കോട്ടയ്ക്കൽ ശിവരാമൻ ഭാവാഭിനയത്തിന്റെ ചക്രവർത്തി

മാർഗി വിജയകുമാർ

July 8, 2011

കോട്ടക്കല്‍ ശിവരാമനും ഞാനും

ഞാന്‍ സ്ത്രീവേഷക്കാരന്‍ എന്നുള്ള പട്ടികയില്‍ വരുന്നത് എണപതിനു ശേഷമാണ്. ഈ കാലഘട്ടത്തില്‍ ഇവിടെ വളരെ തിളങ്ങി നിന്ന സ്ത്രീവേഷക്കാര്‍ അനവധിയാണ്. ഒന്നാം നിരയില്‍ കുടമാളൂര്‍, കോട്ടക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, ചിറക്കര മാധവന്‍ കുട്ടി മുതലായവരും രണ്ടാം നിരയില്‍ കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം രാമചന്ദ്രന്‍, കല്ലുവഴി വാസും, കലാനിലയം ഗോപാലകൃഷ്ണന്‍ മുതല്പേരും അരങ്ങു വാഴുന്ന കാലം. ഇതില്‍ കുടമാളൂരിന്റേയും കോട്ടക്കല്‍ ശിവരാമന്റേയും മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടേയും, ചിറക്കര മാധവന്‍ കുട്ടിയുടേയുംകൂടെ ധാരാളം അരങ്ങുകളില്‍ കൂട്ടു വേഷമുണ്ടായിട്ടുണ്ട്. കിര്‍മ്മീരവധത്തില്‍ പാഞ്ചാലിയായും, നള‌ചരിതത്തില്‍ തോഴിയായും , ബാണയുദ്ധത്തില്‍ ഉഷയായും ഒക്കെ. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരന്‍ ശിവരാമനാശാനാണ്. ആ വേഷത്തിന്റെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടിട്ടുണ്ട്. ആ കണ്ണ്, മൂക്ക് , മുഖം, ശരീരം അങ്ങിനെ പ്രത്യേകവും ആ ശരീരഘടന തന്നെയും എടുത്തു നോക്കിക്കഴിഞ്ഞാല്‍ കഥകളിയിലെ സ്ത്രീവേഷത്തിനു വേണ്ടി ജനിച്ചതാണോ എന്നു തോന്നിപ്പിക്കുന്ന ഒരു രൂപമായിരുന്നു ശിവരാമനാശാന്റേത്. പിന്നെ അവതരിപ്പിക്കുന്ന് കഥാപാത്രങ്ങളുടെ ഭാവത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഭാവാഭിനയമാണ് മുഖ്യം എന്ന നിഷ്കര്‍ഷയോടെയുള്ള പ്രവര്‍ത്തിയും അതിലെ പൂര്‍ണ്ണതയുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീവേഷത്തിന് അതുവരെ മറ്റാരിലും കാണാത്ത ഒരു തനതായ ആകര്‍ഷകമായ ശൈലിയും ചലനങ്ങളും കഥകളിക്ക് നലകിയത് ശിവരാമാശാനാണ് എന്ന് നിസ്സംശയം പറയാം. അങ്ങിനെ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തത് ശിവരാമനാശാനാണ്. ശിവരാമശാന്റെ വേഷങ്ങള്‍ മാത്രമേ സ്ത്രീവേഷക്കാരന്‍ എന്ന നിലയില്‍ എന്നെ സ്വാധീനിച്ചിട്ടുള്ളൂ എന്ന് വേണമെങ്കില്‍ പറയാം. അത് പ്രധാനമായിട്ടും ഭാവങ്ങ‌ളുടെ തലത്തിലാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അതിന്റെ ചിന്തകള്‍ ഒരു സ്ഥായിയായ ഭാവത്തോടെ നിലനിര്‍ത്തിക്കൊണ്ട് അവതരിപ്പിക്കുക എന്ന അത്യന്തം ബുദ്ധിമുട്ടേറിയ പ്രവര്‍ത്തി അനായാസേന ശിവരാമാശാന്‍ ചെയ്തത് കണ്ട് അതിനെ സ്വാംശീകരിക്കാന്‍ എന്നാലാവും വിധം ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചലനങ്ങളോ മൗലികതയുള്‍ല ശൈലിയോ ഒന്നും ആര്‍ക്കും പകര്‍ത്താന്‍ പറ്റുന്നതല്ല. പക്ഷേ ഒരു നിമിഷം പോലും ആ സ്ഥായീഭാവത്തില്‍ നിന്നും മാറാതെ നിന്നാടുന്ന ആ ശൈലിയുടെ അന്ത:സ്സത്ത അനുകരണീയമാണ്. അത് സ്വകീയമായ ശൈലിയോടു ചേര്‍ത്തുകൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

കലാകാരന്റെ സ്വാതന്ത്ര്യം

പൂതനാമോക്ഷത്തില്‍ ഉണ്ണിക്കണ്ണനായി പാവ ഉപയോഗിക്കുന്ന പാരമ്പര്യമാണ് കഥകളിയില്‍ ഉള്ളത്. ശിവരാമാശാന്‍ കാണുന്ന കൃഷ്ണന്‍ (ഞാന്‍ കണ്ട രണ്ടരങ്ങുകളിലും ) പിച്ച വെച്ചു നടക്കുന്ന ശ്രീകൃഷ്ണനാണ്; കിടക്കുന്ന കൃഷ്ണനെയല്ല . ഏതോ ഒരു കവിയുടെ കവിതയെ അടിസ്ഥാനമാക്കിയാണ് അങ്ങിനെ ആടുന്നത് എന്നദ്ദേഹം പറയുകയുണ്ടായി. (പേരോര്‍മ്മയില്ല) അതുകൊണ്ട് തന്നെ അദ്ദേഹം പാവയെ ഉപയോഗിക്കാറുമില്ല. ഞാനും പാവ ഉപയോഗിച്ചാണ് ആടി വന്നിരുന്നെങ്കിലും ഒരു ഡല്‍ഹിയില്‍ നടന്ന ഒരു കളിയുടെ റിവ്യൂവില്‍ ഒരു പ്രശസ്ത പത്രപ്രവ‌ര്‍ത്ത്ക ഈ പാവ എന്ന പ്രൊപ്പര്‍ട്ടി ഉപയോഗിക്കുന്നതിനെപ്പറ്റി എതിരായി വിമര്‍ശിക്കുകയുണ്ടായി. കഥകളി പോലുള്‍ല ഒരു നാട്യകലയില്‍ ഈ പാവയുറ്റെ കാര്യമുണ്ടോ എന്നായിരുന്നു ഏക വിമര്‍ശനം. അതില്പ്പിന്നെ ഞാന്‍ പാവ ഉപയോഗിക്കാറില്ല. ആസ്വാദകരുടെ കണ്ടുശീലത്തിനെതിരെയുള്ള കലഹമാണെങ്കിലും ഇന്നും ഞാന്‍ പാവ ഉപയോഗിക്കാറില്ല. ശിവരാമാശാന്‍ കലാകാരന്റെ സ്വാതന്ത്ര്യമ എടുത്തു എന്നു തന്നെ വേണം കരുതാന്‍.

ഇഷ്ടക്കേടുകള്‍

ശിവരാമാശാന്‍ വേഷമൊരുങ്ങുന്ന കാര്യത്തില്‍ അങ്ങേയറ്റം അലംഭാവം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ എനിക്കേറ്റവും ഇഷ്ടക്കേടും തോന്നിച്ചത് ഈ ഒരു സ്വഭാവമായിരുന്നു.

ചട്ടക്കൂടുകളിലൊതുങ്ങാത്ത കലാകാരന്‍

കാലകേയവധത്തിലെ ഉ‌ര്വ്വശി എന്ന കഥാപാത്രം വളരെ വ്യവസ്ഥാപിതമായ ചിട്ടകളില്‍ അധിഷ്ഠിതമാണ്. ചിട്ടകളില്‍ നിന്നും അണുവിടപോലും വ്യതിചലിക്കാനുള്‍ല സ്വാതന്ത്ര്യം കലാകാരനെന്നുള്ള നിലയില്‍ നമുക്കില്ല. മുദ്ര, ചുവടുകള്‍, താളത്തിന്റെ കാലം എങ്ങിനെ സുനിശ്ചിതമായ ചിട്ട തെറ്റിക്കാതെ ഭാവം നില നിര്‍ത്തുക എന്നതാണ് ഈ വേഷത്തിന്റെ ഒരു വെല്ലുവിളി. പാണ്ഡവന്റെ രൂപം എന്നു തുടങ്ങുന്ന പദം ഉര്‌വ്വശി അര്‍ജ്ജുനനെ നേരത്തേ കണ്ടിട്ട് ആ രൂപം മനസ്സില്‍ കണ്ടുകൊണ്ടാണ് ആടുന്നത്. അതുകൊണ്ട് ഭാവം അത്യുജ്ജ്വലമായി അവതരിപ്പിച്ചാലേ കാണികള്‍ക്ക് അനുഭവവേദ്യമാവുകയുമുള്ളൂ. അതേ സമയം ചിട്ട തെറ്റുവാനും പാടില്ല. ഇക്കാര്യത്തില്‍ ശിവരാമനാശാന്‍ അത്ര ശുഷ്കാന്തിയോടെ പ്രവര്‍ത്തിച്ചു എന്നു തോന്നുന്നില്ല. നിയതമായ ചിട്ടയില്ലാത്ത നാലാം ദിവസത്തെ ദമയന്തി , മോഹിനി മുതലായ വേഷങ്ങളെ അപേക്ഷിച്ച് ശിവരാമനാശാന്‍ ഇത്തരം വേഷങ്ങളില്‍ അത്ര മികച്ചു നിന്നും എന്നു പറയാനാവില്ല. എനിക്കു തോന്നിയിട്ടു‌ള്ളത് ഒരു ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന കലാകാരനായിരുന്നില്ല അദ്ദേഹം എന്നാണ്. അദ്ദേഹത്തിന്റെ സങ്കല്പ്പങ്ങളും ചിന്തകളുമൊക്കെ ഒരു കഥാപാത്രത്തെ എത്ര ഭാവപ്രധാനമഅക്കി നിര്‍ത്താം എന്നുള്ളതാണ്. നാലാം ദിവസത്തെ ദമയന്തിയൊക്കെ എടുത്തു നോക്കിയാല്‍ ഇന്നും അദ്ദേഹത്തിനു പകരം വെക്കാന്‍ മറ്റൊരാളില്ല. നമ്മളൊക്കെ ചെയ്യുമ്പോള്‍ അദ്ദേഹത്തെപ്പോലെ ആ നിലയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുകയില്ല എന്ന് ഉറച്ച ബോധ്യം തന്നെയുണ്ട്. കാരണം നമ്മുടെ ശ്രദ്ധ പല സ്ഥലങ്ങളിലേക്കും വ്യാപ‌രിക്കുമെന്നുള്ളതാണ്. ശിവരാമനാശാന് അങ്ങിനെയൊരു ഏകാഗ്രത നഷ്ടപ്പെടലില്ല അരങ്ങത്ത്. അരങ്ങെത്തെത്തി‌യാല്‍ ഭാവപൂര്‍ണ്ണതയില്‍ ഏകാഗ്രമായിരിക്കും ആ മനസ്സും ശരീരവും. പാട്ടും, കൊട്ടും ഒന്നും അദ്ദേഹത്തിന്റെ ഭാവാവിഷ്കാരത്തിന് ഒരിക്കലും വിഘാതമാവുകയേയില്ല. കിര്‍മ്മിരവധത്തിലെ ലളിതയെടുത്താലും ചിട്ടകള്‍ക്കനുസരിച്ചുള്ള ചുവടുകളൊന്നും അദ്ദേഹത്തിന് ബാധകമല്ല. പക്ഷേ കഥാപാത്രത്തിന് നാം പ്രതീക്ഷിക്കുന്ന ഭാവവും അതിനപ്പുറവും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സ്ഥായിയായി നില്പ്പുണ്ടാവുകയും ചെയ്യും.

വ്യ‌ക്തിത്വം

വിശാലമായ വ്യക്തിത്വത്തിനുടമയഅയിരുന്നു ശിവരമാനാശാന്‍. ഒരിക്കല്‍ ശ്രീ ഹൈദരാലിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മ‌രണാര്‍ത്ഥം ഒരു കഥകളിയുണ്ടായി. എന്റെ പൂതനാമോക്ഷവും രാമനുകുട്ടിയാശാന്റെയും ശിവരമാനാശാന്റെയും കൂടി രണ്ടാം ദിവസം കാട്ടാളനും ദമയന്തിയും. എന്റെ പൂതനാമോക്ഷം മുഴുവന്‍ അരങ്ങിന്റെ ഒരു ഭാഗത്തിരുന്ന് ശിവരാമാശാന്‍ കണ്ടു. ശേഷം കളി കഴിഞ്ഞ് എന്നെ വന്ന് അഭിനന്ദിച്ച ഒരു സന്ദര്‍ഭം ഇന്നും സ്മരണയില്‍ നില്‍ക്കുന്നു. എന്നോട് പറഞ്ഞു. “തന്നില്‍ നിന്ന് എനിക്ക് ഒരു സംഗതി കിട്ടി” എന്ന്. സംഗതി എന്താണെന്നു വെച്ചാല്‍ കൃഷ്ണന്‍ എന്ന കുട്റ്റിയെ പൂതന കാണുന്ന സമ‌യത്ത് “കണ്ണുനീര്‍ കൊണ്ടു വദനം കലുഷമാവാനെന്തു മൂലം തൂര്‍ണ്ണം ഹിമജലം കൊണ്ടു പൂര്‍ണ്ണമാമബുജം പോലെ” എന്ന ഭാഗത്ത് കണ്ണുനീര്‍ കൈകൊണ്ട് തൊട്ടെടുക്കുന്ന പൂതന ആ കണ്ണുനീര്‍ത്തുള്ളി കൈവരല്‍തുമ്പത്ത് പറ്റിപ്പിടിക്കയും ആ തുള്ളിയില്‍ തന്റെ പ്രതിബിംബം കാണുന്നതായും ഞാന്‍ ആടിയിരുന്നു. ആ ഭാഗത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം അന്നങ്ങനെ അഭിനന്ദിക്കുകയുണ്ടായത്. എന്നെപ്പോലെയുള്ള ചെറിയ കലാകാരന്മാരില്‍ നിന്നുപോലും എന്തെങ്കിലും പഠിക്കാനുണ്ടെന്ന് പറഞ്ഞതിലൂടെ ആ വലിയ മനസ്സിന്റെ മഹത്വമാണ് വെളിവാകുന്നതെന്ന് പറയേണ്ടതില്ലല്ലോ

കഥകളിയിലെ സ്ഥായീഭാവാഭിനയത്തിന്റെ ചക്രവര്‍ത്തിയായിരുന്നു ശിവരാമനാശാന്‍ . ഏകാഗ്രമായുള്ള സ്ഥായിയിലുള്ള ആ നൈസ്സര്‍ഗ്ഗികമായ അഭിനയത്തിനു പകരം വെക്കാന്‍ ഇന്നും ഒരാളില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന് എന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.

(ജൂലൈ ഏഴു രണ്ടായിരത്തി പതിനൊന്നിന് ശ്രീ മാര്‍ഗി വിജയകുമാറുമായി സേതുനാഥ് നടത്തിയ മുഖാമുഖത്തില്‍ നിന്നും തയ്യാറാക്കിയത്)

Similar Posts

  • ഊഷരതയിൽ പെയ്തിറങ്ങിയ നനവിന്റെ സ്മൃതി പ്രണാമങ്ങൾ 

    ഇന്ദിരാ ബാലൻ June 30, 2012  (നാട്യാചാര്യൻ “പദ്മശ്രീ ” വാഴേങ്കട കുഞ്ചുനായരെക്കുറിച്ച്‌ മകൾ അനുസ്മരിക്കുന്നു.) നടന വൈഭവം കൊണ്ടും, രസസ്ഫൂർത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയിൽ പ്രോജ്വലിക്കുന്ന തൗര്യത്രികത നിറഞ്ഞ്‌ അച്ഛനാടിയ അവിസ്മരണീയ മുഹൂർത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല.അതിനാൽ തന്നെ ഈ ഓർമ്മകൾക്ക്‌ വിഷാദച്ഛവിയേറിയിരിക്കും. പക്ഷേ മനസ്സിന്റെ കളിയരങ്ങിൽ അച്ഛന്റെ നിരവധി കഥാപാത്രങ്ങൾ നിരന്തരം നിറഞ്ഞാടി. കവി ഗതമനുസരിച്ച്‌ സൂക്ഷ്മസ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത്‌ ഇതിവൃത്തത്തിന്‌ അർത്ഥവും കഥാപാത്രത്തിന്‌ മിഴിവും നൽകിയ അച്ഛന്റെ അഭിനയ പാടവം കേട്ടുപരിചയത്തിലും…

  • കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം

    കെ.ശശി, മുദ്രാഖ്യ, പാലക്കാട്‌ August 25, 2015 അല്‌പം ചരിത്രം…  കേരളീയ സംഗീത ശാഖകളില്‍ സ്വതന്ത്രമായ നിലനില്‍പ്പ്‌ കൈവരിച്ച പാട്ടുവഴിയാണ്‌ കഥകളി സംഗീതം. കഥകളി എന്ന ദൃശ്യകലാരൂപത്തിന്റെ പിന്നണിപ്പാട്ടായി നിലനില്‌ക്കുമ്പോള്‍ തന്നെ, അതായത്‌ ഒരു പ്രയുക്ത സംഗീതമായിട്ടുപോലും സ്വന്തമായ വ്യക്തിത്വവും വ്യതിരിക്തതയും കഥകളിപ്പാട്ടുകള്‍ക്ക്‌ കൈവന്നിട്ടുണ്ട്‌. ഇതിന്‌ കാരണമാകുന്നത്‌ അതിന്റെ ശാസ്‌ത്രീയതയും ക്ലാസ്സിക്കലിസവുമാണ്‌. പ്രാദേശിക ഭേദങ്ങളോടെ കഥകളിക്ക്‌ പശ്ചാത്തലമാക്കിയിരുന്ന പദങ്ങളെ അനല്‌പമായ വിദ്വത്ത്വത്തോടെ സംഗീതവത്‌കരിച്ചത്‌ മുണ്ടായ വെങ്കിടകൃഷ്‌ണ ഭാഗവതരായിരുന്നു.   പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ സമ്മതത്തോടെയും വെങ്കിച്ചന്‍സ്വാമിയുടെ അകമഴിഞ്ഞ പ്രോത്സാഹനത്തോടെയും ഉടലെടുത്ത…

  • |

    അന്തരീക്ഷം, അത് താനെയുണ്ടാവും

    വെണ്മണി ഹരിദാസ് സ്മരണ – 4(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ പി.ഡി. നമ്പൂതിരി July 3, 2017 ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു…

  • |

    കളിയരങ്ങിലെ സ്ത്രീപക്ഷം

    ഇന്ദിരാ ബാലൻ Thursday, July 19, 2018 പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌….

  • |

    ഉള്ളിൽ നിന്നും സംഗീതം വരും

    ഡി. വിനയചന്ദ്രൻ August 20, 2017  വെണ്മണി ഹരിദാസ് സ്മരണ – 8(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ഞാൻ നിരന്തരം കളികാണുന്ന ഒരു കാലമുണ്ടായിരുന്നു, അന്നു മുതൽക്കേ ഹരിദാസനുമായി വളരെ സൌഹൃദത്തിലാണ്. ഇവിടെ മാർഗീല് അദ്ദേഹം അധ്യാപകനായിരിക്കുമ്പം, യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ പഠിപ്പിക്കുമ്പം, പിന്നെ കോട്ടയത്ത് വരുമ്പം കളിയരങ്ങിന്റെ വേദികളിലൊക്കെ… കോട്ടയത്ത് പുള്ളി നേരത്തേ വരികയാണെങ്കിൽ കാണും, കളികഴിഞ്ഞ് കാണും… അനൌപചാരികമായ സംഗമങ്ങൾ, സംസാരവും സംഗീതവുമൊക്കെയായിട്ട്. അത് വലിയൊരു സൌഹൃദമാണ്. ഹരിദാസ് ഒരു പക്ഷെ അതിപ്രശസ്തനാകുന്നതിനു മുൻപ്, എനിക്ക്…

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

മറുപടി രേഖപ്പെടുത്തുക