|

മദലുളിതം മൃദുലളിതം ഗുണമിളിതം

പി.ജി. പുരുഷോത്തമൻ പിള്ള

June 20, 2014

(പി.ജി. പുരുഷോത്തമൻ പിള്ള -പുരോഗമന രാഷ്ട്രീയ പ്രവർത്തകനും, പത്രാധിപരും, മുൻ എം.എൽ.എ.യുമായ ശ്രീ. പി.ജി. പുരുഷോത്തമൻ പിള്ള ഒന്നാംതരം കഥകളി പ്രേമിയും നല്ല നർമ്മരസികനും സരസനായ ലേഖകനുമാണ്. നളചരിതത്തിലെ ഹംസത്തെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങളാണ്  ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നത്.)

കഥകളിക്ക്  ഇന്ന്  ശുക്രദശയാണ്‌.  ഹാസ്യ സമ്രാട്ടായ കുഞ്ചൻ നമ്പ്യാർ ചുട്ടിച്ചിരട്ടയും മുരിക്കിൻ പെട്ടിയുമായി വീടു തോറും കയറി ഇറങ്ങുന്ന കഥകളിക്കാരെ പരിഹസിച്ചിട്ടുണ്ട്. ഫലിതാഗ്രണിയായ ഇ.വി. കൃഷ്ണപിള്ളയും “അർശോരോഗിയുടെ ചുണ്ടുള്ള” ആട്ടക്കാരനെ വെറുതെ വിട്ടിട്ടില്ല. വലിയ കൊട്ടാരം കളിയോഗത്തോട്  കിടപിടിക്കുന്നതും കൊച്ചു നീലകണ്ഠപ്പിള്ളയും മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കരും ആദ്യാവസാനക്കാരായി ഉണ്ടായിരുന്നതുമായ തോപ്പിൽ കളിയോഗത്തിന്റെ റേറ്റ്  35 രൂപ മാത്രമായിരുന്നു! ചെങ്ങന്നൂർ രാമൻപിള്ളയെപ്പോലെ കൊടുക്കുന്ന സംഖ്യ വാങ്ങി എണ്ണി നോക്കാതെ തൊഴുതു പിരിയുന്ന കാലാകാരന്മാരായിരുന്നു അന്ന്  അധികവും. കലാകാരൻ തന്റെ പ്രവൃത്തിക്ക്  കണക്കു പറഞ്ഞു വാങ്ങുന്നത്  മഹാപാപമല്ലെന്ന്  കാണിച്ചു കൊടുത്തവർ തോട്ടം ശങ്കരൻ നമ്പൂതിരിയും കലാമണ്ഡലം കൃഷ്ണൻ നായരുമാണ്. ഇന്നോ?

നല്ല ഒരു ആദ്യാവസാനക്കാരന്  3500 രൂപയും കാറുകൂലിയുമാണ്.  ശിവരാത്രിക്കോ മറ്റോ ആണെങ്കിൽ ഇരട്ടിയും.  

തോട്ടത്തിന്റെ “കമലദള”ത്താൽ ആകൃഷ്ടനായ ഉദയശങ്കർ അദ്ദേഹത്തെ ഗുരുവായി വരിച്ച്  അൽമോറയ്ക്ക്  കൂട്ടിക്കൊണ്ടു പോയതും വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തിയതും, വള്ളത്തോളിന്റെ കലാമണ്ഡലം ട്രൂപ്പിന്റെ കളികണ്ട ടാഗൂർ കഥകളിയെ വാനോളം പുകഴ്ത്തി പത്രങ്ങളിൽ എഴുതിയതും കഥകളി കൂടി വിശ്വഭാരതിയിലെ പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയതും ഈ കലയുടെ ഭാഗ്യോദയമാകുന്നു.

ഏത്  കഥയെടുത്താലും ആദ്യാവസാന വേഷത്തിനാണല്ലോ പ്രാമാണ്യം. കോട്ടയം കഥകളിലെ ധർമ്മപുത്രഭീമാർജ്ജുനന്മാർ, തമ്പിയുടെ കത്തിവേഷങ്ങൾ തുടങ്ങിയവ ഉദാഹരണം. ജനപ്രീതിയാർജ്ജിക്കുന്ന വേഷങ്ങൾക്ക് അരങ്ങത്തു കാണിക്കാൻ ചില “വഹകൾ” ഉണ്ടായിരിക്കും. ചെറിയ നരകാസുരന്റെ പാടിപ്പദത്തിലെ കേകി, തുടർന്നുള്ള പടപുറപ്പാട്, ഉൽഭവത്തിലെ രാവണന്റെ തപസ്സ്, ബാലിവിജയത്തിലെ രാവണന്റെ കരവിംശതിയും, നാരദന്റെ വരവ്  നോക്കിക്കാണലും കൈലാസോദ്ധാരണവും, കാർത്തവീരാർജ്ജുന വിജയത്തിലെ രാവണന്റെ കമലദളവും വിന്ധ്യവിപിനവും, ലവണാസുരവധത്തിലെ ഹനുമാന്റെ സുഖമോ ദേവിയും കാലകേയവധത്തിലെ സലജ്ജോഹവും ജനകതവദർശനവും മറ്റും (ഇന്ന്  വലിയ മാർക്കറ്റുള്ളവയല്ലെങ്കിലും) ആടാനും കാണാനും വകയുള്ളവയാണ്.

ആദ്യാവസാന വേഷങ്ങൾ അല്ലെങ്കിലും ചില വേഷങ്ങൾ ജനപ്രീതിയാർജ്ജിച്ചിട്ടുണ്ട്.  കാലകേയവധത്തിലെ മാതലി ആദ്യവസാന വേഷമല്ല. പക്ഷെ വേഷം നിശ്ചയിക്കുമ്പോൾ ആരായാലും മതി മാതലി എന്നു തീരുമാനിക്കുമോ? ‘വിജയതേ ബാഹു വിക്രമം വിജയതേ” എന്ന അടന്തയിലെ പദം തന്നെ അഭ്യാസ ബലിഷ്ഠന്മാർക്കെ ആടാൻ പറ്റൂ.പരമേശ്വരനോടാശു പാശുപതം അസ്ത്രം എന്ന ഭാഗം തന്നെ പതിവുകാലമടന്തയിൽ ആടുന്ന ഭാഗം ഒന്നാലോചിക്കുക. പാശുപതം അസ്ത്രം എന്നയിടത്തു രണ്ടു മുദ്രയല്ലേ കാണിക്കാനുള്ളൂ. പക്ഷെ അടന്ത (14 അക്ഷര കാലം) പതിവുകാലത്തിൽ പൊന്നാനിയും ശിങ്കിടിയും പാടി കഴിയുന്ന സമയം കൊണ്ട് വേണം അതുകാണിക്കുവാൻ. രുഗ്മിണീ സ്വയംവരത്തിലെ സുന്ദരബ്രാഹ്മണൻ ആദ്യവസാന വേഷമല്ല. എന്നാൽ ഏറ്റവും നല്ല നടനേ ആ വേഷം ആരും കൊടുക്കൂ. വേഷം രണ്ടാം തരമെങ്കിലും ഒന്നാന്തരം പദങ്ങളാണ്  ഉള്ളത്, മിയ്ക്കതും അടന്തയിൽ. ഉദാഹരണം “ചിത്ത താപം അരുതേ.”  ബാലിവിജയത്തിലെ നാരദൻ രണ്ടാംതരം വേഷമാണെങ്കിലും ഒന്നാന്തരം കലാകാരനെ വേണ്ടിയിരിക്കുന്നു.

ചില സന്ദർഭങ്ങളിൽ വേണ്ട അഭ്യാസ പടുത്വം എടുത്തു പറയേണ്ടവയാണ്.  കലാമണ്ഡലം രാമൻകുട്ടി നായരുടെ തോരണയുദ്ധത്തിലെ ഹനുമാന്റെ സമുദ്രലംഘനം (ഗഗന സഞ്ചാരം എന്ന്  ആരാധകർ പറയും.) അതിനു മികച്ച ഉദാഹരണമാണ്.  രാമൻകുട്ടി നായരുടെ തന്നെ കല്യാണസൌഗന്ധികത്തിലെ ഹനുമാൻ വൃദ്ധ വാനരനായി മാറുന്നത് പീഠത്തിന്മേൽ കയറി നിന്ന് കാണിക്കുമ്പോൾ കായപരിമിതി ചെറുതാകുന്നതായി കാണികൾക്കു തോന്നും. സഹോദരനുമായുള്ള ചൂതുകളിയിൽ തോറ്റുതുന്നംപാടിയ നളനെ ഗോപി അവതരിപ്പിക്കുമ്പോഴും കായപരിമിതി തന്നെ ചെറുതാകുന്നത്  കാണാം.ചെങ്ങന്നൂർ രാമൻപിള്ളയുടെ ഹിരണ്യകശിപുവും വെച്ചൂർ രാമൻപിള്ളയുടെ നരസിംഹവും ചേർന്നുള്ള ആട്ടം ഒരു കാലത്ത്  ജനങ്ങൾക്ക്  വളരെ പ്രിയപ്പെട്ടതായിരുന്നു. ഹിരണ്യകശിപുവിനെ കൊല്ലാനായി നരസിംഹം മടിയിൽ കിടത്തുമ്പോൾ ചെങ്ങന്നൂരിന്റെ കിടപ്പ്  ഒന്നു പ്രത്യേകമാണ്.  കാവടി പോലെ വളഞ്ഞ്  പാദങ്ങളും കിരീടവും നിലത്തുമുട്ടുമാറുള്ള ആ കിടപ്പ്  മറ്റാരേക്കൊണ്ടെങ്കിലും കഴിയുമോ എന്ന കാര്യം സംശയമാണ്.

കലാമണ്ഡലം ട്രൂപ്പ്  ലണ്ടനിൽ ചെല്ലുമ്പോഴൊക്കെ വെള്ളക്കാരനെങ്കിലും കഥകളി മർമ്മജ്ഞനായ എ.ഡി. ബോളണ്ട്  അവരെ വീട്ടിൽ വരുത്തി സൽക്കരിക്കുകയും, ചെങ്ങന്നൂരാശാന്റെ ശിഷ്യന്മാരായ മങ്കൊമ്പ്  ശിവശങ്കരപ്പിള്ളയോ, മടവൂർ വാസുദേവൻനായരോ ട്രൂപ്പിലുണ്ടെങ്കിൽ ഈ രംഗം കാണണമെന്ന് നിർബന്ധിക്കുകയും പതിവായിരുന്നു. ശിഷ്യന്മാർക്ക്  ആശാനെപ്പോലെ അത് പ്രകടിപ്പിക്കുവാൻ കഴിയുമോ എന്നത്  മറ്റൊരു പ്രശ്നം. (പട്ടിയ്ക്കാംതൊടിയുടെ കളരിയിൽ വളയമിടുക എന്ന ഒരിനം ഉണ്ടായിരുന്നതായി കലാമണ്ഡലം രാമൻകുട്ടി നായർ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മട്ടിലുള്ള ശിക്ഷ കഴിച്ചവർക്കെ ഈ “കാവടിയാട്ടം” നടത്താനാവൂ.)

ഈ വക ഒന്നുമല്ലെങ്കിലും ജനപ്രീതി സമ്പാദിച്ച ഒരു വേഷമാണ് നളചരിതത്തിലെ ഹംസം.

ഒന്നാം ദിവസത്തെ ഹംസത്തിനും രണ്ടാം ദിവസത്തെ കാട്ടാളനും പ്രാധാന്യം സമ്പാദിച്ചു കൊടുത്തത്  മഹാനടനായ മാത്തൂർ കുഞ്ഞുപിള്ളപ്പണിയ്ക്കരാണെന്ന്  കേട്ടിട്ടുണ്ട്.  എന്നാൽ ഈ വേഷത്തിന്  അങ്ങേയറ്റത്തെ പ്രാചുര്യം സമ്പാദിച്ചു കൊടുത്തത്  കുറിച്ചി കുഞ്ഞൻ പണിയ്ക്കരാണെന്നു പറയാതെ തരമില്ല. ആശാന്റെ തെക്കനും വടക്കനും ചിട്ടയിൽ കിട്ടിയിട്ടുള്ള അഭ്യാസത്തേക്കാൾ സ്വത:സിദ്ധമായ നർമ്മബോധവും പൊടിക്കൈകളുമാണ്  അതിനു കാരണം.

കിർമ്മീരവധത്തിലെ ധർമ്മപുത്രർ മുതൽ കംസവധത്തിലെ ആനക്കാരൻവരെ കെട്ടിക്കണ്ടിട്ടുണ്ട്.  അത്യാവശ്യത്തിനു സംസാരിക്കുന്ന വേഷമാണല്ലോ ആനക്കാരൻ. ഒരിയ്ക്കൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരുകളിക്ക്  ആശാന്റെ ആനക്കാരൻ വിളക്കിന്റെ മുമ്പിലേക്ക്  വന്നത് “ആഴാടാ ഈ ഭൂമിയിട്ടു കുലുക്കുന്നത്” എന്നു ചോദിച്ചു കൊണ്ടാണ്. 

ദുര്യോധനവധത്തിലെ ദൂത്  രംഗത്തിൽ മുമുക്ഷു എന്നൊരു കതാപാത്രമുണ്ടല്ലോ. കൃഷ്ണൻ വിശ്വരൂപം കാണിക്കുമ്പോൾ “കൃഷ്ണൻ അരുൾ ചെയ്തതെല്ലാം” എന്നു പാടിക്കൊണ്ട്  പ്രദക്ഷിണം വെയ്ക്കുക എന്ന ഒരു കാര്യമേ കഥാപാത്രത്തിനു ചെയ്യാനുള്ളൂ.  എന്നാൽ ഏതാണ്ട്  45 വർഷം മുമ്പ്  കീരിയ്ക്കാട്ടു നടന്ന ഒരു ടിക്കറ്റ്  വെച്ച കളിയിൽ ചെങ്ങന്നൂരിന്റെ ദുര്യോധനൻ, മാങ്കുളത്തിന്റെ കൃഷ്ണൻ,  ഉണ്ണിത്താന്റെ പാട്ട്, മൂത്തമനയുടെ ചെണ്ട, പുന്നത്തൂർ മാധവൻ നായരുടെ മദ്ദളം എന്നിതൊക്കെ ഉണ്ടായിട്ടും കാണികൾ, പ്രത്യേകിച്ച്  ശ്രദ്ധിച്ചത്  കുറിച്ചിയുടെ മുമുക്ഷുവിനെയാണ്. “ജ്ഞാതിയല്ല നമുക്കഹോ” എന്ന ഭാഗം വന്നപ്പോൾ ഇരുന്ന സ്റ്റൂളിൽ നിന്ന്  ഒരിഞ്ചു മുന്നോട്ടാഞ്ഞ്  “അതിനുള്ള മറുപടിയും കൂടി കേട്ടോളൂ” എന്ന കുറിച്ചിയുടെ പ്രകടനം കഥകളി അരങ്ങത്ത്  സാധാരണമല്ലാത്ത കരഘോഷത്തിനും വഴിവെച്ചു. ഇതൊക്കെ ആശാന്റെ പൊടിക്കൈകളാണ്.

ഹംസത്തോട്  “നളനൃപഗുണഗണമോതുകെടോ” എന്നു പറയുന്ന ദമയന്തിയെ താമരയിലയിൽ കൊക്കുകൊണ്ട്‌  നളന്റെ ചിത്രം വരച്ചു കാണിക്കുമായിരുന്നു കുഞ്ഞൻ പണിക്കർ. പഞ്ചമി ചന്ദ്രനെപോലെയുള്ള നെറ്റിത്തടവും, വില്ലുപോലെയുള്ള ചില്ലികളും, എള്ളിൻപൂ പോലെയുള്ള നാസികയും വരച്ച ശേഷം മനോഹരമായ  ഒരുകണ്ണ്  കുറെ തീർത്ത്  കാട്ടിയിട്ട്  മറ്റേ കണ്ണ്  കോങ്കണ്ണാക്കി കാണിക്കുന്നതും കണ്ടുനില്ക്കുന്ന കുടമാളൂരിന്റെ ദമയന്തി പ്രതികരിക്കുന്നതും ഒരിക്കൽ കണ്ടിട്ടുള്ളവർക്ക് മറക്കാൻ സാദ്ധ്യമല്ല. അതുപോലെ “മദലുലുളിതവും മൃദുലളിതവും ഗുണമിളിതവു”മായ നട നളനഗരത്തിലെ നളിന മിഴിമാരെ പഠിപ്പിക്കുന്നതും കാണേണ്ട കാഴ്ചയാണ്. “താതനൊരു വരനുകൊടുക്കും നിന്നെ പ്രീതി നിനക്കുമുണ്ടാം  അവനിൽത്തന്നെ വിഫലമിന്നു പറയുന്നതെല്ലാം  ചപലനെന്ന്  പുനരെന്നെ ചൊല്ലാം” എന്ന ഹംസത്തിന്റെ വാക്കുകൾക്കു മറുപടിയായി ദമയന്തി,   “അർണ്ണവം തന്നിലല്ലോ നിമ് നഗ ചേർന്നു ഞായം  അന്യഥാ വരുത്തുവാൻ കുന്നു മുതിർന്നിടുമോ” എന്നുപറയുമ്പോൾ, അഥവാ, മുതിർന്നാൽത്തന്നെ ഗതിമാറി ഒഴുകാമല്ലൊ എന്നു കാണിക്കുന്നതും കണ്ടിട്ടുണ്ട്. ഇതെല്ലാം നർമ്മം നിറഞ്ഞ പൊടിക്കൈകൾ!

ഒയൂർ കൊച്ചുഗോവിന്ദപ്പിള്ള, ചെന്നിത്തല ചെല്ലപ്പൻപിള്ള എന്നീ കുഞ്ഞൻപണിക്കരുടെ ശിഷ്യന്മാരും പ്രസിദ്ധ ഹംസവേഷക്കാരാണ്.  ഇവരിൽ ചെല്ലപ്പൻപിള്ള വളരെ പ്രസിദ്ധനെങ്കിലും ആട്ടം ആശാന്റെ അനുകരണം ആണെന്നു പറയാം. എന്നാൽ ഒയൂർ അതല്ല. ഹംസത്തിന്റെ അഡ്ഡിഡ്ഡെക്കേം” വെച്ചുള്ള പ്രവേശനം പ്രസിദ്ധമാണല്ലോ. പക്ഷി പറന്നു വരുന്ന പ്രതീതി തികച്ചും നൽകുവാൻ അതിനു കഴിയും. ആ ഒരു കാര്യത്തിൽ കൊച്ചുഗോവിന്ദപ്പിള്ള ഗുരുവിനേക്കാൾ എള്ളിട മുമ്പിലാണ്. പ്രവേശനത്തിൽ മാത്രമല്ല പീഠത്തിൽ ഇരിക്കുമ്പോഴും ഓയൂർ നൂറുശതമാനവും പക്ഷിതന്നെ.കുഞ്ഞൻ പണിക്കരാശാന്റെ ശിഷ്യൻ തന്നെയെങ്കിലും ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ ഹംസത്തിന്  ഈ വശ്യതയില്ല. ഈ ലേഖനം എഴുതി തുടങ്ങിയതിനുശേഷം ഒരു പുതിയ ഹംസത്തിനെ കണ്ടു. ഏഷ്യാനെറ്റിൽ  സമാരോഹത്തിൽ കലാമണ്ഡലം പത്മനാഭൻ നായരുടെ ഹംസം. അതുകണ്ടപ്പോൾ പ്രത്യേകിച്ച്  “ശിവ ശിവ എന്തുചെയ് വൂ ഞാൻ” എന്ന പദം ആടിക്കണ്ടപ്പോൾ – ചൊല്ലിയാട്ട പ്രധാനമായ ഏതൊരു പദത്തോടും കിടപിടിക്കുന്നതാണ്  അതെന്നു തോന്നി. പത്മനാഭൻ നായരിലെ മൂപ്പെത്തിയ കളരി ആശാനായിരിക്കണം അതിനു കാരണം.

അത് കണ്ടപ്പോൾ ചെങ്ങന്നൂർ രാമൻപിള്ളയാശാന്റെ ഹംസം ഒരിക്കൽ കണ്ടത്  ഓർത്തുപോയി. കുറിച്ചി അരങ്ങത്തു വന്നാൽ ചിറകിനിടയിലെ പേനും ഈച്ചയും കൊത്തിപ്പെറുക്കിത്തിന്നുന്നത്  കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻതുള്ളലിലെ വിവരണം ആശ്രയിച്ചാണ്‌.  പത്മനാഭൻ നായരും ചെങ്ങന്നൂരും ജനപ്രീതിക്കുവേണ്ടി അത്രത്തോളം പോകുകയില്ല. കുഞ്ഞൻ പണിക്കരാശാന്റെയും ചെങ്ങന്നൂരിന്റെയും ഹംസങ്ങളെ ഒരു സ്വകാര്യ സംഭാഷണത്തിൽ താരതമ്യം ചെയ്തപ്പോൾ രാമൻ പിള്ളയാശാന്റെ മകളുടെ പ്രതികരണം ഇപ്രകാരമായിരുന്നു. “അച്ഛന്റെ സങ്കൽപ്പത്തിൽ ഹംസം ഒരുത്തമ ബ്രാഹ്മണനാണ്.  ആ നിലവിട്ടുള്ള ഒരു ചേഷ്ടയും കാണിക്കുകയില്ല.”  “ശിവ ശിവ” എന്ന പദത്തെപ്പറ്റി പറഞ്ഞുവല്ലോ. രാഗം ഘണ്ടാരം. ശോകസ്ഥായി. ദു:ഖരസ പ്രകടനം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്  കവിളിലെ ചലനങ്ങളെയാണല്ലോ. ഹംസത്തെ സംബന്ധിച്ചിടത്തോളം പുരികവും കണ്ണും കവിളും എല്ലാം കൊക്കുകൊണ്ട്  മറയ്ക്കുന്ന വേഷമാണല്ലോ! ചതുർവിധ അഭിനയമുള്ളതിൽ ആഹാര്യവും സാത്വികവും ഇവിടെ കുന്തം! കൈയ്യും കാലും ചിറകും കൊണ്ട്  എല്ലാം സാധിക്കേണ്ടിയിരിക്കുന്നു.

നളചരിതത്തിലെ ഹംസം എന്നു പറയുമ്പോൾ ഒന്നാം ദിവസം മാത്രമേ നാം കണക്കിലെടുക്കുന്നുള്ളൂ. ഹംസം നാലാം ദിവസവും ഉണ്ട്. അത്  എത്രപേർ മനസ്സിലാക്കുന്നു. ആട്ടക്കഥ മുഴുവൻ ശ്രദ്ധിച്ചു വായിച്ചിട്ടുള്ളവരല്ലാതെ. ഹ്രസ്വകായനും വികൃതരൂപിയുമായ ബാഹുകൻ നളൻ തന്നെയാണെന്നും പതിദേവതയായ ദമയന്തി നിരപരാധയാണെന്നും ഉള്ള അശരീരിയും പരസ്പരാലിംഗനവും കഴിഞ്ഞുള്ള ഭാഗങ്ങൾ രംഗത്ത്  അവതരിപ്പിച്ചാൽ അത്  ആന്റിക്ലൈമാക്സ്  ആയിരിക്കും. നളൻ പുഷ്ക്കരനെ തോൽപ്പിച്ച് രാജ്യം വീണ്ടെടുത്ത്  ഭരണം ആരംഭിക്കുമ്പോൾ അനുഗ്രഹിക്കാനും ആഹ്ലാദം പങ്കിടാനും ഹംസം ഒരിയ്ക്കൽ കൂടി വരുന്നതായി ഉണ്ണായി വാര്യർ എഴുതിയിട്ടുണ്ട്. പക്ഷെ ഒരിടത്തും ഇത് ആടാറില്ല. ഷേക് സ്പിയറുടെ “മെർച്ചന്റ് ഓഫ് വെനീസ്” പഠിപ്പിക്കുമ്പോൾ അഞ്ചാം അങ്കത്തെപ്പറ്റി എം.പി. പോൾ പറഞ്ഞത്  ഓർത്തുപോകുന്നു.  “In spite of the poetic grandeur Shakespeare has lavished upon it, the Vth act in the Merchant of Venice is decidedly an anticlimax.”

(ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ്, ഇരിങ്ങാലക്കുട പുറത്തിറക്കിയ രജത ജൂബിലി സ്മരണിക 2000-ൽ എഴുതിയ ലേഖനം.)

Similar Posts

  • ഇന്ദ്രാദിനാരദം – 2

    ഹേമാമോദസമാ – 6 ഡോ. ഏവൂർ മോഹൻദാസ് September 13, 2012  ദേവസ്ത്രീകളെപ്പോലും നിഷ്പ്രഭരാക്കുന്ന ലോകോത്തരസൌന്ദര്യധാമമായ ദമയന്തിക്ക് ഒരുത്തനിൽ ഗാഢമായ അനുരാഗം ഉണ്ടെന്നും അവന്റെ ഗുണഗണങ്ങൾ വച്ചു നോക്കിയാൽ ദമയന്തിയെ അവനു തന്നെ ലഭിക്കും എന്നും ഭൈമീകാമുകൻമാരായ രാജാക്കന്മാർ സ്വയംവരത്തിനു കൂടുമ്പോൾ ദമയന്തിയെച്ചൊല്ലി കലഹമുണ്ടാകാം (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) എന്നും ഇന്ദ്രനോട് പറഞ്ഞിട്ടാണ് നാരദർ സ്വര്‍ഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക്‌ യാത്ര തിരിച്ചത്. ഈ ഒരുവരി പദത്തിന്റെ (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) പേരിലാണ് എല്ലാ സാഹിത്യ പണ്ഡിതന്മാരും സ്വയംവരസമയത്തു…

  • ഓർമ്മയുടെ ഉത്ഭവം

    എം.വി നാരായണൻ June 19, 2013 മലയാളത്തിൽ ഇത്തരമൊരു സാസ്മ്കാരിക പഠനം ആദ്യമാണെന്നു തോന്നുന്നു. കലയും കാലവും കൂട്ടിക്കുഴയ്ക്കുകയും അത് കേരളത്തിന്റെ ഭാഗധേയനിർണ്ണയ ശ്രേണികളില്‍  കണ്ണികളാകുകയും ചെയ്യുന്നത് അസാധാരണ പാടവത്തോടെ ലേഖകൻ പരിശോധിക്കുന്നു –സമകാലീന മലയാളം സെപ്റ്റംബർ 2005 (പത്രാധിപർ) ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം ‘അതു യഥാർത്ഥത്തിൽ എങ്ങനെ ആയിരുന്നു’ എന്ന് കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നിമറയുന്ന ഓരോർമ്മയെ കൈയ്യെത്തിപ്പിടിക്കലാണ്. -വാൾട്ടർ ബൻമിയൻ,തീസിസ് ഓൺ ദ് ഫിലോസഫി ഓ ഹിസ്റ്ററി ദ്രാവിഡമനസ്സിന്റെ ഇരുണ്ട അകത്തളങ്ങളിൽ…

  • അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

    നരിപ്പറ്റ നാരായണന്‍ നമ്പൂതിരി July 19, 2012 കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ…

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • ‘കാലം കുറഞ്ഞെങ്കിലുമെത്ര ദീര്‍ഘം!’: തിരനോട്ടത്തിന്റെ തൌര്യത്രികം ശില്പശാല

    മനോജ് കുറൂര്‍ April 5, 2012  തിരനോട്ടം ദുബായില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയില്‍ ഞാനും കൂടണം എന്ന് ഇരിങ്ങാലക്കുട അനിയേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അല്പം പരിഭ്രമമായി. ഒന്നാമത് വിദേശം. എനിക്കാണെങ്കില്‍ വേണു വി. ദേശം എന്ന കവിയെയല്ലാതെ മറ്റു പരിചയമില്ല. ഓരോ കഥകളി അവതരണത്തിനും‌മുന്‍പ്  ആമുഖമായി സംസാരിക്കുക, കളി നടക്കുമ്പോള്‍ത്തന്നെ വിവരണം നല്‍കുക, അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയ്ക്ക് മോഡറേറ്റര്‍ ആയി പ്രവര്‍ത്തിക്കുക എന്നിവയാണ് എന്റെ ചുമതലകള്‍. പിന്നെ പീശപ്പിള്ളി രാജീവന്‍, ഏറ്റുമാനൂര്‍…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

മറുപടി രേഖപ്പെടുത്തുക