കലാമണ്ഡലം ഗോപി

പി.ജി. പുരുഷോത്തമൻ പിള്ള

August 28, 2014

“പട്ടിക്കാംതൊടി രാവുണ്ണിമേനോൻ്റെ ഉടലിന്മേൽ കുഞ്ചുക്കുറുപ്പിന്റെ തല വെച്ചുപിടിപ്പിച്ചാൽ”… എന്ന്  വള്ളത്തോൾ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്.  പട്ടിക്കാംതൊടിയുടെ കയ്യും മെയ്യും കുറുപ്പിന്റെ രസവാസനയുമാണ്  മഹാകവി വിശേഷമായി കണ്ടത്. ഏതാണ്ട്  അതുപോലൊരു പരാമർശം ഈയിടെ ഒളപ്പമണ്ണ നടത്തുകയുണ്ടായി. രാമൻകുട്ടിനായരും കൃഷ്ണൻനായരും ചേർന്നതാണ്  കലാമണ്ഡലം ഗോപി എന്ന്.  ഒക്റ്റോബർ 18-ന്  കലാമണ്ഡലത്തിലെ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അസാമാന്യമായ വേഷഭംഗി, നല്ല മെയ്യൊതുക്കം, ചന്തമേറിയ അംഗചലനങ്ങൾ, ഒന്നാംതരം കണ്ണ്, തികഞ്ഞ അഭ്യാസബലം എന്നിവയെല്ലാം ഗോപിയുടെ കൈമുതലാണ്.  അവാർഡ്  ദാനത്തിൻനാൾ ഗോപിയുടെ കാലകേയവധത്തിൽ അർജ്ജുനൻ കണ്ടവർക്കെല്ലാം ഈ സംഗതികൾ ബോദ്ധ്യമായി. ആദ്യാവസാന പച്ച കത്തി വേഷങ്ങൾ എല്ലാം ഗോപി കെട്ടും. എങ്കിലും പച്ചയാണ്  ഗോപിക്ക്  കൂടുതൽ ഇഷ്ടം. കാഴ്ചക്കാർക്കും. ഗോപിയുടെ രണ്ടാം ദിവസത്തെ നളൻ പലവുരു ഞാൻ കണ്ടിട്ടുണ്ട്.  

കുഞ്ചുക്കുറുപ്പാശാൻ്റെ വേഷവും ആട്ടവും ഓർത്തുപോയി അപ്പോഴെല്ലാം. ചൂതിൽ തോറ്റു സർവസ്വവും നഷ്ടപ്പെടുമ്പോഴെക്കും നളൻ്റെ ശരീരം തന്നെ ചെറുതാകുന്നതായി നമുക്ക്  തോന്നും. വേര്പാടും ബഹുകേമമാണ്. ഏറ്റവും ശോഭിക്കുന്ന ഗോപിയുടെ മറ്റൊരു വേഷമാണ്  രുഗ്മാംഗദൻ. “തന്മകൻ ധർമ്മാംഗദനെ ചെമ്മേ വാളാൽ വെട്ടാൻ” ഒരുങ്ങുമ്പോൾ മുഖത്തു വരുന്ന ഭാവങ്ങൾ കണ്ടുതന്നെ രസിക്കണം. വ്യക്തി എന്ന നിലയിൽ വളരെ നല്ല സുഹൃത്തും നിഷ്ക്കളങ്ക പ്രകൃതിയുമാണ്  അദ്ദേഹം. ഗോപിക്ക്  ആരാധകരല്ല. സുഹൃത്തുക്കൾ ആണ്.  കുറച്ചുനാൾ മുമ്പ്  വരെ ഗോപിക്ക്  ഒരു ദൌർബല്യം ഉണ്ടായിരുന്നു – വാരുണീസേവ. അത്തരം കാര്യങ്ങൾ മറ്റുള്ളവരുടെ ചെലവിൽ മാത്രം നടത്തുന്ന ചില “കലാകാരന്മാർ” ഉണ്ടല്ലോ. ഗോപി അക്കൂട്ടത്തിൽ ആയിരുന്നില്ല.

ഒടുവിൽ ഗോപി എന്ന വി.എം. ഗോവിന്ദൻ നായരെ രണ്ടു മാസത്തോളം സസ് പെൻഷനിൽ നിർത്താൻ കലാമണ്ഡലം ഭരണസമിതി നിർബന്ധിതമായി. പിന്നെ ഒരു ഇംക്രിമെന്റ്  മാത്രം തടഞ്ഞു തീരുമാനം എടുക്കുകയും അദ്ദേഹം അർഹിച്ചിരുന്ന പ്രൊഫസർ സ്ഥാനത്തേക്കുള്ള കയറ്റം അനുവദിക്കുകയും ചെയ്തു.  ഈ ശിക്ഷാ നടപടി നളനു കിട്ടിയ കാർക്കോടക ദംശനം പോലെ അനുഗ്രഹമായി ഗോപിക്ക്.  ഇന്ന് അക്കാര്യത്തിൽ ഗോപി പഴയ ഗോപിയല്ല. 1937 മെയ് 25-ന്  പാലക്കാടു ജില്ലയിലെ കോതച്ചിറയിൽ വടക്കടത്തു ഗോപാലൻ നായരുടേയും മണാളത്ത്  ഉണ്യാതി നങ്ങമ്മയുടെയും മകനായിട്ടാണ് കഥാപുരുഷൻ ജനിച്ചത്.  

പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ആദ്യം കച്ചകെട്ടിയത് തുളളലിനാണ്.  രണ്ടുവർഷം കഴിഞ്ഞ്  തേക്കിൻകാട്ടിൽ രാമുണ്ണിനായർ നടത്തിവന്ന ഗുരുകുലത്തിൽ ചേർന്ന്  കഥകളി അഭ്യാസം ആരംഭിച്ചു – 11ആം വയസ്സിൽ. മൂന്നു കൊല്ലം അവിടെ പഠിച്ച ശേഷം ആണ്  കലാമണ്ഡലത്തിൽ ചേർന്നത്. രാമൻകുട്ടി നായരും പത്മനാഭൻ നായരും ആയിരുന്നു കലാമണ്ഡലത്തിലെ മുഖ്യ ആശാന്മാർ. അവാർഡ്  വാങ്ങുന്നതിനുമുമ്പായി ഗുരുസ്മരണ എന്ന നിലയിൽ  രണ്ട്  ആശാന്മാർക്കും പൊന്നാട സമർപ്പിച്ചുകൊണ്ട്  ദണ്ഡനമസ്ക്കാരം ചെയ്തപ്പോൾ അവിടെ കൂടിയിരുന്ന രണ്ടായിരത്തോളം ആളുകൾ ആനന്ദാശ്രു പൊഴിച്ചു. 

ഗോപി കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ചേർന്നത്  1958-ൽ ആണ്. അങ്ങനെ 1983-ൽ അവാർഡ്  കിട്ടിയത്  സേവനത്തിൻ്റെ രജതജൂബിലി വർഷത്തിലാണ്. കലാമണ്ഡലം അവാർഡ്  കിട്ടിയിട്ടുള്ളവരിൽ ഏറ്റവും ചെറുപ്പത്തിലെ അത്  നേടുവാൻ ഭാഗ്യം ഉണ്ടായത്  ഗോപിക്കാണ്  എന്നത്  എടുത്തുപറയേണ്ട കാര്യം തന്നെ. ഇനി കിട്ടാനിരിക്കുന്ന പല പുരസ്ക്കാരങ്ങളുടെയും മുന്നോടിയും ആവാം ഇത്. 

കലാമണ്ഡലം സംഘത്തോടൊപ്പം ഇന്ത്യയിൽ മിക്കയിടത്തും വെളിയിലും ഗോപി പര്യടനം നടത്തിയിട്ടുണ്ട്. രണ്ട്  ആണ്‍കുട്ടികളുടെ പിതാവായ ഗോപിയുടെ ജീവിതസഖി ആരേക്കത്തു ചന്ദ്രികയാണ്. ഗോപിക്കു മേൽക്കുമേൽ ഐശ്വര്യം നെരാത്തവരായി കളിക്കമ്പക്കാർ ആരും കാണുകയില്ല എന്ന്  തീരത്തു പറയാം.

 

Similar Posts

  • കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

    രവീന്ദ്രനാഥ് പുരുഷോത്തമൻ November 3, 2015 ഇന്ന്  വിശ്വകലയായി തീർന്നിരിക്കുന്ന, കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളർച്ചയ്ക്ക് പ്രതിഭാധനരായ ഒട്ടനവധി ആചാര്യന്മാരുടെയും, വള്ളത്തോളിനെപ്പോലുള്ള ആസ്വാദക വരേണ്യരുടേയും സ്തുത്യർഹമായ പങ്കുപോലെതന്നെ അവിസ്മരണീയമാണ് നാട്ടിലുടനീളവും, ചില വിദേശ രാജ്യങ്ങളിലുമുള്ള ക്ലബ്ബുകളുടെ സംഭാവനകളും.  ആട്ടക്കഥ, കഥകളി, അഭിനയം, മുദ്രകൾ അങ്ങനെ ഈ കലാരൂപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാധാരണക്കാർക്കു  കൂടി മനസ്സിലാവുന്ന തരത്തിൽ പരിചയപ്പെടുത്തുവാൻ കഥകളി ക്ലബ്ബുകൾ സ്വീകരിച്ചു വരുന്ന നടപടികൾ ശ്ലാഘനീയമാണ്. പ്രചുരപ്രചാരം നേടിയവ കൂടാതെ ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിച്ചു…

  • അതിശയംതന്നെ അശീതിപ്പകലിരവുകൾ

    കുട്ടിരാവണനുള്ളതുപോലെ ലേശം ഉറക്കച്ചടവുണ്ടായിരുന്നു ആശാനും. എങ്കിലും പ്രസരിപ്പിനു കുറവു കണ്ടില്ല. ലുലു കൺവെൻഷൻ സെൻറ്ററിൻറെ മാളികകളോന്നിൻറെ പുരുഷാരംനിറഞ്ഞ കോറിഡോറിലെ നീളൻ കുഷ്യൻകസേരയിൽ അതിഥികൾക്കായി ലോഗ്യവും സെൽഫിയും പങ്കിടുമ്പോഴാണ് മേലെ ഇടവപ്പാതിയാകാശത്ത് മാലപ്പടക്കം കേട്ടത്. ഇടിവെട്ടല്ല, ഹെലികോപ്റ്റർ ആയിരുന്നു. മോഹൻലാൽ ആയിരുന്നു നവയുഗ പുഷ്പകവിമാനത്തിലെ വൈശ്രവണൻ. സിനിമാതാരത്തിനാവട്ടെ കഥകളിയാചാര്യനോട്‌ സ്നേഹബഹുമാനം മാത്രം. തിരിച്ചും മറ്റൊന്നല്ല വികാരം മറ്റൊരു പത്മശ്രീ ജേതാവായ കലാമണ്ഡലം ഗോപിക്ക്. നാലായുസ്സിൽ നേടാവുന്ന വരങ്ങളത്രയും കലാപ്രതിഭയുടെ ശക്തിമൂലം ഒറ്റ ജന്മത്തിൽ കരസ്ഥമാക്കിയ രണ്ടു മഹാനടൻമാർ.  …

  • |

    നാൽവർചിഹ്നം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 9 ശ്രീവത്സൻ തീയ്യാടി April 22, 2013  ചിരട്ടക്കുള്ളിൽ പെട്ട വണ്ടിനെപ്പോലെ മദ്ധ്യമശ്രുതി അരങ്ങിൽ ഏങ്ങി. ആരുമില്ലേ എന്നെ രക്ഷിക്കാൻ എന്ന മട്ടിൽ അതിന്റെമാത്രം അലകൾ അഞ്ചെട്ടു നിമിഷം പുറത്തേക്ക് കേട്ടു. തറയിൽ ദമയന്തി ഏകയായി കിടന്നു. ശ്രുതിപ്പെട്ടിക്ക് ചേർന്ന് ആരും നിൽപ്പില്ലെന്നല്ല. മീശ ലേശം കിളിർത്തിട്ടുണ്ട് എന്നതൊഴികെ വേറെ വിശേഷമൊന്നുമില്ല എന്ന് തോന്നിക്കുന്ന ഒരു പയ്യനെ കാണാനുണ്ട്. കലാമണ്ഡലത്തിലെത്തന്നെ ഏതെങ്കിലും വിദ്യാർത്ഥിയാവണം. ആ സ്ഥാപനത്തിന്റെ ട്രൂപ്പ് കളിയാണല്ലോ ഇവിടെയിപ്പോൾ. ഏതായാലും രണ്ടും കൽപ്പിച്ചെന്നപോലെ പുതുമുഖം ശ്ലോകം…

  • |

    കോതച്ചിറി

    ശ്രീവത്സൻ തീയ്യാടി May 23, 2017  ഓർമകൾക്കൊരു കാറ്റോട്ടം – 20  കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ. സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി…

  • |

    ശരീരത്തിന്റെ സംഗീതം

    മനോജ് കുറൂർ April 24, 2011 കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ രംഗാവതരണങ്ങളെ മുന്‍‌നിര്‍ത്തി കഥകളിയുടെ ലയാത്മകഘടനയെക്കുറിച്ച് ഒരു അവലോകനം (കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ എണ്‍‌പതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് 2005 മേയില്‍ പാലക്കാടു നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) സമകാലികസാംസ്കാരിക-കലാപരിസരത്തില്‍ കഥകളിയെ പ്രസക്തമാക്കുന്ന ഘടകങ്ങളേതൊക്കെയാണ്‌? കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വേഷങ്ങള്‍ രംഗാവതരണത്തിനു സ്വീകരിക്കുന്ന കലാതന്ത്രങ്ങള്‍ ഏതൊക്കെയാണ്‌? ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ഒരു വലിയ അളവില്‍ പരസ്പരപൂരകങ്ങളാണ്‌. കഥകളിയുടെ അവതരണത്തിലും ആസ്വാദനത്തിലും പൊതുവേ രണ്ടു ധാരകളുള്ളതായി പറയാറുണ്ട്‌. അതിലൊന്ന്‌ മുഖാഭിനയപ്രധാനവും മറ്റൊന്ന്‌…

  • |

    കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

മറുപടി രേഖപ്പെടുത്തുക