടക്കന്‍ കേരളം പ്രോത്സാഹിപ്പിച്ചു. നൃത്തപ്രധാനവും ചിട്ടപ്രധാനവും ആകണം കഥകളി എന്ന ചിന്ത വടക്കുണ്ടായപ്പോള്‍ സാധാരണ ജനങ്ങളുമായി സംവദിക്കുന്ന,’കഥയെ കളി’ക്കുന്ന കലയായി തെക്കന്‍കേരളസമൂഹം കഥകളിയെ കണ്ടു. തെക്ക് കഥകളി ഭാവപ്രധാനമാകുകയായിരുന്നു. ആവിഷ്ക്കാരസ്വാതന്ത്ര്യം അതിന്റെ അടിക്കല്ലായിരുന്നു. ജനസാമാന്യത്തിനെ രസിപ്പിക്കേണ്ടിയിരുന്നതിനാല്‍ ലോകധര്‍മ്മിപരമായ ആട്ടങ്ങള്‍ക്കും പ്രസക്തി ഉണ്ടായി. രസസ്ഫുരണത്തിനും ആട്ടത്തിന്റെ വൃത്തിക്കും പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ള തെക്കന്‍കഥകളിയില്‍ ലാസ്യനൃത്തങ്ങളും ഉദ്ധതകലാശങ്ങളും ഉള്‍ക്കൊള്ളുന്ന പ്രകടനങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ തുലോം വിരളമായിരുന്നെന്നു കെ.പി.എസ്. മേനോന്‍ ‘കഥകളിരംഗ’ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.വിസ്തരിച്ചു കലാശമെടുക്കുന്നതു രസപ്രകടനത്തിനു പ്രതിബന്ധമായി വന്നേക്കും എന്ന ചിന്തയാണിതിനു കാരണമത്രേ. ഉത്തരകേരളത്തിലാണെങ്കില്‍ നടന് നാട്യത്തിലൊട്ടും കുറയാതെ നൃത്തത്തിലും സാമര്‍ത്ഥ്യം വേണമെന്നും അത് നിയമാനുസാരം പ്രകടിപ്പിക്കേണ്ടതാണെന്നും നിര്‍ബന്ധമുണ്ടത്രെ. കഥകളിയുടെ തെക്കന്‍-വടക്കന്‍ ഭേദചിന്തകളുടെ, ഇന്നും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുടെ, നാരായവേര് തേടിപ്പോയാല്‍ അത് എത്തിനില്‍ക്കുന്നത് കേരളത്തിന്റെ രണ്ടു വ്യത്യസ്ത പ്രദേശങ്ങളിലെ മേല്‍പ്പറഞ്ഞ വ്യത്യസ്ത സാമൂഹ്യ-സാംസ്കാരികതലങ്ങളില്‍ ആണെന്ന് കാണാന്‍ പ്രയാസം ഉണ്ടാകില്ല.
വടക്കത്തെ ചിട്ടപ്രധാനമായ കഥകളി സങ്കല്പ്പത്തിനുതകുന്ന വിധത്തില്‍ കോട്ടയത്ത് തമ്പുരാന്‍ കോട്ടയം കഥകള്‍ എന്നറിയപ്പെടുന്ന നാല് ആട്ടക്കഥകള്‍ രചിച്ചു വിജയകരമായി അവതരിപ്പിച്ചു വന്നു. ഈ കഥകള്‍ താമസമെന്യെ തെക്കോട്ട് പ്രചരിക്കുകയും അവിടെയുണ്ടായിരുന്ന കഥകളിക്കളരികളിലും ചൊല്ലിയാടിച്ചു അവതരിപ്പിച്ചു വരികയും ചെയ്തു. കാലക്രമേണ സവര്‍ണ്ണവരേണ്യതയുടെ ദുഷ്ക്കര്‍മ്മഫലം അനുഭവിച്ചു കഥകളി നശിക്കാന്‍ തുടങ്ങി. ‘സവര്‍ണ്ണവരേണ്യതയുടെ മേല്‍ത്തട്ടിലെ ആശ്രയകേന്ദ്രങ്ങളില്‍ ചാരുതവിലസുകപോലെ കാഴ്ചപ്പുറത്തു നിറഞ്ഞു നിന്ന കഥകളി, ആജ്ഞാകാരിണി സൈരന്ധ്രിയെപ്പോലെ ശ്വാസംമുട്ടനുഭവിക്കുകയായി. നാടുവാഴിക്കോവിലകങ്ങളിലും ആട്യപ്രഭുഗൃഹങ്ങളിലും ആഭിജാത്യത്തിന്റെ പുറംമേനിയും, ഫലത്തില്‍ പരിചാരകവൃത്തിയുടെ ഭാഗവുമായി കഥകളിയെന്ന കല അധപതിച്ചു തുടങ്ങി’ [1]. വരേണ്യപ്രഭുത്വത്തിന്റെ വാലാട്ടികളായി ആടാന്‍ വിധിക്കപ്പെട്ട, സ്വത്വബോധമില്ലാത്ത കലാകാരന്മാരുടെ തേഞ്ഞരഞ്ഞ കലാപ്രകടനമായി കഥകളി മാറി.
കഥകളിയെന്ന കലക്ക് ഒരു പുതുജീവന്‍ ആവശ്യമായി വന്നു. ഇക്കാലഘട്ടത്തിലാണ് വിപ്ലവകരമെന്നു വിശേഷിപ്പിക്കാവുന്ന നളചരിതം ആട്ടക്കഥയുമായി’മാലാകാരന്‍’ ഉണ്ണായിവാരിയര്‍ രംഗപ്രവേശം ചെയ്യുന്നത്. ‘കഥകളിയുടെ ചരിത്രത്തില്‍ ആദ്യമായി (അവസാനമായും) കാര്യകാരണബന്ധത്തോടെ കഥയെ ഏകാഗ്രമായി വികസിപ്പിച്ചു അതിന്റെ സ്ഥായീഭാവത്തെ അനുബന്ധമായി ഉപചയിച്ചു, രസാനുഭൂതി ഉളവാക്കാന്‍ ആവശ്യമായ കഥാപാത്രങ്ങള്‍, രംഗങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ അംശങ്ങള്‍ ഔചിത്യപൂര്‍വം കോര്‍ത്തിണക്കപ്പെട്ട ഇതിവൃത്തഘടനയുള്ള ഒരാട്ടക്കഥയായിരുന്നു അത്’ [1]. അതുവരെ കഥകളിക്കു പരിചയമുണ്ടായിരുന്ന ചിട്ടസമ്പ്രദായങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു ആട്ടക്കഥാസാഹിത്യമല്ലായിരുന്നു നളചരിതത്തിന്റെത്. ആവിഷ്ക്കാരസ്വാതന്ത്ര്യം ധാരാളമായി വേണ്ട ഭാവപ്രധാനമായ ആട്ടരീതിയായിരുന്നു അതിനു വേണ്ടിയിരുന്നത്. സ്വാഭാവികമായും കഥകളിയിലെ യാഥാസ്ഥികരായ വരേണ്യവര്‍ഗ്ഗം നളചരിതത്തെ തള്ളിപ്പറഞ്ഞു പുറം തിരിഞ്ഞു നിന്നു. മദ്ധ്യകേരളീയനായ ഉണ്ണായിവാര്യര്‍ക്ക് തന്റെ ആട്ടക്കഥയും കൊണ്ട് തെക്കോട്ട് പോകേണ്ടിവന്നത് ഈ ചരിത്രസാഹചര്യത്തിലായിരിക്കണം.
ജനകീയമായ, ഭാവപ്രധാനമായ കല എന്ന തെക്കന്‍ കേരള കഥകളിസങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങുന്നതായിരുന്നു നളചരിതം ആട്ടക്കഥ. അതിനാല്‍ ചെമ്പകശ്ശേരി രാജ്യത്തെ തകഴിയെന്ന കലാപാരമ്പര്യം ഏറെയുള്ള കുട്ടനാടന്‍ പ്രദേശത്തെ നായര്‍ കലാപ്രമാണികള്‍ ഉണ്ണായിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കണം. ചരിത്രത്തിന്റെ സന്നിഗ്ദമുഹൂര്‍ത്തങ്ങളിലെല്ലാം ഒരു അവതാരം ഉണ്ടായി ധര്‍മ്മപരിപാലനം നടത്തും എന്ന് പറയാറുണ്ട്. കഥകളിയുടെ കാര്യത്തില്‍ ഇതു സംഭവിച്ചത് പണ്ടിതാഗ്രേസരനായ കപ്ലിങ്ങാട്ട് നാരായണന്‍ നമ്പൂതിരിയുടെ രംഗപ്രവേശത്തിലൂടെയാണ്. ‘വരേണ്യതയുടെ മതില്ക്കെട്ടുകളില്‍ നിന്നും തന്റെ ശരാശരി ഇല്ലത്തിന്റെ കളരിത്തറകളിലേക്ക് കഥകളിയെ പറിച്ചു നട്ട് അതിനെ തനിമയോടെ വളരാന്‍ കളമൊരുക്കിയ, കഥകളിയെന്ന കലയുടെ മര്‍മ്മം തൊട്ടറിഞ്ഞു, കഥകളിയുടെ സാധാരണീകരണത്തിനും കളിയുടെയും കളിക്കാരുടെയും സ്വത്വബോധത്തിനും തുടക്കം കുറിച്ച നെടുമ്പുര ദേശക്കാരനായ ആ മഹാശയന്‍’ [1], ഉണ്ണായിയെപ്പോലെ, തന്റെ നൂതന കഥകളിചിന്തകള്‍ പരീക്ഷിക്കാന്‍ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടിയിറങ്ങി എത്തിപ്പെട്ടത് ഈ തെക്കന്‍കഥകളി ഈറ്റില്ലത്തായിരുന്നു. അങ്ങിനെ ഉണ്ണായിയും കപ്ലിങ്ങാട്ടു തിരുമേനിയും തെക്കന്‍കേരള കലാപാരമ്പര്യവും ഇതിനെല്ലാം സഹായികളായി, സംരക്ഷകരായി വര്‍ത്തിച്ച കലാമര്‍മ്മജ്ജരായ തിരുവിതാംകൂര്‍ മഹാരാജാക്കന്മാരും ഒത്തുചേര്‍ന്നപ്പോള്‍ കഥകളിയുടെ അതുവരെക്കണ്ടിട്ടില്ലാത്ത സ്വരൂപാതിശയഭംഗികളുടെ പ്രൌഡഗംഭീരമായ തിരനോട്ടം തുടങ്ങുകയായി. കപ്ലിങ്ങാട്ടു തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഈ തെക്കന്‍കേരള കഥകളിയജ്ഞസപര്യയുടെ സദ്ഫലങ്ങള്‍ പില്‍ക്കാല കഥകളിയുടെ ശരീരസൃഷ്ട്ടിക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. കഥകളിയുടെ തെക്കന്‍ ചിട്ടക്കും നളചരിതം കഥകളിക്കും ജന്മം നല്‍കിയ ഈ കലായജ്ഞത്തിനു ആധിത്യമരുളാന്‍, തകഴി കേന്ദ്രമായുള്ള കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്ന് ഇനി നമുക്കന്വേഷിക്കാം.
അവലംബം:
കഥകളി സ്വരൂപം: മങ്കൊമ്പ് ശിവശങ്കരപിള്ള/പ്രൊഫ. മങ്കൊമ്പ് ശിവരാമപിള്ള
കഥകളി രംഗം: കെ.പി.എസ്. മേനോന്‍
കേരള ചരിത്രം: പ്രൊഫ. എ. ശ്രീധരമേനോന്‍
0 Comments