ഡോ. ഓമനക്കുട്ടി

January 1, 2014

ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്നുപറയുന്നത് അവിടുത്തെ സംസ്‌കാരം തന്നെയാണ്. ഏതു രാഷ്ട്രത്തിലും സംസ്‌കാരം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് പല ഘട്ടങ്ങള്‍ തരണം ചെയ്താണ്. കല സംസ്‌കാരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗം തന്നെയാണ്. ആദിമകാലം മുതലുള്ള കലകളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ പരസ്പരം പലരീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം സങ്കരത്വം വഹിക്കുന്നതായി കാണാം. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തില്‍ വളരെയധികം ബാഹ്യമായ സ്വാധീനം ഉണ്ടായിട്ടില്ലെങ്കിലും ചില കലകളുടെ കാര്യത്തില്‍, കൊടുക്കല്‍-വാങ്ങല്‍ ഉള്ളതായി കാണുന്നു. കേരളത്തില്‍ മതപരമായ കലകളും മതേതര കലകളും സമാന്തരമായി ഒഴുകുന്ന രണ്ടു നദികള്‍ പോലെ പ്രവര്‍ത്തിച്ചിരുന്നു. ഇന്നും അത് തുടരുന്നു. പരസ്പരം ചില കാര്യങ്ങളില്‍ ഈ കലകളില്‍ കൊടുക്കലും, വാങ്ങലുമുണ്ടായിട്ടുമുണ്ട്. കഥകളിയെപ്പോലെ ലോകപ്രശസ്തിയുള്ള ഒരു കലാരൂപത്തിന് വലിയ ഒരു പാരമ്പര്യമാണുള്ളത്. മുന്‍പു പറഞ്ഞതുപോലെ നിരവധി അനുഷ്ഠാന കലകളില്‍ നിന്നും, മതേതരങ്ങളായ കലകളില്‍നിന്നുമൊക്കെ പല അംശങ്ങളും കഥകളി സ്വീകരിച്ചിട്ടുണ്ട്. മുടിയേറ്റ്, തിറയാട്ടം, പടയണി, തെയ്യം, കളരിപ്പയറ്റ്, പാവക്കൂത്ത്, കൂടിയാട്ടം, ചാക്യാരുകൂത്ത്, അഷ്ടപദിയാട്ടം, ക്ഷേത്രസോപാനത്തില്‍ പാടിയിരുന്ന സോപാനസംഗീതം എന്നീ കലകളോടൊക്കെ കഥകളിയ്ക്ക് വളരെയധികം കടപ്പാടുണ്ട്. കഥകളി വേഷത്തിലും വാദ്യങ്ങളിലും, നിറങ്ങളുടെ സമ്മേളനങ്ങളിലും, സംഗീതത്തിലും ഇത് ദൃശ്യമാണ്. കഥകളിയിലെ കലാംശങ്ങളെ ഒരു ചങ്ങലയോടുപമിക്കാം. ചങ്ങലയിലെ ഓരോ കണ്ണിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതു പോലെയാണ് കഥകളിയിലെ കലാംശങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നത്.  
കഥകളിയിലെ അതിപ്രധാന സുന്ദരകലയാണ് സംഗീതം. കഥകളിക്കു വേണ്ടി സ്വീകരിച്ചിരിക്കുന്ന ഗാനപദ്ധതിയാണ് സോപാനസംഗീതം. 

സോപാനസംഗീതം

കേരളീയരുടെ തനതു ഗാനപദ്ധതിയാണ് സോപാനസംഗീതം. കലകള്‍ പരിരക്ഷിക്കുന്നതില്‍ ക്ഷേത്രങ്ങള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. പ്രബന്ധങ്ങള്‍ക്കു ശേഷമുണ്ടായ സംഗീതാത്മകമായ ശൃംഗാരമഹാകാവ്യമാണ് ജയദേവന്റെ ‘ഗീതഗോവിന്ദം’. സംഗീതമാധുര്യം ഏറെയുള്ള ഗീതഗോവിന്ദത്തിന്റെ അലകള്‍ ഭാരതത്തിലാകമാനം അടിച്ചിരുന്നു. കേരളത്തില്‍ ഈ ഗാനങ്ങള്‍ എത്തിയപ്പോള്‍ കേരളീയ ഗായകര്‍, കേരളീയ വാദ്യം തന്നെയായ ഇടയ്ക്ക വായിച്ച് ക്ഷേത്ര സോപാനങ്ങളില്‍ ആലപിച്ചുതുടങ്ങി. ഭക്തിനിര്‍ഭരമായി, ഈശ്വരസന്നിധിയില്‍ നിന്നു പാടിയിരുന്ന  ഈ ഗാനങ്ങള്‍ കേരളീയ ഗായകരുടെ അഭിരുചിക്കനുസൃതമായിരുന്നു.  


ഈശ്വരസന്നിധിയില്‍ നിന്ന് ദൈവീകത്വമുള്‍ക്കൊണ്ട് പാടിയിരുന്ന ഈ ഗാനങ്ങള്‍ ഭാവസംഗീതത്തിന്റെ സമ്പൂര്‍ണ്ണരൂപം കൈക്കൊണ്ടു. ഇന്നും മഹാക്ഷേത്രങ്ങളില്‍ ഈ ആലാപനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കഥകളി കലാകാരന്മാര്‍ ഈ ഗാനപദ്ധതി ശ്രദ്ധിച്ചു. കര്‍ണ്ണാടകസംഗീതത്തില്‍ പാടിവരുന്ന കീര്‍ത്തനാലാപനത്തില്‍ നിന്നും തികച്ചും വിഭിന്നമായ ഈ ഗാനരീതി കഥകളിക്ക് ഏറ്റവും യോജ്യമെന്നവര്‍ കണ്ടെത്തി. നടന്മാരുടെ ചുവടുവയ്പിനും, രാഗഭാവസമ്പൂര്‍ണ്ണതയ്ക്കും, അഭിനയത്തിനും, ഈ ഗാനരീതി തന്നെയാണ് കഥകളിയിലേയ്ക്കു കൊണ്ടുവരേണ്ടത് എന്ന ദൃഢനിശ്ചയം അവര്‍ക്കുണ്ടായി. കഥകളിപ്പദങ്ങള്‍, സോപാനശൈലി കൈവിടാതെ ആട്ടത്തിനുതകും വണ്ണം ചിട്ടപ്പെടുത്തി. ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ പാലക്കാട് വെങ്കിടകൃഷ്ണ ഭാഗവതരുടെയും, പാലക്കാട് ഗോപാലകൃഷ്ണഭാഗവതരുടെയും നാമങ്ങള്‍ അവിസ്മരണീയങ്ങളാണ്. ഉണ്ണായിവാരിയര്‍ക്ക് എപ്രകാരമാണ് തന്റെ പദങ്ങള്‍ പാടേണ്ടത് എന്നുള്ള വിവരം നന്നായിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശയത്തിനനുസൃതമായാണ് പില്‍ക്കാലത്ത് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇപ്രകാരമാണ് സോപാനസംഗീതം കഥകളിരംഗത്തെത്തിയത്. ആദ്യകാലത്ത് നടന്മാര്‍ തന്നെ പാടി ആടിയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് രണ്ടു ഗായകര്‍ പദങ്ങള്‍ പാടുന്നതായിരിക്കും നല്ലത് എന്നുള്ള തീരുമാനമെടുത്തു. മുന്നാനിയും ശിങ്കിരിയും, ഒരാള്‍ പാടിക്കഴിഞ്ഞാല്‍ മറ്റേ ആള്‍ അതേറ്റുപാടും. ചോര്‍ച്ച കൂടാതെയുള്ള ഈ ഗാനാലാപനം കഥകളിക്കു മിഴിവു നല്‍കി. ധാരാളം അനുഗൃഹീത കഥകളി ഗായകര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും നീലകണ്ഠന്‍ നമ്പീശന്‍, എമ്പ്രാന്തിരി, വെണ്‍മണി ഹരിദാസ്, ഹൈദരാലി തുടങ്ങിയവരുടെ പേരുകള്‍ അവിസ്മരണീയങ്ങളാണ്.  


ഇന്ന് കര്‍ണ്ണാടക സംഗീതത്തിന്റെ സ്വാധീനം വളരെയേറെ കഥകളി ഗാനാലാപാനത്തില്‍ വന്നു കൂടിയിട്ടുണ്ട്. എങ്കില്‍പോലും ചിട്ടപ്രധാനമായിത്തന്നെയാണ് ഗായകര്‍ കഥകളിയില്‍ പാടിവരുന്നത്. കര്‍ണ്ണാടകസംഗീതത്തിലെയും, കഥകളിയിലെയും സംഗീതരൂപങ്ങള്‍ക്ക് വളരെയേറെ വ്യത്യാസങ്ങളുണ്ട്.  
നളചരിതത്തിലെ സംഗീതരൂപങ്ങള്‍ (ങൗശെരമഹ എീൃാ)െ
വൈവിദ്ധ്യമേറിയ സംഗീതരൂപങ്ങളാണ് കഥകളിയിലുള്ളത്. ഗീതം, വര്‍ണ്ണം, കൃതികള്‍, പദം, തില്ലാന, ജാവളി
തുടങ്ങിയവയാണ് കര്‍ണ്ണാടകസംഗീതത്തില്‍ കണ്ടുവരുന്ന സംഗീതരൂപങ്ങള്‍ നളചരിതം ആട്ടക്കഥയില്‍ കണ്ടുവ
രുന്ന സംഗീതരൂപങ്ങള്‍. ശ്ലോകം, പദം, ദണ്ഡകം, ചൂര്‍ണ്ണിക, സാരി തുടങ്ങിയവയാണ്. നളചരിതത്തില്‍ സംഗീതരൂപങ്ങള്‍ രചിച്ചിരിയ്ക്കുന്നത് സംസ്‌കൃതം, മണിപ്രവാളം, മലയാളം എന്നീ ഭാഷകളിലാണ്. ഇവയുടെ സംഗീതരചനകളില്‍ വ്യത്യാസം ദര്‍ശിക്കാം.  


ശ്ലോകം
ഒരു കഥാപാത്രത്തെയോ, കഥാപാത്രങ്ങളെയോ അവതരിപ്പിക്കുക എന്നതാണ് ശ്ലോകത്തിന്റെ ധര്‍മ്മം. ശ്ലോകം
പാടുന്ന അതേ രാഗം തന്നെയാണ് തുടര്‍ന്നുവരുന്ന പദത്തിനും ഉപയോഗിക്കുന്നത്. ശ്ലോകം പാടുമ്പോള്‍ രാഗത്തിന്റെ സമ്പൂര്‍ണ്ണരൂപം കൊണ്ടുവരുവാന്‍ ഗായകര്‍ ശ്രദ്ധിച്ചിരിക്കും. നളചരിതാരംഭം ‘തോടി’ രാഗത്തിലുള്ള ശ്ലോകത്തോടുകൂടിയാണ്. (ആസീത് പുരാപരമപാവന) നളചരിതം അവസാനിക്കുന്നത് ‘ഈവണ്ണം നാരദന്‍’ എന്ന മദ്ധ്യമാവതി രാഗശ്ലോകത്തോടുകൂടിയാണ്. 87 ശ്ലോകങ്ങളാണ് നളചരിതത്തിലുള്ളത്. ഏകദേശം 17 ശ്ലോകങ്ങള്‍ മാത്രമാണിപ്പോള്‍ അരങ്ങില്‍ പാടാറുള്ളത്. ശ്ലോകങ്ങളെല്ലാം പാടി നിര്‍ത്തുന്നത് താരസ്ഥായി ഷട്ജത്തിലാണ്. ശ്ലോകത്തില്‍ താളമില്ല.  


പദം
ഗാനം, ഗീതം എന്നൊക്കെയാണ് പദത്തിന്റെ അര്‍ത്ഥം. നാടകത്തിലെ സംഭാഷണത്തോട് പദത്തെ ഉപമിക്കാം. ഭാവ-ലയ-സമന്വയമുള്ള പദങ്ങളുടെ ഭണ്ഡാരമാണ് നളചരിതം. പദത്തിന്റെ അവയവങ്ങളാണ് പല്ലവി-അനുപല്ലവി-ചരണങ്ങള്‍. ആട്ടപ്പദം, ശൃംഗാരപദം, യുദ്ധപ്പദം, പാടിപ്പദം തുടങ്ങിയ വിവിധ ഇനം പദങ്ങള്‍ നളചരിതത്തിലുണ്ട്. വേഗതയെ അടിസ്ഥാനപ്പെടുത്തി പദങ്ങളെ വിളംബം, മദ്ധ്യമകാലം, ദ്രുതം ഇങ്ങനെ വിഭജിച്ചിട്ടുണ്ട്. ചില പദങ്ങള്‍ അതിവിളംബത്തിലും, അതിദ്രുതത്തിലും കാണാറുണ്ട്. നളചരിതത്തില്‍ 112 പദങ്ങളാണുള്ളത്.  

ഒന്നാം ദിവസം    –    33 പദങ്ങള്‍
രണ്ടാം ദിവസം    –    28 പദങ്ങള്‍
മൂന്നാം ദിവസം    –    28 പദങ്ങള്‍
നാലാം ദിവസം     –    23 പദങ്ങള്‍
10 പദങ്ങള്‍ വിചാരപ്പദങ്ങളാണ്.  

കര്‍ണ്ണാടക സംഗീതത്തിലെ കൃതികള്‍ പാടുന്നതുപോലെയല്ല കഥകളിപ്പദങ്ങള്‍ പാടുന്നത്. കച്ചേരി സംഗീതത്തില്‍ വൈവിദ്ധ്യമേറിയ സംഗതികള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ കഥകളിയില്‍ പദങ്ങള്‍ പാടുന്നത് നടന്റെ ഭാവാഭിനയത്തിന് ഊന്നല്‍ കൊടുക്കുവാന്‍ വേണ്ടിയാണ്. ഇതിന്റെ മകുടോദാഹരണമാണ് നളചരിതത്തിലെ പദങ്ങള്‍  


നളചരിതത്തിലെ പദങ്ങളുടെ പ്രത്യേകത


പല്ലവി, അനുപല്ലവി, ചരണവ്യവസ്ഥ ചില പദങ്ങളില്‍ കാണുന്നില്ല. ചരണത്തില്‍ നിന്നും തുടങ്ങുന്ന പദങ്ങളുമുണ്ട് നളചരിതത്തില്‍.  


ദണ്ഡകം
ഒരു വരിയില്‍ 26 അക്ഷരങ്ങള്‍ കാണും. ദണ്ഡകത്തില്‍ കഥയും, സംഭവങ്ങളും വിവരിച്ചിരിക്കും. ദൈര്‍ഘ്യമാണിതിന്റെ പ്രത്യേകത. ദ്വിജാവന്തി, കേദാരഗൗള, മദ്ധ്യമാവതി എന്നീ രാഗങ്ങളെല്ലാം ഒത്തുകൂടിയ ഒരു മിശ്രരാഗത്തിലാണ് ദണ്ഡകം പാടാറുള്ളത്. 10 അക്ഷരകാലമുള്ള ചമ്പ താളത്തിലാണ് ദണ്ഡകം പാടുന്നത്. രണ്ടു ദണ്ഡകങ്ങളാണ് നളചരിതത്തിലുള്ളത്.  
1.    ദൈത്യാരി പൂര്‍വ്വജനു (ഒന്നാം ദിവസം)  
2.    സാകേതവാസിനി (മൂന്നാംദിവസം)


ചൂര്‍ണ്ണിക


കഥകളിയില്‍ ചൂര്‍ണ്ണിക ശ്ലോകം മാതിരിയാണ് പാടുന്നത്. ‘ഇത്യേവമൈകമത്യം’ എന്നു തുടങ്ങുന്ന ഒരേ ഒരു ചൂര്‍ണ്ണിക മാത്രമാണ് നളചരിതത്തിലുള്ളത്. 3-ാം ദിവസം കഥകളിയിലാണിത്.  


സാരി
സ്ത്രീകളുടെ ഒരു നൃത്തവിശേഷമാണ് സാരി. ഈ നൃത്തരൂപത്തിന് തിരുവാതിരകളി, മോഹിനിയാട്ടം എന്നീ  
നൃത്തങ്ങളുമായി സാമ്യമുണ്ട്. ലളിതമായ ചുവടുവയ്പും, ആലാപനവുമാണ് ‘സാരി’പ്പദത്തിനുള്ളത്. നളചരിത
ത്തിലെ സാരിപ്പദം ‘പൂമകനും മൊഴിമാതും’ എന്നാരംഭിക്കുന്നു. കഥകളിയിലുള്ള എല്ലാ സാരിപ്പദങ്ങള്‍ക്കും ഒരേ താളവും, മട്ടുമാണ് ഉള്ളത്. സാരിപ്പദത്തിനുവേണ്ടി ഉപയോഗിക്കുന്ന രാഗം എരിക്കില കാമോദരിയോ പുന്നാഗവരാളിയോ ആണ്, കര്‍ണ്ണാടക സംഗീതത്തിലെ യദുകുലകാംബോജി രാഗത്തിനു തുല്യമാണിത്.  
നളചരിതത്തിലെ രാഗങ്ങളും, രസങ്ങളും
ശൃംഗാരം
രസരാജന്‍ എന്നു വിശേഷിപ്പിക്കുന്ന ശൃംഗാരത്തിന് വളരെയേറെ പ്രാധാന്യം നളചരിതം ആട്ടക്കഥയിലുണ്ട്. അതുകൊണ്ട് ശൃംഗാരത്തിന്റെ അവസ്ഥാഭേദങ്ങളെ കുറിച്ചു മാത്രമുള്ള ഒരു സംക്ഷിപ്തവിവരണം ഇവിടെ നല്‍കുന്നു. ശൃംഗാരത്തിന്റെ അവസ്ഥാന്തരങ്ങളാണ് അഭിലാഷ വിപ്രലംഭം, സംഭോഗം തുടങ്ങിയവ. ഈ രസങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്ന രാഗങ്ങള്‍ ശ്രദ്ധേയമാണ്. നളന്റെ വിചാരപ്പദമായ ‘കുണ്ഡിനനായകനന്ദിനിയ്‌ക്കൊത്തൊരു പെണ്ണില്ല മന്നിലെന്നു കേട്ടുമുന്നേ’ കല്യാണി രാഗത്തിലും, ചെമ്പട താളത്തിലുമുള്ള പതിഞ്ഞ പദമാണ്. വിവിധ വികാര-വിചാരങ്ങളെ വെളിപ്പെടുത്തുവാന്‍ കഴിവുള്ള രാഗമാണ് കല്യാണി. നളന്റെ മനസിലെ വികാര വിചാര പരമ്പരകളെ അതിന്റേതായ രീതിയില്‍ വെളിപ്പെടുത്തുന്നതിന് കല്യാണിരാഗത്തിന് കഴിവുണ്ട്. ഉചിതമായ രീതിയില്‍ ഈ പദം  
ചിട്ടപ്പെടുത്തിയിരിക്കുന്നു. ലജ്ജ, സങ്കടം, പ്രേമം എന്നിവ കൊണ്ടുണ്ടാകുന്ന മാനസിക അവസ്ഥാതലങ്ങള്‍ ഇതെല്ലാം ഓരോ വാക്കുകളുടെയും അര്‍ത്ഥത്തിനൊപ്പിച്ച്, കല്യാണി രാഗത്തില്‍ നിന്നും അനുയോജ്യമായ സ്വരക്കൂട്ടങ്ങള്‍ മുഖേനയുള്ള ഈണങ്ങള്‍ നല്‍കി. രാഗവും സാഹിത്യവും കൂടി സമന്വയിപ്പിച്ചിരിക്കുന്നു. ചെമ്പടതാളത്തിലുള്ള ഈ പദം ആദ്യാവസാനം പതിഞ്ഞ കാലത്തിലാണ് പാടുന്നത്. ഇതേ കല്യാണിരാഗം ഋതുപര്‍ണ്ണന്റെ പദമായ ‘വരിക ബാഹുക’ എന്ന പദത്തിനുവേണ്ടിയും ഉപയോഗിച്ചിരിക്കുന്നു. ഋതുപര്‍ണ്ണന്റെ പദം മദ്ധ്യമകാലത്തിലാണ്. അതാതു ഭാവങ്ങള്‍ പ്രകടിപ്പിയ്ക്കുന്നതില്‍ താളവേഗതയ്ക്കും പങ്കുണ്ട് എന്നിതില്‍ നിന്നു മനസിലാക്കാം.  
വാക്കുകളുടെ സമൃദ്ധിമൂലം ത്രിശ്രനടയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കല്യാണി രാഗത്തിന്റെ വ്യത്യസ്തങ്ങളായ രണ്ടു മുഖങ്ങളാണ് ഈ പദങ്ങളില്‍ നാം ദര്‍ശിക്കുന്നത്. കാട്ടാളന്റെ ശൃംഗാരത്തിന് ഉണ്ണായി സ്വീകരിച്ചിരിക്കുന്നത് പന്തുവരാളിരാഗമാണ്. എങ്കിലും ദമയന്തിയെ രക്ഷിച്ചശേഷം ദമയന്തിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് മദ്ധ്യമാവതി രാഗത്തിലാണ്.   കാട്ടാളന്റെ പച്ചശൃംഗാരം ഈ പദത്തിലെ ഓരോ വാക്കിലും തുടിക്കുന്നു. മദ്ധ്യമാവതി ഒരു  
മംഗളരാഗമാണ് കാട്ടാളന് അത് മംഗളപര്യവസാനിയായിരുന്നില്ലെങ്കിലും, ദമയന്തിയെ സംബന്ധിച്ചിടത്തോളം ആ സംഭവം മംഗളമായിത്തന്നെയാണ് കലാശിച്ചത്. ശൃംഗാരത്തിന്റെ പല വിഭാഗങ്ങളെ കാണിക്കുവാന്‍ ഉണ്ണായി നളചരിതത്തില്‍ വൈരുദ്ധ്യമുള്ള രാഗങ്ങള്‍പോലും ഉപയോഗിച്ചിരിക്കുന്നതായും കാണാം. തോടി, പന്തുവരാളി, പൂര്‍വികല്യാണി, മദ്ധ്യമാവതി തുടങ്ങിയ രാഗങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി ഉപയോഗിച്ചിരിക്കുന്നു. എവിടെ, എങ്ങനെ, ഏതു സ്വരങ്ങള്‍ സാഹിത്യത്തിനു നല്‍കണം എന്ന് ഉണ്ണായിക്ക് അറിയാമായിരുന്നുവെന്ന് ഇതില്‍നിന്നും അനുമാനിയ്ക്കാം. മനസില്‍ സംഗീതം ഉണ്ടെങ്കില്‍ എഴുതുന്ന പദത്തില്‍ അത് തീര്‍ച്ചയായും പ്രതിഫലിച്ചിരിക്കും. പദങ്ങള്‍ക്ക് സ്വാഭാവികതയും, ഒഴുക്കും ഉണ്ടാകും.  
പദം ആട്ടത്തിന് അനുയോജ്യമായി സംഗീതമയമായിത്തീരും. ഇതുപോലെ മറ്റുള്ള രസഭാവങ്ങള്‍ക്കെല്ലാം തന്നെ ഉണ്ണായി അനുയോജ്യമായ രാഗങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.  
വിവിധ രസഭാവങ്ങള്‍ക്കുവേണ്ടി പല പദങ്ങളിലായി ഉപയോഗിച്ചിട്ടുള്ള ചില രാഗങ്ങളുടെ ഒരു പട്ടിക ചുവടെ ചേര്‍ക്കുന്നു.  
രാഗം
ശങ്കരാഭരണം    :    സ്‌നേഹം, ശോകം, സ്വാഭിമാനം, ആകാംക്ഷ, അത്ഭുതം, വിശ്വാസം, സന്തോഷം, രൗദ്രം, വീരം
ദ്വിജാവന്തി    :    മാനസിക പിരിമുറുക്കം, ശോകം, പ്രാര്‍ത്ഥന, കഠിനദുഃഖം, നിസഹായത, ഔല്‍സുക്യം, സന്തോഷം, ആകാംക്ഷ
പന്തുവരാളി    :    കാമം, ദുഃഖം, ഭയം, ആകാംക്ഷ, അത്ഭുതം
മാരധനാശി    :    ശൃംഗാരം, അസൂയ, അതൃപ്തി
പൂര്‍വികല്യാണി    :    ശൃംഗാരം, ബഹുമാനം, തൃപ്തി
ബേഗട    :    ഭയം, വേര്‍പാടിന്റെ വിഷമം, ആകാംക്ഷ ഹാസ്യം
ഗൗളിപന്ത്    :    തീവ്രദുഃഖം, ആശ്വാസം
മോഹനം    :    ഭക്തി, ബഹുമാനം, അത്ഭുതം, ആശ്വാസം, സന്തോഷം
കാമോദരി    :    സന്തോഷം, അതിശയം, ഉദ്വേഗം
ആഹരി        :    അത്ഭുതം
നാട്ടക്കുറിഞ്ഞി    :    വീരം, അത്ഭുതം, സമാധാനം, അനുഗ്രഹം, ബഹുമാനം, വിനയം
സൗരാഷ്ട്രം    :    പ്രോത്സാഹനം, ഉപദേശം, ആശ്വാസം, ദുഃഖം, സന്തോഷം, തൃപ്തി, മംഗളകരം
സുരുടി    :    ഹാസ്യം
പുറനിര    :    അനുഗ്രഹം, ക്ഷമാപണം
ബിലഹരി    :    അത്ഭുതം
മുഖാരി    :    ഭക്തി
ഉശാനി     :    ശോകം
വസന്തഭൈരവി    :    ഉത്ക്കണ്ഠ, കൗതുകം
ദേശാക്ഷി    :    മംഗളകരം, അനുഗ്രഹം
ആനന്ദഭൈരവി    :    ബഹുമാനം, സന്തോഷം
ഘണ്ടാരം    :    ശോകം
കേദാരഗൗളം    :
സാരംഗം    :    രൗദ്രം
വൃന്ദാവനസാരംഗം    :    സ്‌നേഹം
എരിക്കിലകാമോദരി    :    കൗതുകം, താഴ്മ


ഇന്ദളം (ശ്ലോകം മാത്രം)
34 രാഗങ്ങളാണ് ഉണ്ണായി നളചരിതത്തിനുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. അതില്‍ കേരളരാഗങ്ങള്‍ മാരധനാശി, ഇന്ദളം, ഘണ്ടാരം തുടങ്ങിയവയാണ്. കൂടുതലും കര്‍ണ്ണാടകസംഗീതത്തില്‍ കാണുന്ന രാഗങ്ങളാണ് നളചരിതം ആട്ടക്കഥയ്ക്കുവേണ്ടി എടുത്തിട്ടുള്ളത്. ഉണ്ണായി നിര്‍ദ്ദേശിച്ചിട്ടുള്ള രാഗങ്ങളില്‍  
നിന്നും ചില രാഗങ്ങള്‍ ഗായകര്‍ ഇക്കാലത്ത് മാറ്റിപാടുന്ന ഒരു പ്രവണത കാണുന്നു. പല കാരണങ്ങളുമുണ്ടാവാം. ഇന്ദളം, മാരധനാശി തുടങ്ങിയ രാഗങ്ങളുടെ ലക്ഷണം അറിയാത്തതുകൊണ്ട്, അര്‍ത്ഥത്തിനനുസരിച്ചുള്ള രാഗം ഒരുപക്ഷേ, സ്വീകരിച്ചിരിക്കാം. പ്രേക്ഷകരുടെ അഭിപ്രായഗതി മാനിച്ചായിരിക്കാം ചിലപ്പോള്‍ രാഗം മാറ്റിയിട്ടുള്ളത്. ഒരു കാര്യമിവിടെ പരാമര്‍ശിച്ചുകൊള്ളട്ടെ. ഗവര്‍മ്മെന്റ് വിമന്‍സ് കോളേജിലെ മ്യൂസിക് ഡിപ്പാര്‍ട്ടുമെന്റിലെ രണ്ടാമത്തെ പ്രൊഫസറായിരുന്ന മിസസ് വിജയരാഘവന്‍, വര്‍ഷങ്ങള്‍
ക്കു മുന്‍പ് ‘ഞമഴമ െമിറ ഠമഹമ െീള ഗലൃമഹമ’ എന്നൊരു പ്രബന്ധമെഴുതിയിട്ടുണ്ട്. ആ പ്രബന്ധത്തില്‍ കഥകളിയില്‍ നിന്നും അന്യം നിന്നുപോയ കേരള രാഗങ്ങളുടെ സത്യസന്ധമായ വിവരണം നല്‍കിയിട്ടുണ്ട്.  
പാടി, പുറനിര, ഘണ്ടാരം, നവരസം, ഇന്ദിശ, ഇന്ദളം, മാരധനാശി, കാനക്കുറിഞ്ഞി, സാമന്ദമലഹരി തുടങ്ങിയ രാഗങ്ങളാണവ. ഈ രാഗങ്ങളെല്ലാം കഥകളിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരേണ്ടത് കഥകളി ഗായകരുടെ ചുമതലയാണ്. അല്ലാതെ രാഗങ്ങള്‍ മാറ്റി പാടുകയല്ല വേണ്ടത്. കഥകളി രംഗങ്ങളുടെ പരമ്പരാഗതമായ രാഗങ്ങളെ തിരിച്ചറിഞ്ഞ്, പ്രയോഗിച്ച് പഴമ നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. കര്‍ണ്ണാടക സംഗീതത്തിന്റെ പിറകേ പോവുകയും കഥകളിസംഗീതം കര്‍ണ്ണാടകസംഗീതമാക്കി മാറ്റുകയും ചെയ്യുന്ന ഇന്നത്തെ പ്രവണതയ്ക്കു മാറ്റം കുറിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.  
സമയബന്ധിത രാഗങ്ങളെകുറിച്ചുള്ള വിവരം ഉണ്ണായിയ്ക്കുണ്ടായിരുന്നതായി കാണാം. ഒരു ദിവസത്തില്‍
ഏതു സമയത്തും പാടാവുന്ന രാഗങ്ങളെ സാര്‍വകാലികരാഗം എന്നു പറയുന്നു. അതിരാവിലെ പാടേണ്ട
രാഗങ്ങള്‍ (ഭൗളി, ഭൂപാളം) രാവിലെ പാടേണ്ട രാഗങ്ങള്‍ (മലയമാരുതം, വലച്ചി) പൂര്‍വാഹ്നത്തില്‍ പാടേണ്ടവ (ബിലഹരി, കേദാരം, ശുദ്ധധന്യാസി) അപരാഹ്നത്തില്‍ പാടേണ്ട രാഗങ്ങള്‍ (ധന്യാസി, സാവേരി,
ആഭോഗി ദേവഗാന്ധാരി, മണിരംഗ്, അസാവേരി ശ്രീരാഗം തുടങ്ങിയവ) വൈകുന്നേരം പാടേണ്ടത് (തോടി, പൂര്‍വികല്യാണി, ശങ്കരാഭരണം, കല്യാണി, ഭൈരവി) ഇങ്ങനെ പഴയ കാലത്തെ സംഗീതാചാര്യന്മാര്‍ രാഗങ്ങളെ സമയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ രാഗങ്ങളൊക്കെ ഇവിടെ നിഷ്‌കര്‍ഷിച്ച സമയത്തു
പാടുകയാണെങ്കില്‍ ശോഭിയ്ക്കും എന്നൊരു ധാരണയും പഴയകാലത്ത് നിലനിന്നിരുന്നു. രാത്രികാലങ്ങളിലാണ് സാധാരണയായി കഥകളി അരങ്ങേറാറുള്ളത്. അതുകൊണ്ട് സമയബന്ധിതരാഗങ്ങള്‍ക്ക് കഥകളിയില്‍ വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും വൈകുന്നേരങ്ങളില്‍  
പാടുവാന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തോടി, കല്യാണി, പൂര്‍വികല്യാണി, ശങ്കരാഭരണം, ഭൈരവി തുടങ്ങിയ രാഗങ്ങള്‍ കഥകളിയ്ക്കുവേണ്ടി രാത്രികാലങ്ങളില്‍ നടന്റെ നാട്യത്തിന് അനുഗുണമായി പാടുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്.  
നളചരിതത്തിലെ സംഗീതത്തെ കുറിച്ചു പറയുമ്പോള്‍ താളമേളങ്ങള്‍ക്ക് അതുമായി അഭേദ്യബന്ധമാണുള്ളതെന്നു കാണാം. കഥകളിയില്‍ ഉപയോഗിച്ചു കാണുന്നത് ചമ്പട, അടന്ത, മുറിയടന്ത, പഞ്ചാരി, ത്രിപുട, ഏകതാളം എന്നീ താളങ്ങളാണ്. കഥകളിയ്ക്ക് മേളക്കൊഴുപ്പേകുന്ന വാദ്യോപകരണങ്ങളാണ് ചേങ്ങില, ഇലത്താളം, ചെണ്ട, മദ്ദളം, ഇടയ്ക്ക, ശംഖ് തുടങ്ങിയവ. ചേങ്ങിലയുടെ ശ്രുതിയ്ക്കനുസരിച്ചാണ് പഴയ കാലത്ത് ഗായകര്‍ പാടിയിരുന്നത്. സംഗീതം വളര്‍ച്ച പ്രാപിച്ചതോടുകൂടി, ഇന്ന്, കര്‍ണ്ണാടക സംഗീതത്തിലുള്ളതുപോലെ ശ്രുതിപ്പെട്ടി ഉപയോഗിച്ചാണ് കഥകളി ഗായകര്‍ പാടുന്നത്. മുഖ്യഗായകനെ ‘മുന്നാനി’ എന്നും ഏറ്റുപാടുന്ന ഗായകനെ ‘ശിങ്കിടി’ എന്നും വിളിച്ചുവരുന്നു. ഇവരാണ് കഥയെ മുന്നോട്ട് നയിച്ചുകൊണ്ടുപോകുന്നത്.  
രസാവിഷ്‌ക്കാരം നല്‍കത്തക്ക രാഗങ്ങള്‍ക്കാണ് കഥകളിയില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ രാഗഭാവം തികഞ്ഞവയാണ് നളചരിത പദങ്ങള്‍, കഥകളി മേളങ്ങള്‍ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തെ പ്രേക്ഷകരിലേയ്ക്ക് ആവാഹിക്കുന്നതായി കാണാം. മറ്റുള്ള ആട്ടക്കഥകളിലെ സംഗീതത്തില്‍ നിന്നും തികച്ചും വിഭിന്നമാണ് നളചരിതത്തിലെ സംഗീതം. ഇത് ഉണ്ണായിവാരിയര്‍ സംഗീതത്തിന്റെ ശാസ്ത്രീയവശവും, അവതരണരീതിയും വ്യക്തമായി ഉള്‍ക്കൊണ്ട ഒരു സംഗീതജ്ഞന്‍ കൂടിയായിരുന്നു എന്നു തെളിയിക്കുന്നു. കച്ചേരി സംഗീതത്തില്‍ പോലും പാടുവാനുള്ള മികവ് നളചരിത പദങ്ങള്‍ക്കുണ്ട് തോടിയിലുള്ള ‘കുവലയ വിചോലനേ’ എന്ന പദം കര്‍ണ്ണാടക സംഗീതത്തിലുള്ള നാലുകളചൗക്കം പല്ലവിയ്ക്കു തുല്യമാണ്. രാഗ-രസ-ലയങ്ങളുടെ സമ്മേളനം പല നളചരിത പദങ്ങളിലും കാണാം ദ്വിജാവന്തി എന്ന രാഗം വടക്കേ ഇന്‍ഡ്യയില്‍ നിന്നും ദീക്ഷിതര്‍ ദക്ഷിണഭാരതത്തിലേയ്ക്കു കൊണ്ടുവന്നു. കര്‍ണ്ണാടക സംഗീതത്തില്‍ അദ്ദേഹം ‘ചേതശ്രീ’ എന്ന നിത്യ മനോഹരമായ കൃതി രചിച്ചു. എന്നാല്‍ ഉണ്ണായിവാരിയരുടെ ദ്വിജാവന്തി രാഗത്തിലുള്ള ‘മറിമാന്‍ കണ്ണി’ എന്ന പദത്തില്‍ തെക്കേ ഇന്‍ഡ്യയിലും, വടക്കേ ഇന്‍ഡ്യയിലും രചിച്ചിട്ടുള്ള ദ്വിജാവന്തി കൃതികളില്‍ ദര്‍ശിച്ചിട്ടില്ലാത്ത, ഈ രാഗത്തിന്റെ ശോഭയേറിയ ചില മിന്നലാട്ടങ്ങള്‍ നമുക്കു കാണുവാന്‍ കഴിയും.  
കര്‍ണ്ണാടക സംഗീതത്തിലെ പല രാഗങ്ങളും നളചരിതത്തിലുണ്ട് എങ്കിലും നളചരിതത്തിലെ പദങ്ങള്‍  
പാടുമ്പോള്‍ കര്‍ണ്ണാടകസംഗീതത്തില്‍ ലഭിയ്ക്കാത്ത ചില ഉദാത്തഭാവങ്ങള്‍ പ്രേക്ഷകര്‍ക്കു ലഭിക്കുന്നു. പല ഗായകരും നളചരിത സംഗീതത്തിന് മിഴിവു നല്‍കിയിട്ടുണ്ട്. അദ്ദേഹം അത്തരത്തിലുള്ള പദങ്ങള്‍ രചിച്ചതുകൊണ്ടാണല്ലോ, ഭാവിഗായകര്‍ക്ക് ഇപ്രകാരം അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടുള്ളത്. ഉണ്ണായിയുടെ സാഹിത്യത്തിലും, സംഗീതശാസ്ത്രത്തിലും, സംഗീതത്തിലുമുള്ള അറിവ് നളചരിതത്തെ ലോകോത്തര ആട്ടക്കഥയാക്കി തീര്‍ത്തിരിക്കുന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder