ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരി

കുടമാളൂർ കരുണാകരൻ നായർ

August 29, 2012 

തോട്ടം ശങ്കരൻ നമ്പൂതിരി

(കുടമാളൂർ സ്വദേശി ഡോക്ടർ. ശ്രീ. മാധവൻ നമ്പൂതിരി അവർകൾ (Dr. Nampoothiri, 2417, Marlandwood, Tx76502, USA.), ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരിയെ പറ്റി ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാൻ സ്വന്തം കൈപ്പടയിൽ എഴുതി അദ്ദേഹത്തിനു നൽകിയിരുന്ന ഒരു കുറിപ്പ്‌ ശ്രീ അംബുജാക്ഷൻ നായർക്ക്‌ അയച്ചു തന്നിരുന്നു. 1943- ൽ കൽക്കട്ട കൾച്ചറൽ സെന്ററിൽ അനേകം പ്രശസ്തരുടെ സാന്നിദ്ധ്യത്തിൽ ഭീമപ്രഭാവം അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതത്താൽ മരണപ്പെട്ട തോട്ടം ശങ്കരൻ നമ്പൂതിരിയുടെ ദേഹവിയോഗത്തിൽ അനുശോചിച്ചു കൊണ്ട്‌ അന്നത്തെ പത്രമാസികളിൽ ചില പ്രശസ്ത വ്യക്തികൾ എഴുതിയ അനുശോചന സന്ദേശങ്ങളും അതോടൊപ്പം ഉണ്ടായിരുന്നു. ശ്രീ. മാധവൻ നമ്പൂതിരി അവർകളുടെ അനുവാദത്തോടെ ഈ കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു).

കഥകളിയരങ്ങെന്ന മഹാ സാമ്രാജ്യത്തിലെ ചക്രവർത്തി ആയിരുന്ന ബ്രഹ്മശ്രീ. തോട്ടം ശങ്കരൻ നമ്പൂതിരിയെ, ഒരു പ്രാവശ്യമെങ്കിലും അദ്ദേഹത്തിൻറെ വേഷം കണ്ടിട്ടുള്ള ഒരു കഥകളിപ്രേമിക്കും മറക്കുവാൻ സാദ്ധ്യമല്ല. അത്രമാത്രം വേഷഭംഗിയും രസ ഭാവ പ്രകടനത്തിലുള്ള കഴിവും ഒത്തു ചേർന്ന ഒരു മഹാ നടൻതന്നെ ആയിരുന്നു അദ്ദേഹം. തിരുമേനിയുടെ വേഷഭംഗിയും അഭിനയ പാടവവും കണ്ട്‌, ലോക പ്രസിദ്ധ നർത്തകനായ ഉദയശങ്കർ പോലും ആ മഹാനടന്റെ ശിഷ്യത്വം സ്വീകരിച്ചു. എന്റെ അര നൂറ്റാണ്ടിലധികമായുള്ള കലാജീവിതത്തിൽ തോട്ടം തിരുമേനിക്ക്‌ തുല്യമായി നായക വേഷങ്ങൾ അഭിനയിക്കുന്ന ഒരു നടനെ കണ്ടിട്ടില്ല. തിരുമേനിയുടെ കൂടെ നായികയായി അഭിനയിക്കുമ്പോഴുണ്ടായിട്ടുള്ള അനുഭവം മറ്റാരുടെ കൂടെ അഭിനയിക്കുമ്പോഴും ഉണ്ടാകുന്നില്ല എന്നുള്ളത്‌ ഒരു സത്യം മാത്രമാണ്‌. “അഴകിയരാവണൻ” എന്നാണ്‌ അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിചിരുന്നത്‌. തിരുമേനി അരങ്ങത്തു വന്നാൽ ആ മുഖത്തു നിന്നും ഒരു കഥകളി പ്രേമിക്കും കണ്ണുപറിക്കുവാൻ സാധിച്ചിരുന്നില്ല. അനന്യസിദ്ധമായ അഭിനയ പാടവം കൊണ്ട്‌ പ്രേക്ഷകരെ അത്രമാത്രം അദ്ദേഹത്തിലേക്ക്‌ ലയിപ്പിച്ചിരുന്നു. ഒരു സംഭവം ഞാൻ ഇപ്പോഴും ഓർക്കുന്നു. മാവേലിക്കരയിൽ നടന്ന ഒരു രാവണവിജയം കഥകളി. തിരുമേനിയുടെ രാവണൻ. നിറഞ്ഞ സദസ്സ്‌. രാവണനും മണ്ഡോദരിയുമായുള്ള ശ്രുംഗാരപ്പദമാണ്‌ രംഗം. കാണികൾ, ശ്രുംഗാരരസരാജനായ തിരുമേനിയുടെ അഭിനയത്തിൽ ലയിച്ചിരിക്കുമ്പോൾ ആട്ടവിളക്കിന്റെ മരം കൊണ്ടുള്ള കാലിനു എങ്ങിനെയോ തീ പിടിച്ചു. അരങ്ങിനു മുൻപിലിരുന്നു കളികണ്ടവർ ആരും ഇതറിഞ്ഞില്ല. അവസാനം തീ ആളിക്കത്തിയപ്പോൾ പുറകിൽ നിന്നാരോ വിളിച്ചു പറഞ്ഞപ്പോഴാണ്‌ എല്ലാവരും അതു ശ്രദ്ധിച്ചത്‌. തീ കെടുത്തുവാൻ മണലുവാരിയിട്ടവരുടെ കൂട്ടത്തിൽ ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കരാശാനുമുണ്ടായിരുന്നു.

കോട്ടയം അടുത്തുള്ള പാറപ്പാടം ക്ഷേത്രത്തിലെ കഥകളിക്കാണ്‌ തിരുമേനിയുടെ കൂടെ ആദ്യമായി ഒരു വേഷം കെട്ടുവാൻ എനിക്ക്‌ ഭാഗ്യമു ണ്ടായത്‌. തിരുമേനിയുടെ, സുപ്രസിദ്ധമായ കാർത്തവീര്യാർജുനവിജയത്തിലെ രാവണന്റെ കൂടെ മണ്ഡോദരിയായിരുന്നു എന്റെ വേഷം. ഈശ്വരകൃപയാലും എന്റെ ഗുരുത്വം കൊണ്ടും ഞാൻ കെട്ടിയ വേഷം തിരുമേനിക്ക്‌ ഇഷ്ടപ്പെട്ടു. ആ കഥകളിയാണ്‌ ആ കലാവല്ലഭന്റെ ശിഷ്യത്വം സ്വീകരിക്കുന്നതിനും അനവധി തവണ അദ്ദേഹത്തോടൊപ്പം നായികാ വേഷങ്ങൾ കെട്ടുന്നതിനും, ഉദയശങ്കറിന്റെ അപേക്ഷപ്രകാരം തിരുമേനി ഉത്തരേന്ത്യൻ പര്യടനം നടത്തിയപ്പോൾ ആ സംഘത്തിലെ പ്രധാന സ്ത്രീവേഷക്കാരനാകുന്നതിനു എനിക്ക്‌ ഇടവരുത്തിയത്‌. തകഴിയിൽ തോട്ടം മഠത്തിൽ വെച്ച്‌, ഉർവ്വശി, രംഭ, പൂതനാമോക്ഷത്തിൽ ലളിത തുടങ്ങിയ വേഷങ്ങളുടെ അഭിനയം, തിരുമേനി എനിക്ക്‌ നടിച്ചു കാണിച്ചു തന്നിട്ടുള്ളതാണ്‌. ആ ഓർമ്മയിൽ കൂടിയാണ്‌ ഇന്നും ആ വേഷങ്ങൾ ഞാൻ രംഗത്ത്‌ അഭിനയിക്കുന്നതും.

സമകാലീനരായ അതി പ്രഗൽഭന്മാർ പ്രതിഫലമായി അഞ്ച്‌ രൂപാ വരെ ചോദിച്ചു വാങ്ങിയിരുന്നപ്പോൾ, ഒന്നും ചോദിക്കാതെ തിരുമേനിക്ക്‌ അമ്പതു രൂപായെങ്കിലും ഒരു കഥകളിക്ക്‌ കിട്ടിയിരുന്നു എന്ന്‌ പറയുമ്പോൾതന്നെ ആ മഹാനടന്‌ അന്ന്‌ കഥകളി രംഗത്തുണ്ടായിരുന്ന അംഗീകാരവും പ്രൌഢിയും ഊഹിക്കാമല്ലോ!. ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്റെ “ഏകലോചനം” എന്ന ഭാഗം തിരുമേനിയെപോലെ നടിക്കുന്ന ഒരു നടൻ ഇന്നുവരെ ഉണ്ടായിട്ടില്ല. കോപവും ശോകവും ഇടവിട്ട്‌ കണ്ണുകൊണ്ടുള്ള ആ പ്രയോഗം അപാരമെന്നേ പറയാവൂ. കണ്ണുസാധകത്തെപ്പറ്റിയുള്ള കഥ തിരുമേനി തന്നെ പറഞ്ഞിട്ടുണ്ട്‌. “നിലാവുസാധകം” നിലാവ്‌ തീരുന്നത്‌ വരെ കണ്ണു സാധകം നടത്തി അവസാനം ഇരുപത്തിരണ്ടു നാഴികവരെ കണ്ണു സാധകം ഒറ്റയിരുപ്പിൽ ചെയ്തപ്പോൾ കണ്ണിനു നീരുവന്നത്രേ! എല്ലാ കഥകളിലേയും കത്തിവേഷങ്ങളിലും പച്ചവേഷങ്ങളിലും സുന്ദരബ്രാഹ്മണൻ തുടങ്ങിയ മിനുക്കു വേഷങ്ങളിലും തിരുമേനി അജയ്യനായിരുന്നു. അടുത്ത കാലത്ത്‌ നളചരിതം നാലാംദിവസം വീണ്ടും ചിട്ടപ്പെടുത്തിയത്‌ തിരുമേനി ആയിരുന്നു. മാവേലിക്കര കഥകളി ക്ലബ്ബിൽ വെച്ചായിരുന്നു. അന്ന്‌ തിരുമേനിയുടെ ബാഹുകനും എന്റെ ദമയന്തിയുമായിരുന്നു. ശ്രീ. ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ ആയിരുന്നു പാടിയത്‌. ഡോക്ടർ. ഈ.കെ. രാമൻപിള്ള, ശ്രീ. തോപ്പിൽ ഗോപാലപിള്ള എന്നിവരായിരുന്നു ആ കളിക്ക്‌ നേതൃത്വം നൽകിയവർ.

തിരുമേനി, മഹാതേജസ്വിയും തികഞ്ഞ ഈശ്വരഭക്തനും, പരിശുദ്ധഹൃദയനും ആയിരുന്നു. ഇന്നത്തെ യുവ തലമുറയ്ക്ക്‌ ആ മഹാ നടന്റെ കഴിവുകൾ കാണുവാനിടവരുത്താതെ ഹത:വിധി അദ്ദേഹത്തെ അപഹരിച്ചു. എങ്കിലും, ആ വേഷം ഒരിക്കലെങ്കിലും കണ്ടിട്ടുള്ള പരശതം ആസ്വാദക ഹൃദയങ്ങളിൽ, കഥകളി പ്രസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളവരിൽ വെച്ച്‌ ഒന്നാമനായ ആ “നടസാർവഭൗമൻ” എന്നെന്നും തെളിഞ്ഞു നിൽക്കും.

തോട്ടം തിരുമേനിയുടെ മരണവാർത്തയറിഞ്ഞു ചില പ്രമുഖരുടെ അനുശോചന കുറിപ്പുകൾ :

“I am heart stricken to hear the news of Guru. Sankaran Namboothiri’s death. A great jewel of India is lost………. We do not have the power to realise what a great soul he has been; he was not only a great dancer but a ‘ mahapurush’ a ‘Rishi’………. It is beyond me to describe his greatness…………”
USTHAD ALLAUDIN KHAN

” Like a thunderbolt came today the very sad news of sudden and unexpected death of Guru. Sankaran Namboothiri. Away with him has gone the great and glorious Kathakali traditions and culture. I should say that India has lost a great man well versed in the art of Abhinaya, and your institution its guiding star. May his soul rest in peace.”
Sri. MUKUNDARAJA , Formerly founder Secretary of Kalamandalam

” I was shocked to learn of the tragic death of the celebrated Guruji. I can hardly imagine that he is no more! His eyes were so full of light and life….. How marvellous was his art….. He made it so living and realistic, I could never imagine that a man could ever possess such powers…. He by himself seemed to fill the entire stage……..A great man of the motherland has ceased to be……”
07-08-1943
Mr. S.K. RUDRA (Economic Adviser to the U.P. Government.)

Similar Posts

  • കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്, ഐ. ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • ആട്ടക്കാരൻ വല്ല്യച്ഛൻ എന്ന വാരണപ്പിള്ളി പത്മനാഭപണിക്കർ

    പി. രവീന്ദ്രനാഥ് November 24, 2013 കേരളത്തിന്റെ മദ്ധ്യകാലഘട്ടം തൊട്ടുള്ള ചരിത്രം പരിശോധിച്ചാൽ വളരെ പ്രമുഖമായ സ്ഥാനവും പദവിയുമുണ്ടായിരുന്ന ഒരു കുടുംബമാണ്, കാർത്തികപ്പള്ളി താലൂക്കിലെ, കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിലെ വാരണപ്പിള്ളി. ഇവർ സമ്പന്നത കൊണ്ടു മാത്രമല്ല, കലാകാരന്മാർ, പണ്ഡിതന്മാർ, സാത്വികന്മാർ, പ്രബലരായ സേനാ നായകന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്ന നിലയിലും സമൂഹത്തിൽ ബഹുമാന സ്ഥാനീയർ ആയിരുന്നു. ഏതൊരു മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒരു പുണ്യ സ്ഥലം എന്നാണ് ഈ കുടുംബത്തെ ഒരു ലേഖനത്തിൽ പ്രൊഫ. സുകുമാർ അഴീക്കോട്‌ വിശേഷിപ്പിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മയുടെ…

  • |

    കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

    രാജശേഖർ പി. വൈക്കം July 22, 2011 ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌. ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌. ‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ…

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

  • ശിവരാമസ്മരണ

    വി. എം. ഗിരിജ July 26, 2011 കോട്ടയ്ക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക്‌ സ്ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റേയും കൃഷ്ണൻ നായരുടേയും വളരെ അധികം കീർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്‌… എന്നേപ്പോലുള്ളവർക്ക്‌. ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടർന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല. കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ്‌ എന്ന ആസ്വാദനരീതി ദുർല്ലഭമാണ്‌. ഒരു പാട്‌…

  • മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ

    തിരുവല്ല ഗോപിക്കുട്ടൻ നായർ April 11, 2014  നീലമ്പേരൂർ കുട്ടപ്പപ്പണിക്കരാശാനൊപ്പം പാട്ട് പാടിക്കൊണ്ടിരിക്കുന്ന കാലത്താണ് കൃഷ്ണൻ നായരാശാനെ ആദ്യമായി കാണുന്നത്.  എനിക്കന്നു ഏതാണ്ട് ഇരുപതു വയസ്സ് പ്രായം. കുറിച്ചി കുഞ്ഞൻ പനിക്കരാശാൻ അതിനു കുറച്ചുകാലം മുൻപ് തന്നെ കൃഷ്ണൻ നായരാശാനെ തെക്കൻ അരങ്ങുകളിലേക്ക് കൊണ്ടുവന്നിരുന്നു. അതിനുശേഷം ആശാന്റെ പല വേഷങ്ങൾക്കും  കുട്ടപ്പപ്പണിക്കരാശാനും തകഴി കുട്ടൻപിള്ള ആശാനും ഒപ്പം  പാടാൻ എനിക്കവസരമുണ്ടായി. വലിയ കലാകാരനാനെന്നറിയാമായിരുന്നതിനാൽ പാടുമ്പോൾ ആദ്യമൊക്കെ ഉള്ളിൽ പേടി തോന്നിയിരുന്നു. അദ്ദേഹത്തിൻറെ സ്നേഹപൂർവമായ പെരുമാറ്റം കാരണം കാലക്രമേണ…

മറുപടി രേഖപ്പെടുത്തുക