കലാമണ്ഡലം ഗോപി

പി.ജി. പുരുഷോത്തമൻ പിള്ള

August 28, 2014

“പട്ടിക്കാംതൊടി രാവുണ്ണിമേനോൻ്റെ ഉടലിന്മേൽ കുഞ്ചുക്കുറുപ്പിന്റെ തല വെച്ചുപിടിപ്പിച്ചാൽ”… എന്ന്  വള്ളത്തോൾ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്.  പട്ടിക്കാംതൊടിയുടെ കയ്യും മെയ്യും കുറുപ്പിന്റെ രസവാസനയുമാണ്  മഹാകവി വിശേഷമായി കണ്ടത്. ഏതാണ്ട്  അതുപോലൊരു പരാമർശം ഈയിടെ ഒളപ്പമണ്ണ നടത്തുകയുണ്ടായി. രാമൻകുട്ടിനായരും കൃഷ്ണൻനായരും ചേർന്നതാണ്  കലാമണ്ഡലം ഗോപി എന്ന്.  ഒക്റ്റോബർ 18-ന്  കലാമണ്ഡലത്തിലെ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അസാമാന്യമായ വേഷഭംഗി, നല്ല മെയ്യൊതുക്കം, ചന്തമേറിയ അംഗചലനങ്ങൾ, ഒന്നാംതരം കണ്ണ്, തികഞ്ഞ അഭ്യാസബലം എന്നിവയെല്ലാം ഗോപിയുടെ കൈമുതലാണ്.  അവാർഡ്  ദാനത്തിൻനാൾ ഗോപിയുടെ കാലകേയവധത്തിൽ അർജ്ജുനൻ കണ്ടവർക്കെല്ലാം ഈ സംഗതികൾ ബോദ്ധ്യമായി. ആദ്യാവസാന പച്ച കത്തി വേഷങ്ങൾ എല്ലാം ഗോപി കെട്ടും. എങ്കിലും പച്ചയാണ്  ഗോപിക്ക്  കൂടുതൽ ഇഷ്ടം. കാഴ്ചക്കാർക്കും. ഗോപിയുടെ രണ്ടാം ദിവസത്തെ നളൻ പലവുരു ഞാൻ കണ്ടിട്ടുണ്ട്.  

കുഞ്ചുക്കുറുപ്പാശാൻ്റെ വേഷവും ആട്ടവും ഓർത്തുപോയി അപ്പോഴെല്ലാം. ചൂതിൽ തോറ്റു സർവസ്വവും നഷ്ടപ്പെടുമ്പോഴെക്കും നളൻ്റെ ശരീരം തന്നെ ചെറുതാകുന്നതായി നമുക്ക്  തോന്നും. വേര്പാടും ബഹുകേമമാണ്. ഏറ്റവും ശോഭിക്കുന്ന ഗോപിയുടെ മറ്റൊരു വേഷമാണ്  രുഗ്മാംഗദൻ. “തന്മകൻ ധർമ്മാംഗദനെ ചെമ്മേ വാളാൽ വെട്ടാൻ” ഒരുങ്ങുമ്പോൾ മുഖത്തു വരുന്ന ഭാവങ്ങൾ കണ്ടുതന്നെ രസിക്കണം. വ്യക്തി എന്ന നിലയിൽ വളരെ നല്ല സുഹൃത്തും നിഷ്ക്കളങ്ക പ്രകൃതിയുമാണ്  അദ്ദേഹം. ഗോപിക്ക്  ആരാധകരല്ല. സുഹൃത്തുക്കൾ ആണ്.  കുറച്ചുനാൾ മുമ്പ്  വരെ ഗോപിക്ക്  ഒരു ദൌർബല്യം ഉണ്ടായിരുന്നു – വാരുണീസേവ. അത്തരം കാര്യങ്ങൾ മറ്റുള്ളവരുടെ ചെലവിൽ മാത്രം നടത്തുന്ന ചില “കലാകാരന്മാർ” ഉണ്ടല്ലോ. ഗോപി അക്കൂട്ടത്തിൽ ആയിരുന്നില്ല.

ഒടുവിൽ ഗോപി എന്ന വി.എം. ഗോവിന്ദൻ നായരെ രണ്ടു മാസത്തോളം സസ് പെൻഷനിൽ നിർത്താൻ കലാമണ്ഡലം ഭരണസമിതി നിർബന്ധിതമായി. പിന്നെ ഒരു ഇംക്രിമെന്റ്  മാത്രം തടഞ്ഞു തീരുമാനം എടുക്കുകയും അദ്ദേഹം അർഹിച്ചിരുന്ന പ്രൊഫസർ സ്ഥാനത്തേക്കുള്ള കയറ്റം അനുവദിക്കുകയും ചെയ്തു.  ഈ ശിക്ഷാ നടപടി നളനു കിട്ടിയ കാർക്കോടക ദംശനം പോലെ അനുഗ്രഹമായി ഗോപിക്ക്.  ഇന്ന് അക്കാര്യത്തിൽ ഗോപി പഴയ ഗോപിയല്ല. 1937 മെയ് 25-ന്  പാലക്കാടു ജില്ലയിലെ കോതച്ചിറയിൽ വടക്കടത്തു ഗോപാലൻ നായരുടേയും മണാളത്ത്  ഉണ്യാതി നങ്ങമ്മയുടെയും മകനായിട്ടാണ് കഥാപുരുഷൻ ജനിച്ചത്.  

പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ആദ്യം കച്ചകെട്ടിയത് തുളളലിനാണ്.  രണ്ടുവർഷം കഴിഞ്ഞ്  തേക്കിൻകാട്ടിൽ രാമുണ്ണിനായർ നടത്തിവന്ന ഗുരുകുലത്തിൽ ചേർന്ന്  കഥകളി അഭ്യാസം ആരംഭിച്ചു – 11ആം വയസ്സിൽ. മൂന്നു കൊല്ലം അവിടെ പഠിച്ച ശേഷം ആണ്  കലാമണ്ഡലത്തിൽ ചേർന്നത്. രാമൻകുട്ടി നായരും പത്മനാഭൻ നായരും ആയിരുന്നു കലാമണ്ഡലത്തിലെ മുഖ്യ ആശാന്മാർ. അവാർഡ്  വാങ്ങുന്നതിനുമുമ്പായി ഗുരുസ്മരണ എന്ന നിലയിൽ  രണ്ട്  ആശാന്മാർക്കും പൊന്നാട സമർപ്പിച്ചുകൊണ്ട്  ദണ്ഡനമസ്ക്കാരം ചെയ്തപ്പോൾ അവിടെ കൂടിയിരുന്ന രണ്ടായിരത്തോളം ആളുകൾ ആനന്ദാശ്രു പൊഴിച്ചു. 

ഗോപി കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ചേർന്നത്  1958-ൽ ആണ്. അങ്ങനെ 1983-ൽ അവാർഡ്  കിട്ടിയത്  സേവനത്തിൻ്റെ രജതജൂബിലി വർഷത്തിലാണ്. കലാമണ്ഡലം അവാർഡ്  കിട്ടിയിട്ടുള്ളവരിൽ ഏറ്റവും ചെറുപ്പത്തിലെ അത്  നേടുവാൻ ഭാഗ്യം ഉണ്ടായത്  ഗോപിക്കാണ്  എന്നത്  എടുത്തുപറയേണ്ട കാര്യം തന്നെ. ഇനി കിട്ടാനിരിക്കുന്ന പല പുരസ്ക്കാരങ്ങളുടെയും മുന്നോടിയും ആവാം ഇത്. 

കലാമണ്ഡലം സംഘത്തോടൊപ്പം ഇന്ത്യയിൽ മിക്കയിടത്തും വെളിയിലും ഗോപി പര്യടനം നടത്തിയിട്ടുണ്ട്. രണ്ട്  ആണ്‍കുട്ടികളുടെ പിതാവായ ഗോപിയുടെ ജീവിതസഖി ആരേക്കത്തു ചന്ദ്രികയാണ്. ഗോപിക്കു മേൽക്കുമേൽ ഐശ്വര്യം നെരാത്തവരായി കളിക്കമ്പക്കാർ ആരും കാണുകയില്ല എന്ന്  തീരത്തു പറയാം.

 

Similar Posts

  • |

    വൈയ്ക്കം തങ്കപ്പന്‍പിള്ള

    മണി, വാതുക്കോടം August 8, 2014 ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്. വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും…

  • കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

    രവീന്ദ്രനാഥ് പുരുഷോത്തമൻ November 3, 2015 ഇന്ന്  വിശ്വകലയായി തീർന്നിരിക്കുന്ന, കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളർച്ചയ്ക്ക് പ്രതിഭാധനരായ ഒട്ടനവധി ആചാര്യന്മാരുടെയും, വള്ളത്തോളിനെപ്പോലുള്ള ആസ്വാദക വരേണ്യരുടേയും സ്തുത്യർഹമായ പങ്കുപോലെതന്നെ അവിസ്മരണീയമാണ് നാട്ടിലുടനീളവും, ചില വിദേശ രാജ്യങ്ങളിലുമുള്ള ക്ലബ്ബുകളുടെ സംഭാവനകളും.  ആട്ടക്കഥ, കഥകളി, അഭിനയം, മുദ്രകൾ അങ്ങനെ ഈ കലാരൂപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാധാരണക്കാർക്കു  കൂടി മനസ്സിലാവുന്ന തരത്തിൽ പരിചയപ്പെടുത്തുവാൻ കഥകളി ക്ലബ്ബുകൾ സ്വീകരിച്ചു വരുന്ന നടപടികൾ ശ്ലാഘനീയമാണ്. പ്രചുരപ്രചാരം നേടിയവ കൂടാതെ ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിച്ചു…

  • ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം

    ശ്രീജിത്ത് കടിയക്കോൽ August 25, 2015 സർറിയലിസം എന്ന മൂവ്മെന്റ് സാഹിത്യത്തിൽ പ്രചാരത്തിൽ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ്.അതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കഥകളി സർറിയലിസത്തെ അതിവിദഗ്ധമായി അരങ്ങിൽ ആവിഷ്കരിച്ചു.സർറിയലിസ്റ്റിക്കായിട്ടുള്ള കഥാതന്തുക്കൾ തിരഞ്ഞെടുത്തു എന്നത് തന്നെയാണ് ഒരു പെർഫോമിങ്ങ് ആർട്ട് എന്ന നിലയിൽ കഥകളിയുടെ വിജയവും.ധാരാളം പരിമിതികൾക്കിടയിൽ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ നൃത്തത്തിന്റേയും നൃത്ത്യത്തിന്റേയും സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്ന കഥകൾ അവതരിപ്പിക്കുമ്പോളാണ് ആസ്വാദനം കൂടുതൽ നന്നാവുന്നതും. അതിന്…

  • ജടായുമോക്ഷം ശ്രീ സദനം ഹരികുമാറിന്റെ ഭാവനയില്‍

    സുദീപ് പിഷാരോടി  July 29, 2012 (26/07/2012  നു സദനത്തില്‍ വച്ച് നടന്ന കീഴ്പടം ആശാന്റെ അനുസ്മരണത്തില്‍ കണ്ട രംഗം വിവരിച്ചു എന്ന് മാത്രമേ ഉള്ളൂ.. തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുക.) സാധാരണ ജടായു പറന്നു വരുന്നതും രാവണന്‍ ചിറകു മുറിചിടുന്നതും മാത്രമേ കാണാറുള്ളൂ  ഇവിടെ ജടയുവിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ഗഗന യുദ്ധം ശ്രീ സദനം ഹരികുമാര്‍ ആവിഷ്കരിച്ചിരിക്കുന്നു .ജടായു ഒരു സ്ത്രീ വിലാപം കേള്‍ക്കാന്‍  ഇടയാവുന്നു.. അത് എന്താണെന്നു ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത് പറന്നു…

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • ഉത്തരീയം – ചെന്നൈ കഥകളി ആസ്വാദനകുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് July 3, 2013 ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉത്തരീയം എന്ന സംഘടനയുടെ ഒരു വാര്‍ഷികം എന്ന് വിശേഷിപ്പിക്കാവുന്ന കഥകളി ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയിലെ രുക്മിണി അരംഗത്തില്‍ വെച്ച് ജൂണ്‍ 29 ന് നടത്തുന്നു  എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു സന്തോഷം തോന്നി. പ്രത്യേകിച്ച് ആ കഥകളും അതിലെ കലാകാരന്മ്മാരുടെ ലിസ്റ്റും കണ്ടപ്പോള്‍ . ഏതായാലും ഞങ്ങള്‍ നാട്ടില്‍ നിന്ന് 3 പേര്‍ (ഞാന്‍, ശ്രീചിത്രന്‍ , സജീഷ് വാരിയര്‍) പിന്നെ ഒന്നും ആലോചിച്ചില്ല….

മറുപടി രേഖപ്പെടുത്തുക