ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 13

ശ്രീവത്സൻ തീയ്യാടി

July 25, 2013

ദാക്ഷണ്യമില്ലാത്ത പേമാരിയായിരുന്നു ആ കർക്കിടകത്തിൽ. വെളുപ്പിലെ ഉഴിച്ചിൽ കഴിഞ്ഞ് മേലാകെ മെഴുക്കുമായി പുഴയിൽ കുളിക്കാൻ പോവുന്ന കുട്ടികൾ എങ്ങനെ കുട പിടിച്ചാലും നനഞ്ഞേ പോക്കും വരവും നടക്കൂ. സ്ഥാപനത്തിന്റെ പടി കടന്ന്, ചെമ്മണ്‍പാതയിറങ്ങി, തുറസ്സായ നെൽവയലുകൾ താണ്ടി, തീവണ്ടിപ്പാലത്തിനു ചുവടെയുള്ള ഗുഹ മുറിച്ചു കടന്നു വേണം തടയണ കെട്ടിയ തുള്ളിക്കളിനദിയുടെ പടിഞ്ഞാറെ വശത്തെ കടവെത്താൻ. സോപ്പിനു പുറമേ ഇടക്ക് പൊടിച്ച വാക കൊണ്ടുരച്ച് ദേഹം വൃത്തിയാക്കി കുറുന്തോട്ടിത്താളി തലയിൽത്തേച്ച് മുങ്ങിത്തുവർത്തി മടങ്ങിവന്നാൽ മെസ്സിൽ ചുടുകഞ്ഞി. വല്ലപ്പോഴും ഭാഗ്യം കടാക്ഷിച്ചാൽ നെയ്യും നാളികേരപ്പൂളും.

ഇതൊന്നുമില്ലെങ്കിൽത്തന്നെ, പകലന്തിയാവോളം അഭ്യാസം.

സൂര്യാസ്തമയം കഴിഞ്ഞ് നനവുള്ള സന്ധ്യകളിൽ ഭജന പതിവാണ്. കടുംപച്ച മരച്ചില്ലകൾക്കിടയിലൂടെ മഴയോ ചാറ്റലോ ഓട്ടിൻപുറത്ത് പതിച്ച് താളം പിടിച്ചാലും ഇല്ലെങ്കിലും സദനം കഥകളി അക്കാദമിയിൽ കാലങ്ങളായുള്ള വഴക്കമാണ്. മൂളാനറിയാത്ത പഠിതാക്കൾ പോലും അതിലേക്ക്‌ കൂടും; കൂടണം. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ പോലുള്ള പോയകാല ആചാര്യന്മാരിൽ തുടങ്ങി പുരാണത്തിലെ ദേവന്മാരെയും ഭഗവതിമാരെയും പാടിപ്പുകഴ്ത്തും.

അക്കൊല്ലം അതിനൊക്കെ അബ്ദുൾ റഷീദും ഉണ്ടായിരുന്നു — വലിയ ഉൽസാഹത്തോടെ.

തെക്കേ മലബാറിൽ നിന്നായിരുന്നു പതിനേഴുകാരൻ മുസ്‌ലീം ബാലൻ. നീണ്ടു മെലിഞ്ഞ്, ഇരുനിറത്തിൽ കറുത്ത്. ഏറ്റമില്ലാത്തെ പ്രകൃതം, ഏറെക്കുറെ ലജ്ജാലു. ഒരു മിനുസം സ്ത്രൈണം.

ക്ഷേത്രങ്ങളിൽ മാത്രമായി മിക്കവാറും അരങ്ങുകൾ കാണുന്നൊരു കലയിൽ അഹിന്ദുവിന് എത്രകണ്ട് പടികയറാം? സദനത്തിലെ സൊറവട്ടങ്ങളിൽ ഇടയ്ക്കിടെ ചർച്ചക്ക് പൊന്തിവന്ന വിഷയം ഇതായി. വിനയവും നിഷ്കളങ്കതയുമുള്ള റഷീദിനോട് ഏവർക്കും സ്നേഹമേയുള്ളൂ; അതുകൊണ്ട് ചോദ്യത്തിൽ ആകാംക്ഷയായിരുന്നു സ്ഥായിഭാവം.

എനിക്കായിരുന്നു ഏറെ പരിഭ്രാന്തി. വേറൊന്നും കൊണ്ടല്ല, പയ്യനെ ഈ വഴിക്ക് ഇപ്പോഴിങ്ങനെയാക്കാൻ കാരണക്കാരൻ ഞാനൊരുത്തനാണ്.

സദനത്തിൽ 1994ൽ വർഷക്കാലത്ത് തുടങ്ങുന്ന അദ്ധ്യയനവർഷത്തിൽ വിദ്യാർത്ഥികളെ എടുക്കുന്നു എന്ന് മലയാളപത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ ഒരുപിടി അപേക്ഷകൾ സദനത്തിലെത്താൻ തുടങ്ങി. പബ്ലിസിറ്റി ആപ്പീസർ എന്ന നിലയിൽ അവയോരോന്നും പരിശോധിക്കേണ്ട ചുമതല എന്നെ ഏൽപ്പിച്ചിരുന്നു കാര്യദർശി കെ കുമാരൻ. അങ്ങനെ കവറുകൾ പൊട്ടിച്ചു നോക്കുന്ന കൂട്ടത്തിലാണ് അപേക്ഷകന്റെ പേര് പ്രത്യേകം ശ്രദ്ധിച്ചത്: അബ്ദുൾ റഷീദ്. വിലാസം: പാലപ്പെട്ടി വീട്, തെക്കൻ കുറ്റൂർ, മലപ്പുറം ജില്ല.

“ഇതെന്തു വേണം, കുമാരേട്ടാ?” മേലധികാരിയുടെ മുറിയിൽ കയറി ചോദിച്ചു.

“എന്താത്? കാണിക്കൂ…”

മേശപ്പുറത്ത് വച്ച കടലാസിന്മേൽ അടിമുടി കണ്‍പായിച്ച് കുമാരേട്ടൻ തല വീണ്ടും നിവർത്തിപ്പിടിച്ചു. മൂക്കത്ത് നിന്നിറക്കി കട്ടിക്കണ്ണട ഫയലൊന്നിന് മേലെ കിടത്തി. ഒരു വശത്തേക്ക് നോക്കി തെല്ലൊന്നാലൊചിച്ചു. പിന്നെ, നിറയെ താടിരോമമുള്ള കവിളുകൾ രണ്ടും ഉള്ളംകൈകൊണ്ട് പരത്തിത്തിരുമ്മിക്കൊണ്ട് പറഞ്ഞു: “നമുക്കിത് വേണ്ടാ ന്ന് വെയ്ക്കാം.”

അയ്യോ, “മതം വേറെയാണ്” എന്നുള്ളത് കൊണ്ട് അനർഹനാക്കാൻ പാടുണ്ടോ?

“ശ്രീവൽസൻ. നോക്കൂ. കഥകളി ഒരു കല മാത്രല്ല. ഉപജീവനം കൂടിയാണ് പലർക്കും, അറിയാല്ലോ?”

കുമാരേട്ടൻ തുടർന്ന് പറഞ്ഞുവന്നത് ഇങ്ങനെ: കേരളത്തിലെ അമ്പലങ്ങൾ പൊതുവെ അഹിന്ദുക്കളെ കടത്തില്ല. കഥകളിക്കാകട്ടെ, വേദികൾ ഏറെയും മറ്റെങ്ങുമല്ല. പ്രവൃത്തിപരിചയം കൊടുക്കാൻ ബുദ്ധിമുട്ടാവും എന്നറിയെ ഒരാളുടെ ഭാവി എന്തിന് അപകടപ്പെടുത്തുന്നു? പഠിച്ചത് കൊണ്ടല്ല; രംഗത്ത് പ്രയോക്താവാവുമ്പോഴാണല്ലോ ഒരാൾ കലാകാരനോ, കാരിയോ ആവുന്നത്! ഈ പയ്യൻ സമർത്ഥനായിരിക്കാം. സദനത്തിൽനിന്ന് കോഴ്സ് മുഴുമിക്കുകയും ചെയ്യുമായിരിക്കും. ബാക്കി?

കൂട്ടത്തിൽ ഇതുപറയാനും മറന്നില്ല കുമാരേട്ടൻ: ഇത്ര മിടുക്കനായിട്ടും കലാമണ്ഡലം ഹൈദരാലിക്ക് എത്ര പാടുപെടേണ്ടി വരുന്നു!

പിന്നെ, രണ്ടു നിമിഷത്തെ ഇടവേളക്ക് ശേഷം, പതിവുശൈലിയിൽ തല ഇടംവലമാട്ടി ഇങ്ങനെയും: “അപ്പൊന്നാ അങ്ങനെ ചെയ്യൂ…” ഇനി എഴുന്നേറ്റു പോവാം എന്നാണ് അതിന്റെ വ്യംഗ്യം. ആകെമൊത്തം തൃപ്തി തോന്നിയില്ലെങ്കിലും കൂടുതൽ പരുങ്ങിയില്ല.

പുറത്തേക്കിറങ്ങാൻ തിരിഞ്ഞതും പിൻവിളി: “ശ്രീവൽസൻ….”

ങ്ഹെ? മനം മാറിയതാവുമോ കുമാരേട്ടന്?

“ആ വർക്ക്ഷാപ്പിലെ വിശ്വനാഥനോട് വരാൻ പറയൂ….” അതു ശരി!

വീണ്ടും സംബോധന കേട്ടു: “അച്യുതൻ കുട്ടീ….” ഉറക്കെ. അതേതായാലും എന്റെ പേരല്ല.

രണ്ടുമൂന്ന് നാൾ കഴിഞ്ഞു. പകൽ പൊന്നുമണിയേട്ടന്റെ ചായപ്പീടികയിൽനിന്ന് ഇഡ്ഡലി കഴിച്ച് സേവാസദൻ സെൻട്രൽ സ്കൂൾ വരെ ചെന്നപ്പോൾ കുമാരേട്ടനില്ല.

അച്യുതൻകുട്ടിസ്സാറ് പതിവുസ്ഥാനത്തുണ്ട്. കഥകളിനടൻ വാസു പിഷാരോടിയുടെ അയൽപ്പക്കമാണ്; കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രപരിസരം. മിലിട്ടറിയിൽ സിവിലിയൻ ആയിരുന്നു. കണ്ണടക്ക് താഴെ കറുപ്പിച്ച മീശ നീട്ടി ചിരിക്കുമ്പോൾ കഷണ്ടിത്തലക്കാണ് ഏറെ തിളക്കം. പിന്നിലെ മരയലമാരി തുറന്ന് ഒരുപിടി കാലി പോസ്റ്റ്‌കാർഡുകൾ തന്നു. “കഥകളിക്കുട്ടികളെ ഇന്റർവ്യൂന് ക്ഷണിക്കാനുള്ളതാ… പണി തുടങ്ങിക്കൊള്ളൂ…”

അടുത്തുള്ള കസേരയിലിരുന്നു. കുറച്ചുണ്ട് എഴുതാൻ. ഒരുപോലത്തെ വാചകങ്ങൾ, വീണ്ടും വീണ്ടും. എങ്കിലും അപേക്ഷകൾ നോക്കി വിലാസങ്ങൾ കുറിച്ച് ഒറ്റയടിക്ക് പണി തീർത്തു.പോരുമ്പോൾ സാറ് പറഞ്ഞു: “എന്നാദ്  മുഴ്മൻ നേരെ പോസ്റ്റീതോളൂ; വെഴ്കിച്ച്ട്ടെന്താ…” അയക്കാൻ പോവുന്ന കത്തുകളിലെ കുട്ടികളുടെ പേരും വിലാസവും റെജിസ്റ്ററിൽ പകർത്തി.

മടക്കം നടക്കുമ്പോഴും ഉള്ളിൽ ചെറിയ അസ്ക്യത. കഥകളി പഠിച്ച് റഷീദ് നേരെയാവുമോ ഇല്ലയോ എന്നത് വേറെ ചോദ്യം; ഒന്ന് ശ്രമിക്കാൻ പോലും പാടില്ലെന്നുണ്ടോ?

വഴിയിൽ ടാറിട്ട ഭാഗം പിന്നിട്ട് എക്കും പോക്കും ഉള്ളിടം എത്തിയപ്പോൾ തോന്നി: വെറുതെ ഒരു കത്ത് അയാൾക്കും അയച്ചാലോ? റെജിസ്റ്റരിൽ പകർത്തിയാലല്ലെ കുമാരേട്ടൻ പെട്ടെന്ന് കണ്ടുപിടിക്കൂ? ആ ക്രിയ വേണ്ടെന്നു വച്ചാൽ മതിയല്ലോ. പിന്നെ, ആപ്പീസ് ചിലവിൽ ചെയ്തു കള്ളപ്പണി എന്നും ഭാവിയിൽ പേരുദോഷം വേണ്ട: പോസ്റ്റ്‌ കാർഡിന് വില കാലണ. വലിയ ശമ്പളക്കാരനല്ലെങ്കിലും അത് വാങ്ങാനുള്ള കാശൊക്കെയുണ്ട്.

ഇറയത്തെ തിണ്ണക്കു മേൽ തൂക്കിയിട്ടുള്ള ചുവപ്പുപെട്ടിക്ക് ചേർന്നുനിന്ന് ഗാന്ധി സേവാസദൻ പോസ്റ്റാപ്പീസിലെ ഏട്ടനോട് പറഞ്ഞു: “ഒരു കാർഡ്.”

മുമ്പയച്ച കത്തുകളിലൊന്നിലെ വരികൾ നോക്കി പകർത്തിയെഴുതി.  അഡ്രെസ്സ് ഓർമയിൽ ഉണ്ടായിരുന്നു. പിൻ കോഡ്? അതു പോട്ടെ. ഇനി അഥവാ കത്ത് കിട്ടാതെ പോയാൽ റഷീദിന്റെ യോഗം. കിട്ടിയാൽത്തന്നെ അയാൾ അഡ്മിഷന് പുറപ്പെടും എന്ന് എന്താണുറപ്പ്? വന്നാൽത്തന്നെ ഇന്റർവ്യൂ പാസാവണം എന്നുമില്ലല്ലൊ. കൂടുതൽ ഓരോന്നോർത്തുനിൽക്കാതെ മൊത്തം കാർഡുകൾ ഒന്നായി നിക്ഷേപിച്ചു.

കാർഡിൽ പറഞ്ഞ ദിവസം വന്നെത്തി. തെളിവെയിലുള്ള പകൽ. സദനത്തിന്റെ മുറ്റത്ത് ആശാന്മാർ ചിലരുടെ കൂടെ നേരത്തെ എത്തി. അപേക്ഷകർ ചിലർ വന്നുതുടങ്ങിയിരിക്കുന്നു. കുട്ടികളും അച്ഛന്മാരും.

അൻപതിനു ചേർന്ന് പ്രായം തോന്നുന്ന ഒരാൾ മകനുമൊത്ത് അടുത്തു വന്നു. “ഇയാൾക്ക് വേണ്ടിയാണ്; മദ്ദളം പഠിക്കാനാ…”

ഓ, നന്നായി എന്ന മട്ടിൽ നിന്നിരുന്ന എന്നോട് ക്ഷമാപണദ്ധ്വനിയിൽ കാർഡ് നീട്ടി പറഞ്ഞു: “ഇയള് ദാ ഇതിന്റെ പൊറത്തൊക്ക ചെറുതായി കുത്തി വരഞ്ഞിട്ടുണ്ട്… അതോണ്ട് കൊഴപ്പൊന്നും ണ്ടാവുല്യലൊ….”

കത്ത് കൈപ്പറ്റി. രണ്ടുപുറത്തും കമ്പ്ലീറ്റ് കാക്കിരികൂക്കിരി. മിടുക്ക! ഇടയിലൂടെ വായിച്ചെടുത്തു: ആർ ഭരതരാജൻ. ബലേ! പെരിങ്ങോട് സ്വദേശി. പട്ടരുകുട്ടി. അച്ഛന്റെ പേര് കെ.ബി. രാമസ്വാമി. “പട്ടാളത്തിലേർന്ന്… റിട്ടയേഡായി. മകൻ പത്താം ക്ലാസ് കഴിഞ്ഞു. മദ്ദളം പഠിക്കണം ന്ന് ഒരേ വാശി. പെരിങ്ങോട് ഹൈ സ്കൂൾന്ന് അരങ്ങേറ്റോക്ക കഴിഞ്ഞതാ…. അത് പഞ്ചവാദ്യം. പ്പോ കളിക്കോട്ട് പഠിക്കണം ന്നാ….” എന്ന് അച്ഛൻ. “കത്തെപ്ലോ മേശപ്പൊറത്ത് വെച്ച് പോയ നേരത്ത് ഇയളത്ട്ത്ത് വരേം കുറീം…. ഞാൻ കൊറ ചീത്തപറഞ്ഞു…. അല്ലാണ്ടെന്താ ചെയ്യാ…”

കുട്ടിയുടെ കണ്ണിൽ കളിയും നിഷ്കളങ്കതയും.

പിന്നെയും വേറെ ചിലർ കത്തുകൾ കൊണ്ടുത്തന്നു. അതാ! അതിലൊരുത്തൻ…. അബ്ദുൾ റഷീദ്. പടച്ചോനേ! വൈക്ലബ്യം പുറത്തുകാട്ടാതെ ചിരിച്ചു.

വൈകാതെ, സദനം പടിക്കൽ വിശ്വേട്ടൻ ജീപ്പോടിച്ച് എത്തി. രണ്ട് മഹൽവ്യക്തികൾ പുറത്തിറങ്ങി. കുമാരേട്ടനും കലാമണ്ഡലം രാമൻകുട്ടി നായരും. സ്ഥാപനത്തിന്റെ ചെയർമാനാണ് കഥകളിയാചാര്യൻ.

താമസിയാതെ ഇന്റർവ്യൂ തുടങ്ങി. റഷീദ് വന്നിട്ടുള്ള വിവരം കുമാരേട്ടനോട് പറയണമോ? വേണ്ടാ, ചിലപ്പോൾ ശകാരം കേൾക്കേണ്ടി വരും. പല തിരക്കുള്ള ആളല്ലേ… എല്ലാം ഓർത്തിരിക്കണം എന്നൊന്നുമില്ല…. ഉണ്ടെങ്കിലും ഒരുപക്ഷെ വിദ്യ അർത്ഥിക്കാനായി ആ പാവം വന്നതറിഞ്ഞാൽ സസന്തോഷം സ്വീകരിക്കാനും മതി.

അബ്ദുൾ റഷീദ് എന്ന് പേർ വിളിച്ചപ്പോൾ ഉയരത്തിൽ കോലൻ പയ്യൻ കളരിപ്പുരക്കകത്തേക്ക് കയറി. കുമാരേട്ടന് അത്ഭുതമോ ആധിയോ കണ്ടില്ല. ഒപ്പമിരിക്കുന്ന വേഷക്കാരൻ മകൻ സദനം ഹരികുമാരന്റെ മുഖത്ത് കൌതുകം. രാമുട്ട്യാശാൻ പതിവു ഗൌരവത്തിൽ.”റഷീദ് നൃത്തം പഠിച്ചിട്ടുണ്ടോ?” ഹരിയേട്ടൻ ചോദിച്ചു. ഉവ്വ്, എന്ന് മറുപടി.

എങ്കിൽ ഒരു ശകലം കാണിക്കൂ.

“പച്ചപ്പനന്തത്തേ, പൂവാങ്കുറുന്തലേ” പോലെ എന്തെല്ലാമോ വരികളുള്ള ഫോക് ഡാൻസ് ഇനം കാട്ടി പയ്യൻ.

താളമുണ്ട്; നൃത്തവാസനയും. “പക്ഷെ റഷീദ്, ഇവിടെ കഥകളി പഠിക്കുമ്പോ ഇങ്ങനെ പാറിക്കളിക്കാൻ തരപ്പെടില്ല.”

“അത് കൊഴപ്പല്യാ…” മറുപടി.

രാമുട്ട്യാശാന്റെ ചോദ്യം അടുത്തത്: “കലാമണ്ഡലത്തിലൊന്നും ആപേക്ഷിച്ച് ല്ല്യേ?”

“ഉവ്വ്,  പതിനേഴ്‌ വയസ്സ് കഴിഞ്ഞാ എട്ക്കില്ലാ ന്നറിഞ്ഞു.”

“ഹേയ്, അങ്ങന്യൊന്നുല്ല്യാ. വയസ്സ് പതിനേഴ്‌ കഴിഞ്ഞാലും… ഏ പിന്നെ…. പഠിക്കാം കഥകളി.”

കുമാരേട്ടന് ഒന്നും ചോദിക്കാനില്ല.

ഉച്ചയോടെ എല്ലാരും പിരിഞ്ഞു. വൈകിട്ടപ്പോഴേക്കും ഫലം ഏറെക്കുറെ ഉറപ്പായി. റഷീദ് കയറിപ്പറ്റിയിരിക്കുന്നു. ഭരതരാജനും.

ഇടവപ്പാതി കഴിഞ്ഞതും സദനത്തിൽ പുതിയ ബാച്ച് പിള്ളരെ കണ്ടുതുടങ്ങി.

കുട്ടികളെ എടുക്കാൻ ആശാൻ രാമൻകുട്ടിനായരായിരുന്നെങ്കിലും ആ വർഷം സദനത്തിൽ മഴമാസത്തിൽ എത്തിയത് അദ്ദേഹത്തേക്കാൾ പത്തുവയസ്സ് മൂപ്പുള്ള വേറൊരു പട്ടിക്കാംതൊടി ശിഷ്യനായിരുന്നു: സ്ഥാപനവുമായി 1960കൾ തുടങ്ങി ബന്ധമുള്ള കീഴ്പടം കുമാരൻ നായർ. മാസങ്ങൾ ചെന്നാൽ എണ്‍പത് തികയും ആശാന്. എങ്കിലും കളിയരങ്ങുകളിൽ സജീവം. രണ്ട് സീസണുകൾക്കിടയിലെ വിശ്രമവേളയായതു കൊണ്ടാവാം ദീക്ഷ നീട്ടിയാണ് ഗുരുമുഖം. പരുക്കൻ താടിക്ക് മീതെ വിശ്രാന്തിയുള്ള തിളക്കക്കണ്ണുകൾ. ഗൌരവത്തിനേക്കാൾ വാത്സല്യം വിളയുന്ന നോട്ടം. പതിഞ്ഞ, പഞ്ഞിക്കെട്ട്  പൊഴിഞ്ഞാലെന്നപോലെ, ശബ്ദം.

പകൽക്കളരിയിൽ ആശാൻ ചൊല്ലിയാടിക്കുന്നത് കണ്ടുനിൽക്കാൻ കൌതുകമാണ്. അദ്ധ്യാപകരായ ശിഷ്യരെയാണ് ചിലപ്പോൾ പഠിപ്പിക്കുക. പതിഞ്ഞ പദത്തിന് മുദ്രപിടിക്കുന്നവരെ പുളിമുട്ടി കൊണ്ട് ചുമലിന്മേൽ പയ്യെ അമർത്തിയും നട്ടെല്ലിനു കീഴ്‍ഭാഗത്ത് സശ്രദ്ധം ഞെക്കിയും ശിൽപങ്ങൾ രൂപപ്പെടുത്തിയെടുക്കും. ആകൃതി ശരിയായില്ലെന്നു തോന്നിയാൽ ചെറുപ്പക്കാരെങ്കിൽ തഞ്ചത്തിൽ പരിഹസിക്കും.  

പെട്ടെന്ന് കൊണ്ടുവരുന്ന നർമം പിന്നെയും ചിലപ്പോൾ അറിഞ്ഞിട്ടുണ്ട്. ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോൾ സദനത്തിൽ കഥകളി പഠിക്കാനാവുമോ എന്നന്വേഷിച്ചു വന്നു ബ്രിജിറ്റ് റെവെല്ലി എന്ന ഫ്രഞ്ച് വനിത. സദനത്തിലെ മെസ്സിൽ ഉച്ചയൂണിന് അവരെ കൂട്ടിക്കൊണ്ടു വന്നപ്പോൾ ഹാളിൽ കുമാരൻ നായരാശാനും ഉണ്ടായിരുന്നു. പുറത്ത് കൈ കഴുകാൻ പോയ മദാമ്മ സമീപത്തെ തോട്ടവും തൊടിയും കണ്ടു മുഗ്ദ്ധയായി മുന്നോട്ട് നടന്നകന്നു. ചോറ് വിളമ്പി വച്ചിരിക്കെ ചെറുപ്പം വെള്ളക്കാരി എന്തേ പറമ്പിലേക്ക് നീങ്ങുന്നു എന്നറിയാൻ ജിജ്ഞാസയായി കഥകളിക്കുട്ടികൾക്ക്. അവരിൽ ചിലർ ആയ്മയെ പിന്തുടരാൻ തിടുക്കപ്പെട്ടു. ഇളക്കം കണ്ടറിഞ്ഞ ആശാൻ എല്ലാം ഞൊടിയിൽ അവസാനിപ്പിച്ചു: “യെവടയ്ക്കാ? അവര് വല്ല തെങ്ങിന്റെ ചോട്ടില് മൂത്രൊഴിക്കാനോറ്റ പോണതാവും; പാവം….”

കുട്ടികളും അത്ര മോശക്കാരായിരുന്നില്ല അക്കുറി. കോപ്പറയോട് ചേർന്ന് ഞാൻ താമസിച്ചിരുന്ന മച്ചകത്തേക്ക് ഒരു രാത്രി വാഗ്വാദം കേട്ടു. എന്താവുമെന്ന് പരിഭ്രമിച്ച് ഓടിച്ചെന്നു.

കീഴ്പടമാശാൻ ഇല്ലാഞ്ഞ നേരം. വെള്ളിനേഴി വീട്ടിലേക്ക് അദ്ദേഹം ഇടയിൽ രണ്ടുനാൾ അവധിക്ക് പോയ നേരത്ത് പുറത്തെ മുളംതണ്ടശയിൽ കൗപീനം തോരയിട്ടിരുന്നു. അത്താഴം കഴിഞ്ഞ് രാച്ചെന്ന നേരത്ത് അതിലെ പോയ സീനിയർ വിദ്യാർത്ഥി വിജയൻ വാരിയരാണ് ശ്രദ്ധിച്ചത്: നീളൻ ശീലയിന്മേൽ എന്തോ തൂങ്ങിക്കിടക്കുന്നു. ചെന്നു നോക്കിയപ്പോൾ മനസ്സിലായി: മദ്ദളത്തിനു കൊട്ടേണ്ട ഒരു സെറ്റ് ചിറ്റാണ്. ആരൊപ്പിച്ച പണിയാണെന്ന് വേഗം മനസ്സിലായി. “ഞാൻ തൂക്കീതാ,” എന്ന് ഭരതരാജൻ. “ഒണക്കാൻ നല്ല സൗകര്യം തോന്നി; അതോണ്ടേ…”

തനിക്ക് വേറെയെവിടെയും സ്ഥലം കണ്ടില്ലേ എന്ന് ക്രുദ്ധനായി വിജയൻ. ചെറിയ കാലംകൊണ്ട് ധൈര്യം വച്ചിരിക്കുന്നു ഭരതരാജന്. മറുപടി: “എനിക്ക് ആശാനോടേ ബഹുമാനള്ളൂ; കോണത്തിനോട് ല്ല്യ; വാലിനോട് തീരീം ല്ല്യ…. അയ്‌, അതോണ്ടാണലോ അദ്മ്മെത്തന്നെ കൊണ്ടെത്തൂക്കീത്…”  

അതു കേട്ട് ചിലർ അടക്കിച്ചിരിച്ചതോടെ രംഗം തൽക്കാലം ശാന്തമായി.

പിറ്റേ ദിവസമായപ്പോഴേക്കും പഴി വേറെയായി: ഒന്നുമില്ലെങ്കിൽ സ്വന്തം മദ്ദളച്ചിറ്റിനോട് വേണ്ടേ ഹേ ബഹുമാനം!

അതെന്തോ…. പിറ്റേന്ന് നാട്ടിൽനിന്ന് മടങ്ങിവന്ന ആശാൻ നിർവിഘ്നം പഠിപ്പിക്കൽ തുടർന്നു. കീഴ്പടത്തിന്റെ ആദ്യകാലശിഷ്യരിൽ മുഖ്യനായ പി.വി. ബാലകൃഷ്ണൻ ആ വാരം ഡൽഹിയിലെ ഇന്റർനാഷണൽ കഥകളി സെന്ററിലെ അവധിക്കാലത്ത്‌ നാട്ടിൽ വന്ന കൂട്ടത്തിൽ സദനവും സന്ദർശിച്ചു.

കലാശങ്ങൾ കടഞ്ഞെടുക്കും പോലെത്തന്നെ ആശാന് താൽപര്യമുള്ള വിഷയമാണ് മുദ്രകൾ മിനുക്കിയും പുതുക്കിയും എടുക്കുക എന്നത്. ഭജന കഴിഞ്ഞുള്ള സന്ധ്യക്ക്ലാസുകളിലാണ് ഇതേറെയും തെളിഞ്ഞു കാണുക. കൈയോരോന്നിൽ വെളുപ്പും കറുപ്പും മുദ്രകൾ ഒരുമിച്ചുകാട്ടിയാൽ നീല നിറം കിട്ടും എന്നൊരിക്കൽ പരിചയപ്പെടുത്തി.

‘ഗുരു’ എന്ന മുദ്രതന്നെ പിടിച്ചുവിടുമ്പോൾ വലതുകൈവിരലുകൾ ലേശമൊന്നു മൃദുവാക്കിയാൽ ‘പിതാവ്’ എന്നായി എന്നും. “ആശാനെക്കാൾ ലേശം സ്നേഹം കൂടും അച്ഛനോട് ന്നാണല്ലോ വിചാരിക്കണ്ടത്,” എന്നൊരു വിശദീകരണവും. ആവിധം അച്ഛൻമ്മുദ്ര കാട്ടുമ്പോൾ നെറ്റിക്ക് മീതെ പോവുന്ന കൈയിലെ രണ്ടു വിരലുകൾ വിട്ടതിനു പിന്നാലെ കണ്ണുകൾ താഴോട്ടിറങ്ങി വീണ്ടും മേലോട്ട് കയറും. “മോൾള്ത്തെ കൈയ്ന്ന് ഒരു കഷ്ണം കല്ല്‌ട്ടാ അത് കൃത്യം എടത്തേ കൈയിന്റെ മുഷ്ടിടെ തള്ളവെരൽന്റെ കടയ്ക്കില് വിഴണം.”

കമ്പിറാന്തൽ വെട്ടത്തെ സൗമ്യഭാഷണം പല വിഷയത്തിലേക്കും ആഴത്തിൽ വെട്ടം വീഴ്ത്തും. ആ മങ്ങിയ മഞ്ഞപ്പിൽ ആശാൻ ‘രാവാണോൽഭവം’ കഥയെടുത്ത് ശിഷ്യരെ തപസ്സാട്ടം ഭാഗം കടതല നിലത്തിരുത്തിയാടിക്കും.

കൈകസിയുടെ മടിയിൽ കിടക്കുന്ന കുട്ടിരാവണന്റെ ഭാഗത്ത് ആശാന്റെ പാഠത്തിന് പതിവു കല്ലുവഴി സമ്പ്രദായത്തിൽനിന്ന് വ്യതിയാനമുണ്ട്. “അമ്മ എന്നെ കണ്ണീർ കൊണ്ട് മുത്തുമാല അണിയിച്ചു” എന്നാണ് മുദ്രാവലി. പൊടുന്നനെ ഉണർന്ന ബാലൻ എന്തെ ഉണ്ടായത് എന്നാരാഞ്ഞുള്ള “അല്ലയോ അമ്മേ” എന്ന് തുടങ്ങുന്ന വാചകം വേഗത്തിൽ പോവണമെന്ന് നിർബന്ധമുണ്ട്. “വെറുതെ ‘അ -അ -അ-മ്-മ്-മ്-മേ-മേ-മേ….’ ന്ന് (പതിഞ്ഞെടുത്ത്) മോങ്ങണ്ട കാര്യല്ല്യാ,” എന്നാണ് ന്യായം.

ഇങ്ങനെ ആട്ടശകലങ്ങൾ അവിടിവിടെ വ്യത്യാസപ്പെടുത്തന്നത് പോലെത്തന്നെ ആശാന് പഥ്യമാണ് പുതിയ കഥകൾ പരീക്ഷിക്കാൻ. പണ്ഡിതൻ എസ് കെ നായർ എഴുതിയുണ്ടാക്കിയ മണികണ്ഠചരിതം ആശാൻ 1968ലത്രെ അരങ്ങത്തേക്കായി ചിട്ടപ്പെടുത്തുന്നത്. ഉദയനൻ, പൂങ്കുടി, പന്തളത്ത് രാജാവ്, പത്നി, ശൂർപ്പകൻ തുടങ്ങി പാത്രങ്ങളുള്ള കഥയിൽ വാവർക്ക് ഇസ്ലാം ഛായ കൊടുക്കുംവിധം വേറിട്ട വേഷവിധാനം നല്കി സ്വയം രംഗത്ത് അവതരിപ്പിച്ചിട്ടുണ്ടത്രേ. സദനം പുഴക്കക്കരെ കർണാടകസംഗീത വിദ്വാൻ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ശാസ്താപ്രീതി പോലുള്ള വിശേഷങ്ങൾക്ക് തന്റെ കോട്ടായി ഗ്രാമത്തിൽ വിളിപ്പിച്ച് കളിപ്പിച്ചിട്ടുണ്ട്. വേറെയും പലയിടത്ത്.

കളിയരങ്ങത്ത് ഇസ്ലാമിക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴത്തതിനേക്കാൾ ഒട്ടും ബുദ്ധിമുട്ട് കുറഞ്ഞതല്ല ഒരു മുസ്ലീം ബാലനെ കഥകളി പഠിപ്പിച്ച് ജീവിതമാർഗം ഉണ്ടാക്കിക്കൊടുക്കുക എന്നത്. റഷീദിന്റെ കാര്യത്തിൽ ഇനിയെന്ത് എന്ന ചോദ്യം സദനത്തിൽ അയാളുടെ ആദ്യ മാസങ്ങളിൽത്തന്നെ തുടങ്ങിയിരുന്നു. പേര് മാറ്റിയാലോ എന്നായി ഒരുപായം. തെറ്റില്ല എന്ന് പലരും പറഞ്ഞു.

എങ്കിൽ എന്താക്കാം റഷീദിന് നാമം എന്നായി. രമേശ്‌. പലരും ചേർന്ന് കണ്ടെത്തിയ പേര്. അത് വേണ്ട, ‘രമേശൻ’ എന്നാവട്ടെ എന്ന് പിന്നീട്. സദനം രമേശൻ.

ആ വർഷക്കാലത്ത് കുമാരൻ നായരാശാനും അതറിഞ്ഞു.

അക്കൊല്ലം (1994-95) കുമാരേട്ടൻ എന്നെ സേവാസദൻ സെൻട്രൽ സ്കൂളിൽ മാഷായും നിയമിച്ചിരുന്നു. സാമൂഹ്യപാഠം അദ്ധ്യാപകൻ. രാവിലെ എട്ടര മണി കഴിഞ്ഞ് കോപ്പറച്ചായ്പ്പിൽ നിന്ന് വാദ്ധ്യാർവേഷത്തിൽ ഇറങ്ങുമ്പോൾ ഇടക്ക് മേലെ സദനം വരെ ചിലപ്പോൾ കുമാരൻ നായരാശാനെ കൂട്ടിനു കിട്ടാറുണ്ട്. ചാറ്റൽ നിലച്ച ഒരു പകൽ ഇരുവർ ചേർന്ന് നടക്കുമ്പോൾ ഞാൻ റഷീദ് മേലാൽ രമേശൻ ആവുമത്രെ എന്ന വിവരം പറഞ്ഞു.”ഹേയ്, അത് ശരിയാവില്ല,” എന്ന് ആശാൻ. “രമേശൻ ന്നൊക്ക കേട്ടാറിയാം പേര് മാറ്റീതാണ്‌ ന്ന്…”   

ആ കുറുമ്പൻ മറുപടി കേട്ടുള്ള എന്റെ ചിരി കഴിഞ്ഞപ്പോൾ ആശാൻ പറഞ്ഞു: “ഞാൻ കണ്ട് വെച്ച്ട്ട്ണ്ട് അയളക്കൊര് പേര്.”

ഒരു നിമിഷം പൊടുന്നനെ നിന്ന് ആശാൻ എന്റെ മുഖത്തു നോക്കി പറഞ്ഞു: “രമയൻ.”

ങേ! ഇതെന്ത് പേര്?

“താൻ സ്കൂൾല് പഠിപ്പിക്കണ മാഷൊക്ക്യല്ലെ; ഇംഗ്ലീഷൊക്കെ അറീണ്ണ്ടാവൂലോ, ല്ല്യേ?”

ഉവ്വെങ്കിൽ?

“ഞാൻ പറഞ്ഞ പേര് ഒന്ന് ഇംഗ്ലീഷിലാക്കി വായിച്ചു നോക്കൂ…”

എനിക്കപ്പോഴും പിടികിട്ടിയില്ല.

സദനത്തിന്റെ പടി അടുക്കറായിരുന്നു. അങ്ങോട്ട്‌ തിരിയും മുമ്പ് തമിഴ് സിനിമയിൽ രാജാ പാർട്ട്‌ റോളിൽ നടിക്കുംപോലെ നാലുനിമിഷം നിന്ന് എന്നോടായി ആശാൻ പറഞ്ഞു: R-a-m-a-y-a-n.

എന്റെ മനസ്സിൽ നിന്നൊരു പച്ചപ്പനന്തത്ത പറന്നുപോയി. കർക്കിടകത്തിലൊരു രാമായണക്കിളി.

പിറ്റത്തെ വേനലിൽ ആശാന്റെ അശീതിയാഘോഷം കഴിഞ്ഞതോടെ ഞാൻ ഒറ്റപ്പാലം കടന്നു. പിന്നെ ആറു മാസം കഴിഞ്ഞപ്പോൾ പശ്ചിമഘട്ടവും. ദൽഹിക്കുള്ള തീവണ്ടി സദനത്തിലെ പാടം കടന്നപ്പോൾ നേരത്തെ അറിയിച്ചപ്രകാരം ഭരതരാജൻ പാലത്തിന് ചേർന്ന് നിന്നിരുന്നു. അങ്ങോട്ടുമിങ്ങോട്ടും കൈവീശി.

ദാക്ഷണ്യമില്ലാത്ത വേനലായിരുന്നു ഉത്തരേന്ത്യയിൽ 1999ൽ. മെയ്-ജൂണ്‍ മാസത്തിൽ ലഖ്‍നൌവിൽ തമ്പടിക്കേണ്ടി വന്നു. ഉത്തർ പ്രദേശ്‌ തലസ്ഥാനത്തെ UNI വാർത്താ ഏജൻസിയുടെ ഡെസ്കിൽ ആളില്ലാഞ്ഞതിനാൽ അയച്ചിട്ടുള്ളതാണ്. ഉച്ചയൂണിനു മുക്കാൽ നാഴിക നടക്കണം. നാൽപ്പത്തിയെട്ടു ഡിഗ്രീ ചൂടിൽ പുറത്തേക്കിറങ്ങി ലേശം ചെന്നാൽ നിലാവാണോ എന്ന് ശങ്കിച്ച് ഭ്രാന്താവും. വഴിയോരക്കടയിൽ കയറി റൊട്ടിയും സബ്ജിയും കഴിച്ച് തിരിച്ചു വന്ന് ആപ്പീസിലെ ശീതളിമയിൽ ഹിന്ദുസ്ഥാൻ ടൈംസ് നോക്കി. സൂര്യാഘാതം ഏറ്റുള്ള മരണങ്ങൾതന്നെ ഒന്നാം പേജിൽ മുഖ്യമായും. അലസമായി മറിച്ചു മുന്നാക്കം നീങ്ങിയപ്പോൾ ഇടത്തെ താളിൽ പരിചിതമുഖം. ‘സിംഹം’ എന്ന കഥകളിമുദ്ര പിടിച്ച പയ്യൻ. രണ്ടു നിമിഷം നോക്കിയപ്പോൾ മനസ്സിലായി: രമയൻ!

മുസ്ലീം ബാലൻ കഥകളി പഠിച്ച് രാമനെയും കൃഷ്ണനെയും അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അയാളുടെ വീടിന്റെ ഒരുവശം മതമൗലികവാദികൾ കത്തിച്ചതും ശേഷം കുടുംബത്തിനുണ്ടായ സാമുദായിക ഭ്രാഷ്ടിനെ കുറിച്ചും ഫീച്ചർ ആണ്. എല്ലാ വിവരങ്ങളും പുതിയത്. ഞെട്ടിപ്പിക്കുന്നവ. കേട്ടുശീലം തീരെയില്ലാത്ത കഥകൾ. ലേഖകൻ മാത്രം പരിചിതൻ. സമപ്രായക്കാരൻ ദൽഹി മലയാളി. രാജേഷ് രാമചന്ദ്രൻ എന്ന കൊല്ലത്തുകാരൻ സുഹൃത്ത്.

മഴ തുടങ്ങിയതും നവാബുകളുടെ നഗരത്തിൽനിന്ന് മടങ്ങി. ഹേമന്തവും കഴിഞ്ഞ് ശിശിരത്തിനൊടുവിൽ 2000 ജനുവരിയിൽ ഇന്ദ്രപ്രസ്ഥത്തിൽ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവം. സിരിഫോർട്ട്‌ കമാനത്തിലെ തിരക്ക് ഭേദിച്ച് ആയിടെയിറങ്ങിയ മലയാളം പടത്തിന് കയറിപ്പറ്റി. ‘വാനപ്രസ്ഥം’ അമ്പേ നിരാശപ്പെടുത്തി. എന്നിരിക്കിലും നാട്ടിലെ കുറെ കഥകളിക്കാർ  പരിചയക്കാരെ വെള്ളിത്തിരയിൽ കണ്ടത് കൗതുകമായി. കുമാരൻ നായരാശാന്റെ കളരിയിൽ മദ്ദളം കൊട്ടുന്ന വിരുതനെ കണ്ടപ്പോൾ ചിരിച്ചുപോയി: ഭരതരാജൻ!

ഇടയിലെ മദിരാശി വാസം കഴിഞ്ഞ് നാലുകൊല്ലത്തിനു ശേഷം ദൽഹിയിൽ മടങ്ങിയെത്തിയപ്പോൾ വൈകാതെ പത്രക്കാരൻ രാജേഷിനെ കണ്ടു.സമയവും സന്ദർഭവും ഒത്തുവന്നപ്പോൾ ഒന്നിച്ചൊരു കഥകളി കണ്ടു. നഗരത്തിലെ കേരളാ ഹൌസിൽ ഉത്തരാസ്വയംവരം. ദുര്യോധനൻ: സദനം ബാലകൃഷ്ണൻ.

അപ്പോഴേക്കൊക്കെ രമയന് പലതും സംഭവിച്ചു കഴിഞ്ഞിരുന്നു. എട്ടു വർഷത്തെ കോർസിനിടെ കുടുംബപ്രാരബ്ധങ്ങൾ മൂലം പാതിവഴി പഠനം നിർത്തി 1998ൽ പുറത്തിറങ്ങിയ ഇയാളുടെ ദുരന്തകഥയറിഞ്ഞ് അമേരിക്കയിലെ അരിസോണയിൽ താമസമുള്ള ആലാപ് ആർ സുബ്രഹ്മണ്യം എന്ന അഭ്യുദയകാംക്ഷി തുടർന്നുള്ള കഥകളിപഠനത്തിന് അതേ സ്ഥാപനത്തിലേക്ക് പണമയച്ചുകൊണ്ടിരുന്നു. രണ്ടു കൊല്ലം അങ്ങനെ കഴിഞ്ഞശേഷം സേവാ സദൻ സെൻട്രൽ സ്കൂളിലും വീടിനടുത്ത പട്ടണമായ തിരൂരിലും ഡാൻസ് പഠിപ്പിച്ചും കഴിഞ്ഞുകൂടി.

പിന്നെ, 2009ൽ ഗൾഫിൽ പോയി. അബുധാബിയിൽ ചില്ലറത്തോതിൽ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചു. കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടി, മാർഗി വിജയകുമാർ എന്നിങ്ങനെ പ്രമുഖർ അവിടെ നടത്തിയ കഥകളിയുൽസവത്തിന് ലക്ഷ്മണന്റെ വേഷം കെട്ടിയ രാമയനെ ഗാന ഗന്ധർവൻ കെ.ജെ. യേശുദാസ് പ്രത്യേകം അഭിനന്ദിച്ചു. രണ്ടുവർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയപ്പോൾ ഇടുപ്പിലെ ഡിസ്കിന് പ്രശ്നമുള്ളതായി തിരിച്ചറിഞ്ഞ് മണലാരണ്യത്തിലേക്ക് മടങ്ങിപ്പോവേണ്ടെന്നു വച്ചു. ഇപ്പോൾ നാട്ടിനടുത്ത് ചെറിയ രീതിയിൽ കുട്ടികളെ കേരളനടനം അഭ്യസിപ്പിക്കുന്നു.

ഇക്കഴിഞ്ഞ വേനലിൽ, 2013 മെയ് 26ന്, സദനത്തിൽ വേഷം അദ്ധ്യാപകൻ കലാനിലയം ബാലകൃഷ്ണന്റെ ഷഷ്ടിപൂർത്തിക്ക് കണ്ടുമുട്ടി. കഷണ്ടി കയറിയിരിക്കുന്നു രമയന്. ചിരിക്ക് മാറ്റമില്ല. കണ്ടു സംസാരിച്ച ചില്ലറ നേരത്തിനിടെ മുഖഭാവം മാറി: “വൽസേട്ടാ, നട്ടെല്ലിനു കമ്പ്ലെയന്‍റ്ണ്ട്. ഡാൻസ് കൊണ്ടും ജീവിച്ചുപോവാൻ ബുദ്ധിമുട്ടുണ്ട്.”

കെട്ട്യോളും പ്രാരബ്ധവും ഒക്കെ ആയിരിക്കുന്നു.

എന്നിട്ടത്രയും: “വൽസേട്ടൻ പറഞ്ഞ് എവിടെയെങ്കിലും ജോലി…. ഒരു ക്ലാസ് ഫോർ ജീവനക്കാരനായിട്ടെങ്കിലും…”

എട്ടു വർഷം മുമ്പ് മരിച്ചുപോയ കുമാരേട്ടൻ സദനത്തിലെ ഹാളിലെവിടെയോ എന്നെ നോക്കി പ്രസാദമില്ലാതെ ഇരിക്കുന്നത് പോലെ തോന്നി.

 


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder