ഇന്ദിരാ ബാലൻ

June 30, 2012 

(നാട്യാചാര്യൻ “പദ്മശ്രീ ” വാഴേങ്കട കുഞ്ചുനായരെക്കുറിച്ച്‌ മകൾ അനുസ്മരിക്കുന്നു.)

നടന വൈഭവം കൊണ്ടും, രസസ്ഫൂർത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയിൽ പ്രോജ്വലിക്കുന്ന തൗര്യത്രികത നിറഞ്ഞ്‌ അച്ഛനാടിയ അവിസ്മരണീയ മുഹൂർത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല.അതിനാൽ തന്നെ ഈ ഓർമ്മകൾക്ക്‌ വിഷാദച്ഛവിയേറിയിരിക്കും. പക്ഷേ മനസ്സിന്റെ കളിയരങ്ങിൽ അച്ഛന്റെ നിരവധി കഥാപാത്രങ്ങൾ നിരന്തരം നിറഞ്ഞാടി. കവി ഗതമനുസരിച്ച്‌ സൂക്ഷ്മസ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത്‌ ഇതിവൃത്തത്തിന്‌ അർത്ഥവും കഥാപാത്രത്തിന്‌ മിഴിവും നൽകിയ അച്ഛന്റെ അഭിനയ പാടവം കേട്ടുപരിചയത്തിലും വായിച്ചറിവിലും ഒതുങ്ങി. ഉറഞ്ഞു തുള്ളി പെയ്യുന്ന കർക്കടക പേമാരിയിൽ ഓട്ടിൻ പുറത്തു നിന്നും വീഴുന്ന ജല ധാരകളുടെ നനഞ്ഞ നോവായി അച്ഛൻ എന്റെ മനസ്സിൽ തങ്ങി നിന്നു. ഈ നോവിന്റെ വ്യഥിതശ്രുതിയാണ്‌ മുറ്റത്തെ വരിച്ചാലുകളിലൂടെ ഒഴുകി പോവുന്നതെന്ന്‌ എനിക്കു തോന്നിയിരുന്നു. അതുകൊണ്ടു തന്നെ മനസ്സിൽ ശോകം സ്ഥായീരസമായി. കളി വിളക്കിൻറെ ഉജ്ജ്വലപ്രഭാപൂരത്തിൽ നവരസഭാവങ്ങളിഴചേർന്ന്‌ തൻമയത്വത്തോടെ അഭിനയിച്ചു ജീവിച്ച ആ മൗലിക പ്രതിഭ ആതുര ശരീരനായി കിടന്ന നീണ്ട ഒൻപതു വർഷം. ….അതിപ്പോഴും മനസ്സിൽ ഒരു കടലായി ഇരമ്പുന്നു.

ജീവിത പ്രാരാബ്ധങ്ങളേറെ താണ്ടി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അച്ഛൻ അറം പറ്റിയതുപോലെ അരങ്ങിൽ നിന്നു കുഴഞ്ഞു വീണു. പ്രതിഭാധനനായ അദ്ദേഹത്തെക്കുറിച്ചു ഏറെ അറിയാൻ കഴിഞ്ഞത്‌ ഷഷ്ഠിപൂർത്തീയോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച “കലാപ്രസാദം” എന്ന പുസ്തകത്തിൽ നിന്നുമാണ്‌. ജീവിതത്തിന്റെ കഠിനയാതനകളിലൂടെ നിതാന്ത പരിശ്രമത്താൽ കഥകളിയെന്ന കല തപസ്സ്യയാക്കിയ ആ മഹാനുഭാവന്റെ മകളായി ജനിക്കാൻ ഭാഗ്യം സിദ്ധിച്ചതു ജന്മാന്തര സുകൃതമായി കരുതുന്നു. ആത്മാർത്ഥതയും കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും സ്ഥിരോത്സാഹവുമായിരുന്നു ആ കലാകാരന്റെ മുതൽക്കൂട്ട്‌. ഗുരുനാഥന്റെ കൽപ്പനാവൈഭവം അലതല്ലുന്ന കളരിയിൽ നിന്നും നേടിയ ശിക്ഷണത്തിലും നിരന്തരമായ അഭ്യാസത്താലും സാധന കൊണ്ടും അച്ഛൻ കഥകളി ലോകത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തി. വേഷത്തിൻറെ കുലീനത്വം, കൈമുദ്രകളുടെ വെടിപ്പ്‌, ഭാവാഭിനയത്തിന്റെ പൂർണ്ണത, ആട്ടത്തിന്റെ ഒതുക്കം, നിയന്ത്രണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങളായിരുന്നു.ശ്രേഷഠ വ്യക്തികൾ ദീർഘവീക്ഷണമുള്ളവരായിരിക്കുമല്ലോ. അച്ഛന്റെ സ്ഥാനവും അവിടെയായിരുന്നു. ഒഴിവു നേരങ്ങളിൽ ആഴവും പരപ്പും നിറഞ്ഞ വായനയിലേർപ്പെടും. തന്റേതായ ആശയങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും വ്യക്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കും. അതുകൊണ്ടു തന്നെ കഥകളി രംഗത്ത്‌ തനതായ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. കഥകളിയോടൊപ്പം ചിത്രകല, സാഹിത്യം, പ്രസംഗകല എന്നീ മേഖലകളിലും നിഷ്ണാതനായിരുന്നു. ആ കാലം കഥകളിയുടെ വസന്തകാലമായിരുന്നെന്നു പറയുന്നതിൽ തർക്കമില്ല.

നാൽപ്പതു കൊല്ലത്തോളം കഥകളിയുടെ മൂല്യത്തകർച്ചയെ തടുത്തു നിർത്തി നാട്യശാസ്ത്രത്തിൽ അടിയുറച്ച്‌ ലോകധർമ്മിയിലേക്കു വഴുതിപ്പോകാതെ കഥാപാത്രത്തിനോട്‌ നീതി പുലർത്തി സമയ ദൈർഘ്യത്തെ പരമാവധി ചുരുക്കി കാണികൾക്കു കഥകളിയോട്‌ ഒരു പ്രത്യേക മമതയുണ്ടാക്കിത്തീർക്കുകയും, ഇതിനനുസരിച്ച്‌ തന്റെ ശിഷ്യൻമാരെ വാർത്തെടുത്ത അഗ്രഗണ്യരിലൊരാളായിരുന്നു വാഴേങ്കട കുഞ്ചു നായരും. പല കഥകളും അരങ്ങിൽ രംഗപ്രയോഗക്ഷമമാക്കി. നാട്യകുശലനായ അദ്ദേഹത്തിൻറെ വേഷങ്ങൾ പ്രതിഭാശ്‌ളേഷത്താൽ അത്യുജ്ജ്വലങ്ങളും ഭാവമേദുരങ്ങളുമായിരുന്നു. ഉണ്ണായിവാര്യരുടെ നളചരിതത്തിന്‌ അഭിനയം കൊണ്ട്‌ ഭാവാർത്ഥപുഷ്ടി നൽകി. ഗുരുനാഥനായ പട്ടിക്കാംതൊടിയുടെ ശൈലീവല്ലഭത്വവും, കുഞ്ചുക്കുറുപ്പിന്റെ ഭാവാഭിനയനൈപുണ്യവും സമഞ്ജസമായി സമ്മേളിച്ചതായിരുന്നത്രെ അദ്ദേഹത്തിന്റെ നാട്യശിൽപ്പശൈലി. കലയിലെ നൃത്തനൃത്ത്യങ്ങളെക്കുറിച്ച്‌ അച്ഛന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്‌ “ഭാവവിഹീനമായ കേവലം താളലയാശ്രിതമായിട്ടുള്ളതാണ്‌ നൃത്തം. എന്നാൽ നൃത്യമാകട്ടെ ഭാവരസസംയുക്തവുമാകുന്നു.എങ്കിലും അതിന്‌ അഭിനയത്തെ സംബന്ധിച്ച്‌ ശാസ്ത്രദൃഷ്ട്യാ നാടകത്തോളം തന്നെ പ്രാധാന്യമില്ലത്രെ. കാരണം അഭിനയ പൂർണ്ണത്വംസിദ്ധമാകുന്നത്‌ നാടകത്തിൽ നിന്നാണ്‌”. പുരാണ കഥപാത്രങ്ങളിൽ സാത്മീഭവിച്ച്‌ തൻമയത്വത്തോടെ അച്ഛനാടിയ കഥാപാത്രങ്ങളെത്രയെത്ര! ഓരോ കഥാപാത്രങ്ങളേയും മനസ്സിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. അദ്ദേഹത്തിൻറെ മൗനവും വാക്കുകളും ഒരുപോലെ അർത്ഥപൂർണ്ണങ്ങളായിരുന്നു. നളചരിതത്തിലെ പ്രണയലോലുപനായ കാമുകൻ, നിപുണനായ രാജാവ്‌, കർത്തവ്യനിരതനായ രമണൻ, കലിബാധിതനായി താന്തനായി വലയുന്നവൻ, കാർക്കോടക ദംശനത്താൽ വിരൂപഗാത്രനായി കേഴുന്ന ബാഹുകൻ, സന്താനഗോപാലത്തിലെ മഹാബ്രാഹ്മണൻ, പരശുരാമൻ, രുഗ്മാംഗദൻ അങ്ങിനെ എത്രയെത്ര വിചാര വികാരഭരിത രംഗങ്ങൾ……..ഈ ഉജ്ജ്വല അരങ്ങുകളെല്ലാം എന്റെ കേട്ടറിവുകൾ മാത്രം. ഞാൻ കണ്ടത്‌ ഒരേയൊരങ്ങു മാത്രം. അസുഖബാധിതനായി രോഗം അൽപ്പം ഭേദമായപ്പോൾ ഗുരുവായൂരിൽ വഴിപാടായി നടത്തിയ കുചേലവൃത്തം കഥ. അരങ്ങിലെ ആ കുചേലനെ ഓർക്കുമ്പോൾ മിഴികളിപ്പോഴും സജലങ്ങളാവുന്നു. നടനവൈഭവത്തിന്റെ സമ്പന്നതയിൽ നിന്നും വിധി അടർത്തിമാറ്റിയ അച്ഛനായിരുന്നു ആ കുചേലൻ. പ്രശസ്ത ഗായിക പി. ലീല, പി ജയചന്ദ്രൻ (ഗായകൻ) എന്നിവരെല്ലാം ആ സദസ്സിലുണ്ടായിരുന്നു. പിന്നീടു വീണ്ടും നിഷ്ഠുരനായ വിധി അച്ഛനെ തളർത്തിക്കിടത്തി. അതെല്ലാം ഉണങ്ങാത്ത മുറിവുകളായി അവശേഷിച്ചു. നിസ്സഹായതയുടെ തടവറയിൽ നിശ്ശബ്ദനോവുമായി നിമീലിത നേത്രനായി.

കഥകളി രംഗത്തെ സമഗ്രസംഭാവനക്ക്‌ അച്ഛനെ ഭാരതം “പത്മശ്രീ” പുരസ്ക്കാരം നൽകി ആദരിച്ചു (1969 )………. അന്നത്തെ രാഷ്ട്രപതി ശ്രീ വി.വി.ഗിരിയിൽ നിന്നും “പത്മശ്രീ” ബഹുമതി സ്വീകരിക്കുവാൻ അച്ഛന്റെ ദൽഹി യാത്രയിൽ അമ്മയോടൊപ്പം ചെറിയ കുട്ടിയായിരുന്ന ഞാനും പോയതിന്റെ അവ്യക്തമാർന്ന ചിത്രം മനസ്സിലുണ്ട്‌. അങ്ങിനെ ചിതറിയ ചില ചിത്രങ്ങൾ മാത്രം………………പിന്നീടു വീണ്ടും നിഷ്ഠുരനായ വിധി അച്ഛനെ തളർത്തികിടത്തി. അതെല്ലാം ഉണങ്ങാത്ത മുറിവുകളായി അവശേഷിച്ചു . നിസ്സഹായതയുടെ തടവറയിൽ നിശ്ശബ്ദ നോവുമായി നിമീലിത നേത്രനായി, രോഗാതുരനായി കിടക്കുമ്പോൾ പോയ കാലത്തിന്റെ നിറയഴകിന്നരങ്ങുകളെ തേടുകയായിരുന്നൊയെന്നെനിക്കു തോന്നിയിരുന്നു. സ്വകായത്തിൽ പരകായങ്ങളായി ജീവിച്ച കഥാപുരുഷൻമാരെ…..

അച്ഛനെക്കുറിച്ച്‌ പിന്നീടു കൂടുതൽ അറിഞ്ഞത്‌ കേശഭാരം, പകിട എന്നീ കൃതികളുടെ കർത്താവും, എന്റെ ഇളയ ജ്യേഷ്ഠനുമായ പി.വി.ശ്രീവത്സൻ എഴുതിയ അച്ഛന്റെ ജീവചരിത്രമായ “മനയോലപ്പാടുകളിൽ ” നിന്നാണ്‌. അച്ഛന്റെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലവും, പടപൊരുത്തിയ ജീവിതവും പുതിയ അറിവുകൾ സമ്മാനിച്ചു. അത്‌ ഒരുപോലെ സന്തോഷവും, വിഷാദവുമായിരുന്നു.

അച്ഛൻ ആദ്യം വിവാഹം ചെയ്തിരുന്നത്‌ വലിയമ്മയെയായിരുന്നു. അമ്മയെ രണ്ടാമത്‌ വിവാഹം ചെയ്തതായിരുന്നു. വലിയമ്മയെ വിവാഹം ചെയ്തു ജീവിതം മുന്നോട്ടുപോകുമ്പോഴാണ്‌ കേവലം ഒരു പനി വന്നു രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും അച്ഛനെയും തനിച്ചാക്കി വലിയമ്മ ഇരുപത്തിയാറാം വയസ്സിൽ മരണത്തിലേക്ക്‌ നടന്നടുത്തത്‌. ആ വേർപാടിന്റെ വിവരമറിഞ്ഞത്‌ ബോംബെയിലെ ഒരു കളിക്ക്‌ പോയ അവസരത്തിൽ അണിയറയിൽ ചുട്ടി കുത്തുമ്പോൾ. ഹൃദയം വിങ്ങിപ്പൊട്ടുന്ന വേദന മറച്ചുവെച്ചു …അച്ഛനാടി …നള ചരിതം മൂന്നാം ദിവസത്തിലെ ബാഹുകനായി………..ദ്വിജാവന്തി രാഗത്തിൽ ….ഉള്ള പദം ….”മറിമാൻ കണ്ണി മൗലിയുടെ” ………..കാണികൾ കരഘോഷം മുറുക്കുമ്പോൾ അണിയറയിലെത്തി പ്രിയപത്നിയുടെ വേർപാടിൽ ഹൃദയം പോട്ടിക്കരഞ്ഞുവത്രെ …. പിന്നീടു മുന്നിൽ ഉറഞ്ഞാടിയ ജീവിതത്താളുകൾ…. .

വലിയമ്മയുടെ വേർപാടിന്റെ നടുക്കത്തിൽ പെട്ട അച്ഛൻ, അരങ്ങത്തെ ഏതോ വേഷം പോലെ ജീവിതത്തിൽ മാഞ്ഞുപോയ പത്നിയെ കുറിച്ചോർത്ത്‌ വേദനയുടെ രുദ്രതാളത്തിൽ അകപ്പെട്ടു. ആ വിരഹം എന്നെന്നേക്കുമായുള്ള ഒരു തിരിച്ചുപോക്കാണല്ലോ എന്നോർത്ത്‌ വ്യർത്ഥതാബോധത്തിൽ ഉഴറി അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതത്തിൽ നിന്നും കുട്ടികളേയും കൊണ്ടു കരകയറുവാൻ അമ്മമ്മ ആണത്രേ ഭാര്യയുടെ അനുജത്തിയായ അമ്മയെ വിവാഹം കഴിക്കാനാവശ്യപ്പെട്ടത്‌. അത്‌ കേട്ട അച്ഛന്റെ മനസ്സിന്‌ ഉൾക്കൊള്ളാനായില്ല. ഇതുവരെ ഒരു കൊച്ചനിയത്തിയായി മാത്രം കണ്ടിരുന്ന അച്ഛനേക്കാൾ പതിനെട്ടു വയസ്സിനിളപ്പമുള്ള ലക്ഷ്മിക്കുട്ടിയെ (അമ്മ) എങ്ങിനെ വിവാഹം കഴിക്കുമെന്ന ചിന്തയും, പ്രണയിച്ച്‌ വിവാഹം കഴിച്ച പ്രിയപത്നിയുടെ വിട്ടുപോകാത്ത ഓർമ്മകളും അച്ഛന്റെ മനസ്സിനെ മഥിച്ചു. അവസാനം മക്കൾക്കും വീട്ടുകാർക്കും വേണ്ടി അച്ഛൻ അമ്മയെ വിവാഹം കഴിച്ചു. ആളും, ആരവവും ഇല്ലാതെ ഒരു പുട മുറി കല്യാണം ……

ജീവിതത്തിൽ മറക്കാനാകാത്ത ചില ദുരന്തങ്ങൾ സംഭവിച്ചു കഴിഞ്ഞിട്ടും അതിനെയെല്ലാം സധൈര്യം നേരിട്ട്‌ മുന്നോട്ടു പോയത്‌ ഈ കളിയരങ്ങത്തെ ജീവിതം ഒന്നുകൊണ്ടു മാത്രമായിരുന്നു. നടനിൽ നിന്ന്‌ കഥാപാത്രത്തിലേക്ക്‌ എത്തുന്നതിന്നിടയ്ക്കുള്ള രാസമാറ്റത്തിന്നിടയിൽ വൈയക്തിക ദു:ഖങ്ങൾ അകന്നു പോയി. കഥകളിയെന്ന്‌ മാത്രമുള്ള ചിന്തയിൽ മുഴുകി ഒഴുകിയ ജീവിതമായിരുന്നു പിന്നീട്‌ അങ്ങോട്ട്‌.

കഥകളി രംഗത്തെ എല്ലാ പ്രമുഖരും വീട്ടിലെ നിത്യസന്ദർശകരായിരുന്നു. കവി പി.കുഞ്ഞിരാമൻ നായരുമായി അച്ഛന്‌ നല്ല ഹൃദയബന്ധമായിരുന്നു. അച്ഛനൊഴിച്ചുള്ള പ്രമുഖരുടെയെല്ലാം നിരവധിയരങ്ങുകൾ കണ്ടിട്ടുണ്ട്‌. കേരളകലാമണ്ഡലത്തിലും, കോട്ടയ്ക്കൽ പി.എസ.വി നാട്യ സംഘത്തിലും അച്ഛൻ അദ്ധ്യാപകനായിരുന്നു. മഹാകവി വള്ളത്തോളിനു ഏറെ പ്രിയപ്പെട്ട നടനായിരുന്നു. കലാമണ്ഡലത്തിൽ നിന്നും പ്രിൻസിപ്പലായി അദ്ദേഹം വിരമിച്ചു.

ആറ്‌ വർഷം മുൻപു ശ്രീ മഹാകവി വള്ളത്തോളിന്റെ ഗൃഹത്തിൽ പോവാനവസരം ഉണ്ടായി. അവിടെ നിന്നും മഹാകവി അച്ഛനു സമ്മാനിച്ച കഥകളി കിരീടം കാണാൻ കഴിഞ്ഞു. ഭാഗ്യങ്ങളേറെ ദൈവം കനിഞ്ഞു നൽകിയെങ്കിലും അവസാനം വിധി ഇങ്ങിനെയൊരു ധനാശി ചൊല്ലിയതെന്തേയെന്ന ചോദ്യം എന്നിലവശേഷിച്ചു. അച്ഛന്റെ മഹത്‌ വ്യക്തിത്വം മനസ്സിലാക്കാൻ മനസ്സു പാകപ്പെടുമ്പോഴേക്കും ആ ആത്മാവ്‌ ഈ പ്രകൃതിയിൽ ലയിച്ചിരുന്നു. 1981 ഫെബ്രുവരി 19ൻ ആ ജീവൻ ചക്രവാളങ്ങളിലേക്കു് ചിറകടിച്ചു പറന്നുപോയി. അഷ്ടമി രോഹിണി ദിനം അച്ഛന്റെ ജന്മദിനമാണ്‌. അന്ന്‌ ജനിച്ചതിനാൽ അച്ഛമ്മ മകന്‌ കൃഷ്ണൻ എന്ന്‌ പേരിട്ടു. പക്ഷെ കുഞ്ചുവെന്ന ഓമനപ്പേരിൽ ഒരു വലിയ കലാകാരൻ ലോകത്ത്‌ ഉദയം കൊണ്ടു. മനസ്സിന്റെ മഹാകാശത്തെ വെള്ളി മേഘങ്ങളിലിപ്പോൾ കറുപ്പു പടർന്നിരിക്കുന്നു. അവ പെയ്യാൻ വിതുമ്പി നിൽക്കുന്ന മഴമേഘങ്ങളാകുന്നുവൊ? അവിടെ അച്ഛനായിതാ ഈ മകളുടെ കണ്ണീരിൽ കുതിർന്ന അക്ഷര തിലോദകം…..! . .


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder