എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?

കളിയരങ്ങുകളുടെ മുന്നില്‍ – 1

രാമദാസ്‌ എൻ.

June 25, 2012 

(കഥകളി.ഇന്‍ഫോയില്‍ ശ്രീ രാമദാസ്‌ എന്‍. എഴുതിയ കളിയനുഭവങ്ങളുടെ ഒരു പുതിയ പരമ്പര ആരംഭിക്കുന്നു.)

കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ.

ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തിനടുത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ കുട്ടിക്കാലത്ത്‌ കുറെ കളിയരങ്ങുകള്‍ക്ക്‌ മുന്നില്‍ ഇരുന്നും കിടന്നുറങ്ങിയും ഉള്ള പരിചയം ഉണ്ട്‌. പള്ളിപ്പുറം ഗോപാലന്‍ നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയ മഹാനടന്മാരും ഇന്ന്‌ പ്രഗല്‍ഭരായ അന്നത്തെ പല യുവനടന്മാരും അവിടെ പതിവുകാര്‍ ആയിരുന്നു. എന്റെ ഓര്‍മ്മയില്‍ പാട്ടുകാര്‍ ശങ്കരന്‍ എമ്പ്രാന്തിരിയും ഹൈദരാലിയും. പ്രീ ഡിഗ്രീ കഴിഞ്ഞു ഉപരിപഠനത്തിനായി പോയി എങ്കിലും മനസ്സിനുള്ളില്‍ ഞാന്‍ ഒരു കഥകളി ആസ്വാദകന്‍ ആണ്‌ എന്ന്‌ ഒരു ബോധം ഉണ്ടായിരുന്നു. പഠനം പുരോഗമിക്കുമ്പോള്‍ കളി കാണല്‍ തീരെ ഇല്ലാതായി.

എറണാകുളത്ത്‌ മത്സ്യശാസ്ത്രം പഠിക്കുന്നു. ആ കലാലയത്തിലെ ആദ്യ ബാച്‌ വിദ്യാര്‍ഥി. ഹോസ്ടല്‍ സൗകര്യം ഇല്ലാത്ത ഞങ്ങള്‍ക്ക്‌ നഗരത്തില്‍ പലയിടത്തായി വീടുകള്‍ വാടകക്ക്‌ എടുത്തു തന്നു. ഞാനടക്കം എട്ടു പേര്‍ കലൂര്‍ മാതൃഭൂമി ജങ്ക്ഷന്‌ അടുത്ത്‌. അടുത്ത ദേശാഭിമാനി ജങ്ക്ഷന്‌ അടുത്ത്‌ മറ്റൊരു പത്ത്‌ പേര്‍. സുഖവാസം. ദേശാഭിമാനി ഹോസ്റ്റലില്‍ ഞങ്ങളെ കാലാവസ്ഥാശാസ്ത്രം (meteorology ) പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ രാമന്‍ സാറും താമസിക്കുന്നു. ഞങ്ങളെക്കാള്‍ നാലഞ്ചു വയസ്സുമാത്രം കൂടുതലുള്ള ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം കഥകളി ആസ്വാദകന്‍ ആണ്‌. മുറിയില്‍ നിന്ന്‌ ചിലപ്പോളൊക്കെ എമ്പ്രാന്തിരി സംഗീതം കേള്‍ക്കാം. കഥകളി ആസ്വാദകന്‍ എന്ന്‌ ധരിക്കുന്ന ഞാന്‍ അദ്ദേഹവുമായി അടുപ്പത്തില്‍ ആയി. എനിക്ക്‌ കഥകളോ പാട്ടുകളോ മുദ്രകളോ ഒന്നും വലിയ പിടിയില്ല. എമ്പ്രാന്തിരിയുടെ പാട്ട്‌ ഇഷ്ടമാണ്‌. അത്രമാത്രം.

ഒരു ദിവസം ഞങ്ങള്‍ മാതൃഭൂമി ഹോസ്റ്റലിലെ അന്തേവാസികള്‍ കലൂര്‍ പള്ളി പെരുനാളിനു നാടകം കാണാന്‍ പോകാന്‍ തീരുമാനിച്ചു. മാതൃഭൂമി ജങ്ക്ഷനിലെ കൈരളി ഹോട്ടലില്‍ നിന്ന്‌ രാത്രിഭക്ഷണവും കഴിഞ്ഞു പള്ളിയിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ രാമന്‍ സാര്‍ സാവധാനം നടന്നുവരുന്നു. “ഞങ്ങള്‍ നാടകം പോകാന്‍ പോകുന്നു. സര്‍ എങ്ങോട്ടാ?” എന്ന ചോദ്യത്തിനു മറുപടി ഒരു മറുചോദ്യം ആയിരുന്നു. “രാമദാസ്‌, പരമാര അമ്പലത്തില്‍ ഗംഭീരകളി ഉണ്ട്‌. പോരുന്നോ?” എന്ന്‌. ഞാന്‍ കൂട്ടുകാരോട്‌ “എന്നാല്‍ ഞാന്‍ അവിടെ വരെ പോയി കുറച്ചു സമയം കഥകളി കണ്ടിട്ട്‌ നാടകസ്ഥലത്തേക്ക്‌ വരാം” എന്ന്‌ പറഞ്ഞു സാറിന്റെ കൂടെ നടന്നു. എറണാകുളം നോര്‍ത്ത്‌ ഓവര്‍ബ്രിഡ്ജിനു പടിഞ്ഞാറുവശം ടൌണ്‍ ഹാളിനു എതിര്‍വശത്താണ്‌ പരമാര ദേവീക്ഷേത്രം.

ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ വിളക്കുവച്ചു. പുറപ്പാട്‌ തുടങ്ങാന്‍ പോകുന്നു. എമ്പ്രാന്തിരി – ഹരിദാസ്‌ ടീം (അന്ന്‌ പാട്ടിലെ താരജോടി) പാട്ട്‌. വലതുവശത്ത്‌ മേളത്തിന്‌ പൊതുവാള്‍ ആശാന്മാര്‍. ഇടതു വശത്ത്‌ കലാമണ്ഡലം കേശവനും, നമ്പീശന്‍കുട്ടിയും. മേളപ്പദം ഇരമ്പി.

ആദ്യകഥ നളചരിതം രണ്ടാം ദിവസം. കലിയുടെ ഭാഗം പത്താം ക്ലാസില്‍ പഠിച്ച ഓര്‍മ്മയുണ്ട്‌. കാണുക തന്നെ. കൃഷ്ണന്‍ നായര്‍ ആശാന്റെ നളനും കോട്ടക്കല്‍ ശിവരാമേട്ടന്റെ ദമയന്തിയും അരങ്ങത്തെത്തി. തുടര്‍ന്ന്‌ നെല്ലിയോടിന്റെ കലി, ഗോപി ആശാന്റെ പുഷ്ക്കരന്‍, രാമന്‍കുട്ടി ആശാന്റെ കാട്ടാളന്‍. പകുതി വഴിക്ക്‌ പാട്ടിനു ഹൈദരാലിയും രാജേന്ദ്രനും കൂടി. അല്‍പ സമയം കളി കാണാന്‍ ചെന്ന ഞാന്‍ രണ്ടാമത്തെ കഥയായ ദക്ഷയാഗവും കൂടി മുഴുവന്‍ കണ്ടിട്ടാണ്‌ തിരിച്ചു പോയത്‌. മാത്രമല്ല അന്ന്‌ തുടങ്ങി “അടുത്ത കളി എവിടെ? എന്ന്‌?” എന്നുള്ള അന്വേഷണവും തുടങ്ങി. പിന്നീട്‌ ഒരു പത്ത്‌ വര്‍ഷത്തോളം ശീലമാക്കിയ ദൂരയാത്രകളുടെയും ഉറക്കം ഒഴിക്കലിന്റെയും തുടക്കം അന്നായിരുന്നു.

Similar Posts

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

  • |

    കലാമണ്ഡലം ഹൈദരാലി അനുസ്മരണം

    ഫാക്റ്റ് ജയദേവ വർമ്മ January 4, 2013 കഥകളിയില്‍ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഞാന്‍ 1973ലാണ്‌ പഠനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഫാക്റ്റ് കഥകളി വിദ്യാലയവുമായി അടുക്കുന്നത്. വേഷത്തിന്‌ കലാമണ്ഡലം കരുണാകരനാശാനും, കുടമാളൂരാശാനും.. പാട്ടിന്‌ ഹൈദരാലിയാശാനും എമ്പ്രാന്തിരിയാശാനും. ചെണ്ടക്ക് കേശവനാശാന്‍, മദ്ദളത്തിന്‌ ചാലക്കുടി നമ്പീശനാശാനും. കുടമാളൂരിന്‍റെ വിരമിയ്ക്കലില്‍ ഫാക്റ്റ് ഭാസ്കരനാശാനും. ആശാന്‍-ശിഷ്യന്‍ എന്ന ബന്ധത്തില്‍ ആറ്‌ കൊല്ലശേഷം അവിടെ നിന്നു പോന്നു എങ്കിലും എല്ലാവരുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നു. ജീവിതവൃത്തിയ്ക്കായി ഈശ്വരന്‍ തന്നൊരു തൊഴിലെന്ന…

  • നളചരിതം നാലാം ദിവസം – ഒരു വിയോജനക്കുറിപ്പ്

    സുഗതകുമാരി July 26, 2011  കുറച്ചു വർ‌ഷം  കൂടിയാണ് ‘ നളചരിതം നാലാം ദിവസം’ കഥകളി കാണുന്നത്.  തിരുവനന്തപുരത്ത് ‘ദൃശ്യവേദി’ ഒരുക്കിയ അരങ്ങ്, കലാമണ്ഡലം ഗോപിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും മാര്‍ഗി വിജയന്റെയും ശുദ്ധസുന്ദരമായ ഭാവാഭിനയത്തിലൂടെ ഹരിദാസിന്റെ സ്ഫുടമധുരമായ ഗാനാലാപത്തിലൂടെ, മേളവാദ്യങ്ങളുടെ താളപ്പോലിമയിലൂടെ ഭീമരാജധാനിയിലെ അന്തഃപുരവും കുതിരപ്പന്തിയും, സുപരിചിതമായ തേരുരുള്‍ ഒച്ച കേട്ട് സര്‍വാംഗപുളകിതയായ ദമയന്തിയും നിപുണയായ കേശിനിയും , കലിമാറിയെങ്കിലും കറുപ്പുമാറാത്ത നളനരവരനും, കണ്‍ മുന്നില്‍ തെളിഞ്ഞുണര്‍ന്നു നിറഞ്ഞു.  ദുഃഖവും ആശങ്കയും അവമാനവും ക്രോധവും ഹര്‍ഷവുമെല്ലാം ഭാവപൂര്‍ണതയോടെ …

  • |

    കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്ഐ, . ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്​പര്‍ശം

    അജിത്ത് നമ്പൂതിരി June 16, 2011 താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ – ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം…

മറുപടി രേഖപ്പെടുത്തുക