ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം മൂന്ന്

ശ്രീവല്‍സന്‍ തീയ്യാടി

July 1, 2012 

തോളോട്‌ തോള്‍ ചേര്‍ന്നാണവര്‍ നില്‍ക്കുന്നത്‌. കെട്ടിപ്പിടിച്ചും ചിരിച്ചും ആണ്‌ ക്യാമറയിലേക്ക്‌ നോക്കുന്നത്‌. കലാമണ്ഡലം ഗോപിയും മോഹന്‍ലാലും. അന്നത്തെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ഒന്നാം പേജ്‌ ഫീച്ചര്‍ ആണ്‌. 2008 ജൂണ്‍ 15. വേറെയുമുണ്ട്‌ കളര്‍ ഫോട്ടോകള്‍. വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മനയില്‍ നടക്കുന്ന മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ്‌. അവിടെ സംഗമിച്ചതാണ്‌ ഈ രണ്ടു താരങ്ങള്‍. കഥകളിയാചാര്യനും സിനിമാനടനും പരസ്പരമുള്ള ബഹുമാനവും ആരാധനയും ലേഖനത്തില്‍ ഉടനീളം വ്യക്തം.

അകലെ, കേരളത്തില്‍ അപ്പോള്‍ അസ്സല്‌ മഴ. കാലവര്‍ഷം കാറ്റുപിടിച്ച്‌ ഉത്തരേന്ത്യയിലേക്ക്‌ കയറിവരുന്നതേയുള്ളൂ. ഇവിടെ ഡല്‍ഹിയില്‍ ഒന്നാംതരം ഉണക്കച്ചൂട്‌. ആ വൈരുദ്ധ്യം അവിടെ നില്‍ക്കട്ടെ. അതിലും വലുതായ ഒന്നാണ്‌ അപ്പോഴോര്‍ത്തത്‌. അഭിനയത്തിന്റെ രണ്ടുതരം മേഖലയിലുള്ളവര്‍ തമ്മില്‍ സ്വതവേയുള്ള താല്‍പര്യക്കുറവ്‌. വെറുതെ ആലോചിച്ചു: എന്നു മുതല്‍ക്കാണ്‌ പേരെടുത്ത മലയാളം സിനിമാക്കാര്‍ക്ക്‌ സ്വന്തം തട്ടകത്തിലെത്തന്നെ കഥകളിക്കാരോട്‌ താല്‍പര്യം തോന്നിത്തുടങ്ങിയിട്ടുള്ളത്‌? സഹ്യന്‌ കിഴക്ക്‌ തമിഴകത്ത്‌ പോലും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഒരു കഥകളിക്കാരന്‍ വെള്ളിത്തിരിയില്‍ പ്രഭാവം അറിയിച്ചിട്ടുണ്ട്‌. അന്തക്കാലത്തെ മുടിചൂടാമന്നന്‍ എം ജി രാമചന്ദ്രന്‍ നായകനായി നടിക്കുന്ന ഗാനരംഗങ്ങളില്‍ ചിലവയുടെ നൃത്തചലനങ്ങള്‍ക്ക്‌ കീഴ്പടം കുമാരന്‍ നായരുടെ വകയായിരുന്നത്രേ കോറിയോഗ്രാഫി. മലനാട്ടില്‍ കേട്ടിരിക്കുന്ന ഒരു സിനിമാ-കഥകളി കലാകാരസംഗമ കഥ പിന്നെയും ദശാബ്ദങ്ങള്‍ കഴിഞ്ഞാണ്‌. 1980കളുടെ തുടക്കത്തില്‍ ആവണം. അന്നത്തെ സൂപ്പര്‍താരം എം ജി സോമന്‍ അദ്ദേഹത്തിന്റെ നാടായ തിരുവല്ലയില്‍ കഥകളി വഴിപാടായി നടത്തിയെന്നും അതു കാണാന്‍ ശ്രീവല്ലഭ ക്ഷേത്രത്തില്‍ കാറില്‍ വന്നപ്പോള്‍ ജനക്കൂട്ടത്തിന്റെ ഇരമ്പലില്‍ വാഹനം തിരിച്ചുവിടാന്‍ കല്‍പ്പിക്കേണ്ടി വന്നു എന്നും അതിന്റെ ഖേദം തീര്‍ക്കാന്‍ ആ അരങ്ങില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ പിറ്റേന്ന്‌ വീട്ടില്‍ സദ്യ വിളമ്പുകയും ഉണ്ടായത്രേ. അന്നത്തെ ക്ഷണിതാക്കളിലെ മുഖ്യരില്‍ ഗോപിയാശാനും പെടുമത്രേ.

ഇതുപോലെ അല്ലറചില്ലറ സംഭവങ്ങള്‍ വേറെയും ഉണ്ടായിരിക്കാം. അവയൊക്കെയും അപൂര്‍വതകള്‍ മാത്രം എന്നേ തോന്നുന്നുള്ളൂ. ഗോപിയാശാന്റെ മാനസഗുരു കലാമണ്ഡലം കൃഷ്ണന്‍ നായരും ഇതേ സോമനും കഥാപാത്രങ്ങള്‍ ആയി വരുന്ന ഈ കഥ ഓര്‍മയില്‍ പാഞ്ഞെത്തിയത്‌ അങ്ങനെയാണ്‌.

കൊല്ലം 1979. മാസം മാര്‍ച്ചോ ഏപ്രിലോ. വടക്കേ മലബാറുകാരന്‍ കൃഷ്ണന്‍ നായരാശാന്‍ ജീവിതത്തിന്റെ രണ്ടാം പാതിയില്‍ കൊച്ചിയില്‍ താമസമാക്കിയ തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ സ്കൂളില്‍ വാര്‍ഷികാഘോഷം നടക്കുകയാണ്‌. സോമന്റെതന്നെ സ്വദേശമായ മദ്ധ്യതിരുവിതാംകൂറില്‍, ചങ്ങനാശ്ശേരിക്ക്‌ സമീപം പെരുന്നയിലെ പെരിയവരായ നായര്‍ സര്‍വീസ്‌ സൊസൈറ്റി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപന ശൃംഖലയുടെ ഒരു കണ്ണിയാണ്‌ പ്രസ്തുത വിദ്യാലയവും. അതുകൊണ്ടൊന്നുമല്ല ഈ സിനിമാതാരം അന്നവിടെ എത്താമെന്ന്‌ ഏറ്റിരിക്കുന്നത്‌. പരിപാടിയുടെ ഉദ്ഘാടനം സോമനാണ്‌. അതിനും പ്രത്യേകിച്ച്‌ കാരണമുണ്ട്‌: അദ്ദേഹത്തിന്റെ മകന്‍ ഈ സ്കൂളിലാണ്‌ പഠിക്കുന്നത്‌. ലോവര്‍ പ്രൈമറി സെക്ഷനില്‍.

കത്തിനില്‍ക്കുന്ന താരത്തെ നേരില്‍ കാണാന്‍ പൊതുജനത്തിന്‌ കിട്ടുന്ന അപൂരവാവസരം. പതിവില്ലാത്ത തിരക്കുണ്ട്‌ സ്കൂള്‍ അങ്കണത്തില്‍. വേദിക്ക്‌ അകലയായുള്ള ചെമ്പകവൃക്ഷത്തിനും മാവിന്‍നിരക്കും കീഴിലെ തണലിലും അതിനപ്പുറവും ഉണ്ട്‌ ജനം. പോക്കുവെയില്‍ പ്രതീക്ഷിക്കുന്ന സായാഹ്നം.

സ്‌റ്റെയ്ജിന്‌ മുന്നിലെ മുറ്റത്ത്‌ മുളംകാലുകളില്‍ തലങ്ങും വിലങ്ങും തൂക്കിയിരിക്കുന്ന പിരിയന്‍ വര്‍ണ്ണക്കടലാസുകകള്‍ക്ക്‌ കീഴിലാണ്‌ ഞങ്ങള്‍ കുട്ടികളുടെ ഇടം. ക്ലാസുകള്‍ തിരിച്ച് പിന്നാക്കം വരിവരിയായാണ്‌ ഇരിപ്പ്‌. അച്ചടക്കം എന്നത്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളില്‍ വലിയൊരു സങ്കല്‍പ്പമാണല്ലോ. “Girls will sit in this row, and boys in that row…” മുതിര്‍ന്ന അദ്ധ്യാപിക റെയ്ച്ചല്‍ ഫിലിപ്പിന്റെ ശബ്ദമാണ്‌. കരുണയോടൊപ്പം കാര്‍ക്കശ്യവുമുണ്ട്‌ സ്വരത്തില്‍. ടീച്ചര്‍ പറഞ്ഞത്‌ ഞങ്ങള്‍ നാലാം ക്ലാസ്‌ ‘എ’ ഡിവിഷനിലെയടക്കം എല്ലാ കുട്ടികളും നിസ്സംശയം അനുസരിച്ചു. വിളറിയ നിറമുള്ള അവരുടെ കോട്ടന്‍ സാരിയും വലിയ കണ്ണടയും കണ്‍മുമ്പില്‍നിന്ന്‌ മറഞ്ഞു.

അന്നേനാള്‍ നാലാം ക്ലാസിന്‌ ഒരു പ്രത്യേക പത്രാസിനു വകയുണ്ട്‌. നാല്‌ ‘ബി’യിലാണ്‌ ഉദ്ഘാടകന്റെ പുത്രന്‍ പഠിക്കുന്നത്‌. താരത്തോളം തൊലിവെളുപ്പില്ല; എങ്കിലും സജീ സോമന്‍ എന്ന ആ പയ്യന്റെ കവിളത്തെ മാംസവും കീഴ്താടിയുടെ സവിശേഷത കാരണമുള്ള ചുണ്ടുപിടിത്തവും കണ്ടാല്‍ പിതാജിയെ പിടിച്ചെടുക്കാം. സദാ മയക്കം കഴിഞ്ഞതുപോലുള്ള ആ കണ്ണുകളില്‍ പത്രാസുണ്ട്‌. അതിന്റെ പ്രഭ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്‌. ക്ലാസ്‌ ദിവസങ്ങളില്‍ ധൃതിപിടിച്ച ഉച്ചയൂണ്‌ കഴിഞ്ഞുള്ള നേരമ്പോക്കുകളില്‍ അവന്‍ വല്ലപ്പോഴും പങ്കുചേരും. കുട്ടികള്‍ പരസ്പരം കൈപിടിച്ചുള്ള ഒരു കളിയുണ്ട്‌. അതില്‍ ഒരിക്കല്‍ സജിയുമായി വിരലുകള്‍ കോര്‍ത്താടാന്‍ എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്‌.

ആ വൈകുന്നേരം, ഏതായാലും, സജിയെ ഞങ്ങളുടെ കൂട്ടത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. അതെന്തോ ആവട്ടെ, ചടങ്ങിന്‌ അവന്റെ അച്ഛന്‍ വരാന്‍ കുറച്ചധികം വൈകുമെന്ന്‌ സംഘാടകര്‍ക്ക്‌ വിവരം കിട്ടിയിരിക്കണം; അതിനാല്‍ ബാക്കി കാര്യങ്ങള്‍ക്ക്‌ തുടക്കമായി. ഒരു കുട്ടി പ്രാര്‍ത്ഥന ചൊല്ലി; പിന്നെ കലാപരിപാടികള്‍. വിഐപി വരുംവരെ ഔപചാരികമായ ഉദ്ഘാടനത്തിന്‌ സുല്ല്‌.

സന്ധ്യ മയങ്ങിയിട്ടും നേരം കുറച്ച്‌ ചെന്നിരിക്കണം. ഏതാണ്ട്‌ എട്ടു മണിയായിക്കാണും. കാണികള്‍ക്കിടയില്‍ ഒരുതരം ആവേശം പകരുന്നത്‌ അവിടെക്കൂടിയ കുട്ടികള്‍ക്കും ഗ്രഹിക്കാനായി. പിന്നാലെ, “ആളെത്തി”, “സോമന്‍ വന്നു” തുടങ്ങിയ കോലാഹലം കേള്‍ക്കായി. ഞാനും ചില കൂട്ടുകാരും പിന്നെ ഒന്നും നോക്കിയില്ല; സ്കൂളിന്റെ പ്രധാന കവാടത്തിലേക്ക്‌ പാഞ്ഞു. അവിടെ ഒരു കാര്‍ റിവേര്‍സ്സ്‌ തിരിക്കുന്നുണ്ട്‌. പ്രിന്‍സിപ്പാളും ടീച്ചര്‍മാരും മറ്റു സംഘാടകരും പിന്നെ നാട്ടുകാരും നോക്കി നില്‍ക്കെ ആ പ്രീമിയര്‍ പദ്മിനി ചെമ്മണ്‍ നിരത്തിലെ ഫൌണ്ടന്‌ വശം ചേര്‍ന്നുനിന്നു. പിന്‍സീറ്റില്‍ നിന്ന്‌ സോമന്‍ പുറത്തിറങ്ങി. സഫാരി സ്യൂട്ട്‌; ചുവന്ന കണ്ണ്‌. മൊത്തത്തില്‍ സിനിമയില്‍ കാണുന്നത്‌ പോലെത്തന്നെ. എന്റെ മനസ്സ്‌ തുള്ളിച്ചാടി.

ജനം വഴിയൊഴിഞ്ഞു കൊടുത്തു. സ്റ്റെയ്ജില്‍ അതിനകം മേശ-കസേര-പൂച്ചെണ്ടുകള്‍ നിരന്നു കഴിഞ്ഞിരുന്നു. സ്വാഗത പ്രസംഗത്തിന്റെ ബോറടി കഴിഞ്ഞു. താരം സംസാരിച്ചു. അദ്ഭുതം! മൂക്കുപയോഗിച്ചുള്ള അതേ ശബ്ദംതന്നെ!! എന്റെ അടുത്തു നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‌ സഹിച്ചില്ല: “എനിക്ക്‌ സോമനെ ഒന്ന്‌ തൊടണോല്ലാ…” അയാളുടെ സുഹൃത്തുകള്‍ എന്ന്‌ തോന്നുന്നവരുടെ അടക്കിയ ചിരി.

തിരക്കുള്ള നടനല്ലേ. പ്രസംഗം കഴിഞ്ഞതും സോമന്‍ സ്ഥലം വിടാന്‍ തിടുക്കം കാട്ടി. ലേശമല്ലാത്ത കുംഭയും നിതംബവും നടത്തത്തിന്റെ വേഗം കുറക്കാന്‍ പര്യാപ്തമായില്ല. വാഹനം മുരണ്ടു. താരം കൈകാട്ടിയകന്നു. നല്ലൊരു പങ്ക്‌ ജനക്കൂട്ടവും അതോടെ പിരിഞ്ഞു.

“ഇനി നമുക്കും പൂവ്വല്ലേ,” എന്റെ അച്ഛന്‍ ചോദിച്ചു. “അതേ… ശെര്യാ, വെയ്കിക്കണ്ട,” അമ്മയുടെ പ്രതികരണം. “പരിപാട്യൊക്കെ ഒരു ആവറേജ്‌. ആ പ്രാര്‍ത്ഥന പാട്യ കുട്ടി മാത്രം നന്നായി….” വീട്ടിലേക്ക്‌ തിരിക്കാനുള്ള തിരക്കല്ല; പകരം വേറൊരു വേദിയിലേക്കാണ്‌. അധികം ദൂരത്തൊന്നും അല്ലതന്നെ.

നാല്‌ മിനിട്ട്‌ നടന്നാല്‍ പൂര്‍ണത്രയീശ ക്ഷേത്രമായി. അതിനു തൊട്ടു തെക്കുകിഴക്കായി കളിക്കോട്ടാ പാലസ്‌. അവിടെ തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വാര്‍ഷികമാണ്‌. മുഴുരാത്രി കളി.

സോമനെ കണ്ടുകഴിഞ്ഞ സ്ഥിതിക്ക്‌ സ്ഥലംവിടാന്‍ എനിക്കും അനുജത്തിക്കും വിരോധമുണ്ടായിരുന്നില്ല. ഒന്നുമില്ലെങ്കില്‍ കഥകളിക്ക്‌ പോയാല്‍ (വില്‍ക്കാന്‍ വച്ചിട്ടുള്ള) പഴംപൊരിയും ജിലേബിയും കിട്ടുമല്ലോ.

കളിക്കോട്ടയുടെ പടി കടന്ന്‌ മുന്നോട്ടു നടന്നതും അദ്ദേഹത്തെ കണ്ടു. നന്നേ കുഞ്ഞുന്നാള്‍ തൊട്ട്‌ (ഇതുകഴിഞ്ഞ്‌ പിന്നെയും ഒരു വ്യാഴവട്ടക്കാലം) അരങ്ങില്‍ എത്ര കണ്ടിരിക്കുന്നു! ഇപ്പോള്‍ വേഷമില്ലാതെയാണ്‌ ഇരിപ്പെങ്കിലും ക്ഷണം തിരിച്ചറിഞ്ഞു: കൃഷ്ണന്‍ നായരാശാന്‍!! ഡച്ചുകാര്‍ 1790കളില്‍ പണിത ആ മാളികയുടെ പൂമുഖത്ത്‌ കസേരയില്‍ പതിവന്തസ്സില്‍ ഇരിക്കുകയാണ്‌ അദ്ദേഹം. ഒറ്റമുണ്ടും നെഞ്ചത്തൊരു മാലയും. കൈയിലൊരു ഓലവിശറി. മനയോല തേക്കാന്‍ സമയമാവുന്നതെയുള്ളൂ.

എനിക്കതൊന്നും അറിയേണ്ട കാര്യമില്ലല്ലോ. അങ്ങോട്ടുമിങ്ങോട്ടും പരിചയം തെല്ലുമില്ലെന്നു പോലും ആലോചിക്കേണ്ടതില്ല. അപ്പോഴും കേട്ടടങ്ങാഞ്ഞ ആവേശം സഹിക്കുകവയ്യാതെ അടുത്തുചെന്ന്‌ വിളിച്ചു പറഞ്ഞു: “ഞങ്ങടെ സ്കൂള്‍ലേ…ഇന്ന്‌ സോമന്‍ വന്നു…”

വലതുകൈ കൊണ്ട്‌ വിശറി ചലിപ്പിക്കുന്നത്‌ നിര്‍ത്തി ആശാന്‍ എന്നെ നോക്കി. മുറുക്കിച്ചുവപ്പുള്ള ചുണ്ടില്‍ കൌതുകം കലര്‍ന്നൊരു ചിരി വിരിഞ്ഞു. പിന്നെ, ഒരു വശത്തേക്ക്‌ തല ലേശം ചെരിച്ചുകൊണ്ടു ചോദിച്ചു: “ആരാ, യീ സോമനാ?”

അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. ആശാന്‌ സഹായത്തിനു ശങ്കിടിയായി തൊട്ടടുത്ത്‌ പരുങ്ങി നില്‍പ്പുള്ള മെലിഞ്ഞൊരു ചെറുപ്പക്കാരന്‍ കലാകാരനെ. RLV സോമദാസ്‌. അന്ന്‌ കുറേശ്ശെയായി പേരെടുത്തു വരുന്ന ചെണ്ടക്കാരന്‍. (ഇന്ന്‌ തിരുവനന്തപുരത്തെ മാര്‍ഗിയില്‍ ചുട്ടി അദ്ധ്യാപകന്‍.)

സംഭാഷണം ശ്രദ്ധിക്കാന്‍ സാഹചര്യം വന്ന കഥകളിയാസ്വാദകന്‍ സി ആര്‍ വര്‍മ നേരിയ ശബ്ദത്തില്‍ വെളുക്കെ ചിരിച്ചു. അവിടെ നടന്ന ഫലിതത്തിന്റെ മുഴുവന്‍ കാമ്പ്‌ മനസ്സിലാകാഞ്ഞതിനാല്‍, തെല്ലുദൂരെ കാപ്പി കൊടുക്കുന്നിടത്തെക്ക്‌ നോക്കുകയല്ലാതെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

ഗ്രാജുവേഷന്‌ എറണാകുളത്തെ കോളേജില്‍ പഠിക്കുന്ന കാലം. 1989 ആവണം. വിദ്യാര്‍ഥി യൂണിയനിലെ ആര്‍ട്ട്സ്‌ ക്ലബ്ബ്‌ സെക്രട്ടറിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ച സഹപാഠി ദേവദാസ്‌ നാമ്പലാട്ട്‌ ഒരുനാള്‍ ക്യാമ്പസ്സിലെ കായല്‍ക്കരയില്‍ കണ്ടപ്പോള്‍ അടുത്തുവന്നു ചോദിച്ചു: “ടാ, നമുക്കീ കലാമണ്ഡലം കൃഷ്ണന്‍ നായരെ നോക്കിയാലോ?” എന്റെ മുഖത്തെ ചോദ്യചിഹ്നം വായിച്ച്‌ കൂട്ടുകാരന്‍ ഉടന്‍ വിശദീകരിച്ചു: “നമ്മുടെ ആര്‍ട്ട്സ്‌ ക്ലബ്ബ്‌ ഉദ്ഘാടനം ചെയ്യാനടാ…” കണ്ണ്‌ തള്ളിപ്പിടിച്ച്‌ പുരികമിളക്കുംപോലെ കാട്ടി ഇങ്ങനെയും പറഞ്ഞു: “നീ പിന്നെ വല്യ കഥകളിയാണല്ലോ…”

ഉത്സാഹമായി. വൈകാതെ ഒരു ദിവസം ആശാന്റെ തൃപ്പൂണിത്തുറ വീട്ടിലേക്ക്‌ തിരിച്ചു. കുടുംബാംഗം ഒരാള്‍ അകത്തേക്കിരുത്തി. വേറെ ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ധാരാളം സന്ദര്‍ശകര്‍ വന്നുപോവുന്ന വീടല്ലേ; വിശേഷിച്ചാര്‍ക്കും അങ്ങനെ മൈന്‍ഡ്‌ ഒന്നുമില്ല. ആശാനെ കണ്ടാല്‍ എന്തെല്ലാം പറയണം എന്ന്‌ ഞാനോര്‍ത്തു. പഴയ സോമന്റെ കഥ? ഹേയ്‌, അത്‌ വേണ്ട. പിന്നെ? ങ്ഹാ, ഇത്‌ കാച്ചിക്കളയാം: 1984ല്‍ ആശാന്റെ സപ്തതി തൃപ്പൂണിത്തുറയില്‍ കൊണ്ടാടിയപ്പോള്‍ ചടങ്ങിന്‌ തുടക്കം കുറിച്ച പ്രാര്‍ത്ഥന — വന്ദനശ്ലോകം — പാടിയത്‌ എന്റെ അമ്മയാണ്‌ (അന്നൊക്കെ വനിതാ കഥകളി ട്രൂപ്പില്‍ ധാരാളമായി പാടിയിരുന്ന ടി എന്‍ ആര്യാദേവി). അങ്ങനെ ഓരോന്ന്‌ കണക്കുകൂട്ടി ലേശം നേരം കാത്തിരുന്നു. ഒടുവില്‍, ഉമ്മറത്തേക്ക്‌ വിളിച്ചു കയറ്റിയയാള്‍ തിരികെ വന്നു പറഞ്ഞു: “അച്ഛന്‍ ഉറങ്ങുകയാണ്‌; നല്ല സുഖം പോര.” ഞാനും ദേവദാസും ഇനിയെന്ത്‌ വേണ്ടൂ എന്ന മട്ടില്‍ പരസ്പരം നോക്കി. “പിന്നൊരിക്കല്‍ വരൂ.”

പിറ്റത്തെ ആഴ്ച അന്വേഷിച്ചപ്പോള്‍ ആശാന്‍ എറണാകുളത്തെ ഒരാസ്പത്രിയില്‍ ആണ്‌. “സാരമില്ലെടാ, നമുക്കവിടെ പോയി മുട്ടാം…” എന്ന്‌ ദേവദാസ്‌. കാര്യം നടക്കണ്ടേ? ഇപ്പോത്തന്നെ കൊറച്ച്‌ ലേയ്റ്റായി.”

റിസെപ്ഷനില്‍ പേര്‌ പറഞ്ഞു. മുറി മനസ്സിലാക്കി മുകളിലേക്ക്‌ പടിക്കെട്ട്‌ കയറി. കതകില്‍ മുട്ടി. തുറന്നത്‌ അതേ മകന്‍ തന്നെ. “ഓ, നിങ്ങള്‍….തേവര (സേക്രഡ്‌ ഹാര്‍ട്ട്‌) കോളേജ്‌….” നാല്‌ നിമിഷം ശങ്കിച്ച ശേഷം അദ്ദേഹം തിരിച്ചറിഞ്ഞു. “വരൂ…”

കട്ടിലില്‍ പുറം തിരിഞ്ഞാണ്‌ ആശാന്‍ കിടപ്പ്‌. ഉറക്കമാണ്‌; വിളിക്കാന്‍ തോന്നില്ല. എങ്കിലും ദേവദാസ്‌ തഞ്ചത്തില്‍ കാര്യം മകനോട്‌ പറഞ്ഞവതരിപ്പിച്ചു. “നോക്കട്ടെ,” എന്ന്‌ അനുകമ്പാപൂര്‍വ്വം പറഞ്ഞ്‌, അദ്ദേഹം ആശാനരികെ ചെന്നു. ചെവിയില്‍ ചേര്‍ത്ത്‌ രണ്ടു വാചകം പറഞ്ഞ്‌ മറുപടിക്ക്‌ കാത്തു. ആശാന്‍ എന്തോ പറയുന്നത്‌ അനക്കംവഴി മനസ്സിലായി.

“അച്ഛന്‌ വയ്യ. ഇപ്പറഞ്ഞ തീയതിക്ക്‌ വരാനാവുന്നുണ്ടാവില്ല. ക്ഷമിക്കണം.”

ആശാന്റെ പത്നി, ഇരുപതാം നൂറ്റാണ്ടിന്റെ മോഹിനിയാട്ടത്തിലെ സര്‍വമായ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെ വിളിപ്പിച്ച്‌ പിന്നീട്‌ ചുമതല കഴിച്ചു ദേവദാസ്‌. (ചടങ്ങിന്‌ പങ്കെടുക്കാന്‍ എനിക്കെന്തോ അസൌകര്യം വന്നു.)

1990 ആഗസ്ത്‌ 15. സ്വാതന്ത്ര്യദിനത്തില്‍ അസുഖകരമായ വാര്‍ത്ത. വീട്ടിനു പുറത്ത്‌ റോട്ടില്‍ ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞ്‌ പോവുന്നു. “കഥകളിയാചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അസുഖത്തെ തുടര്‍ന്ന്‌ ഇന്ന്‌ മരിച്ചു…” ഇടവഴിത്തലക്കിലേക്ക്‌. പരിചയമുള്ള ശബ്ദമാണ്‌. അതേ, കഥകളിക്ക്‌ ചെണ്ട കൊട്ടുന്ന രാജീവ്‌ വര്‍മയാണ്‌ ഓട്ടോറിക്ഷയില്‍ മൈക്ക്‌ സെറ്റ്‌ വച്ച്‌ വിവരം പറഞ്ഞ്‌ പോവുന്നത്‌. നടേ പറഞ്ഞ സി ആര്‍ വര്‍മയുടെ മകന്‍.

സൈക്കിള്‍ എടുത്ത്‌ വെച്ചടിച്ചു. ആശാന്റെ വീട്ടിലേക്ക്‌. മൃതദേഹം എത്തുന്നതെയുള്ളൂ. തൃശ്ശൂര്‌ നിന്ന്‌. ഒടുവില്‍ വണ്ടി വരുമ്പോള്‍ ഞാന്‍ അവിടെയില്ലാതെ പോയി. ആദ്യം ഇറങ്ങിയവരില്‍ വേഷം നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും ഉണ്ടായിരുന്നുവത്രേ.

വൈകിട്ട്‌ വീണ്ടും പോയി. ജനം ധാരാളമായി വന്നുകൊണ്ടിരുന്നു. സന്ധ്യ മയങ്ങിയും രാവേറെ ചെന്നും അവിടെ കഴിച്ചുകൂട്ടി. കലാമണ്ഡലം ആശാന്മാര്‍ ട്രൂപ്പ്‌ ബസ്സില്‍ പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞു. കുറെ കാത്തു; അവരെയും കണ്ടില്ല. വീട്ടിലേക്ക്‌ മടങ്ങി.

പിറ്റേന്ന്‌ ഉച്ചയോടെ സംസ്കാരം. പകല്‍ നിറയെ ആളുകള്‍. സാംസ്കാരിക ലോകത്തിനും അതിനു പുറത്തും ഉള്ള ഒട്ടനവധി പ്രമുഖര്‍. ഇരുവശത്തും ആള്‍ത്താങ്ങായി എത്തിയ കല്യാണിക്കുട്ടിയമ്മ ആദ്യം കൈകൂപ്പി. പിന്നെ നിശ്ശബ്ദം ഏങ്ങിയേങ്ങി കരഞ്ഞു. വീട്ടിലുള്ളവര്‍ ചേര്‍ന്ന്‌ അവരെ തിരിച്ചു കൊണ്ടുപോയി.

ലേശം കഴിഞ്ഞപ്പോള്‍, നിറം മങ്ങിയ കോട്ടന്‍ സാരി ധരിച്ച്‌ ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ക്കൊപ്പം വരുന്ന അവരെ കണ്ടു. അതേ, റെയ്ച്ചല്‍ ടീച്ചര്‍. നാട്യകുലപതിക്ക്‌ NSS സ്കൂളിന്റെ പുഷ്പചക്രം സമര്‍പ്പിച്ച്‌ ഒരുനിമിഷം തൊഴുതുവണങ്ങി അവരും സംഘവും പ്രദക്ഷിണം വച്ച്‌ മടങ്ങി.

ഇതൊക്കെ കഴിഞ്ഞ്‌ കൊല്ലം 22 പിന്നിട്ടിരിക്കുന്നു. ഈ വര്‍ഷത്തെ മദ്ധ്യവേനലവധിക്ക്‌ നാട്ടില്‍ പോയ കൂട്ടത്തില്‍ റെയ്ച്ചല്‍ ടീച്ചറെ വീട്ടില്‍പ്പോയി പതിവുപോലെ കണ്ടു. സകുടുംബം. നന്നേ ചെറുപത്തില്‍ പിണഞ്ഞ വൈധവ്യം ഒരുകാലത്തും ടീച്ചറെ നിരുന്മേഷയാക്കിയിട്ടില്ല. ഇപ്പോള്‍, പക്ഷെ, പ്രമേഹം അടക്കം അസുഖങ്ങള്‍ ഏറിയിരിക്കുന്നു. അത്‌ പറയുമ്പോഴും മുഖത്തിന്‌ പ്രസാദക്കുറവില്ല. “എണ്‍പത്‌ വയസ്സായി,” എന്ന്‌ പറഞ്ഞു. എന്നിട്ട്‌ എന്റെ മൂത്ത മകനെ നോക്കി പറഞ്ഞു: “Your father’s teacher is getting old. You should pray for me.”

ഭാര്യയേയും കുട്ടികളെയും കൂട്ടി പടിയിറങ്ങുമ്പോള്‍ ടീച്ചര്‍ പിന്നില്‍നിന്ന്‌ കൈവീശി. പട്ടണത്തിലെ ബോയ്സ്‌ ഹൈസ്കൂളിന്‌ സമീപമെത്തിയപ്പോള്‍ പെട്ടെന്നൊരു കാര്യമോര്‍ത്തു. ഇവിടെയടുത്തല്ലേ കൃഷ്ണന്‍ നായരാശാന്റെ വീട്‌? മരിച്ചിട്ടും കുറേ കൊല്ലത്തേക്ക്‌ വീടിന്റെ ഇറയത്തിന്‌ മേലത്തെ ചുവരില്‍ ഒരു നെയിംബോര്‍ഡ്‌ ഉണ്ടായിരുന്നു: “പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍”. ഇപ്പോഴുമുണ്ടോ അത്? ഒന്നെത്തിച്ചു നോക്കി. ഇല്ല. അത്‌ പോയ്പ്പോയിരിക്കുന്നു.

വാല്‍ക്കഷ്ണം: കൊച്ചിയില്‍ പത്രപ്രവര്‍ത്തന കോഴ്സിനു പഠിക്കുമ്പോള്‍ ഒരു മിഡ്‌-ടേം പരീക്ഷ ഉണ്ടായി. 1993ന്റെ മദ്ധ്യത്തില്‍. അതില്‍ എഡിറ്റ്‌ ചെയ്തു വൃത്തിയാക്കാനുള്ള ഒരു വാര്‍ത്താശകലം ഉണ്ടായിരുന്നു. “കലാമണ്ഡലം കൃഷ്ണന്‍ നായര്‍ നിര്യാതനായി” എന്ന തലക്കെട്ടില്‍. അരങ്ങില്‍ ആശാന്റെ ബഹുതരം വേഷങ്ങള്‍ കണ്ടുശീലം ഉണ്ടായിട്ടും ആ റിപ്പോര്‍ട്ട്‌ കൈകാര്യം ചെയ്യുമ്പോള്‍ മനസ്സില്‍ വന്നെത്തിയത്‌ അദ്ദേഹത്തിന്റെ കഥകളിമുഖമോ കൈമുദ്രകളോ ആയിരുന്നില്ല. പകരം, എന്നോട്‌ അരങ്ങിനു വെളിയില്‍ ചോദിച്ച ഒരേയൊരു ചോദ്യമായിരുന്നു: “ആരാ, യീ സോമനാ?”


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder