ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍

August 30, 2013

ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും നള-ബാഹുക വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള അപൂര്‍വഭാഗ്യം എനിക്കു ലഭിച്ചിരുന്നു. അവതരിപ്പിക്കാറില്ലാത്ത രംഗങ്ങളുടെ സംവിധാനസാധ്യതകള്‍ അന്നു തോന്നിയിരുന്നു. എന്നാല്‍ ശ്രീ കലാമണ്ഡലം വാസുപ്പിഷാരോടിയാശാന്‍റെ നേതൃത്വത്തില്‍ ‘തിരനോട്ടം’ സംഘടിപ്പിച്ച നളചരിതരംഗസംവിധാന ശില്‍പ്പശാലയിലെ അനുഭവം തികച്ചും പ്രതീക്ഷയില്‍ കവിഞ്ഞതായിരുന്നു. ഡോ.പി. വേണുഗോപാലന്‍, കെ. ബി രാജാനന്ദന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൂടിയുണ്ടായിരുന്ന ശില്‍പശാല, കഥകളിയെന്ന രംഗകലയുടെ സൌന്ദര്യസാരത്തിലേക്ക് അനേകം ഉള്‍ക്കാഴ്ച്ചകള്‍ നല്‍കുന്ന ഒന്നായിരുന്നു. വാസു ആശാനെ പോലെ തീയറ്ററിന്‍റെ മര്‍മ്മം അറിഞ്ഞ ഒരു സംവിധായകനും വേണുസാറിനെ പോലെ വാക്കിന്‍റെ ധ്വനി തലങ്ങളില്‍ മുങ്ങിത്തപ്പി രത്നഖനികള്‍ കണ്ടെത്തുന്ന ആസ്വാദകനും തമ്മിലുണ്ടാകുന്ന ചൂടേറിയ ചര്‍ച്ചകളും രാജാനന്ദിന്‍റ ഉല്‍ഗ്രഥനാത്മകമായി ഇരുവരേയും ഉള്‍ക്കൊള്ളുന്ന ഇടപെടലുകളും മറ്റും ശില്‍പ്പശാലയെ ഉന്മിഷത്താക്കി. പരീക്ഷിക്കുക (ഉമ്പര്‍പരിവൃഢന്മാര്‍ നിങ്ങള്‍ എന്നെ സമ്പ്രതി പരീക്ഷിപ്പാനല്ലീ?), സാക്ഷി (കൂടസാക്ഷിയല്ലയോ നീ ജള!) ഇങ്ങനെ എത്രയോ പുതിയ മുദ്രകള്‍ വാസുവാശാന്‍ ചെയ്യുന്നതുകണ്ടു! അതെല്ലാം അപ്പോള്‍ തന്നെ പഠിക്കുകയും ‘മുദ്രാപീഡിയ’യില്‍ ഉള്‍പ്പെടുത്താന്‍ ഉറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം ദിവസത്തിലെ രാക്ഷസദാനവന്മാരുടെ രംഗത്തിന്‌ ആശാന്‍ നിര്‍ദ്ദേശിച്ച രംഗപാഠം, കത്തി (ദാനവര്‍), താടി (രാക്ഷസര്‍) എന്നീ വേഷങ്ങള്‍ തമ്മിലുള്ള പുതിയ തരം പാരസ്പര്യത്തെ കാട്ടുന്നതാണ്‌. ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍റെ നിര്‍ദ്ദേശത്തില്‍ ചമ്പ, പഞ്ചാരി എന്നീ താളങ്ങളുടെ സവിശേഷ വിനിയോഗത്തോടെ ഒരു പടപ്പുറപ്പാട്‌ ചിട്ട ചെയ്തിട്ടുണ്ട്. വാസുവാശാന്‍റെ സാന്നിധ്യത്തില്‍ ശ്രീ കോട്ടയ്ക്കല്‍ ദേവദാസി(രാക്ഷസന്‍) നൊപ്പം ആ പടപ്പുറപ്പാട്‌ പലവട്ടം ആവര്‍ത്തിച്ചെടുത്ത് ഉറപ്പിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്‌. നളചരിതത്തിലും ഇത്തരം ചിട്ടപ്പെടുത്തലുകള്‍ക്ക്‌ പ്രസക്തിയുണ്ടെന്ന തിരിച്ചറിവ്‌ ആഹ്ളാ ദജനകമാണ്‌..


 മൂന്നാം ദിവസത്തില്‍ ബാഹുകനും കലിയുമായുള്ള രംഗം, നാലാം ദിവസത്തില്‍ നളനും പുഷ്കരനുമായുള്ള രംഗം, ഇവയെല്ലാം ഒന്നാം തരം മേളത്തിനുള്ള സന്ദര്‍ഭങ്ങളാണ്‌. നാലാം ദിവസത്തിലെ പുനഃസമാഗമത്തിനുശേഷം  ഋതുപര്‍ണ്ണന്‌ അശ്വഹൃദയം ഉപദേശിച്ച് വാര്‍ഷ്ണേയനെ കൂട്ടി അയച്ചതിനുശേഷം നളന്‍, പുഷ്കരനെ ചൂതിനു വിളിക്കുന്നതുമുതലുള്ള ഭാഗം വാസുവാശാന്‍ ചിട്ടപ്പെടുത്തിയതിന്‍റെ കഥകളിത്തം നിറഞ്ഞ മനോഹാരിത അവര്‍ണ്ണനീയമാണ്‌. അതിദീര്‍ഘമായ സംഭാഷണഗാനങ്ങളെ നിശിതമായി എഡിറ്റ് ചെയ്യാന്‍ ആശാന്‍ മടിച്ചില്ല. നളനും പുഷ്കരനുമായുള്ള സംഭാഷണത്തില്‍ ഗാനങ്ങളുടെ ക്രമം തന്നെ മാറ്റി മറിച്ചിട്ടുണ്ട്. പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും നടന്മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് അധൃഷ്യമായ ആജ്ഞാശക്തിയോടെ ഒന്നിനുപിറകെ മറ്റൊന്നായി ഈ ഭാഗത്തെ ഗാനങ്ങളും കലാശങ്ങളും ആട്ടങ്ങളും നളപുഷ്കരന്മാരുടെ ചൂത്കളിയുള്‍പ്പെടെയുള്ള പര ‍സ്പരവിനിമയങ്ങളും ആശാന്‍ ചിട്ടചെയ്തുമുന്നേറിയ കാഴ്ച്ക അവിസ്മരണീയമായിരുന്നു. പുഷ്കരനായി ശ്രീ പീശപ്പള്ളി രാജീവനും നളനായി ഞാനും ആ സന്ദര്‍ഭം ആവോളം ആസ്വദിച്ചു. ചില ഗാനങ്ങളുടെ ആലാപനരീതികണ്ടെത്താനുള്ള ദീര്‍ഘമായ സംവാദങ്ങളായിരുന്നു മറ്റൊരു രസകരമായ ഭാഗം. 

ഒരു ഗാനത്തിന്‍റെ ആലാപനരീതി കണ്ടെത്തിയതെങ്ങനെയെന്ന് ഉദാഹരണമായി വിവരിക്കാം. മൂന്നാം ദിവസത്തില്‍ ബാഹുകന്‍ തെളിക്കുന്ന തേരിലി‍രിക്കുന്ന ഋതുപര്‍ണ്ണന്‍റെ വസ്ത്രം കാറ്റില്‍ പറന്ന് പോകുന്നു. ഋതുപര്‍ണ്ണന്‍ തേര്‌ മന്ദമാക്കുന്നതിന്‌  ബാഹുകനോട് അപേക്ഷിക്കുന്നു. ഇതാണ്‌ സന്ദര്‍ഭം. ഋതുപര്‍ണ്ണന്‍റെ സംഭാഷണമാണ്‌ ഗാനം.

മന്ദം മന്ദമാക്ക ബാഹുക, രഥഹയ വേഗം 

മന്ദം മന്ദമാക്ക ബാഹുക.

നിന്നു ചൊല്ലേണ്ടതുണ്ടൊരു വാക്കെനി-

ക്കെന്നുമല്ലയെന്നുത്തരീയം വീണു. 

തക്കിട്ടതകധിമി എന്നു വായ്ത്താരിയില്‍ ‘ത’കാരത്തിനുള്ള ഓരോ അടിയായി രണ്ടടി ആവര്‍ത്തിച്ചു പിടിക്കുന്ന മുറിയടന്ത താളത്തിലാണ്‌ ഗാനം. അപ്പോള്‍ 

മന്ദം-മന്ദ-മാക്ക-ബാഹുക!!

രഥ-ഹയ—വേഗം!!

നിന്നു-ചൊല്ലേണ്ട-തുണ്ടൊരു-വാക്കെനി-!! 

എന്നു-മല്ലയെന്‍-ഉത്തരീയം-വീണു!!  

എന്ന് പാടുന്നതിനു കൃത്യമാണ്‌. ശ്രീ കലാമണ്ഡലം ബാബുനമ്പൂതിരിയും ശ്രീ കലാമണ്ഡലം വിനോദും ഇത്രയും പാടി. അടുത്ത വരിയാണ്‌ കുഴപ്പക്കാരന്‍. ബാഹുകന്‍റെ മറുപടിയാണത്.  

അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചേരേണമെങ്കില്‍- 

ലെന്തിനുണ്ടാക്കുന്നു കാലവിളംബന കാരണം? 

എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ്‌ ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ്‌ ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി. 

അന്തി-യാം മുമ്പേ-കുണ്ഡിനം-തന്നില്‍!! 

ചേരേണ—മെങ്കില്‍–!!

എന്തി-നുണ്ടാക്കുന്നു-കാല-വിളംബന!!

കാ—രണം!! 

 നളചരിതത്തിലോ മറ്റേതെങ്കിലും ആട്ടക്കഥയിലോ ഉപയോഗിക്കാത്ത അപൂര്‍വമായ ഒരു ഘടനയാണിത്. ഇതുകണ്ടെത്തിക്കഴിഞ്ഞപ്പോള്‍ എന്തൊരു ലളിതവും ഋജുവുമാണ്‌ ഇതെന്നുതോന്നും. എന്നാല്‍ കണ്ടെത്താനെടുത്ത മുപ്പതോളം മിനുട്ടുകള്‍ മനോഹരമായ അന്വേഷണാനുഭവമാണ്‌ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നല്‍കിയത്. ഇതുപോലെ നാലോ അഞ്ചോ അപൂര്‍വ ഗാനരീതികള്‍ ശ്രീ കോട്ടയ്കല്‍ മധുവും ബാബുവും വിനോദും നെടുമ്പള്ളി രാം‍മോഹനും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. വാസുവാശാന്‍റെ നേതൃത്വത്തില്‍ നടന്നചരിത്രസംഭവമായ ഈ രംഗസംവിധാനശില്‍പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്‌. സമഗ്രവും കഥകളിത്തം നിറഞ്ഞതുമായ ഒരു രംഗസം‍വിധാനം നളചരിതത്തിലെ ഒഴിവാക്കപ്പെട്ട രംഗങ്ങള്‍ക്ക് ഇതിനും മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അക്ഷരങ്ങളിലും ചലച്ചിത്രങ്ങളിലും രേഖപ്പെടുത്തുന്ന ഈ നളചരിതരംഗസംവിധാനം അരങ്ങില്‍ വാഴ്ച്ക നേടുമെന്ന് പ്രത്യാശിക്കാം. 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder