കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം

കെ.ശശി, മുദ്രാഖ്യ, പാലക്കാട്‌

August 25, 2015

അല്‌പം ചരിത്രം… 

കേരളീയ സംഗീത ശാഖകളില്‍ സ്വതന്ത്രമായ നിലനില്‍പ്പ്‌ കൈവരിച്ച പാട്ടുവഴിയാണ്‌ കഥകളി സംഗീതം. കഥകളി എന്ന ദൃശ്യകലാരൂപത്തിന്റെ പിന്നണിപ്പാട്ടായി നിലനില്‌ക്കുമ്പോള്‍ തന്നെ, അതായത്‌ ഒരു പ്രയുക്ത സംഗീതമായിട്ടുപോലും സ്വന്തമായ വ്യക്തിത്വവും വ്യതിരിക്തതയും കഥകളിപ്പാട്ടുകള്‍ക്ക്‌ കൈവന്നിട്ടുണ്ട്‌. ഇതിന്‌ കാരണമാകുന്നത്‌ അതിന്റെ ശാസ്‌ത്രീയതയും ക്ലാസ്സിക്കലിസവുമാണ്‌. പ്രാദേശിക ഭേദങ്ങളോടെ കഥകളിക്ക്‌ പശ്ചാത്തലമാക്കിയിരുന്ന പദങ്ങളെ അനല്‌പമായ വിദ്വത്ത്വത്തോടെ സംഗീതവത്‌കരിച്ചത്‌ മുണ്ടായ വെങ്കിടകൃഷ്‌ണ ഭാഗവതരായിരുന്നു.  

പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ സമ്മതത്തോടെയും വെങ്കിച്ചന്‍സ്വാമിയുടെ അകമഴിഞ്ഞ പ്രോത്സാഹനത്തോടെയും ഉടലെടുത്ത പുരോഗമോന്മുഖമായ നവീന കഥകളി സംഗീതപദ്ധതി നീലകണ്‌ഠന്‍ നമ്പീശനിലൂടെ കലാമണ്‌ഡലം കളരിയിലേക്കും വാസു നെടുങ്ങാടിയിലൂടെ കോട്ടക്കല്‍ കളരിയിലേക്കും സംക്രമിച്ചു. വെങ്കിടകൃഷ്‌ണഭാഗവതരുടെ സംഗീത പരിഷ്‌ക്കാരങ്ങള്‍ക്ക്‌ കാലം ആവശ്യപ്പെട്ട തുടര്‍ച്ചകള്‍ ഏറെയുണ്ടായത്‌ പൊതുസ്വഭാവത്തോടെ പ്രവര്‍ത്തിച്ച കലാമണ്‌ഡലത്തിലായിരുന്നു. നീലകണ്‌ഠന്‍ നമ്പീശന്റെ ജീവിതകാലത്തും അതിനു ശേഷവും ആധുനിക കഥകളിസംഗീതത്തിന്റെ കാവലാളായി നിന്നത്‌ സമീപകാലത്ത്‌ ദിവംഗതനായ കലാമണ്‌ഡലം ഗംഗാധരനായിരുന്നു.  

ഗംഗാധരയുഗത്തിന്‌ കാലമിടുന്നു… 

രാമനാട്ടത്തിന്റെയും കഥകളിയുടെയും പിറവി സ്ഥലമായ കൊട്ടാരക്കരയില്‍ നിന്ന്‌ കഥകളിപ്പാട്ടിന്റെയും കര്‍ണ്ണാടക സംഗീതത്തിന്റെയും സാമാന്യം ഉയര്‍ന്ന പാഠങ്ങള്‍ വശമാക്കിയതിനുശേഷമാണ്‌ ഗംഗാധരന്‍ കലാമണ്‌ഡല ത്തില്‍ വിദ്യാര്‍ത്ഥിയായി എത്തുന്നത്‌. മിടുക്കനായ സഹഗായകനെയും കളരി സഹായിയേയും അന്വേഷിച്ചിരുന്ന നമ്പീശന്‍ ഭാഗവതര്‍ക്ക്‌ നിധിപോലെയാണ്‌ ഗംഗാധരനെ ലഭിക്കുന്നത്‌. കുറഞ്ഞ കാലയളവില്‍തന്നെ നമ്പീശന്റെ മോഹങ്ങളെ അന്വര്‍ത്ഥമാക്കിയ പ്രകടനമാണ്‌ ഗംഗാധരനില്‍ നിന്നുണ്ടായത്‌. ഇക്കാരണത്താല്‍ തന്നെ ഗംഗാധരന്‍ അരങ്ങിലും കളരിയിലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. 

ചെറുപ്രായത്തില്‍തന്നെ കളരിയാശാനായും പൊന്നാനിപ്പാട്ടുകാരനായും സേവനം അനുഷ്‌ഠിക്കാന്‍ ഗംഗാധരനോളം അവസരം ലഭിച്ച ഗായകര്‍ വിരളമാണ്‌. നിരവധി നിര്‍ഭാഗ്യങ്ങള്‍ക്ക്‌ ഇരയാകേണ്ടിവന്ന അദ്ദേഹത്തിന്‌ ലഭിച്ച ചുരുക്കം (പ്രധാനമായതും) ഭാഗ്യങ്ങളിലൊന്നാണിത്‌. ഗുരുനാഥനായ നമ്പീശന്‍ഭാഗവതരെ അരങ്ങിലും കളരിയിലും അനുധാവനം ചെയ്യുമ്പോഴും സീനിയറായ ഉണ്ണികൃഷ്‌ണക്കുറുപ്പിന്റെ ശാക്തിക സ്വരങ്ങളെ ആദരവോടെ, അത്ഭുതത്തോടെ ഏറ്റുപാടിയപ്പോഴും കഥകളിപ്പാട്ടിനെ പുതുവഴികളിലേക്ക്‌ നയിക്കണമെന്ന ശക്തമായ അഭിവാഞ്‌ഛ ഗംഗാധരനുണ്ടായിരുന്നു. അതിന്‌ അദ്ദേഹത്തിന്‌ അവസരം കൈവന്നതാകട്ടെ കലാമണ്‌ഡലത്തിന്റെ അക്കാലത്തെ മൈനര്‍സെറ്റ്‌ അരങ്ങുകളിലൂടെയും. 

കൊളോണിയലിസത്തിന്റെ കൈവിലങ്ങുകളില്‍ നിന്ന്‌ മോചിതമായ കേരളീയ സമൂഹത്തിന്റെ (ഭാരതീയ സമൂഹത്തിന്റെയും) പുതുപ്രതീക്ഷകളും ഉത്സാഹവും ജീവിതത്തിന്റെ നാനാതുറകളിലും ഉയര്‍ന്നുപൊങ്ങിയ കാലമായിരുന്നു 1950-70 വര്‍ഷങ്ങള്‍. സാംസ്‌കാരിക മേഖലയുടെ ഓരോ കോണിലും ആധുനികത ഉയിര്‍കൊണ്ടു. കഥകളിരംഗവും ഈ പൊതുപ്രവണതയില്‍ നിന്ന്‌ വേറിട്ടുനിന്നില്ല. സമകാലീന കഥകളിക്കാരുടെ നിതാന്ത പ്രചോദനങ്ങളാകുന്ന കലാമണ്‌ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍, കലാമണ്‌ഡലം നമ്പീശന്‍കുട്ടി, കലാമണ്‌ഡലം കേശവന്‍ എന്നിവരെല്ലാം മേല്‍പറഞ്ഞ ആധുനികതരംഗത്തില്‍ ഗംഗാധരനൊപ്പം ഉയര്‍ന്നുവന്നവരാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ കഥകളിയുടെ നിര്‍ണ്ണായക ചരിത്രസന്ധിയില്‍ അതിനെ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത്‌ മുന്നോട്ട്‌ നയിക്കാന്‍ വിധിക്കപ്പെട്ട കലാകാരനായിരുന്നു ഗംഗാധരന്‍.  

രണ്ടാം കാലം… 

ഗംഗാധരന്റെ പാട്ടുവഴക്കങ്ങളുടെ പശ്ചാത്തല പ്രേരണകള്‍ എന്തൊക്കെയായിരുന്നു? ഭാരതീയ സംഗീതത്തിന്റെ ഉള്‍ക്കരുത്തായ കര്‍ണ്ണാടകസംഗീതജ്ഞാനം തന്നെയായിരുന്നു ഗംഗാധരന്റെ പ്രധാന ഈടുവെപ്പ്‌. കഥകളിയുടെ ആട്ടപ്രകാരങ്ങളിലുള്ള അവഗാഹവും സംഗീത സംവിധായകനുവേണ്ടുന്ന ത്യാജ്യഗ്രാഹ്യബുദ്ധിയും അദ്ദേഹത്തിന്റെ അനുബന്ധ കൈമുതലുകളായി. സ്വരവിന്യാസങ്ങളുടെ സാങ്കേതികത്വം സൂക്ഷ്‌മമായി പരിരക്ഷിച്ചുകൊണ്ടു തന്നെ കഥാ സന്ദര്‍ഭങ്ങളുടെ വൈകാരികത അനുഭവവേദ്യമാക്കാനുള്ള സംഗീതസ്ഥലികള്‍ സൃഷ്‌ടിച്ചെ ടുക്കാനുള്ള അസാധാരണ മികവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്‌ അദ്ദേഹം അവലംബി ച്ചതാകട്ടെ കര്‍ണ്ണാടകസംഗീതത്തിന്റെ രാജപാതയില്‍ വിഹരിച്ചിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എം.ഡി.രാമനാഥന്‍, പാലക്കാട്‌ കെ.വി.നാരായണസ്വാമി, എന്നിവരുടെ ശൈലിയേയാണ്‌. കീര്‍ത്തനങ്ങളുടെ സാഹിത്യത്തിന്‌ പാട്ടുരൂപം നല്‌കാന്‍ സ്വരധാരാളിത്ത മുപയോഗിക്കാതെ രണ്ടോ മൂന്നോ ജീവസ്വരങ്ങളിലേക്കൊതുക്കി അതിന്റെ സ്ഥായികളിലൂടെ, അതിന്റെ വ്യത്യസ്‌ത വിന്യാസങ്ങളിലൂടെ, ഭാവത്തിന്റെ അവസാന കണികയും പുറത്തെടുക്കുന്ന ശ്രമകരമായ വഴിയായിരുന്നു ഇത്‌. പ്രയുക്തസംഗീതമെന്ന നിലയിലും താളപദ്ധതിയിലും ശുദ്ധ സംഗീതമായ കര്‍ണ്ണാടക സംഗീതത്തില്‍നിന്ന്‌ ഏറെ വേറിട്ടു നില്‌ക്കുന്ന കഥകളിപദങ്ങളില്‍ ഈ പ്രക്രിയ കൂടുതല്‍ ദുഷ്‌കരമാകുന്നു. ശ്രമകരമായ ഈ സംഗീത നിര്‍വ്വഹണം അങ്ങേയറ്റം വിജയ കരമാക്കിയ ഗംഗാധരന്റെ പാട്ടുവഴി അങ്ങനെ കഥകളിപ്പാട്ടിന്റെ രാജമാര്‍ഗ്ഗം തന്നെയായിരുന്നു. 

കര്‍ണ്ണാടക സംഗീത കച്ചേരികളുടെ തനിപ്പകര്‍പ്പുകളല്ലാത്ത ഭാവനിഷ്യന്ദിയായ അദ്ദേഹത്തിന്റെ ആലാപനങ്ങള്‍ക്ക്‌ സമാനത കണ്ടെത്താനാവുക ജി.ദേവരാജന്‍ മാസ്റ്റര്‍ സംവിധാനം ചെയ്‌ത സിനിമാ ഗാനങ്ങളിലായിരിക്കും. കച്ചേരികളിലെ ജ്ഞാനക്കസര്‍ത്തുകളില്‍ മുങ്ങിപ്പോകുന്ന ഭാവത്തെ കേരളീയ പശ്ചാതലത്തില്‍, കേരളീയന്റെ ഭാവ സങ്കല്‍പ്പങ്ങളില്‍ സംഗീതാത്മകമായി പുനര്‍നിര്‍മ്മിക്കുകയായിരുന്നു ജ്ഞാനികളായ, കൊല്ലം ജില്ലക്കാരായ, ഈ രണ്ടു സംഗീത ശിഖാമണികളും.  

അരങ്ങുപാട്ടിന്റെ ചിട്ടകളില്‍ അണുവിട മാറാതെ നിന്നപ്പോഴും പരിഷ്‌ക്കാരത്തിന്‌, ഭാവ സമ്പൂര്‍ണ്ണതയ്‌ക്ക്‌ ഇടം കിട്ടുന്ന എല്ലാ പദങ്ങളിലും പുതുമ വരുത്താന്‍ ഗംഗാധരന്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്‌. പൂര്‍വ്വസൂരികളെ തിരസ്‌കരിക്കാതെ, അവരുടെ സംഭാവനകളെ ഭദ്രമായ അടിത്തറയാക്കി അവയെ കാലത്തിന്‌ അനുയോജ്യമായി വികസിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. വേഷക്കാരന്റെ പശ്ചാത്തല സംഗീതത്തിന്റെ ഹാര്‍മണി നിലനിര്‍ത്തുന്നതോടൊപ്പം സംഗീതത്തെ ‘മുന്നണി’യിലെത്തിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. 

മൂന്നാം കാലം… 

ഗംഗാധരനു മുന്നില്‍ ആട്ടക്കഥാകൃത്തുക്കള്‍ എഴുതിയ വരികളും വേഷക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു. പാട്ടിന്‌ സാധ്യതയുള്ള കഥയെന്നോ സാധ്യതയില്ലാത്ത കഥയെന്നോ ഉള്ള വിവേചനം അദ്ദേഹത്തിന്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഏതെങ്കിലും കഥകളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയില്ല. കഥകളിയില്‍ ഗംഗാധരന്‌ മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയാണിത്‌. ഗംഗാധരന്‌ ഏത്‌ കഥയും വഴിയും എന്ന്‌ നിസ്സംശയം പറയാന്‍ രാമന്‍കുട്ടിനായരാശാനെ പ്രേരിപ്പിച്ചതും ഈ പ്രത്യേകതയായിരിക്കണം. രാമന്‍കുട്ടിനായരാശാന്റെ മാസ്റ്റര്‍പീസ്‌ കഥകളായ രാവണോത്ഭവം ബാലി വിജയം, തോരണയുദ്ധം, നരകാസുരവധം, സീതാസ്വയംവരം, രാജസൂയം തുടങ്ങിയ മേളപ്രധാനമായ കഥകളെ അങ്ങേയറ്റം സംഗീതാത്മകമാക്കാന്‍ ഗംഗാധരനല്ലാതെ മറ്റാര്‍ക്കും സാധ്യമാകില്ലെന്ന്‌ ആശാനും സഹൃദയര്‍ക്കും ഒരുപോലെ ബോധ്യമുണ്ടായിരുന്നു.  

ദൃഢമായ ശാരീരത്തിലൂടെ പുരോഗമിക്കുന്ന ഗംഗാധരന്റെ ആലാപനങ്ങള്‍ അകൃത്രിമമായ സ്വരധാരയാല്‍ സമ്പന്നമായിരുന്നു. കരുണാര്‍ദ്രമായ പദങ്ങളുടെ സമ്രാട്ടായിരിക്കുമ്പോഴും വീര-രൗദ്ര ഭാവങ്ങളുടെ ഇടിമുഴക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമായിരുന്നു ഗംഗാധരന്റെ കണ്‌ഠനാളം. കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ – അപ്പുക്കുട്ടി പൊതുവാള്‍ സഖ്യത്തിന്റെ ഉച്ചസ്ഥായിലുള്ള മേളത്തെ അതേ അളവില്‍ പാട്ടുകൊണ്ട്‌ നിറച്ചിരുന്നു അദ്ദേഹത്തിന്റെ ഉത്ഭവത്തിലെ പദങ്ങള്‍ എന്ന്‌ വസ്‌തുത രോമഹര്‍ഷത്തോടെ മാത്രമെ സ്‌മരിക്കാനാകു.  

നിലനില്‌ക്കുന്ന സ്വര (sustained notes) ങ്ങളില്‍, സ്ഥായികളില്‍, ശബ്‌ദാനുപാതം കൂട്ടിക്കുറച്ചുകൊണ്ടുള്ള, സ്ഥാന-ക്രമ ശുദ്ധിയുള്ള സംഗതികള്‍ സമ്മോഹനമായി ഉള്‍ച്ചേര്‍ന്ന ഗമകങ്ങളില്‍ വിളക്കിച്ചേര്‍ത്തതായിരുന്നു ഗംഗാധരന്റെ ആലാപനപദ്ധതി. കേവലമായ ശബ്‌ദമാധുര്യത്തിനപ്പുറം വാചികോര്‍ജ്ജത്തിന്റെ വിവിധ വിതാനങ്ങളെ ഭാവാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണ്ണമായി വിജയിച്ച ഗായകനായിരുന്നു ഗംഗാധരന്‍. ഭാരതത്തിന്റെ ആദിമസംഗീതമായ ധ്രുപദിന്റെ അനുരണനങ്ങള്‍ അദ്ദേഹത്തിന്റെ വിളംബകാല പദങ്ങളില്‍ നിഴലിക്കുന്നതായി അനുഭവപ്പെടും. അക്കാരണം കൊണ്ടുതന്നെയായിരിക്കും അദ്ദേഹത്തിന്റെ ‘മറിമാന്‍കണ്ണി…’ സംഗീത കുലപതിയായ ശെമ്മാങ്കുടിയെ വിസ്‌മയഭരിതനാക്കിയത്‌.  

ചിട്ടപ്രധാനമായ കഥകളെ സംഗീതംകൊണ്ട്‌ വാനോളം ഉയര്‍ത്തുമ്പോഴും ജനപ്രിയ കഥകളിലുള്ള ഗംഗാധരന്റെ അധീശത്വത്തിന്‌ ഒരു കുറവും ഉണ്ടായിരുന്നില്ല. ഇവയിലൊക്കെയാണ്‌ പുതുരാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ സാഫല്യമടഞ്ഞത്‌. 1950 കളുടെ ഉത്തരപാദത്തില്‍ തന്നെ ഹിന്ദോളം പോലുള്ള രാഗങ്ങള്‍ കഥകളിക്കുപയോഗിക്കാനുള്ള ചങ്കൂറ്റം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ശോകത്തിന്റെ ഏറ്റക്കുറച്ചിലുകളെ അടയാളപ്പെടുത്തിയിരുന്ന തോഡിക്കും പുന്നാഗവരാളിക്കും ബദലായാണ്‌ അദ്ദേഹം ഹിന്ദോളത്തെയും സിന്ധുഭൈരവിയെയും ഉപയോഗിച്ചത്‌. കാല്‌പനികശോകത്തിന്‌ ഈ രാഗങ്ങള്‍ ഏറെ ഫലപ്രദമാകും എന്ന തിരിച്ചറിവായിരിക്കും അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്‌. സംഗീതസാഗരമായ നളചരിതം, ജനപ്രിയ കഥകളുടെ അഗ്രിമസ്ഥാനത്തു നില്‌ക്കുന്ന കര്‍ണ്ണശപഥം, നിഴല്‍ക്കുത്ത്‌, ദേവയാനീചരിതം, ഹരിശ്ചന്ദ്രചരിതം തുടങ്ങിയവയ്‌ക്ക്‌ അഭിജാതമായതും, അതേ സമയം പുതുതലമുറയുടെ വാസനകളെ കണക്കിലെടുക്കുന്നതുമായ അവതരണശൈലി രൂപപ്പെടുത്തിയത്‌ ഗംഗാധരനാണ്‌ എന്ന വസ്‌തുത എത്ര പേര്‍ ഓര്‍ക്കുന്നുണ്ടാവും?  

ബാഗേശ്രീ, വാഗധീശ്വരി, ആഹിര്‍ഭൈരവ്‌, ആഭോഗി, രഞ്‌ജനി, സിംഹേന്ദ്രമദ്ധ്യമം, കീരവാണി…. ഗംഗാധരന്‍ കളിയരങ്ങുകള്‍ക്ക്‌ പരിചയപ്പെടുത്തിയ രാഗങ്ങളുടെ പട്ടിക നീളുകയാണ്‌. മുന്‍ നിശ്ചയിച്ച രാഗം മാറ്റണമെങ്കില്‍ പുതുതായി ഉപയോഗിക്കുന്ന രാഗം ഭാവപ്രകാശത്തെ ഉദ്ദീപിപ്പിക്കണം എന്ന നിര്‍ബന്ധം ഗംഗാധരന്‌ ഉണ്ടായിരുന്നു. ‘മാറ്റ’ത്തി നായുള്ള മാറ്റത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. ഗംഗാധരന്റെ രാഗജ്ഞാനം അറിഞ്ഞുകൊണ്ടായിരിക്കണം ഉണ്ണികൃഷ്‌ണക്കുറുപ്പ്‌ ആദ്യമായി ‘അംഗനേ…’ ആഭേരിയില്‍ പാടുമ്പോള്‍ ഗംഗാധരന്‍ കൂടെപ്പാടണമെന്ന്‌ ശഠിച്ചത്‌. പൂര്‍ണ്ണമായ കഥകളിവത്‌കരണത്തിന്‌ വിധേയമാക്കിയതിനു ശേഷം മാത്രമെ അദ്ദേഹം പുതുരാഗങ്ങളെ കളിപ്പാട്ടിനെടുത്തിരുന്നുള്ളു. ഇത്തരത്തിലുള്ള സംസ്‌ക്കരണത്തിലൂടെ ചിട്ടപ്പെടുത്തുന്ന പദങ്ങള്‍ കീര്‍ത്തനങ്ങളുടെയോ ജനപ്രിയ ഗാനങ്ങളുടെയോ കേവലാനുകരണങ്ങള്‍ ആയിരുന്നില്ല. പൊന്നാനിപ്പാട്ടുകാരന്റെ രംഗനിയന്ത്രണ കരുത്തിന്റെ മറുപേരായ ഗംഗാധരന്റെ സംഗീത സംവിധാനപടുത്വമാണ്‌ ഇതിലൂടെയെല്ലാം വെളിവാകുന്നത്‌. 

നാലാംകാലം…. 

ഉണ്ണികൃഷ്‌ണക്കുറുപ്പിന്റെ ജൂനിയറായതും ശങ്കരന്‍ എമ്പ്രാന്തിരി മുതല്‌ക്കുള്ളവരുടെ ആശാനായതുമായിരിക്കും ഗംഗാധരന്‍ എന്ന അതുല്യപ്രതിഭയെ വെള്ളിവെളിച്ചത്തില്‍ നിന്ന്‌ അകറ്റിയത്‌. കുറുപ്പിന്റെ മാസ്‌മരികതയും എമ്പ്രാന്തിരിയുടെ കൃത്രിമസുന്ദരപാടവവും ഗംഗാധരന്‌ ഇല്ലായിരുന്നു. കളിയരങ്ങുകള്‍ ‘പാട്ടുകാഴ്‌ച’കളായി രൂപാന്തരം പ്രാപിച്ചിരുന്ന 1970-90 കാലഘട്ടത്തില്‍ അദ്ദേഹം ചിട്ടപ്രധാനമായ കഥകള്‍ക്ക്‌ മാത്രം (അവയുടെ എണ്ണം കുറവായിരുന്നു) ക്ഷണിക്കപ്പെടുന്ന ആളായി – അല്ലെങ്കില്‍ പകരക്കാരനായി. വിധിവൈപരീത്യംകൊണ്ട്‌ സംഭവിച്ച ഈ ദുരവസ്ഥയെ സധൈര്യം മറികടക്കാന്‍ അദ്ദേഹത്തിന്‌ ആയില്ല; ശീലക്കേടുകളില്‍ നിന്നും. 

അഭിമാനിയും നിഷ്‌കളങ്കനുമായിരുന്ന അദ്ദേഹം അരങ്ങുകള്‍ ‘പിടി’ക്കാന്‍ മെനക്കെട്ടില്ല – ഫലമോ, അദ്ദേഹം പതുക്കെ അരങ്ങുകളില്‍ നിന്ന്‌ അകലാന്‍ തുടങ്ങി. ചേംബര്‍ മ്യൂസിക്‌ പോലെ, പരിമിതമായ തന്റെ ആസ്വാദകര്‍ക്ക്‌ മുന്നില്‍ മാത്രമായി അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍. ശീലക്കേടുകള്‍കൊണ്ട്‌ പിന്നാക്കം പോയ എത്രയോ കലാകാരന്‍മാരെ എല്ലാം പൊറുത്ത്‌ സഹൃദയര്‍ തന്നെ മുന്നരങ്ങിലേക്ക്‌ കൈപിടിച്ച്‌ ആനയിച്ചെങ്കിലും ഗംഗാധരന്‌ അങ്ങനെയൊരു രണ്ടാം വരവ്‌ സാധ്യമായില്ല. കഥകളിയിലെ വരേണ്യ വര്‍ഗ്ഗക്കാരില്‍ ചിലര്‍ പുത്തന്‍പാട്ടുകാരിലെ അല്‌പതേജസ്വികളെ വളര്‍ത്താന്‍ മുന്‍കൈയെടുത്തത്‌ കഥകളിപ്പാട്ടിന്റെ സൂര്യതേജസ്സായ ഗംഗാധരനെ മാനസികമായി തളര്‍ത്തി. ‘വിധി മതം നിരസി’ക്കാതെ വിദഗ്‌ധനായ അദ്ദേഹം ഒരു മുന്‍ കലാമണ്‌ഡലം ജീവനക്കാരനായി, സര്‍ക്കാര്‍ പെന്‍ഷന്‍കാരനായി ഉള്‍വലിഞ്ഞ്‌ ജീവിച്ചു. 

സമീപകാലംവരെ എടുത്തുപറയത്തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിച്ചിരുന്ന ആ മഹാപ്രതിഭയെ പുതുതലമുറയ്‌ക്ക്‌ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താത്തില്‍ കഥകളി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ സ്വയം ലജ്ജിക്കണം. കലാകാരന്‍മാരുടെ അരക്ഷിതമായ ജീവിതത്തില്‍ വന്നടിയുന്നു സ്വഭാവദൂഷ്യങ്ങളെ മാറ്റിയെടുക്കുന്നത്‌ അതത്‌ കലാമേഖലയില്‍ പ്രവര്‍ത്തി ക്കുന്നവരുടെ ചുമതലയാണ്‌. കഥകളിപോലുള്ള ഗുരുകുലസമ്പ്രദായാധിഷ്‌ഠിതമായ കലാരൂപങ്ങളുടെ നിലനില്‌പിനും വളര്‍ച്ചക്കും കാരണമാകേണ്ടത്‌ കലാകാരന്‍മാര്‍തന്നെയാണ്‌. സാമൂഹികമായ പിന്നാക്കാവസ്ഥ കൊണ്ട്‌ വന്നുചേരുന്ന അവരുടെ വീഴ്‌ചകള്‍ തിരുത്തിയെടുത്ത്‌ അവരെ സ്വക്ഷേത്രബലവാന്‍മാരാക്കിയാല്‍ മാത്രമെ കലയുടെ നടത്തിപ്പില്‍, അതിനെ ‘നെറ്റ്‌’ ലോകത്തില്‍ വിക്ഷേപിച്ച്‌ വികസിപ്പിക്കുന്നതില്‍ ഊറ്റം കൊളളുന്ന സംഘാടക-ആസ്വാദക പ്രഭുക്കള്‍ക്ക്‌ നിലനില്‌പുണ്ടാവുകയുള്ളു.  

ഹൈദരലിയെയും ഹരിദാസനെയും സംഗീതപരമായി എക്കാലത്തും ഉത്തേജിപ്പിച്ച-രാമന്‍കുട്ടി ആശാന്റെയും, പത്മനാഭനാശാന്റെയും അരങ്ങിലും കളരിയിലും ഉറച്ചുപാടി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ, ഗോപി-ശിവരാമന്മാര്‍ക്ക്‌ താരജോഡികളാവാന്‍ സ്വരപിന്തുണ നല്‌കിയ എമ്പ്രാന്തിരി മുതല്‍ വിനോദ്‌ വരെയുള്ള പാട്ടുകാരെ സൃഷ്‌ടിച്ചെടുത്ത, പൊതുവാള്‍മാരുടെ മേളഗോപുരങ്ങള്‍ക്ക്‌ അമോഘമായ താളമിട്ട, കലാമണ്‌ഡലം പാട്ടുകളരിയുടെ അധിപതിയായ കലാമണ്‌ഡലം ഗംഗാധരന്റെ സംഗീതം അദ്ദേഹത്തിന്റെ ജീവിതകാലത്തില്‍ വേണ്ടത്ര വിലയിരുത്തപ്പെട്ടില്ല. എം.ഡി.രാമനാഥനെപോലെ ഗംഗാധരനും ജീവിതാനന്തരകാലത്തില്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും. തമസ്‌ക്കരണത്തിന്റെ താത്‌കാലികമായ ആവരണങ്ങളെ ഭേദിച്ചുകൊണ്ട്‌ കോടിസൂര്യപ്രഭയോടെ ഗംഗാധരസംഗീതം വരുംകാല സംഗീതപഠിതാക്കള്‍ക്ക്‌ മാര്‍ഗ്ഗദീപമാകും. സ്വര്‍ണ്ണം കലക്കിയ ജലത്തേക്കാളും ഭാരതീയര്‍ പവിത്രമായി കരുതുന്നത്‌ ഗംഗാജലത്തെയാണ്‌. ഹിമവാന്റെ തലയെടുപ്പും ആഴക്കടലിന്റെ അഗാധതയും ഉള്‍ച്ചേര്‍ന്ന ഗംഗാപ്രവാഹത്തിന്‌ സമാനമാണ്‌ ഗംഗാധര സംഗീതം.  

‘ഗംഗാധരന്റെ മഹത്ത്വമറിയാതെ  ഗര്‍ഹണം ചെയ്യുന്നതര്‍ഹതയല്ലെടോ!’ (ദക്ഷയാഗം) 

കലാമണ്‌ഡലം ഗംഗാധരനെക്കൂടി മനസ്സില്‍ കണ്ടായിരിക്കുമോ ഇരയിമ്മന്‍ തമ്പി ഈ വരികള്‍ കുറിച്ചിട്ടത്‌?

Similar Posts

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • ഹാഹന്ത ഹവേലീചരിതം

    ശ്രീവല്‍സന്‍ തീയ്യാടി May 30, 2012 (ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം 2) പതിവിലും വൈകി എഴുന്നേറ്റ അവധി ദിവസം. ഫ്ലാറ്റില്‍ മടിച്ച് കൂടുകയായിരുന്നു. ഉച്ച തിരിഞ്ഞു. സായംകാലത്തും ഒടുങ്ങാത്ത ചൂട്. ദല്‍ഹിയിലെ തീക്ഷ്ണവേനല്‍ അങ്ങനെയാണ്. അസ്തമന സമയത്തും സൂര്യന്‍ പ്രതാപി തന്നെ. ഒന്ന് പുറത്തെ ബാല്‍ക്കണിയില്‍ പോയിരിക്കാമെന്നു വിചാരിച്ചാല്‍‍, തിണ്ണയും കസേരയുമൊക്കെ പൊള്ളുന്നപോലെയാണ് കിടപ്പ്. പൊടുന്നനെയാണ് ശബ്ദം കേട്ടത്. ആകാശത്ത് ഇടി വെട്ടിയതാണ്. ക്ഷണനേരം കൊണ്ട് പുറത്തെ അന്തരീക്ഷം മാറി. ആര്‍ത്തടിക്കുന്ന പൊടിക്കാറ്റ്. ആന്ധി എന്ന്…

  • കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

    കലാമണ്ഡലം വാസു പിഷാരോടി June 27, 2017 വെണ്മണി ഹരിദാസ് സ്മരണ – 3(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) വളരെയധികം കഥകളിയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുള്ള ഒരു ഗായകനാ‍ണ് ഹരിദാസൻ. അതിന്റെ എല്ലാ അംശങ്ങളിലും. പിന്നെ അഭിനയത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയും താല്പര്യവുമുള്ളയാളാണ്. ഓരോ കഥാപാത്രത്തിനേയും നല്ലോണം ഉൾക്കൊണ്ടിട്ടുണ്ട് ഹരിദാസൻ. നല്ല സാഹിത്യവാസനയുണ്ട്, പുറമേ സംഗീതവും. ഭാവത്തിന്റെ പരമാവധി, അത് വേണ്ടതരത്തിൽ ഉപയോഗിക്കാൻ ഹരിദാസന് മറ്റു പലരേക്കാളും മിടുക്കുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും ഭാവംന്ന് പറഞ്ഞ് വളരെയങ്ങ് പോവും. ശോക ഭാവം…

  • ശിവരാമ സ്മരണകൾ

    രമേശ് വർമ്മ July 24, 2011 1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ്‌ ഇതെഴുതുന്നയാൾക്ക്‌ കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന്‌ പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി. ചങ്ങാരപ്പള്ളി അനുജൻ ആശാന്റെ അടുത്തിരുന്നു ചിട്ടകളെല്ലാം ഓർത്തു…

  • ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

    പള്ളം ചന്ദ്രൻ June 28, 2019 1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു. അറിയാറായ കാലം…

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

മറുപടി രേഖപ്പെടുത്തുക