സ്മിതേഷ് നമ്പൂതിരിപ്പാട്

July 3, 2013

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉത്തരീയം എന്ന സംഘടനയുടെ ഒരു വാര്‍ഷികം എന്ന് വിശേഷിപ്പിക്കാവുന്ന കഥകളി ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയിലെ രുക്മിണി അരംഗത്തില്‍ വെച്ച് ജൂണ്‍ 29 ന് നടത്തുന്നു  എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു സന്തോഷം തോന്നി. പ്രത്യേകിച്ച് ആ കഥകളും അതിലെ കലാകാരന്മ്മാരുടെ ലിസ്റ്റും കണ്ടപ്പോള്‍ . ഏതായാലും ഞങ്ങള്‍ നാട്ടില്‍ നിന്ന് 3 പേര്‍ (ഞാന്‍, ശ്രീചിത്രന്‍ , സജീഷ് വാരിയര്‍) പിന്നെ ഒന്നും ആലോചിച്ചില്ല. ഞാന്‍ കേരളം വിട്ടു ഒരു കഥകളി കാണാനായി പോകുന്നത് ആദ്യമാണ്. അങ്ങിനെ ജൂണ്‍ 28 ന് രാത്രി വണ്ടിക്കു ഞങ്ങള്‍ ചെന്നയിലേക്ക് തിരിച്ചു. 29 ന് രാവിലെ കലാക്ഷേത്രയില്‍ എത്തി ചേര്‍ന്നു.

ഉച്ചക്ക് രണ്ടേമുക്കാലിന് മേളപ്പദത്തോടെ പരിപാടി ആരംഭിച്ചു. സംഗീതം കലാ. വിനോദും കലാനി. രാജീവനും , ചെണ്ട കലാ. വേണു മോഹനും സദനം ജിതിനും മദ്ദളം കലാ. ഹരിഹരനും സദനം കൃഷ്ണപ്രസാദും അയിരുന്നു. നല്ല കഴിവുള്ള ചെറുപ്പക്കാരുടെ ഒന്നര മണിക്കൂര്‍ നീണ്ട നല്ല അസ്സല്‍ പ്രകടനം ആയിരുന്നു അത്. അതിനു ശേഷം ആദ്യ കഥ ലവണാസുരവധം. സീതയായി വെള്ളിനേഴി ഹരിദാസ്‌, കുശനായി സദനം ഭാസി , ലവനായി സദനം ശ്രീനാഥ് എന്നിവരും ഹനുമാനായി  സദനം ബാലകൃഷ്ണനും അരങ്ങിലെത്തി. സദനം ബാലകൃഷ്ണന്‍ എന്ന നടന്‍റെ വേഷങ്ങള്‍ അത്ര അധികം ഞാന്‍ കണ്ടിട്ടില്ല.

ഈ ഹനുമാന്‍ വേഷം കാണാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍.  കീഴ്പ്പടം കുമാരന്‍ നായരുടെ ശൈലിയിലുള്ള ഹനുമാന്‍ വേഷം കീഴ്പ്പടത്തിന് ശേഷം നരിപ്പറ്റയും ഭാസിയും ഒക്കെ അവതരിപ്പിച്ചു കണ്ടിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്‍റേത് കണ്ടിട്ടില്ല. നല്ലതാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വനത്തില്‍ കളിയ്ക്കാന്‍ പോകാന്‍ അമ്മയായ സീതയോട് ലവകുശന്മാര്‍ സമ്മതം വാങ്ങുന്ന  ആദ്യ രംഗം . അതിനു ശേഷം വനത്തില്‍ ഒരു വിശേഷപ്പെട്ട (തലയില്‍ ഒരു കുറിപ്പ് കെട്ടിയ) കുതിരയെ ലവന്‍ ‍, കുശന്‍റെ അനുമതിയോടെ പിടിച്ചുകെട്ടുന്നു. ലവകുശന്മാര്‍ സദനം ചിട്ടയില്‍ മഞ്ഞ ഉടുത്തുകെട്ടാണ് ഇവിടെ ഉണ്ടായത് പക്ഷെ മകുടമുടി ആയിട്ടാണ് വന്നത്. ഏതായാലും ആ ചെറിയ പരിഷ്ക്കാരം ഒട്ടും തന്നെ അരോചകം അല്ല.

(കുശ-ലവ സംവദത്തിനിടെ “അഗ്രജവീര..” എന്ന പദം കഴിഞ്ഞ് “അനുജ വിസ്മയം” എന്ന പദത്തിന്‍റെ സമയത്ത് കുശന്‍ ആയി അരങ്ങത്തു വന്ന സദനം ഭാസിക്ക് അവിടുത്തെ കാലാവസ്ഥ (ചൂട്) സഹിക്കാന്‍ കഴിയാതെ തല കറങ്ങി അരങ്ങത്തു നിന്ന് പോകേണ്ടി വന്നത് കാരണം ഇടയ്ക്കു അര – മുക്കാല്‍ മണിക്കൂറോളം കളി നിര്‍ത്തി വെക്കേണ്ടി വന്നു. ചൂട് കാരണം തന്നെ എന്ന് തോന്നുന്നു സദനം ശ്രീനാഥിന്‍റെ ചുട്ടിയും നല്ലവണ്ണം ഇളകി അടര്‍ന്നു വിഴാന്‍ തുടങ്ങിയിരുന്നു.) കളി നന്നായി വരുന്നതിനിടക്ക് വന്ന ഈ ഇടവേള കാണികളില്‍ തെല്ല് അലോസരം ഉണ്ടാക്കി. പക്ഷെ അതിനു ശേഷം തിരിച്ചു വന്ന ഭാസിയുടെ വേഷത്തിന് ഒരു തളര്‍ച്ച ഉള്ളതായി  തോന്നിയില്ല. തുടര്‍ന്ന് അരങ്ങത്തു വന്ന ഹനുമാന്‍ ഈ കുട്ടികളെ കാണുന്നതും ഒരു വാല്‍സല്യം ഉള്ളില്‍  നിറയുന്നു . പണ്ട് ആദ്യമായി ശ്രീരാമലക്ഷ്മണന്മാരെ കണ്ടതും ഓര്‍ക്കുന്നു.  ഈ കുട്ടികളുടെ പരാക്രമം കണ്ടു ഇവര്‍ ആര് എന്ന ഒരു സംശയം ജനിക്കുന്നു . സാധാരണ കാണാറുള്ള ഹനുമാന്‍മ്മാര്‍ മരത്തിന്‍റെ ഇലയും ചുള്ളി കൊമ്പുകളും പൊട്ടിച്ചു കുട്ടികളെ പ്രകോപിപ്പിക്കാന്‍ അവരുടെ നേരെ എറിയുന്നതാണ്. എന്നാല്‍ ഇവിടെ നമ്മള്‍ കാണുന്നത്‌ മരത്തിലെ പൂക്കള്‍ പൊട്ടിച്ചു കുട്ടികളുടെ നേരെ ഒരു പുഷ്പ്പാര്‍ച്ചന നടത്തുന്നതാണ്. ഭക്തിയും വാല്സല്യവും നിറഞ്ഞ ഒരു ഹനുമാനെ ആണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.  പിന്നീട് ഉള്ള “അനില സുതന്‍ അഹം” എന്നിടത്തുള്ള അഷ്ട്ടകലാശം മൂന്നു പേര്‍ കൂടി അതി മനോഹരമായി അവതരിപ്പിച്ചു. അതിനു ശേഷം വലിയൊരു എതിപ്പ് കാണിക്കാതെ ചെറിയൊരു യുദ്ധത്തോടെ ഹനുമാന്‍ കുട്ടികള്‍ക്ക് പിടികൊടുക്കുന്നു. ലവകുശന്‍ന്മാര്‍ ഹനുമാനുമായി സീതയുടെ സമീപം വരുമ്പോള്‍ തന്‍റെ  ദേവിയോടുള്ള ഹനുമാന്‍റെ ഭക്തിയും തിരിച്ചു ഹനുമാനോടുള്ള സീതയുടെ വാല്‍സല്യവും നിറഞ്ഞു തുളുമ്പുന്നു. കുട്ടികള്‍ ആരാണ് എന്ന് ഹനുമാന് വ്യക്തമാകുന്നു.

കുട്ടികളോട് ഹനുമാന്‍റെ കെട്ട് അഴിച്ചു വിടാന്‍ ആവിശ്യപ്പെടുന്ന സീത, ഹനുമാനോട് താങ്കള്‍ എന്തിനാണ് ഈ കാട്ടില്‍ വന്ന് തന്‍റെ കുട്ടികളുമായി ഒരു വഴക്ക് ഉണ്ടാവാന്‍ ഉള്ള കാരണം എന്ന് ആരായുന്നു. അതിനു മറുപടി എന്നോണം പര്‍ണ്ണശാലയില്‍ നിന്ന് പുറത്തേക്ക് ആനയിക്കപെടുന്ന സീതക്ക് ഹനുമാന്‍ യാഗാശ്വത്തെ കാണിച്ചു കൊടുക്കുന്നതും, തുടര്‍ന്ന് അശ്വമേധം നടത്തുന്ന ശ്രീരാമചന്ദ്രന്‍  ഭാര്യയുടെ സ്ഥാനത്ത് സ്വര്‍ണ്ണം കൊണ്ട് സീതയുടെ രൂപം ഉണ്ടാക്കിവെച്ചതും പറയുന്നതും എല്ലാം നന്നായി  തന്നെ അവതരിപ്പിച്ചു. അതിനു ശേഷം സീതയുടെ നിര്‍ദ്ദേശപ്രകാരം കുട്ടികള്‍ യാഗാശ്വത്തെ ഹനുമാന് വിട്ടു കൊടുക്കുന്നു. ഇവിടെ കെട്ട് അഴിച്ച ആ കുതിരയുടെ കുതിപ്പും ചലനങ്ങളും ഒരു പ്രത്യേക രീതിയില്‍ ഭംഗിയോടെ ആശാന്‍ അവതരിപ്പിച്ചു. 

ശ്രീ സദനം ബാലകൃഷ്ണന്‍ എന്ന നടന്‍റെ കഴിവുകള്‍ ഇനിയും ഏറെ മലയാളികള്‍ക്ക് മനസ്സിലാക്കാന്‍ ഉണ്ട് എന്ന് തോന്നി ഈ കഥകളി കണ്ടപ്പോൾ. പ്രത്യേകം എടുത്തു പറയേണ്ട മറ്റൊരു കാര്യം സംഗീതം ആണ്. വെണ്മണി ഹരിദാസേട്ടനെ സ്മരിക്കാതിരിക്കാന്‍ അവിടെ ആര്‍ക്കും കഴിഞ്ഞിട്ടുണ്ടാവില്ല. അതെ ശൈലിയില്‍ പാടിയ കലാമണ്ഡലം ഹരീഷും കൂടെ പാടിയ കലാമണ്ഡലം വിനോദും സദനം ജോതിഷ്‌ ബാബുവും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. രീതിഗൌളയില്‍ പാടിയ  “അനുപമ ഗുനനാകും ” എന്നതും “സുഖമോ ദേവിയും” ഹരിദാസ്‌ ഏട്ടന്‍ തന്നെയോ പാടുന്നത് എന്ന് തോന്നിപ്പിച്ചു. ചെണ്ടയില്‍ സദനം രാമകൃഷ്ണനും മദ്ദളത്തില്‍ സദനം ദേവദാസും നന്നായി.  ശ്രീനാഥ്‌ നല്ല വേഷ ഭംഗി ഉള്ള നടന്‍ ആണ് എങ്കിലും ചില മുദ്രകള്‍ (എനിക്ക് തീരെ ഭംഗി ഇല്ലാതെ തോന്നിയത് കുതിര എന്ന മുദ്രക്ക് ആണ് ) പിടിക്കുന്നത്‌ കണ്ണിനു അല്‍പ്പം അലോസരം ഉണ്ടാക്കി. സമയ പരിമിതി മൂലം ആവാം യുദ്ധവട്ടം അത്രയധികം വിസ്തരിച്ചില്ല. എന്തൊക്കെ ആയാലും കളി പൊതുവില്‍ നന്നായി എന്ന് തന്നെ പറയാം. രണ്ടാമത്തെ കളി യായ ബാലിവിജയം തുടങ്ങുന്നതിനു മുമ്പ്,  ഈ ഇടയ്ക്കു ഭരതം അവാര്‍ഡിനു അര്‍ഹനായ ശ്രീ വെള്ളിനേഴി ഹരിദാസിനെ ആദരിക്കാനും ഉത്തരീയം ഭാരവാഹികള്‍ മറന്നില്ല. ഇതും പ്രശംസിക്കപ്പെടേണ്ട കാര്യം ആണ്.

ബാലിവിജയം

രണ്ടാമത്തെ കഥ ആയ ബാലിവിജയം കഥ ഇവിടെ അവതരിപ്പിച്ചത് ആദ്യത്തെ പതിഞ്ഞ പദം ഒഴിവാക്കി “ജയ ജയ രാവണാ….” എന്ന നാരദന്റ്റെ പദം മുതല്‍ക്കാണ്. അത് എനിക്ക് അത്ര നന്നായി തോന്നിയില്ല. സമയ പരിമിതിയില്‍ പരിപാടി തീര്‍ക്കുക എന്ന സംഘാടകരുടെ ഉദ്ദേശത്തെ ഉള്‍ക്കൊണ്ടു തന്നെ പറയട്ടെ അത് ഉള്‍ക്കൊള്ളിച്ച് ബാലി വരെ എന്നാക്കാമായിരുന്നു എന്ന് എനിക്ക് തോന്നി. (ഇത് എന്റ്റെ വളരെ വ്യക്തി പരമായ അഭിപ്രായം മാത്രം) ആ ഭാഗാത്തെ കരവിംശതി കാണാന്‍ ഉള്ള കൌതുകം കൊണ്ടാണ് എന്ന് കണക്കാക്കിയാല്‍ മതി. രാവണനായി കോട്ടക്കല്‍ കേശവന്‍ കുണ്ഡലായരും നാരദനായി കോട്ടക്കല്‍ ദേവദാസും ബാലി ആയി കോട്ടക്കല്‍ ഹരീശ്വരനും  അരങ്ങത്തു വന്നു.  വളര ഏറെ പ്രത്യേകതകള്‍ ഒന്നും പ്രത്യക്ഷമായി തോന്നാത്ത ആ പദവും അതിന്‍റെ മറുപടി പദവും കഴിയുമ്പോഴെക്കും കേശവേട്ടന്‍ പതുക്കെ അരങ്ങു കയ്യിലെടുത്തു തുടങ്ങി. നാരദനായി വന്ന കോട്ടക്കല്‍ ദേവദാസ്‌ അതിനൊത്ത് ഉയര്‍ന്നതോടെ കളി നന്നാവും എന്ന പ്രതീതി അപ്പോഴേ ഉണ്ടായി. പിന്നീട് നാരദന്‍റെ കലശലുകളും രാവണന്‍റെ ദേഷ്യവും കൂടി കൂടി വന്നു.

ബാലി എന്ന ഒരു വാനരന്‍ മാത്രം അങ്ങയെ ബഹുമാനിക്കാതെ ഒരു പുല്ലും രാവണനും തുല്യം എന്നിടത്ത് തന്‍റെ ചന്ദ്രഹാസം എടുത്തു എന്നാല്‍ ഉടനെ അവനെ പിടിച്ചു കെട്ടി കൊണ്ട് വരാന്‍ പുറപ്പെടുന്നു. അവിടെ നാരദന്‍ ഈ ഒരു കുരങ്ങനെ പിടിക്കാന്‍ വാള് എന്തിനാണ് എന്ന് ചോദിക്കുന്നു.

ഈ വാളിന്‍റെ കഥ കേട്ടിട്ടുണ്ടോ എന്ന് രാവണന്‍ നാരദനോട് ചോദിക്കുന്നു. ആ കൈലാസത്തിനടിയിലൂടെ രാവണന്‍ പോകുന്നത് കണ്ട് ശ്രീപരമശിവന്‍ ഹേയ് താന്‍ ഇങ്ങോട്ട് വരിക , ഈ വാള് കൊണ്ട് പൊക്കോളു എന്ന് പറഞ്ഞ് തന്നതല്ലേ ? എന്ന നാരദന്‍ സരസമായി പറഞ്ഞു വെക്കുമ്പോള്‍ ഏയ്‌ അങ്ങിനെ ഒന്നും അല്ല ഞാന്‍ പറഞ്ഞു തരാം എന്ന് ഒട്ടു അഹങ്കാരത്തോടെ രാവണന്‍ പറയുന്നതും തുടര്‍ന്നുള്ള കഥയും അതിമനോഹരമായി

കേശവന്‍ കുണ്ഡലായര്‍ അവതരിപ്പിച്ചു . ബ്രഹ്മാവില്‍ നിന്ന് ആശിച്ച വരങ്ങള്‍ പിടിച്ചു വാങ്ങി ലങ്കയില്‍  വസിക്കുന്ന കാലത്ത്  സഹോദരനായ വൈശ്രവണന്‍ ദൂതനെ അയച്ചതും ആ ദൂതനെ വെട്ടി കൊന്നു സഹോദരന്‍റെ സമീപത്തു പോയപ്പോള്‍ അദ്ദേഹം തന്‍റെ പുഷ്പ്പക വിമാനം രാവണന്റ്റെ  കാല്‍ക്കല്‍ സമര്‍പ്പിച്ചതും അതിനു ശേഷം അതില്‍ കയറി ലോകം ചുറ്റി സഞ്ചരിക്കുന്നതും വിമാനം കൈലാസത്തില്‍ തട്ടി മുന്നോട്ടു പോകാന്‍ സാധിക്കാത്തതും എല്ലാം വിസ്തരിച്ചു പകര്‍ന്നാടി. അതിനു ശേഷം പ്രശസ്ത്തമായ  കൈലസോദ്ധാരണം അതി മനോഹരമായി (നോക്കി കാണലും അത് പുഴക്കി എടുത്തു അമ്മാനമാടലും എല്ലാം) പകര്‍ന്നാടി. ഒരുപാട് നേരം വിസ്തരിചില്ലങ്കിലും ഉള്ളത് മനോഹരം ആക്കി.  അതിനു  ശേഷം ഉള്ള പാര്‍വതി വിരഹവും നന്നായി തന്നെ കേശവേട്ടന്‍ ആടി. ആ ചന്ദ്രഹാസം പോലും ഞാന്‍ കുമ്പിട്ടു വാങ്ങിയതല്ല മറിച്ചു പാര്‍വതിയുടെ കലഹം മാറ്റാന്‍ ഹേതുവായ എനിക്ക് സന്തോഷം കൊണ്ട് സമ്മാനിച്ചതാണ് എന്ന അഹങ്കാര മൂര്‍ത്തിയായ രാവണനെ കേശവേട്ടന്‍ അതി ഗംഭീരമായി അവതരിപ്പിച്ചു . കോട്ടക്കല്‍ ദേവദാസിന്റ്റെ നാരദന്‍ ആവശ്യത്തിന് നര്‍മ്മം മേമ്പൊടി ആയി വിതറി കൊണ്ടിരുന്നത് അരങ്ങിനു കൂടുതല്‍ മിഴിവേകി. ഏതായാലും താന്‍ ഉദ്ദേശിച്ച രീതിയില്‍ രാവണനെ കൊണ്ട് ചന്ദ്രഹാസം എടുപ്പിക്കാതെ രാവണനോട് കൂടി ബാലി തര്‍പ്പണം ചെയ്യുന്ന സമുദ്ര തീരത്തിലേക്ക് പുറപ്പെടുന്നു. തുടര്‍ന്ന് ബാലിയുടെ തിരനോക്കും ഒരു ചെറിയ തന്‍റേടാട്ടവും. തുടര്‍ന്ന് ബാലിയുടെ പദം അതില്‍ സമുദ്രത്തില്‍ ഒരു ഛായ (നിഴല്‍) കാണുന്നത്‌ എന്‍റെ അച്ഛനെ അപമാനിച്ച രാവണന്‍ ആണ് എന്ന് മനസ്സിലാക്കുന്നിടത്ത് (“പത്ത്‌ മുഖമുണ്ടിവന്” എന്നിടത്ത് )  ബാലിയുടെ അഷ്ട്ടകലാശം. തുടര്‍ന്ന് നാരദന്‍ ബാലിയെ രാവണന് കാണിച്ചു കൊടുക്കുന്നു.

ആദ്യം ബാലിയെ കണ്ടപ്പോള്‍ രാവണന് പേടി തോന്നി മടങ്ങി പോകാന്‍ ഭാവിക്കുന്നതും നാരദന്‍ പലതും പറഞ്ഞു രാവണനെ ബാലിയുടെ വാലില്‍ പിടിപ്പിക്കുന്നതും ഊരാന്‍ പറ്റാതെ 10 കൈയ്യുകള്‍ കൊണ്ടും തല കൊണ്ടും ഒടുക്കം കാലുകൊണ്ടും വാല് പിടിച്ചു വലിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്നതും അതില്‍ പരാജയപ്പെടുന്നതും വാലില്‍ കുരുങ്ങി വീഴുന്നുതം കാണികളില്‍ ചിരി പടര്‍ത്തി. തന്‍റെ ഉദ്ദേശലക്ഷ്യം സാധിച്ച നാരദന്‍ തൃപ്തനായി മടങ്ങുന്നു.

രാവണന്‍റെ കരച്ചില്‍ ശബ്ദം കേട്ട ബാലി രാവണനെ ബന്ധമോചനം ചെയ്ത് ആലിംഗനം ചെയ്യുന്നു. ഇനി സൌഖ്യത്തോടെ വസിച്ചാലും എന്ന് ആശീര്‍വാദം ചെയ്ത് പരിയുന്നതോടെ  ബാലി വിജയം സമാപിക്കുന്നു. 

ഇതില്‍ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍, കോട്ടക്കല്‍ ദേവദാസ്‌ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി. ബാലി ആയി വന്ന കോട്ടക്കല്‍ ഹരീശ്വരനും, പാട്ടുകാരും,  മേളക്കാരും എല്ലാം നന്നായി. കോപ്പും അതി മനോഹരം ആയിരുന്നു.

അത് പോലെ കലാക്ഷേത്ര എന്ന ഇത്രയും വലിയൊരു വേദിയില്‍ കളി കാണാന്‍ കഴിഞ്ഞു എന്നതും ഒരു മഹാഭാഗ്യം തന്നെ ആണ്.  കേരളത്തിനു പുറത്തു ഇത്രയും മനോഹരമായ ഒരു പരിപാടി ആസൂത്രണം ചെയ്ത് വിജയിപ്പിച്ച ഉത്തരീയം എന്ന സംഘടന പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഞങ്ങളെ ഈ പരിപാടിക്ക് ക്ഷണിച്ച് ഒരു ഗംഭീര സദ്യ തന്നെ ഒരുക്കി തന്ന ഉത്തരീയത്തിന്‍റെ ഭാരവാഹികള്‍ ഓരോരുത്തരോടും (ഞാന്‍ അറിയുന്നവരോടും  അറിയാത്തവരോടും) എന്‍റെ നന്ദി അറിയിക്കുന്നു. ഇനിയും നല്ല നല്ല കഥകളികള്‍ (മറ്റു സമാന കലകളും) നടത്താന്‍ ഈ സംഘടനക്ക് കഴിയുമാറാകട്ടെ…….

ഇത് ജൂണ്‍ 29 ന് നടന്ന കഥകളികളുടെ ഒരു സാധാരണ വിവരണം മാത്രം. മുരളി ഏട്ടന്‍ ഈ കളിയെ പറ്റി ഒന്ന് എഴുതി തരാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒട്ടൊരു ഭയത്തോടെ ആണ് ഞാന്‍ ഈ കുറുപ്പ് എഴുതിയത്.  കഥകളിയെ പറ്റി ആധികാരികവും മറ്റു സാങ്കേതികയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമഗ്രമായ ഒരു വിവരണം നല്കാന്‍ കഴിവുള്ളവര്‍ ഒട്ടേറെ പേര്‍ ആ കളി കാണാന്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇതില്‍ ഉള്ള പാകപ്പിഴകള്‍ ചൂണ്ടി കാണിക്കും എന്ന വിശ്വാസത്തോടെ….


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder