രവീന്ദ്രനാഥ് പുരുഷോത്തമൻ

November 3, 2015

ഇന്ന്  വിശ്വകലയായി തീർന്നിരിക്കുന്ന, കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളർച്ചയ്ക്ക് പ്രതിഭാധനരായ ഒട്ടനവധി ആചാര്യന്മാരുടെയും, വള്ളത്തോളിനെപ്പോലുള്ള ആസ്വാദക വരേണ്യരുടേയും സ്തുത്യർഹമായ പങ്കുപോലെതന്നെ അവിസ്മരണീയമാണ് നാട്ടിലുടനീളവും, ചില വിദേശ രാജ്യങ്ങളിലുമുള്ള ക്ലബ്ബുകളുടെ സംഭാവനകളും. 

ആട്ടക്കഥ, കഥകളി, അഭിനയം, മുദ്രകൾ അങ്ങനെ ഈ കലാരൂപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാധാരണക്കാർക്കു  കൂടി മനസ്സിലാവുന്ന തരത്തിൽ പരിചയപ്പെടുത്തുവാൻ കഥകളി ക്ലബ്ബുകൾ സ്വീകരിച്ചു വരുന്ന നടപടികൾ ശ്ലാഘനീയമാണ്. പ്രചുരപ്രചാരം നേടിയവ കൂടാതെ ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിച്ചു വരുന്ന ആട്ടക്കഥകൾ കൂടി നവ ആസ്വാദകരെ പരിചയപ്പെടുത്തുന്നത് ഈ കലാരൂപത്തിന്റെ വളർച്ചയ്ക്കും, പ്രചാരത്തിനും സഹായകരമായിരിക്കും. തിരുവല്ലയിൽ പ്രവർത്തിച്ചു വരുന്ന ശ്രീവൈഷ്ണവം കഥകളി കലാശാല അതിനുള്ള സംരംഭത്തിന്  ഒരുവർഷം മുമ്പ്  തുടക്കമിട്ടു. അടുത്ത വർഷം പൗണ്ഡ്രകവധം ആട്ടക്കഥ അവതരിപ്പിക്കാനാണ്  ഞങ്ങൾ ഉദ്ദേശിക്കുന്നത്. 

ഈ അടുത്ത കാലത്ത്  ഒരു സംഘം കഥകളി ആസ്വാദകർ രൂപീകരിച്ച ഒരു വാട്സ് ആപ്പ് / ഫെയ്സ്ബുക്ക്  ആസ്വാദക ഗ്രൂപ്പാണ്  കളിക്കൂട്ടം.  ഈ സംഘത്തിന്റേയും, ഒറ്റപ്പാലം കഥകളി രംഗശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലക്കിടിയിൽ പ്രഥമ പരിപാടി അവതരിപ്പിക്കുകയുണ്ടായി. 

2015 നവംബർ ഒന്നിന്.  കിള്ളിക്കുറിശ്ശിമംഗലം ശ്രീശങ്കര ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയം ആയിരുന്നു വേദി. 

കിള്ളിക്കുറിശ്ശിമംഗലത്ത്  അവതരിപ്പിച്ചത്  നളചരിതം രണ്ടാം ദിവസം ആയിരുന്നു.പാശ്ചാത്യകാവ്യ സങ്കേതത്തിൽ പരിശോധിച്ചാൽ രണ്ടാം ദിവസം ഒരൊന്നാന്തരം ട്രാജഡിയാണ്. നായികാ നായകന്മാരുടെ അനുരാഗം വിവാഹത്തോടുകൂടി സഫലീകരിക്കപ്പെടുന്നു. ചില ദുർവിധികൾ കാരണം സർവ്വവും നഷ്ടപ്പെടുകയും, ദമ്പതികൾ രാജ്യ ഭ്രഷ്ടരാവുകയും ചെയ്യുന്നു. കാട്ടിൽ അലഞ്ഞു തിരിയവേ, ദുർബുദ്ധി തോന്നി പ്രിയതമയെ ഉപേക്ഷിക്കേണ്ടി വരുന്നു. ഏകയായി, ഭയചികിതയായി ഭർത്താവിനെ വിളിച്ചു വിലപിച്ചു കൊണ്ട്  കാട്ടിൽ അലയുകയായിരുന്ന നായിക, ഒരു കാട്ടാളന്റെ അക്രമത്തിനു വിധേയയാവുന്നു. ഒരു ദുരന്ത നാടകത്തിന്റെ ശില്പ ഭംഗിയ്ക്ക്  ഈ ഇതിവൃത്തം ധാരാളമല്ലേ? ഈ മുഹൂർത്തങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള കാവ്യശില്പമായതു കൊണ്ടാവാം, കൊല്ലവർഷം 927 -ലെ മീനമാസത്തിലെ ഉത്സവത്തിന്  രണ്ടാം ദിവസം അരങ്ങേറാൻ തെരഞ്ഞെടുത്തത്.

ഇതിഹാസ പ്രസിദ്ധമായ മഹാഭാരതത്തിലെ ആരണ്യപർവ്വത്തിൽ പ്രതിപാദിക്കുന്ന ഒരു സാരോപദേശ കഥയാണ് നളോപാഖ്യാനം. ബ്രുഹദശ്വൻ എന്ന ഒരു മഹർഷി ധർമ്മപുത്രർക്ക്  ഉപദേശിച്ചു കൊടുക്കുന്നതാണ്  ഈ കഥ. 28 അദ്ധ്യായങ്ങളിലായി വനപർവ്വത്തിൽ ഈ കഥ 4 ദിവസത്തെ ആട്ടക്കഥയായി ഉണ്ണായിവാര്യർ സൃഷ്ടിച്ചു. ആംഗികാഭിനയത്തേക്കാൾ ഭാവാഭിനയത്തിനും രസാവിഷ്ക്കരണത്തിലും പ്രാധാന്യം നൽകിയാണ്‌ അദ്ദേഹം തന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്. 

സംഭവ ബഹുലമായ മനുഷ്യജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികളുടെ, മാനസിക സംഘട്ടനങ്ങളുടെ അഗാധ തലങ്ങൾ വരെ സ്പർശിച്ചു കടന്നു പോകുന്ന, എല്ലാ നാടക ലക്ഷണങ്ങളും അടങ്ങിയ, ഒരു റൊമാന്റിക് ക്ലാസ്സിക്കൽ കൃതിയാണ്  നളചരിതം എന്ന്  നിരൂപകന്മാർ വിലയിരുത്തിയിട്ടുണ്ട്.  ഇത്രയേറെ പഠനങ്ങളും, വിശകലനങ്ങളും, വിമർശനങ്ങളും നേരിട്ടിട്ടുള്ള മറ്റൊരു ആട്ടക്കഥ ഉണ്ടെന്നു തോന്നുന്നില്ല. 

വിവാഹാനന്തരം നള ദമയന്തീമാർ ഉദ്യാനത്തിൽ വിഹരിക്കുന്ന രംഗമായ “കുവലയ വിലോചനെ” എന്ന തോഡിയിലുള്ള പതിഞ്ഞ പദം മുതൽ, പീഡിപ്പിക്കാൻ ശ്രമിച്ച കാട്ടാളനെ പാതിവ്രത്യ ശക്തിയാൽ ഭസ്മമാക്കുന്നതു വരെയുള്ള ഭാഗമാണ്  രണ്ടാം ദിവസത്തിൽ പൊതുവേ അവതരിപ്പിച്ചു വരുന്നത്.  തനിക്ക്  സിദ്ധിച്ചിട്ടുള്ള അമരേന്ദ്രവരത്തെ ദമയന്തി ഒന്നു സ്മരിച്ചതേയുള്ളു. കാട്ടാളൻ ഭസ്മമായി. (അബലേ നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പു.) 

ഇതിനിടയിൽ വളരെ സംഘർഷഭരിതങ്ങളായ ഒരുപാട്  മുഹൂർത്തങ്ങിളിലൂടെയാണ്  കഥ കടന്നു പോകുന്നത്.  കലി ദ്വാപരന്മാർ ഇന്ദ്രാദികളെ മാർഗ്ഗ മദ്ധ്യേ കണ്ടു മുട്ടുന്നത്,  നളനിൽ പ്രവേശിക്കാനുള്ള കലിയുടെ പരിശ്രമങ്ങൾ, പുഷ്ക്കരനെ പ്രലോഭിപ്പിച്ച്  ചൂതു കളിപ്പിക്കുന്നത്, എല്ലാം നഷ്ടപ്പെട്ട്  നായികാ നായകന്മാർ വനവാസത്തിനു പോകുന്നത്, വേർപാട്, നായികയെ ദംശിച്ച സർപ്പത്തെ കൊന്നു രക്ഷപ്പെടുത്തുന്നത്,  അയാളുടെ പ്രലോഭനങ്ങൾ അതിര്  കടന്നപ്പോൾ നായിക ശപിച്ച്  ‘ഭസ്മീകരിക്കുന്നത്’, അങ്ങനെ അത്യന്തം നാടകീയമായാണ്  കവി ഇവിടെ രചന നടത്തിയിട്ടുള്ളത്. 

ഗാനങ്ങളുടെ ആലാപന പ്രാധാന്യം നല്ലവണ്ണം ഗ്രഹിച്ചു തന്നെയാണ്  രചന നിർവ്വഹിച്ചിട്ടുള്ളത്  എന്നതത്രേ മറ്റൊരു സവിശേഷത.

പീശപ്പള്ളി രാജീവൻ – നളൻ, കലാമണ്ഡലം ഷണ്മുഖൻ – ദമയന്തി, കോട്ടക്കൽ പ്രദീപ്‌ – ഇന്ദ്രൻ, കലാകേന്ദ്രം ബാലു – കലി , കലാമണ്ഡലം ഷിബു ചക്രവർത്തി – ദ്വാപരൻ , കലാമണ്ഡലം രാജീവൻ – പുഷ്ക്കരൻ, രഞ്ജിനി സുരേഷ് – കാട്ടാളൻ തുടങ്ങിയവരായിരുന്നു വേഷം. കോട്ടക്കൽ നാരായണൻ, നെടുമ്പുള്ളി രാം മോഹൻ, വേങ്ങേരി നാരായണൻ എന്നിവരായിരുന്നു പാട്ട്.  കുറൂർ വാസുദേവൻ നമ്പൂതിരി, കോട്ടക്കൽ വിജയരാഘവൻ -ചെണ്ടയും സദനം ദേവദാസ്  മദ്ദളവും വായിച്ചു. 

രണ്ടുപേരുടെ വേഷത്തെ കുറിച്ചു മാത്രമേ ഞാനിവിടെ പരാമർശിക്കുവാൻ ഉദ്ദേശിക്കുന്നുള്ളൂ.  മറ്റുള്ളവരുടെ പ്രകടനം മോശമായതു കൊണ്ടോ, ഈ രണ്ടു പേർ എന്റെ മിത്രങ്ങളാതു കൊണ്ടോ കൊടുക്കന്ന പരിഗണനയല്ല. അവർ രണ്ടുപേരും ഇന്നലെ കെട്ടിയ വേഷങ്ങൾ ആദ്യമായി കൈകാര്യം ചെയ്യുകയായിരുന്നു. 

കലാകേന്ദ്രം ബാലുവിന്റെ കലിയും,രഞ്ജിനിയുടെ കാട്ടാളനും. ശരിയായി ഗൃഹപാഠം ചെയ്തിട്ടു തന്നെ ഇരുവരും രംഗത്തെത്തിയത്. 

നളചരിതം കഥയിൽ ദുഷ്ടതയുടെ പര്യായമായിട്ടാണ്  വാര്യർ കലിയെ സൃഷ്ടിച്ചിട്ടുള്ളത്.  നള ദമയന്തിമാരുടെ ജീവിത സാക്ഷാൽക്കാരത്തിന്  ഹേതുവായത്  ഹംസമാണെങ്കിൽ, അവരുടെ ജീവിതം തകർത്തത്  കലിയാണ്. ഉപകാരിയായ ഹംസത്തിന്റെ വിപരീത പ്രകൃതിയാണ് കലി. ‘പരപീഡനമെനിക്കു വ്രതമെന്നറിക” എന്നാണ്  കലി തന്നെ പറയുന്നത്.  കലിയുടെ അസഹിഷ്ണത, അമർഷം,പരിഹാസം ഇതെല്ലാം വളരെ നന്നായി ബാലു ചെയ്തു. 

സംസ്കൃതചിത്തനായ ഒരു വ്യക്തിയുടെ ലക്ഷണമാണ്  നളചരിതത്തിലെ കാട്ടാളനുള്ളത്. അപകടസന്ധിയിൽ നിന്ന് ഒരു അപരിചിതയെ രക്ഷിക്കുന്നത്  അയാൾ സാംസ്ക്കാര സമ്പന്നനായതു കൊണ്ടാണ്.  ദമയന്തിയുടെ സൗന്ദര്യത്തിൽ ലയിച്ചു പോയത് അയാളുടെ സൗന്ദര്യബോധം. ധീരത കാണിച്ച്  മതിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത്  -അയാൾ കാട്ടാളനാണെങ്കിലും- മനുഷ്യ സഹജമാണ്.  ദമയന്തിയുമായുള്ള  അയാളുടെ സംഭാഷണം ശ്രദ്ധിച്ചാൽ, അയാൾ സംസ്ക്കാരം ഉള്ളയാളായിരുന്നു എന്ന്  മനസ്സിലാക്കാം.  ജീവൻ രക്ഷിച്ചതു കൊണ്ടാണ്  അവകാശം ഉന്നയിച്ചത്. അഭിമാനിയായ ഒരു വനപ്രമാണി ആയിരുന്നിരിക്കണം ഈ വിദ്വാൻ.ദമയന്തിയോടൊപ്പം ഒരു ദാമ്പത്യ ജീവിതം വരെ ആ പാവം മോഹിച്ചു പോയി. “അംഗനേ ഞാനങ്ങു പോവതെങ്ങനെ”, ഇതു കേൾക്കുമ്പോൾ, സിനിമാ പടത്തിലെ,സന്യാസിനീ,  സുമംഗലീ നീ ഓർമ്മിക്കുമോ  തുടങ്ങിയ നായക വിലാപഗാനങ്ങളല്ലേ ഓർമ്മ വരുന്നത്.

രക്ഷകനായി പ്രത്യക്ഷപ്പെട്ട്  കാമാന്ധനായിത്തീരുന്ന കാട്ടാളന്റെ ചാപല്യങ്ങൾ രഞ്ജിനി വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു.  കത്തിയായാലും, താടിയായാലും, കരിയായാലും ആ വേഷത്തിന്റെ വിജയത്തിന്  ഒരു പ്രധാന ഘടകമാണ്  അലർച്ച.  അക്കാര്യത്തിൽ രഞ്ജിനിക്ക്  ഞാൻ പാസ്സ്  മാർക്ക്  കൊടുക്കുന്നില്ല. 

പീശപ്പള്ളി രാജീവന്റെ സ്ത്രീ വേഷങ്ങളും, ചില മിനുക്കു വേഷങ്ങളും, തിരുവല്ലായിൽ ഒരു ഒന്നാം ദിവസം നളനും ഇതിനു മുമ്പ്  ഞാൻ കണ്ടിട്ടുണ്ട്. രണ്ടാം ദിവസം നളൻ ആദ്യമായി കാണുകയായിരുന്നു. പതിഞ്ഞ പദവും, വേർപാടുമൊക്കെ വളരെ ഭാവതീവ്രതയോടെ അദ്ദേഹം ആടുകയുണ്ടായി.  രാജീവനുമൊത്തുള്ള കൂടിയാട്ടം (പുഷ്ക്കരൻ) അതീവ ഹൃദ്യമായിരുന്നു. 

കേരളപ്പിറവി ദിനത്തിൽ നല്ലയൊരു കഥകളി സമ്മാനിച്ച രംഗശാലയുടെയും, കളിക്കൂട്ടത്തിന്റേയും ഭാരവാഹികളെ കൃതജ്ഞത അറിയിക്കുന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder