എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?

കളിയരങ്ങുകളുടെ മുന്നില്‍ – 1

രാമദാസ്‌ എൻ.

June 25, 2012 

(കഥകളി.ഇന്‍ഫോയില്‍ ശ്രീ രാമദാസ്‌ എന്‍. എഴുതിയ കളിയനുഭവങ്ങളുടെ ഒരു പുതിയ പരമ്പര ആരംഭിക്കുന്നു.)

കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ.

ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തിനടുത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ കുട്ടിക്കാലത്ത്‌ കുറെ കളിയരങ്ങുകള്‍ക്ക്‌ മുന്നില്‍ ഇരുന്നും കിടന്നുറങ്ങിയും ഉള്ള പരിചയം ഉണ്ട്‌. പള്ളിപ്പുറം ഗോപാലന്‍ നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയ മഹാനടന്മാരും ഇന്ന്‌ പ്രഗല്‍ഭരായ അന്നത്തെ പല യുവനടന്മാരും അവിടെ പതിവുകാര്‍ ആയിരുന്നു. എന്റെ ഓര്‍മ്മയില്‍ പാട്ടുകാര്‍ ശങ്കരന്‍ എമ്പ്രാന്തിരിയും ഹൈദരാലിയും. പ്രീ ഡിഗ്രീ കഴിഞ്ഞു ഉപരിപഠനത്തിനായി പോയി എങ്കിലും മനസ്സിനുള്ളില്‍ ഞാന്‍ ഒരു കഥകളി ആസ്വാദകന്‍ ആണ്‌ എന്ന്‌ ഒരു ബോധം ഉണ്ടായിരുന്നു. പഠനം പുരോഗമിക്കുമ്പോള്‍ കളി കാണല്‍ തീരെ ഇല്ലാതായി.

എറണാകുളത്ത്‌ മത്സ്യശാസ്ത്രം പഠിക്കുന്നു. ആ കലാലയത്തിലെ ആദ്യ ബാച്‌ വിദ്യാര്‍ഥി. ഹോസ്ടല്‍ സൗകര്യം ഇല്ലാത്ത ഞങ്ങള്‍ക്ക്‌ നഗരത്തില്‍ പലയിടത്തായി വീടുകള്‍ വാടകക്ക്‌ എടുത്തു തന്നു. ഞാനടക്കം എട്ടു പേര്‍ കലൂര്‍ മാതൃഭൂമി ജങ്ക്ഷന്‌ അടുത്ത്‌. അടുത്ത ദേശാഭിമാനി ജങ്ക്ഷന്‌ അടുത്ത്‌ മറ്റൊരു പത്ത്‌ പേര്‍. സുഖവാസം. ദേശാഭിമാനി ഹോസ്റ്റലില്‍ ഞങ്ങളെ കാലാവസ്ഥാശാസ്ത്രം (meteorology ) പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ രാമന്‍ സാറും താമസിക്കുന്നു. ഞങ്ങളെക്കാള്‍ നാലഞ്ചു വയസ്സുമാത്രം കൂടുതലുള്ള ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം കഥകളി ആസ്വാദകന്‍ ആണ്‌. മുറിയില്‍ നിന്ന്‌ ചിലപ്പോളൊക്കെ എമ്പ്രാന്തിരി സംഗീതം കേള്‍ക്കാം. കഥകളി ആസ്വാദകന്‍ എന്ന്‌ ധരിക്കുന്ന ഞാന്‍ അദ്ദേഹവുമായി അടുപ്പത്തില്‍ ആയി. എനിക്ക്‌ കഥകളോ പാട്ടുകളോ മുദ്രകളോ ഒന്നും വലിയ പിടിയില്ല. എമ്പ്രാന്തിരിയുടെ പാട്ട്‌ ഇഷ്ടമാണ്‌. അത്രമാത്രം.

ഒരു ദിവസം ഞങ്ങള്‍ മാതൃഭൂമി ഹോസ്റ്റലിലെ അന്തേവാസികള്‍ കലൂര്‍ പള്ളി പെരുനാളിനു നാടകം കാണാന്‍ പോകാന്‍ തീരുമാനിച്ചു. മാതൃഭൂമി ജങ്ക്ഷനിലെ കൈരളി ഹോട്ടലില്‍ നിന്ന്‌ രാത്രിഭക്ഷണവും കഴിഞ്ഞു പള്ളിയിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ രാമന്‍ സാര്‍ സാവധാനം നടന്നുവരുന്നു. “ഞങ്ങള്‍ നാടകം പോകാന്‍ പോകുന്നു. സര്‍ എങ്ങോട്ടാ?” എന്ന ചോദ്യത്തിനു മറുപടി ഒരു മറുചോദ്യം ആയിരുന്നു. “രാമദാസ്‌, പരമാര അമ്പലത്തില്‍ ഗംഭീരകളി ഉണ്ട്‌. പോരുന്നോ?” എന്ന്‌. ഞാന്‍ കൂട്ടുകാരോട്‌ “എന്നാല്‍ ഞാന്‍ അവിടെ വരെ പോയി കുറച്ചു സമയം കഥകളി കണ്ടിട്ട്‌ നാടകസ്ഥലത്തേക്ക്‌ വരാം” എന്ന്‌ പറഞ്ഞു സാറിന്റെ കൂടെ നടന്നു. എറണാകുളം നോര്‍ത്ത്‌ ഓവര്‍ബ്രിഡ്ജിനു പടിഞ്ഞാറുവശം ടൌണ്‍ ഹാളിനു എതിര്‍വശത്താണ്‌ പരമാര ദേവീക്ഷേത്രം.

ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ വിളക്കുവച്ചു. പുറപ്പാട്‌ തുടങ്ങാന്‍ പോകുന്നു. എമ്പ്രാന്തിരി – ഹരിദാസ്‌ ടീം (അന്ന്‌ പാട്ടിലെ താരജോടി) പാട്ട്‌. വലതുവശത്ത്‌ മേളത്തിന്‌ പൊതുവാള്‍ ആശാന്മാര്‍. ഇടതു വശത്ത്‌ കലാമണ്ഡലം കേശവനും, നമ്പീശന്‍കുട്ടിയും. മേളപ്പദം ഇരമ്പി.

ആദ്യകഥ നളചരിതം രണ്ടാം ദിവസം. കലിയുടെ ഭാഗം പത്താം ക്ലാസില്‍ പഠിച്ച ഓര്‍മ്മയുണ്ട്‌. കാണുക തന്നെ. കൃഷ്ണന്‍ നായര്‍ ആശാന്റെ നളനും കോട്ടക്കല്‍ ശിവരാമേട്ടന്റെ ദമയന്തിയും അരങ്ങത്തെത്തി. തുടര്‍ന്ന്‌ നെല്ലിയോടിന്റെ കലി, ഗോപി ആശാന്റെ പുഷ്ക്കരന്‍, രാമന്‍കുട്ടി ആശാന്റെ കാട്ടാളന്‍. പകുതി വഴിക്ക്‌ പാട്ടിനു ഹൈദരാലിയും രാജേന്ദ്രനും കൂടി. അല്‍പ സമയം കളി കാണാന്‍ ചെന്ന ഞാന്‍ രണ്ടാമത്തെ കഥയായ ദക്ഷയാഗവും കൂടി മുഴുവന്‍ കണ്ടിട്ടാണ്‌ തിരിച്ചു പോയത്‌. മാത്രമല്ല അന്ന്‌ തുടങ്ങി “അടുത്ത കളി എവിടെ? എന്ന്‌?” എന്നുള്ള അന്വേഷണവും തുടങ്ങി. പിന്നീട്‌ ഒരു പത്ത്‌ വര്‍ഷത്തോളം ശീലമാക്കിയ ദൂരയാത്രകളുടെയും ഉറക്കം ഒഴിക്കലിന്റെയും തുടക്കം അന്നായിരുന്നു.

Similar Posts

  • |

    കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്ഐ, . ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • |

    ഋതുഭേദങ്ങളുടെ സുഖദു:ഖം 

    ഓര്‍മ്മകള്‍ക്കൊരു  കാറ്റോട്ടം – ഭാഗം 6   ശ്രീവത്സൻ തീയ്യാടി December 3, 2012 പെട്ടെന്നായിരുന്നു പെരുമഴ. അത്താഴസമയത്തോടെ. പകല്‍ മുഴുവന്‍ പുഴുക്കമെന്നത് ശരി; പക്ഷെ ചാറ്റല്‍പോലും തീരെയില്ലാതെപോട്ടെ എന്ന് മോഹിക്കും ആ എട്ടു ദിവസങ്ങളില്‍. സന്ധ്യ കഴിഞ്ഞാണെങ്കില്‍ വിശേഷിച്ചും. ഇരുപത്തിനാല് മണിക്കൂര്‍ ഇടതോരാതെയാണ് കലാപരിപാടികള്‍. ഇന്നാകട്ടെ, വൈകിട്ട് കൊടിയേറിയതേയുള്ളൂ ഉല്‍സവം. ഗോപുരത്തിന്റെ മേല്‍ത്തട്ടിനു മീതെ ലേശം മുമ്പ് മാത്രം കാറ്റത്ത് ആടിയുലഞ്ഞ നീളന്‍ കൂറ പൊടുന്നനെ ലോഹവട്ടം അള്ളിപ്പിടിച്ച് ചടഞ്ഞുകൂടി. വൈദ്യുതിവര്‍ണ്ണങ്ങളില്‍ മുങ്ങിയ ശ്രീപൂര്‍ണത്രയീശക്ഷേത്രം കുടികൊള്ളുന്ന…

  • ഒരു വള്ളി, രണ്ടു പൂക്കൾ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 4 ശ്രീവത്സൻ തീയ്യാടി July 25, 2012  കമന്ററി പറയാൻ പുറപ്പെട്ട കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന് കണ്ഠം ഇടറി. മൈക്ക് കൈയിലേന്തിയ മുതിർന്ന പണ്ഡിതന് വാചകങ്ങൾ പലയിടത്തും മുഴുമിക്കാനായില്ല. അതല്ലെങ്കിൽക്കൂടി അന്നത്തെ ആട്ടം കണ്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു. കഥകളി കാണെ അതിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിക്കുകയോ? എന്ത്? ‘ഉത്ഭവ’ത്തിലെ രാവണൻ സ്വന്തം തലകൾ ഒന്നൊന്നായി അറുക്കുമ്പോൾ മേളത്തിന്റെ തിമർപ്പിൽ നാമും അറിയാതെ (മനമുറഞ്ഞ്‌) തുള്ളിയെന്നു വരാം….

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

    സി. പി. ഉണ്ണികൃഷ്ണന്‍ January 17, 2013 നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്. നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്)…

മറുപടി രേഖപ്പെടുത്തുക