ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2

വി. പി. നാരായണൻ നമ്പൂതിരി

June 28, 2012 

വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ.

വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16 km ദൂരമുണ്ട്‌.. എനിക്കാണെങ്കിൽ അച്ഛൻ സ്ഥലത്തില്ലാത്തതിനാൽ പകരം ശാന്തിക്ക്‌ പോകണം. രാത്രി അത്താഴപൂജ കഴിഞ്ഞാണ്‌ യാത്ര. വെളുപ്പിനെ നാലര മണി ആവുമ്പോഴേക്കും ക്ഷേത്രത്തിൽ തിരിച്ചു ശാന്തിക്ക്‌ എത്തണം. ആ കാലത്ത്‌ സന്ധ്യ കഴിഞ്ഞാൽ ഈ പറഞ്ഞ സ്ഥലത്തിനടുത്തേക്ക്‌ വാഹന സൗകര്യം ഇല്ല. ഫലത്തിൽ ഈ ദൂരം മുഴുവൻ നടക്കുകയാണ്‌. എങ്കിലും പോവാൻ തീരുമാനിച്ചു.

ഏതാണ്ട്‌ പകുതി വഴി പിന്നിട്ടപ്പോൾ തുടർന്ന്‌ ഒരു പൂഴിയിട്ട നാട്ടുവഴിയാണ്‌ വെളിച്ചം തീരെയില്ല. അങ്ങിങ്ങ്‌ അകലെയായി ചില വീടുകളിലെ വിളക്കിന്റെ ചെറിയ വെളിച്ചം മാത്രം (ആദ്യമായാണ്‌ ഞാനും സുഹൃത്തും ഈ വഴി യാത്ര ചെയ്യുന്നത്‌).

കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ ആകെ പരിഭ്രമിച്ചു. ദൂരെ നിന്നും ഒരു തീ ഗോളം പോലെ എന്തോ വളരെ വേഗത്തിൽ പറന്നു വരുന്നത്‌ പോലെ. ഭയപ്പെട്ടില്ല എന്ന്‌ പറഞ്ഞാൽ തികഞ്ഞ അസത്യമാകും. എവിടേക്കും പോകാനാവാതെ മുൻപോട്ടു നടന്നു. അതാ അതടുത്തെത്തി. മറ്റൊന്നുമല്ല. രണ്ടു പേർ സൈക്കിളിൽ വരുകയാണ്‌. വെളിച്ചത്തിന്‌ വേണ്ടി പിന്നിലിരിക്കുന്ന ആൾ ചൂട്ടു കത്തിച്ചു പിടിച്ചിരിക്കുകയാണ്‌. ജീവിതത്തിൽ ഏറ്റവും അധികം ഇളിഭ്യനായതും പോട്ടിച്ചിരിച്ചതുമായ ഒരു സന്ദർഭം എങ്ങിനെ മറക്കാൻ.

റെയിൽവേ ലൈനിന്റെ സമീപം തന്നെയാണ്‌ കളി സ്ഥലം. തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. എങ്ങിനെ പാലം കടക്കും എന്ന ചിന്ത പേടിപ്പെടുത്തുന്നു.

നടന്നു വെള്ളൂർ എത്തി. അവിടെ നദിക്കു മുകളിലൂടെ ഒരു റെയിൽവേ പാലമുണ്ട്‌. കാൽ നടക്കാർക്ക്‌ നടക്കാൻ പ്രത്യേകമായി ഒന്നുമില്ല. ഇടവിട്ട്‌ കൈവരിയിട്ട കൂടുപോലെ ഓരോന്നുണ്ട്‌. ട്രാക്കിന്‌ നടുക്കുകൂടി നീളത്തിൽ പലക പോലെ സ്റ്റീൽ പ്ലേറ്റ്‌ പിടിപ്പിച്ചിട്ടുണ്ട്‌. അതിലൂടെ വേണം നടക്കാൻ. പാലത്തിൽ കയറി അൽപ്പം നടന്നപ്പോൾ ആണ്‌ അപകടം തിരിച്ചറിഞ്ഞത്‌. സ്റ്റീൽ പ്ലേറ്റ്‌ പലഭാഗത്തും പഴകി ദ്വാരം വീണിരിക്കുന്നു. മാത്രമല്ല അത്‌ ഉറപ്പിച്ചിരിക്കുന്ന ആണി ഇളകി വിട്ടിരിക്കുന്ന അവസ്ഥയും. ആ വഴി നടന്നു പരിചയം ഇല്ലാത്ത ഞങ്ങൾ മറുകരെ എത്തിയതിന്റെ ഓർമ്മ ഇന്നും ഭയപ്പെടുത്തുന്നു. കളി സ്ഥലത്തെത്തി. ഗോപി ആശാന്റെ നളനും ശിവരാമാശാന്റെ ദമയന്തിയും ഒന്നാം ദിവസമാണ്‌ കഥ. തുടർന്ന്‌ ദുര്യോധന വധം. പള്ളിപ്പുറം ഗോപാലൻ നായരാശാന്റെ ആണ്‌ ദുര്യോധനൻ. ഒരുവിധം നളചരിതം കഴിയും വരെ ഇരുന്നു. മനസ്സമാധാനത്തോടെ കളി കണ്ടില്ല. അവിടെ എത്തിയപ്പോൾ മുതൽ മടക്ക യാത്രയെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓർമ്മകൾ. വെളുപ്പിനെ ശാന്തിക്ക്‌ എത്തണം. ഏതാണ്ട്‌ രണ്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ മടക്കയാത്ര തുടങ്ങി. റെയിൽവേ ലൈനിന്റെ സമീപം തന്നെയാണ്‌ കളി സ്ഥലം. തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. എങ്ങിനെ പാലം കടക്കും എന്ന ചിന്ത പേടിപ്പെടുത്തുന്നു. ഉത്സവപ്പറമ്പിൽ ഉറക്കം തൂങ്ങുന്ന ഒരു പീടികക്കാരനോട്‌ ഉടൻ തീവണ്ടി വല്ലതും കടന്നു പോകാനുണ്ടോ എന്നന്വേഷിച്ചു.. ഒന്ന്‌ വരാനുണ്ട്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കുറെ സമയം വണ്ടി കടന്നു പോകുന്നതും കാത്തു പാലത്തിനടുത്ത്‌ നിന്നു. വണ്ടി ഒന്നും വരുന്നില്ല. സമയം അധികരിക്കുന്നു. ക്ഷേത്രത്തിൽ നട തുറക്കാൻ എത്തണം.

എങ്ങിനെയോ കൈവന്ന ധൈര്യത്താലോ അധൈര്യത്താലോ ഞങ്ങൾ പാലത്തിൽ കയറി നടന്നു തുടങ്ങി. വെള്ളൂർ റയിൽവേ സ്‌റേഷനിൽ നിന്നാവാം വണ്ടിയുടെ ശബ്ദം പോലെ. ശരീരം വിറച്ചു തുടങ്ങി. നടന്നിട്ട്‌ നീങ്ങായ്ക. എന്റെ സുഹൃത്ത്‌ ഒരു ഉപായം നിർദ്ദേശിച്ചു. കുനിഞ്ഞു കൈകൾ രണ്ടും റെയിൽ പാളത്തിൽ പിടിച്ചു നാലുകാലിൽ നടക്കുക.. പിന്നെ ഒട്ടും സംശയിച്ചില്ല.രണ്ടാളും നാൽക്കാലികൾ ആയി പാലം കടന്നു.ഒരുവിധം സമയത്ത്‌ തന്നെ ക്ഷേത്രത്തിൽ എത്തി.

ഇത്ര കാലം കഴിഞ്ഞിട്ടും ആ യാത്ര ഓർമ്മയിൽ അങ്ങിനെ തെളിഞ്ഞു വരുന്നു.കളിയുടെ ഓർമ്മ മങ്ങിയും.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder