കളിയരങ്ങുകളുടെ മുന്നില്‍ – 1

രാമദാസ്‌ എൻ.

June 25, 2012 

(കഥകളി.ഇന്‍ഫോയില്‍ ശ്രീ രാമദാസ്‌ എന്‍. എഴുതിയ കളിയനുഭവങ്ങളുടെ ഒരു പുതിയ പരമ്പര ആരംഭിക്കുന്നു.)

കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ.

ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തിനടുത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ കുട്ടിക്കാലത്ത്‌ കുറെ കളിയരങ്ങുകള്‍ക്ക്‌ മുന്നില്‍ ഇരുന്നും കിടന്നുറങ്ങിയും ഉള്ള പരിചയം ഉണ്ട്‌. പള്ളിപ്പുറം ഗോപാലന്‍ നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയ മഹാനടന്മാരും ഇന്ന്‌ പ്രഗല്‍ഭരായ അന്നത്തെ പല യുവനടന്മാരും അവിടെ പതിവുകാര്‍ ആയിരുന്നു. എന്റെ ഓര്‍മ്മയില്‍ പാട്ടുകാര്‍ ശങ്കരന്‍ എമ്പ്രാന്തിരിയും ഹൈദരാലിയും. പ്രീ ഡിഗ്രീ കഴിഞ്ഞു ഉപരിപഠനത്തിനായി പോയി എങ്കിലും മനസ്സിനുള്ളില്‍ ഞാന്‍ ഒരു കഥകളി ആസ്വാദകന്‍ ആണ്‌ എന്ന്‌ ഒരു ബോധം ഉണ്ടായിരുന്നു. പഠനം പുരോഗമിക്കുമ്പോള്‍ കളി കാണല്‍ തീരെ ഇല്ലാതായി.

എറണാകുളത്ത്‌ മത്സ്യശാസ്ത്രം പഠിക്കുന്നു. ആ കലാലയത്തിലെ ആദ്യ ബാച്‌ വിദ്യാര്‍ഥി. ഹോസ്ടല്‍ സൗകര്യം ഇല്ലാത്ത ഞങ്ങള്‍ക്ക്‌ നഗരത്തില്‍ പലയിടത്തായി വീടുകള്‍ വാടകക്ക്‌ എടുത്തു തന്നു. ഞാനടക്കം എട്ടു പേര്‍ കലൂര്‍ മാതൃഭൂമി ജങ്ക്ഷന്‌ അടുത്ത്‌. അടുത്ത ദേശാഭിമാനി ജങ്ക്ഷന്‌ അടുത്ത്‌ മറ്റൊരു പത്ത്‌ പേര്‍. സുഖവാസം. ദേശാഭിമാനി ഹോസ്റ്റലില്‍ ഞങ്ങളെ കാലാവസ്ഥാശാസ്ത്രം (meteorology ) പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ രാമന്‍ സാറും താമസിക്കുന്നു. ഞങ്ങളെക്കാള്‍ നാലഞ്ചു വയസ്സുമാത്രം കൂടുതലുള്ള ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം കഥകളി ആസ്വാദകന്‍ ആണ്‌. മുറിയില്‍ നിന്ന്‌ ചിലപ്പോളൊക്കെ എമ്പ്രാന്തിരി സംഗീതം കേള്‍ക്കാം. കഥകളി ആസ്വാദകന്‍ എന്ന്‌ ധരിക്കുന്ന ഞാന്‍ അദ്ദേഹവുമായി അടുപ്പത്തില്‍ ആയി. എനിക്ക്‌ കഥകളോ പാട്ടുകളോ മുദ്രകളോ ഒന്നും വലിയ പിടിയില്ല. എമ്പ്രാന്തിരിയുടെ പാട്ട്‌ ഇഷ്ടമാണ്‌. അത്രമാത്രം.

ഒരു ദിവസം ഞങ്ങള്‍ മാതൃഭൂമി ഹോസ്റ്റലിലെ അന്തേവാസികള്‍ കലൂര്‍ പള്ളി പെരുനാളിനു നാടകം കാണാന്‍ പോകാന്‍ തീരുമാനിച്ചു. മാതൃഭൂമി ജങ്ക്ഷനിലെ കൈരളി ഹോട്ടലില്‍ നിന്ന്‌ രാത്രിഭക്ഷണവും കഴിഞ്ഞു പള്ളിയിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ രാമന്‍ സാര്‍ സാവധാനം നടന്നുവരുന്നു. “ഞങ്ങള്‍ നാടകം പോകാന്‍ പോകുന്നു. സര്‍ എങ്ങോട്ടാ?” എന്ന ചോദ്യത്തിനു മറുപടി ഒരു മറുചോദ്യം ആയിരുന്നു. “രാമദാസ്‌, പരമാര അമ്പലത്തില്‍ ഗംഭീരകളി ഉണ്ട്‌. പോരുന്നോ?” എന്ന്‌. ഞാന്‍ കൂട്ടുകാരോട്‌ “എന്നാല്‍ ഞാന്‍ അവിടെ വരെ പോയി കുറച്ചു സമയം കഥകളി കണ്ടിട്ട്‌ നാടകസ്ഥലത്തേക്ക്‌ വരാം” എന്ന്‌ പറഞ്ഞു സാറിന്റെ കൂടെ നടന്നു. എറണാകുളം നോര്‍ത്ത്‌ ഓവര്‍ബ്രിഡ്ജിനു പടിഞ്ഞാറുവശം ടൌണ്‍ ഹാളിനു എതിര്‍വശത്താണ്‌ പരമാര ദേവീക്ഷേത്രം.

ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ വിളക്കുവച്ചു. പുറപ്പാട്‌ തുടങ്ങാന്‍ പോകുന്നു. എമ്പ്രാന്തിരി – ഹരിദാസ്‌ ടീം (അന്ന്‌ പാട്ടിലെ താരജോടി) പാട്ട്‌. വലതുവശത്ത്‌ മേളത്തിന്‌ പൊതുവാള്‍ ആശാന്മാര്‍. ഇടതു വശത്ത്‌ കലാമണ്ഡലം കേശവനും, നമ്പീശന്‍കുട്ടിയും. മേളപ്പദം ഇരമ്പി.

ആദ്യകഥ നളചരിതം രണ്ടാം ദിവസം. കലിയുടെ ഭാഗം പത്താം ക്ലാസില്‍ പഠിച്ച ഓര്‍മ്മയുണ്ട്‌. കാണുക തന്നെ. കൃഷ്ണന്‍ നായര്‍ ആശാന്റെ നളനും കോട്ടക്കല്‍ ശിവരാമേട്ടന്റെ ദമയന്തിയും അരങ്ങത്തെത്തി. തുടര്‍ന്ന്‌ നെല്ലിയോടിന്റെ കലി, ഗോപി ആശാന്റെ പുഷ്ക്കരന്‍, രാമന്‍കുട്ടി ആശാന്റെ കാട്ടാളന്‍. പകുതി വഴിക്ക്‌ പാട്ടിനു ഹൈദരാലിയും രാജേന്ദ്രനും കൂടി. അല്‍പ സമയം കളി കാണാന്‍ ചെന്ന ഞാന്‍ രണ്ടാമത്തെ കഥയായ ദക്ഷയാഗവും കൂടി മുഴുവന്‍ കണ്ടിട്ടാണ്‌ തിരിച്ചു പോയത്‌. മാത്രമല്ല അന്ന്‌ തുടങ്ങി “അടുത്ത കളി എവിടെ? എന്ന്‌?” എന്നുള്ള അന്വേഷണവും തുടങ്ങി. പിന്നീട്‌ ഒരു പത്ത്‌ വര്‍ഷത്തോളം ശീലമാക്കിയ ദൂരയാത്രകളുടെയും ഉറക്കം ഒഴിക്കലിന്റെയും തുടക്കം അന്നായിരുന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder